രാജ്യത്തെ ജനങ്ങൾ പ്രതീക്ഷിച്ചത് അതേപടി നടപ്പിലാവുന്ന കാഴ്ചയാണ് കേന്ദ്രസർക്കാരിൻറെ പുതിയ ധനകാര്യ ബജറ്റിലൂടെ ഉണ്ടായിരിക്കുന്നത്. ഭരണം നിലനിർത്താൻ പ്രധാനമന്ത്രി ഘടകകക്ഷികൾക്ക് മുന്നിൽ മുട്ടുമടക്കുന്ന നാണംകെട്ട കാഴ്ചയാണ് ബജറ്റ് അവതരണത്തിലൂടെ പുറത്തുവന്നിരിക്കുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി പാർട്ടിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാതെ വന്ന സാഹചര്യത്തിലാണ് മൂന്നാം നരേന്ദ്രമോദി സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ സഹായം തേടിയത്. ബിജെപി സർക്കാരിന് പിന്തുണ നൽകി രംഗത്ത് വന്നത് തെലുങ്കുദേശം പാർട്ടിയും ബീഹാറിലെ നിതീഷ് കുമാർ യാദവിൻറെ ജെഡിയു പാർട്ടിയും ആയിരുന്നു. ഇപ്പോൾ കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ പുതിയ സർക്കാരിൻറെ പുതിയ ബജറ്റ് അവതരിപ്പിച്ചത് സർക്കാരിനെ പിന്തുണയ്ക്കുന്ന രണ്ടു പാർട്ടികൾക്കും വേണ്ടിയാണ് എന്ന രീതിയിലുള്ള പ്രഖ്യാപനങ്ങളാണ് പുറത്തുവന്നത്.
ബജറ്റ് അവതരണത്തിന് മുമ്പ് തന്നെ തെലുങ്കുദേശം പാർട്ടിയുടെ നേതാവായ ചന്ദ്രബാബു നായിഡു ആന്ധ്രപ്രദേശിന് ബജറ്റിലൂടെ പ്രത്യേക പദ്ധതി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. ഇതുപോലെ തന്നെയുള്ള ആവശ്യം ബീഹാർ മുഖ്യമന്ത്രിയും ജെ ഡി യു നേതാവുമായ നിതീഷ് കുമാറും മുന്നോട്ടുവച്ചിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നശേഷം ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയിലേക്ക് ചന്ദ്രബാബു നായിഡുവും നിതീഷ് കുമാറും ചേർന്നപ്പോൾ തന്നെ പ്രത്യേക താൽപര്യങ്ങൾ വെച്ചുകൊണ്ടാണ്. രണ്ടു നേതാക്കളും ബിജെപിക്ക് പിന്തുണ പറയുന്നത് എന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നതാണ്. ഇപ്പോൾ അത്തരത്തിലുള്ള എല്ലാ ഊഹങ്ങളും ശരിയായിരിക്കുന്നു എന്നാണ് 2024 – 25 വർഷത്തേക്കുള്ള ധനകാര്യ ബജറ്റ് പ്രഖ്യാപനത്തിലൂടെ തെളിഞ്ഞിരിക്കുന്നത്.
ബജറ്റിൽ ഇന്ത്യാരാജ്യത്തെയും ഇന്ത്യയിലെ ജനങ്ങളെയും ഒന്നായി കണ്ടുകൊണ്ടുള്ള ബജറ്റ് പ്രഖ്യാപനങ്ങൾ തയ്യാറാക്കുന്ന പതിവ് രീതികൾ ധനമന്ത്രി നിർമ്മല സീതാരാമൻ മാറ്റിയിരിക്കുന്നു എന്നതാണ് വാസ്തവം. തട്ടിക്കൂട്ടിയ ഭൂരിപക്ഷവുമായി അധികാരത്തിൽ വന്ന മൂന്നാം നരേന്ദ്രമോദി സർക്കാരിനെ എങ്ങനെയെങ്കിലും നിലനിർത്തുക എന്ന ഉദ്ദേശത്തോടുകൂടി പിന്തുണയ്ക്കുന്ന പ്രമുഖ പാർട്ടികളുടെ ആവശ്യങ്ങൾ മാത്രം പ്രാധാന്യം നൽകി പരിഗണിച്ച ബജറ്റ് ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. തെലുങ്കുദേശം പാർട്ടി ഭരിക്കുന്ന ആന്ധ്രാപ്രദേശിൽ സംസ്ഥാനത്തിന്റെ പുതിയ ആസ്ഥാന നിർമ്മാണത്തിന് വേണ്ടി 15000 കോടി രൂപയാണ് ധനകാര്യ മന്ത്രി സഹായമായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതു കൂടാതെ കടന്നുപോകുന്ന നാഷണൽ ഹൈവേകൾക്കും പുതിയ വൻകിട റോഡുകൾക്കും ബജറ്റ് പണം നീക്കിവെക്കുന്നുണ്ട് ആന്ധ്രയിലെ ആരോഗ്യരംഗ വികസനത്തിനും അതുപോലെതന്നെ സംസ്ഥാനത്തുള്ള ചേരി പ്രദേശങ്ങളുടെ വികസനത്തിനും 10000 കണക്കിന് രൂപയുടെ സഹായമാണ് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത്.
ആന്ധ്രയിലെ അതേ സ്ഥിതി തന്നെയാണ് ബീഹാറിന്റെ കാര്യത്തിലും ഉണ്ടായിരിക്കുന്നത്. ബീഹാർ ഭരണകക്ഷിയായ ജെ ഡി യു നിൻറെ ദേശീയ യോഗം ചേർന്നപ്പോൾ പാസാക്കിയ പ്രമേയം സർക്കാരിനെ സമർപ്പിക്കുകയും കേന്ദ്രസഹായം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതെല്ലാം ധനകാര്യ മന്ത്രി അതേപടി അംഗീകരിച്ച പ്രഖ്യാപനങ്ങളാണ് വന്നിരിക്കുന്നത്. ബീഹാർ സംസ്ഥാനത്തെ 26,000 കോടി രൂപയുടെ വികസന പദ്ധതികളാണ് ബജറ്റിൽ പ്രഖ്യാപിച്ചത് വിമാനത്താവളങ്ങൾ വലിയ റോഡുകൾ മെഡിക്കൽ കോളേജുകൾ തുടങ്ങിയവയെല്ലാം ഈ ബജറ്റ് പ്രഖ്യാപനത്തിലൂടെ ഉറപ്പാക്കിയിട്ടുണ്ട്.
മൂന്നാം നരേന്ദ്രമോദി സർക്കാർ അധികാരമേറ്റ അവസരത്തിൽ ഇന്ത്യയിലെ ജനങ്ങൾ സംശയിച്ചതുപോലെ തന്നെ സർക്കാരിനെ പിന്തുണക്കുന്ന പ്രമുഖ കക്ഷികളുടെ ആവശ്യങ്ങൾക്ക് മുന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മുട്ടുമടക്കി കീഴടങ്ങുന്ന അവസ്ഥയാണ്. കേന്ദ്ര ബജറ്റിലൂടെ പുറത്തുവന്നത് നരേന്ദ്രമോദി പ്രധാനമന്ത്രിയായി പ്രവർത്തിച്ച രണ്ടു സർക്കാരുകളുടെ കാലത്തും മറ്റൊരു പാർട്ടിയെയും അംഗീകരിക്കാതെ മാത്രമല്ല പ്രതിപക്ഷത്തിൻ്റെ ശബ്ദം പോലും അംഗീകരിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടു നീങ്ങിയ പ്രധാനമന്ത്രിയാണ് ഇപ്പോൾ രണ്ടു ചെറിയ ഘടക കക്ഷികൾക്ക് മുന്നിൽ കീഴടങ്ങിയിരിക്കുന്നത്.
ബിജെപി എന്ന ഹൈന്ദവ പിൻബലമുള്ള പാർട്ടിയുടെ ദേശീയ ഭരണം കഴിഞ്ഞ 10 വർഷക്കാലത്തെ ശൈലികളെയും രീതികളെയും മാറ്റുന്നു എന്ന പ്രഖ്യാപനം കൂടിയാണ് പുതിയ കേന്ദ്ര ബജറ്റ്. പാർട്ടിയെ നിയന്ത്രിക്കുന്ന ആർ എസ് എസ് നേതൃത്വത്തിന്റെ മാത്രം വാക്കുകൾ കേട്ടുകൊണ്ട് അവരുടെ നിർദ്ദേശങ്ങൾക്ക് വലിയ പരിഗണന നൽകി ഭരണം തുടരുന്ന അവസ്ഥയായിരുന്നു നരേന്ദ്രമോദിയുടെ രണ്ട് സർക്കാരുകളും നടത്തിയിരുന്നത്. എന്നാൽ ഇപ്പോൾ സ്ഥിതി മാറിയിരിക്കുന്നു. ആർക്കും മുന്നിലും ഒരുതരത്തിലും കീഴടങ്ങാതെയും മുട്ടുമടക്കാതെയും നട്ടെല്ല് നിവർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി കേന്ദ്ര നേതൃത്വവും ഭരണം നിലനിർത്താൻ വേണ്ടി രണ്ടു സംസ്ഥാനങ്ങളിൽ മാത്രം ശക്തിയുള്ള പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തിന് മുന്നിൽ കീഴടങ്ങിയ ഗതികെട്ട രാഷ്ട്രീയ നിലപാടുകളുടെ കാഴ്ചകളാണ് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ ഇപ്പോൾ അവതരിപ്പിച്ച ബജറ്റിലൂടെ പുറത്തുവന്നിരിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ ശക്തിയായ കർഷക സമൂഹത്തെ സഹായിക്കുന്നതിനോ ശതകോടികൾ വരുന്ന രാജ്യത്ത് തൊഴിലില്ലാത്ത ചെറുപ്പക്കാർക്ക് തൊഴിൽ അവസരം ഉണ്ടാക്കുന്നതിനോ ഫലപ്രദമായ ഒരു നിർദ്ദേശവും ഈ ബജറ്റിലൂടെ പുറത്തുവന്നില്ല. ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിദ്യാഭ്യാസപരമായും സാംസ്കാരികമായും ആരോഗ്യപരമായി മുന്നിൽ നിൽക്കുന്ന ഒരു സംസ്ഥാനമാണ് നമ്മുടെ കേരളം. കേരളം ഏറെക്കാലമായി മുന്നോട്ടുവയ്ക്കുന്ന ഒരു ന്യായമായ ആവശ്യത്തിനും ഒരു പരിഗണനയും ബജറ്റിലൂടെ ഉണ്ടായിട്ടില്ല എന്നതും എതിർക്കപ്പെടേണ്ട കാര്യമാണ്. കേരളത്തിൽ നിന്നും ആകെയുള്ളത് സുരേഷ് ഗോപി എന്ന ഒരു എംപി മാത്രമാണ്. അതുകൊണ്ടുതന്നെ കേരളത്തെ സഹായിക്കുന്നത് കൊണ്ട് കേന്ദ്രസർക്കാരിൻറെ നിലനിൽപ്പ് തുടരുന്നതിന് ഒരു ഗുണവും കിട്ടാനില്ല എന്ന തിരിച്ചറിവ് കൂടി വെച്ചുകൊണ്ടാണ് ധനകാര്യ മന്ത്രി ബജറ്റ് തയ്യാറാക്കിയത്. ഒരു കാര്യം ഇവിടെ വ്യക്തമാക്കുന്നുണ്ട്. ആന്ധ്രപ്രദേശിനും ബീഹാറിനും പരിധിയിക്കപ്പുറമുള്ള വലിയ വാഗ്ദാനങ്ങളും പ്രഖ്യാപനങ്ങളും ബജറ്റിലൂടെ നടത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഇതിനു വേണ്ടിയുള്ള കർക്കശമായ നിലപാട് കൊണ്ടുകൂടിയാണ് എന്നുകൂടി ബജറ്റ് പരിശോധിക്കുമ്പോൾ വ്യക്തമാകുന്നുണ്ട്.