ഇടതുപക്ഷ ജനാധിപത്യ മുന്നണിയിൽ രണ്ടാമത്തെ വലിയ പാർട്ടി ആണെങ്കിലും സിപിഐ എന്നും സിപിഎം എന്ന വലിയേട്ടന്റെ ചവിട്ടും തൊഴിയും ഏറ്റുകൊണ്ടാണ് നിലനിന്ന പോന്നിരിക്കുന്നത്. പല അവസരങ്ങളിലും സിപിഎമ്മിന്റെ നീക്കങ്ങളിൽ ശക്തമായ എതിർപ്പുകൾ പ്രകടമാക്കിയെങ്കിലും ഇടതുമുന്നണി വിട്ടാൽ പിന്നെ എങ്ങോട്ട് എന്ന കാര്യത്തിൽ വഴി കാണാതെ വരുമ്പോഴാണ് സിപിഎമ്മിന്റെ ചവിട്ടും തൊഴിയും ഏറ്റു കൊണ്ട് കുറച്ചുകാലം കൂടി നീങ്ങാം എന്ന് സിപിഐ നേതൃത്വം തീരുമാനിക്കാറുള്ളത്. എന്നാൽ ഇപ്പോൾ കേരള രാഷ്ട്രീയത്തിലെ സ്ഥിതിഗതികൾ മാറിയിരിക്കുന്നു. തെരഞ്ഞെടുപ്പ് തോൽവിയിൽ ഒരു കാര്യം വ്യക്തമായി കേരളത്തിലെ പൊതുജനങ്ങൾ സർക്കാരിന് എതിരാണ്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം സിപിഎമ്മിന്റെ നേതാക്കൾ അടക്കമുള്ള ഇടതുമുന്നണിയിലെ ഭൂരിഭാഗം നേതാക്കളും മുഖ്യമന്ത്രിയുടെയും സർക്കാരിന്റെയും പ്രവർത്തനങ്ങളാണ്. ലോകസഭാ തിരഞ്ഞെടുപ്പിൽ തോൽവി ഉണ്ടാകാൻ കാരണം എന്ന് പറഞ്ഞു കഴിഞ്ഞു. തെരഞ്ഞെടുപ്പ് തോൽവിയിൽ ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഒഴിയാൻ കഴിയാത്ത സ്ഥിതി വന്നതോടെ ശക്തനായിരുന്ന പിണറായി വിജയൻ ഇപ്പോൾ നിസ്സഹായ അവസ്ഥയിലാണ്.
സിപിഎം എന്ന പാർട്ടിയുടെ ജില്ലാ തലങ്ങളിൽ മുതിർന്ന ചില നേതാക്കൾ അടക്കം പാർട്ടി പ്രവർത്തകർ പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ വലിയ പ്രതിഷേധത്തിലാണ്. ജനങ്ങളെ മറന്നുകൊണ്ടുള്ള സർക്കാർ പ്രവർത്തനങ്ങളും അഴിമതിയും സാമ്പത്തിക തട്ടിപ്പുകളും മാത്രം നടത്തുന്ന നേതാക്കളും ഉള്ള പാർട്ടിയായി സിപിഎം മാറിയിരിക്കുന്നു സംസ്ഥാന കമ്മിറ്റി മുതൽ ജില്ലാ കമ്മിറ്റികളിൽ വരെ അഴിമതിക്കാരും റിയൽ എസ്റ്റേറ്റ് മാഫിയകളും അടക്കി വാഴുകയാണ് എന്ന് സാധാരണ പ്രവർത്തകർ വരെ പരാതി ഉയർത്തി കൊണ്ടിരിക്കുകയാണ് ഈ സാഹചര്യത്തിലാണ് സിപിഎമ്മിന്റെ ഇന്നത്തെ ദുർഘട അവസ്ഥ മുതലെടുത്ത് പരമാവധി ആൾക്കാരെ സിപിഐയിലേക്ക് ആകർഷിക്കുക എന്ന തന്ത്രവുമായി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും മറ്റു നേതാക്കളും രംഗത്തുവന്നിരിക്കുന്നത്.
ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ അനുഭാവികൾ പോലും ഇടതുപക്ഷത്തിന് വോട്ട് ചെയ്തില്ല എന്ന് തുറന്നു പറഞ്ഞിരിക്കുന്നത് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ആണ്. സർക്കാരിന്റെയും മുഖ്യമന്ത്രിയുടെയും പ്രവർത്തനങ്ങളിൽ മാറ്റമുണ്ടാകണം എന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ ഒരു പടി കൂടി കടന്ന് സിപിഐയുടെ കേന്ദ്രകമ്മിറ്റി അംഗവും മുതിർന്ന നേതാവുമായ പ്രകാശ് ബാബു കടുത്ത വിമർശനവുമായി രംഗത്തുവന്നിരിക്കുന്നത് ഇടതു മുന്നണി കൺവീനറായ ജയരാജൻ ബിജെപി നേതാവിനെ നേരിൽ കണ്ടതും അഞ്ചു ബിജെപി സ്ഥാനാർത്ഥികൾ മികച്ചവരാണ് എന്ന് പറഞ്ഞതും ഇടതുമുന്നണി പ്രവർത്തനങ്ങൾക്ക് ആഘാതം ഉണ്ടാക്കി എന്ന് പ്രകാശ് ബാബു തുറന്നടിച്ചു മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ നടത്തിയ മന്ത്രിസഭ യാത്ര കടന്നുപോയ വഴികളിൽ പ്രതിഷേധവുമായി കരിങ്കോടു കാണിച്ച ആൾക്കാരെ ഡി വൈ എഫ് ഐ കാരും പോലീസും ചേർന്ന് ക്രൂരമായി മർദ്ദിച്ചത് ജനം കണ്ടതാണ് ഈ സംഭവത്തെ രക്ഷാപ്രവർത്തനം എന്ന രീതിയിൽ മുഖ്യമന്ത്രി വ്യാഖ്യാനിച്ചത് ജനങ്ങളെ മണ്ടന്മാർ ആക്കുന്നതിന് തുല്യമായി പോയി എന്നും പ്രകാശ് ബാബു അഭിപ്രായപ്പെട്ടു.
മുതിർന്ന നേതാക്കൾ പലരും സർക്കാരിനെതിരെ വിമർശനവുമായി നിൽക്കുന്ന അവസരത്തിൽ ആണ് സിപിഐയുടെ മുതിർന്ന എം എൽ എ ആയ പി ബാലചന്ദ്രൻ കുറെക്കൂടി കർക്കശമായ ഭാഷയിൽ വിമർശനവുമായി കടന്നു വന്നിരിക്കുന്നത്. ഒരു സമ്മേളനത്തിൽ മൈക്ക് സംവിധാനം ഒരുക്കിയതിന് സാങ്കേതിക തകരാർ വന്നപ്പോൾ മൈക്ക് ഓപ്പറേറ്ററുടെ മുഖത്തുനോക്കി തെറിവിളിക്കുന്ന മുഖ്യമന്ത്രിയെ ലോകം കണ്ടിട്ടില്ല. അതുപോലെ തന്നെ സർക്കാരിനെ വിമർശിച്ചു എന്നതിൻറെ പേരിൽ ഒരു മതമേധാവിയായ മാർ കൂറിലോസ് തിരുമേനിയെ വിവരദോഷി എന്ന് വിളിച്ച് ആക്ഷേപിക്കാൻ പിണറായി വിജയനെ പോലെ ഒരാൾക്ക് മാത്രമേ കഴിയുകയുള്ളൂ എന്നും ബാലചന്ദ്രൻ തുറന്നടിച്ചിരിക്കുകയാണ്. സർക്കാർ ആയാലും ഇടതുമുന്നണി ആയാലും പിണറായി വിജയൻ എന്ന ഒരു ആളിലേക്ക് ഒതുങ്ങി എന്നതാണ് ഇടതുപക്ഷ മുന്നണി നേരിടുന്ന വലിയ പ്രതിസന്ധി എന്നും ബാലചന്ദ്രൻ അഭിപ്രായപ്പെട്ടു.
ഏതായാലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളിൽ ഏറ്റവും ശക്തമായ അടിത്തറയുള്ള സിപിഎം കേരളത്തിൽ വലിയ പ്രതിസന്ധിയെ നേരിടുകയാണ്. മുഖ്യമന്ത്രിക്കെതിരെ ഒരു സംഘം നേതാക്കളും മറുവശത്ത് മറ്റൊരു സംഘം നേതാക്കളും നിലയുറപ്പിച്ചിരിക്കുന്നു. പാർട്ടിയുടെ എല്ലാ ഘടകങ്ങളിലും നടക്കുന്ന യോഗങ്ങളിൽ എല്ലാം പരസ്യമായ വിമർശനങ്ങളും വിഭാഗീയതയും നിലനിൽക്കുകയാണ്. പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും പ്രവർത്തന ശൈലിയിൽ മനസ്സുമടുത്ത സാധാരണ പ്രവർത്തകർ പാർട്ടി വിട്ടു മറ്റ് ഏതെങ്കിലും സമാനമായ പാർട്ടിയിലേക്ക് മാറുക എന്ന ചിന്ത വ്യാപകമായിരിക്കുകയാണ്. ഈ സ്ഥിതി മുതലെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സിപിഐയുടെ രഹസ്യ നീക്കങ്ങൾ നടക്കുന്നത്. ആലപ്പുഴ പത്തനംതിട്ട തൃശ്ശൂർ പാലക്കാട് കണ്ണൂർ തുടങ്ങിയ ജില്ലകളിൽ സിപിഎമ്മിൽ നിന്നും പ്രവർത്തകരുടെ വലിയ തോതിലുള്ള കൊഴിഞ്ഞുപോക്ക് ഉണ്ടാകും എന്നാണ് പറയപ്പെടുന്നത് വടക്കൻ കേരളത്തിൽ സിപിഎമ്മിലെ ചില ജില്ലാ നേതാക്കൾ പാർട്ടി വിട്ടു ബിജെപിയിൽ ചേരുന്ന ആലോചന വരെ നടക്കുന്നതായി വാർത്തകൾ വരുന്നുണ്ട്.
1964ൽ ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ ഉണ്ടായതാണ് സിപിഎമ്മും സിപിഐയും പിളർപ്പുണ്ടായപ്പോൾ ദേശീയതലത്തിലും സംസ്ഥാനതലത്തിലും ആദർശ ധീരത പുലർത്തിയിരുന്ന നേതാക്കളെല്ലാം സിപിഐയിൽ ചേരുകയാണ് ഉണ്ടായത്. എന്നാൽ ദൗർഭാഗ്യവശാൽ സിപിഐയിൽ നേതാക്കൾ നിറഞ്ഞു നിന്നപ്പോഴും അണികൾ ഭൂരിഭാഗവും സിപിഎമ്മിനൊപ്പം ചേരുന്ന സ്ഥിതിയാണ് ഉണ്ടായത്. പിന്നീട് ഇങ്ങോട്ടുള്ള പ്രവർത്തനങ്ങളിൽ അധികാരത്തിൽ മുന്നിലെത്താൻ സിപിഎമ്മിന് കഴിഞ്ഞതോടുകൂടി ദേശീയതലത്തിൽ തന്നെ ആ പാർട്ടി ശക്തമായി വളർന്നു ഈ വളർച്ചയാണ് പാർട്ടിയെയും പാർട്ടിയിലെ നേതാക്കളെയും തെറ്റായ വഴികളിലേക്ക് നയിച്ചത്.
കമ്മ്യൂണിസ്റ്റ് ആശയങ്ങൾ മാത്രം മുറുകെപ്പിടിച്ചുകൊണ്ട് നീങ്ങുന്ന സിപിഐയുടെ നേതാക്കൾ പലരും ജനകീയത നിലനിർത്തുന്നവരാണ് അതുകൊണ്ടുതന്നെ ഇപ്പോൾ കേരളത്തിലെ സിപിഎം പാർട്ടിക്ക് അകത്ത് ഉണ്ടായിട്ടുള്ള ആശയക്കുഴപ്പങ്ങളും തകർച്ചയും സിപിഐ എന്ന മറ്റൊരു കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വളമായി മാറുന്ന സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്.