പിറന്നാൾ ആയി സിപിഎം പാർട്ടിക്ക് അകത്ത് ഒറ്റപ്പെട്ട് നിൽക്കുകയാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി കൺവീനറായ ഈ പി ജയരാജൻ. പിണറായി സർക്കാരിൽ ഒരു ഘട്ടത്തിൽ രണ്ടാമനായി മന്ത്രി പദവി അലങ്കരിച്ചിരുന്ന ജയരാജൻ പിന്നീട് പലതരത്തിലുള്ള അവഗണനയ്ക്കും ഇരയാവുകയായിരുന്നു. കണ്ണൂരിൽ സിപിഎം എന്ന പാർട്ടിയുടെ വളർച്ചയ്ക്ക് സുപ്രധാനമായ പങ്കുവഹിച്ചിട്ടുള്ള ഒരു നേതാവാണ് ജയരാജൻ. മൂന്ന് ജയരാജന്മാരാണ് കണ്ണൂരിൽ പിണറായി വിജയന് ഒപ്പം നിന്നുകൊണ്ട് പാർട്ടിയെ ശക്തിപ്പെടുത്തിയത്. എന്നാൽ ഒന്നാം പിണറായി സർക്കാരിൻറെ ആദ്യഘട്ടത്തിൽ തന്നെ മന്ത്രി പദവിയിൽ നിന്നും പുറത്തു പോകേണ്ടി വന്ന ജയരാജൻ സ്ഥിരമായി പലതരത്തിലുള്ള അവഗണനകളെ നേരിടുകയാണ് ഉണ്ടായത്. പല പ്രതിസന്ധിഘട്ടങ്ങളിലും സിപിഎമ്മിന്റെ മുതിർന്ന നേതാക്കളും പാർട്ടിയെ അടക്കി ഭരിച്ച പിണറായി വിജയനും ജയരാജനെ തള്ളിപ്പറയുന്ന സ്ഥിതിയും ഉണ്ടായി. ഏതായാലും ഏറ്റവും ഒടുവിൽ പാർട്ടിയിൽ നിന്ന് മാത്രമല്ല ഇടതുപക്ഷ മുന്നണിയുടെ കൺവീനർ സ്ഥാനത്തു നിന്നും കൂടി ജയരാജൻ പുറത്താക്കപ്പെടുന്ന സ്ഥിതിയിലേക്കാണ് എത്തിയിരിക്കുന്നത്.
കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണം ആരംഭിക്കുന്നതിന് മുൻപ് തന്നെ ജയരാജൻ കേരള രാഷ്ട്രീയത്തിൽ വിവാദ പുരുഷനായി മാറിയിരുന്നു. ബിജെപിയുടെ ദേശീയ നേതാക്കളിൽ ഒരാളായ പ്രകാശ് ജാവഡേക്കറെ സ്വന്തം ഫ്ലാറ്റിൽ തിരുവനന്തപുരത്ത് സ്വീകരിച്ചതും സൽക്കരിച്ചതും വാർത്തയായി പുറത്തുവന്നതോടു കൂടി ജയരാജൻ കുറ്റക്കാരനായി മാറുന്ന സ്ഥിതി വന്നു. പലതരത്തിലും ന്യായീകരിക്കാൻ ജയരാജൻ ശ്രമിച്ചു എങ്കിലും ജാവഡേക്കറെ കാണുന്ന വീഡിയോകൾ വരെ പുറത്തുവന്നപ്പോൾ ജയരാജന് നിൽക്കക്കള്ളി ഇല്ലാതെയായി. മാത്രവുമല്ല വിവാദ പുരുഷനായ ദല്ലാൾ നന്ദകുമാർ ഇടനിലക്കാരനായി ആയിരുന്നു. ജയരാജൻ ജാവഡേക്കറെ കണ്ടത് ദല്ലാൾ നന്ദകുമാർ ഈ കഥകൾ ചാനലുകളിൽ കൂടി പരസ്യമാക്കിയതോടെ ജയരാജൻ വല്ലാത്ത പ്രതിസന്ധിയിൽ ആയി.
കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ തിരുവനന്തപുരത്ത് ചേർന്ന സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച കാര്യങ്ങളാണ് മുഖ്യമായി ചർച്ച ചെയ്തത് എങ്കിലും ജയരാജൻ വിഷയവും യോഗത്തിൽ കടന്നുവന്നു. എന്നാൽ സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യുന്ന അടുത്ത സംസ്ഥാന കമ്മിറ്റി യോഗത്തിൽ ജയരാജൻ വിഷയം ചർച്ച ചെയ്യാം എന്ന പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞതോടുകൂടി അടുത്ത കമ്മിറ്റിയിലേക്ക് ജയരാജൻ വിഷയം മാറുകയാണ് ഉണ്ടായത്. ഇടതുപക്ഷ മുന്നണിയുടെ കൺവീനറായി ബിജെപിയുമായി അടുപ്പം പുലർത്തുന്ന സിപിഎം നേതാവ് ജയരാജൻ തുടരുന്നതിൽ വലിയ പ്രതിഷേധമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. സിപിഎം പാർട്ടിയുടെ മുതിർന്ന നേതാക്കളും മുഖ്യമന്ത്രി പിണറായി വിജയനും ജയരാജനു എതിരായ നിലപാട് ആണ് സ്വീകരിച്ചിരിക്കുന്നത് എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.
ജയരാജൻ ഇടതുപക്ഷ മുന്നണിയുടെ കൺവീനർ സ്ഥാനത്ത് തുടരുന്നത് മുന്നണിക്ക് ഭാവിയിൽ ദോഷം ഉണ്ടാക്കും എന്ന അഭിപ്രായം പാർട്ടി നേതാക്കൾക്ക് മാത്രമല്ല ഈ ആവശ്യം ഇടതുപക്ഷ മുന്നണിയിലെ ചില ഘടക കക്ഷികളും ഉയർത്തുന്നുണ്ട്. ബിജെപിയുടെ കേരളത്തിൻറെ ചുമതലയുള്ള ദേശീയ നേതാവായ പ്രകാശ് ജാവഡേക്കറുമായി രഹസ്യബന്ധം ഉണ്ടാക്കി എന്നത് മാത്രമല്ല കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് അവസരത്തിൽ കേരളത്തിൽ മത്സരിക്കുന്ന ബിജെപി സ്ഥാനാർഥികളിൽ അഞ്ചുപേർ വലിയ ജനസമ്മതരാണ് എന്ന രീതിയിലും ജയരാജൻ അഭിപ്രായം പറഞ്ഞിരുന്നു. ഈ പ്രസ്താവനയും തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ മുന്നണിക്ക് ദോഷം ഉണ്ടാക്കി എന്ന് വിലയിരുത്തപ്പെടുന്നുണ്ട്.
ഇ പി ജയരാജൻ കറകളഞ്ഞ കമ്മ്യൂണിസ്റ്റ് ആണ് എന്ന കാര്യത്തിൽ പാർട്ടി നേതാക്കൾക്ക് സംശയമില്ല. എങ്കിലും മാറിയ ചില രാഷ്ട്രീയ സാഹചര്യങ്ങളിൽ കേരളത്തിൽ പോലും മറ്റു പാർട്ടികളിൽ നിന്നും ബിജെപിയിലേക്ക് നേതാക്കൾ കാലു മാറിക്കൊണ്ടിരിക്കുന്ന അനുഭവങ്ങൾ തുടരുന്ന സാഹചര്യത്തിൽ ജയരാജൻ ബിജെപി നേതാക്കളെ കണ്ടതിൽ വലിയ ഗൗരവമാണ് പാർട്ടി പ്രകടമാക്കുന്നത്. സിപിഎം എന്ന പാർട്ടിയും കണ്ണൂരിലെ നേതാക്കളും അതുപോലെതന്നെ ഏറ്റവും കൂടുതൽ അടുപ്പം പുലർത്തിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും തന്നെ മനപ്പൂർവമായി അവഗണിക്കുന്നു എന്ന വിശ്വാസമാണ് ജയരാജനെ പാർട്ടി പ്രവർത്തനങ്ങളിൽ നിന്നും അകറ്റിനിർത്താൻ പ്രേരിപ്പിച്ചത്. കഴിഞ്ഞ കുറെ നാളുകളായി കൺവീനർ എന്ന നിലയിൽ ഇടതുമുന്നണിയുടെ യോഗം വിളിച്ചു കൂട്ടാനോ ഘടകകക്ഷികളെ ബന്ധപ്പെട്ടു കൊണ്ട് ഏകോപനം ശക്തമായി നിലനിർത്തി പോകാനോ ഉള്ള പ്രവർത്തനങ്ങൾ ജയരാജൻ നടത്തുന്നില്ല. ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്ന ഇടതുപക്ഷ മുന്നണി കനത്ത തോൽവിയാണ് ഏറ്റുവാങ്ങിയത്. അതുകൊണ്ടുതന്നെ ഫലപ്രഖ്യാപനം വന്നശേഷം തോൽവിയുടെ കാരണങ്ങൾ ആദ്യം ചർച്ച ചെയ്യേണ്ടത് ഇടതുപക്ഷ മുന്നണി യോഗത്തിൽ ആയിരുന്നു. എന്നാൽ കൺവീനർ എന്ന നിലയിൽ ജയരാജൻ മടിച്ചു നിൽക്കുന്നതിനാൽ ഈ യോഗം വിളിച്ചുകൂട്ടാനോ കാര്യക്ഷമമായ ചർച്ചകൾ നടത്തി പരാജയം വിലയിരുത്താനോ അവസരം ഉണ്ടായില്ല. ഇതാണ് ഇടതുപക്ഷ മുന്നണിയിലെ സിപിഐഎം മറ്റു കക്ഷികളും കൂടുതൽ പ്രതിഷേധം ഉയർത്താൻ കാരണം.
സിപിഎം നേതാക്കൾ മാത്രമല്ല ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ നേതൃത്വവും ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റി മറ്റൊരാളെ കൺവീനർ ആക്കണം എന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ഇതേ ആവശ്യം തന്നെ കേരള കോൺഗ്രസും എൻ സി പി യും ജനതാദളും മുന്നോട്ടുവെച്ചിട്ടുണ്ട്. ഇത്തരത്തിൽ വിവിധ മേഖലകളിൽ നിന്നും ജയരാജന് എതിരായ നീക്കങ്ങൾ ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ ജയരാജനെ കൺവീനർ സ്ഥാനത്തുനിന്ന് മാറ്റുകയും പുതിയ ഒരാളെ നിയോഗിക്കുകയും ചെയ്യുക എന്ന തീരുമാനത്തിലേക്ക് അടുത്ത സിപിഎം നേതൃയോഗം എത്തിച്ചേരും എന്നാണ് അറിയുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും ജയരാജൻ വിഷയത്തിൽ നേരിട്ട് ചർച്ച നടത്തുകയും അടുത്ത കമ്മിറ്റി യോഗത്തിൽ പുതിയ ഒരാളെ കൺവീനറായി കണ്ടെത്തുന്നതിന് തീരുമാനിക്കുകയും ചെയ്തതായി ഉള്ള വാർത്തകളും പുറത്തുവരുന്നുണ്ട്. ഏതായാലും ഇ. പി ജയരാജൻ എന്ന കണ്ണൂരിന്റെ കരുത്തനായ കമ്മ്യൂണിസ്റ്റ് നേതാവ് പാർട്ടിയുടെ തന്നെ പ്രതികാര നടപടികളുടെ പേരിൽ ഇരയായി മാറുന്ന സ്ഥിതിയാണ് ഉണ്ടാകാൻ പോകുന്നത്.