പ്രിയങ്കയെ ഭയന്ന് ഇടതുമുന്നണിയും ബിജെപിയും

രാഹുലിന്റെ ഭൂരിപക്ഷം മറികടക്കും എന്ന് വിലയിരുത്തൽ

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിലും ഉത്തർപ്രദേശിലെ റായിബറയിലെ മണ്ഡലത്തിലും മത്സരിച്ച രാഹുൽ ഗാന്ധി രണ്ടിടത്തും ജയിക്കുന്ന സ്ഥിതി ഉണ്ടായി. കോൺഗ്രസ് പാർട്ടിയുടെയും ദേശീയ പ്രതിപക്ഷസഖ്യമായ ഇന്ത്യ മുന്നണിയുടെയും നേതാക്കളുടെ അഭിപ്രായം മാനിച്ചുകൊണ്ട് രാഹുൽ ഗാന്ധി കേരളത്തിലെ വയനാട് സീറ്റ് ഒഴിയുക എന്ന തീരുമാനമെടുത്തു. ഇതോടുകൂടിയാണ് വയനാട് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത ഉണ്ടായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വമ്പൻ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി രണ്ടാം വിജയം നേടിയത്. രാഹുൽ ഗാന്ധി ഒഴിഞ്ഞ വയനാട് മണ്ഡലത്തിൽ സഹോദരിയായ പ്രിയങ്ക മത്സരിക്കും എന്ന തീരുമാനവും പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞു. പ്രിയങ്ക വയനാട്ടിൽ മത്സരത്തിന് എത്തുമ്പോൾ അവർക്ക് എതിരെ മത്സര രംഗത്ത് വരേണ്ട ബിജെപിയും ഇടതുമുന്നണിയും ഇപ്പോൾ തന്നെ അങ്കലാപ്പിലാണ്. ഇടതുമുന്നണി ഘടകകക്ഷിയായ സിപിഐ സ്ഥാനാർത്ഥിയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാഹുലിനെതിരെ മത്സരിച്ചത്. സിപിഐയുടെ ദേശീയ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ആനി രാജയാണ് രാഹുലിനെതിരായി മത്സരിച്ചത്. മറ്റൊരു സ്ഥാനാർത്ഥി ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ സുരേന്ദ്രൻ ആയിരുന്നു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോൺഗ്രസ് സ്ഥാനാർഥി രാഹുൽഗാന്ധിക്ക് ലഭിച്ച ഭൂരിപക്ഷ വോട്ടുകളുടെ അത്രയും പോലും നേടുവാൻ ഇടതുമുന്നണിയുടെയും ബിജെപിയുടെയും സ്ഥാനാർത്ഥികൾക്ക് കഴിയാതെ പോയത് രണ്ടു സ്ഥാനാർത്ഥികൾക്കും വലിയ നാണക്കേടാണ് ഉണ്ടാക്കിയത്.

ഒഴിഞ്ഞുകിടക്കുന്ന വയനാട് ലോകസഭ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രഖ്യാപനം തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയിട്ടില്ല. ഇനിയും തെരഞ്ഞെടുപ്പിന് നാലു മാസം കൂടി സമയമുണ്ട്. എന്നാൽ ഒക്ടോബർ മാസത്തിൽ മഹാരാഷ്ട്ര അടക്കമുള്ള നിയമസഭാ തിരഞ്ഞെടുപ്പുകൾ കൊപ്പം വയനാട്ടിലെ ഉപതിരഞ്ഞെടുപ്പും ഉണ്ടാകാനാണ് സാധ്യത ഇത് മുന്നിൽ കണ്ടുകൊണ്ടാണ് ഇപ്പോൾ കോൺഗ്രസിന്റെയും ഇടതുമുന്നണിയുടെയും ബിജെപിയുടെയും നേതാക്കൾ ആലോചനകൾ ആരംഭിച്ചിരിക്കുന്നത്.

വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുന്ന എങ്കിൽ എതിർ സ്ഥാനാർഥികളായി മത്സരിക്കാൻ ആളില്ലാത്ത സ്ഥിതിയിലാണ് ബിജെപിയും ഇടതുമുന്നണിയും എത്തിനിൽക്കുന്നത്. എത്ര വലിയ നേതാവ് മത്സരിക്കാൻ എത്തിയാലും പ്രിയങ്കാ ഗാന്ധി വൻ ഭൂരിപക്ഷത്തിൽ വയനാട്ടിൽ ജയിക്കും എന്ന കാര്യത്തിൽ ആർക്കും സംശയം ഇല്ല. മാത്രവുമല്ല രാഹുൽഗാന്ധിക്ക് രണ്ടു തെരഞ്ഞെടുപ്പുകളിലും കിട്ടിയിരുന്ന ഭൂരിപക്ഷത്തെ മറികടന്നുകൊണ്ട് വലിയ അത്ഭുതം വയനാട് മണ്ഡലത്തിൽ പ്രിയങ്ക ഗാന്ധി സൃഷ്ടിക്കും എന്ന വിലയിരുത്തലും വയനാട് ജില്ലയിൽ രാഷ്ട്രീയവൃത്തങ്ങളിൽ നടക്കുന്നുണ്ട്. പൊതു ചർച്ചകളിൽ പ്രിയങ്ക ഗാന്ധിയുടെ വൻ വിജയം ഉറപ്പായി നിലനിൽക്കുന്നത് കൊണ്ട് അവരെ എതിർക്കാൻ ഇടതുമുന്നണിയിലും ബിജെപിയിലും ആരും താല്പര്യം കാണിക്കുന്നില്ല എന്നതാണ് പാർട്ടികൾ നേരിടുന്ന പ്രതിസന്ധി.

ഓരോ തെരഞ്ഞെടുപ്പുകളിലും മത്സരിക്കാൻ എത്തി പരാജയപ്പെട്ട ബലിയാടാകുന്ന സാഹചര്യമാണ് കേരളത്തിൽ ബിജെപിയിലും ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. രാഹുൽ ഗാന്ധിക്കെതിരെ മത്സരിച്ച സിപിഐ എന്ന പാർട്ടി കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ മത്സരിച്ചു എങ്കിലും ഒരിടത്ത് പോലും ജയിക്കാൻ കഴിഞ്ഞില്ല. അതുപോലെതന്നെ ഉള്ള രാഷ്ട്രീയ ഫലമാണ് കേരളത്തിൽ ബിജെപിയും നേരിട്ടത്. തൃശൂർ മണ്ഡലത്തിൽ ബിജെപിയുടെ സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ഗോപിയുടെ ജയം ബിജെപിയുടെ വിജയമായി ആരും കണക്കാക്കുന്നില്ല. തൃശ്ശൂർ കേന്ദ്രീകരിച്ച് സുരേഷ് ഗോപി കഴിഞ്ഞ പത്തുവർഷമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളാണ് അദ്ദേഹത്തെ വിജയത്തിൽ എത്തിച്ചത് എന്ന് തന്നെയാണ് പൊതുവായ അഭിപ്രായം.

ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ മുതിർന്ന പല നേതാക്കളെയും വയനാട്ടിൽ മത്സരിപ്പിക്കുന്നതിന് ആലോചിക്കുന്നുണ്ട്. എങ്കിലും ആരും തന്നെ താൽപര്യം കാണിക്കുന്നില്ല എന്നത് പാർട്ടി നേരിടുന്ന പ്രതിസന്ധിയാണ് ഇതു തന്നെയാണ് ബിജെപി എന്ന പാർട്ടിയിലും ഉള്ള അവസ്ഥ.

മറുവശത്ത് കോൺഗ്രസിലും യുഡിഎഫിലും പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയായി വരുന്നു എന്ന പ്രഖ്യാപനം വന്നതോടുകൂടി പ്രവർത്തകർ ഒരിക്കലും ഉണ്ടാകാത്തത്ര ആവേശത്തിലാണ് എത്തിനിൽക്കുന്നത്. വയനാട് മണ്ഡലത്തിൽ സ്വാധീനം കോൺഗ്രസ് പാർട്ടിക്ക് ഉണ്ട് എങ്കിലും പ്രവർത്തന രംഗത്ത് ശക്തമായി നിലയുറപ്പിക്കുന്നത്. പലപ്പോഴും മുസ്ലിംലീഗിന്റെ പ്രവർത്തകരാണ് പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് പ്രചാരണ അവസരങ്ങളിൽ മുസ്ലിംലീഗിന്റെ പ്രവർത്തകർ എല്ലാം മറന്ന് ഫീൽഡിൽ ഇറങ്ങുന്ന കാഴ്ചയാണ്. മുൻകാല തെരഞ്ഞെടുപ്പുകളിൽ കണ്ടിട്ടുള്ളത് ഈ തെരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം മുസ്ലിം ലീഗ് നേതാക്കളിൽ മാത്രമല്ല ഏറ്റവും താഴെയുള്ള പ്രവർത്തകരിൽ വരെ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്.

പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാർത്ഥിത്വം ഉറപ്പായ സാഹചര്യത്തിൽ വയനാട് മണ്ഡലത്തിൽ ഉണ്ടാകുന്ന ഉപതെരഞ്ഞെടുപ്പിൽ എതിർ സ്ഥാനാർത്ഥികൾ ആർക്കും കെട്ടിവച്ച തുക പോലും കിട്ടാത്ത സ്ഥിതി ഉണ്ടാകും എന്ന കാര്യവും ചർച്ച ചെയ്യപ്പെടുന്നുണ്ട്. ഇത്തരം ചർച്ചകളുടെ അടിസ്ഥാനത്തിൽ കൂടിയാണ് എതിർ സ്ഥാനാർഥിയായി രംഗത്ത് വരുവാൻ ബിജെപിയിലെയും സിപിഐയിലെയും നേതാക്കൾ മടിക്കുന്നത്.

ഇപ്പോഴത്തെ രാഷ്ട്രീയ അന്തരീക്ഷം വയനാട് മണ്ഡലത്തിൽ പ്രിയങ്കയുടെ അത്ഭുതകരമായ വിജയത്തിനാണ് വഴിയൊരുക്കുക ദേശീയതലത്തിൽ ബിജെപി എന്ന പാർട്ടിക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന തകർച്ചയും പല സംസ്ഥാനങ്ങളിലും പാർട്ടി എത്തിനിൽക്കുന്ന വലിയ പ്രതിസന്ധികളും പരസ്യമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വയനാട് ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ വയനാട് തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏതെങ്കിലും തരത്തിലുള്ള വിജയത്തിനെ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു തയ്യാറെടുപ്പിന് ബിജെപി കേന്ദ്ര നേതൃത്വവും തയ്യാറാവില്ല. മറുവശത്ത് പ്രിയങ്ക ഗാന്ധിയെ എതിർക്കേണ്ട മുഖ്യ സ്ഥാനാർഥി ഇടതുമുന്നണിയുടെ സിപിഐ സ്ഥാനാർഥി ആണ്. ആര് മത്സരിക്കാൻ എത്തിയാലും തോൽവി ആയിരിക്കും ഫലം എന്ന് പാർട്ടി തിരിച്ചറിയുന്നുണ്ട്. സിപിഐയെ മാത്രമല്ല ഇടതുമുന്നണിയെ തന്നെ ആശയക്കുഴപ്പത്തിൽ ആക്കുന്ന രാഷ്ട്രീയ സാഹചര്യമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലം മുതൽ ദേശീയതലത്തിൽ നിലനിൽക്കുന്നത്. കേരളത്തിൽ കോൺഗ്രസ് യു ഡി എഫ് സ്ഥാനാർഥികളെ എതിർക്കുന്ന ഇടതുമുന്നണി പാർട്ടികൾ ദേശീയതലത്തിൽ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണിക്ക് സിന്ദാബാദ് വിളിക്കേണ്ട ഗതികേടിലാണ് നിൽക്കുന്നത്. വയനാട് മണ്ഡലത്തിൽ ഇന്ത്യ മുന്നണിക്ക് നേതൃത്വം കൊടുക്കുന്ന പ്രിയങ്കാ ഗാന്ധിയെ എതിർത്താൽ ദേശീയതലത്തിൽ അത് ദോഷം ഉണ്ടാക്കും എന്ന ചിന്തയും ഇടതുമുന്നണി നേതാക്കൾക്ക് ഉണ്ട്. ഈ വിധത്തിൽ ഒരുതരത്തിലും നിലപാട് എടുക്കുവാനോ ശക്തമായ ഒരു മത്സരത്തിന് വേദി ഒരുക്കാനോ കഴിയാത്ത സ്ഥിതിയിലാണ് ബിജെപിയും ഇടതുമുന്നണിയും എത്തിയിരിക്കുന്നത് എന്നതാണ് വാസ്തവം.