കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ അത്ഭുതകരമായ വിജയം നേടിയെടുത്ത കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ വരുന്ന തിരഞ്ഞെടുപ്പുകളിലും ഇതേ വിജയം നേടിയെടുക്കുന്നതിന് സജ്ജമാക്കുന്നതിന് വേണ്ടി പാർട്ടി പുനസംഘടന ലക്ഷ്യം വെച്ചുകൊണ്ട് ഹൈ കമാൻഡ് നടത്തിയ ഇൻറർവ്യൂകളിൽ ഭൂരിപക്ഷം നേതാക്കളും ഔട്ട് ആവുന്ന തിരിയാണ് ഉണ്ടായിരിക്കുന്നത്. എഐസിസി നേതാക്കളായ പി വി മോഹനൻ വിശ്വനാഥ പെരുമാൾ എന്നിവരുടെ നേതൃത്വത്തിൽ കേരളത്തിൽ എത്തിയ ഹൈക്കമാന്റെ സംഘമാണ് നേതാക്കളെ പ്രത്യേകം പ്രത്യേകമായി കണ്ടു പ്രവർത്തന മികവ് പരിശോധന നടത്തിയത്.
ഒരാഴ്ചയ്ക്കുള്ളിൽ ഈ നേതാക്കൾ പഠന റിപ്പോർട്ട് എ ഐസിസിക്ക് കൈമാറും എന്നാണ് അറിയിച്ചിരിക്കുന്നത്. പ്രവർത്തനം സംബന്ധിച്ച തെളിവെടുപ്പിൽ ഭൂരിഭാഗം നേതാക്കളും ശരാശരിയെക്കാൾ താഴെ എത്തിയിരിക്കുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
കെപിസിസി ഭാരവാഹികൾ ഡിസിസി പ്രസിഡൻറ്മാർ പോഷക സംഘടന ഭാരവാഹികൾ തുടങ്ങിയവരെയാണ് ഹൈക്കമാൻഡ് സംഘം ഇൻറർവ്യൂ നടത്തിയത്. 14 പാർട്ടിയുടെ ഡിസിസി പ്രസിഡണ്ട് മാരിൽ ഭൂരിപക്ഷവും നിഷ്ക്രിയയും പ്രവർത്തനത്തിൽ പരാജയപ്പെട്ട വരും ആയിട്ടാണ് കണ്ടെത്തിയത്. കെപിസിസി ക്ക് കീഴിൽ പ്രവർത്തിക്കുന്ന പല പോഷക സംഘടനകളും നിർജീവമാണെന്നും പ്രവർത്തന പഠനം നടത്തിയ കമ്മിറ്റി കണ്ടെത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളിൽ സംഘടന പ്രവർത്തനം അല്ല നടക്കുന്നത് എന്നും ചാനലുകളുടെയും മാധ്യമങ്ങളുടെയും പിറകെ നടക്കലും സമൂഹമാധ്യമ വേദികളിൽ പ്രത്യക്ഷപ്പെടലും മാത്രമാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നും പഠന റിപ്പോർട്ട് കണ്ടെത്തിയിട്ടുണ്ട്. അതുപോലെതന്നെ നൂറോളം വരുന്ന കെപിസിസിയുടെ ഭാരവാഹികളിൽ വിരലിൽ എണ്ണാവുന്നവർ ഒഴികെ പാർട്ടി പ്രവർത്തനം നടത്തുന്നവർ അല്ല എന്നും കണ്ടെത്തിയിട്ടുണ്ട്. പാർട്ടിയുടെ ഭാരവാഹി യോഗങ്ങളിൽ പങ്കെടുക്കൽ അല്ലാതെ ഇവർ മറ്റൊരു പ്രവർത്തനവും നടത്തുന്നില്ല എന്നും റിപ്പോർട്ടിൽ പരാമർശം ഉണ്ട്.
യൂത്ത് കോൺഗ്രസിലും പോഷക സംഘടനകളും നേതൃനിരയിൽ ഉള്ളവർ നിയമസഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിത്വം എങ്ങനെ സംഘടിപ്പിക്കാം എന്ന് മാത്രം പ്രതീക്ഷിച്ചുകൊണ്ട് അതിനുള്ള തന്ത്രങ്ങൾ മാത്രം പയറ്റിക്കൊണ്ടിരിക്കുകയാണെന്ന് പഠനസംഘം കണ്ടെത്തിയിട്ടുണ്ട്. നല്ലൊരു ശതമാനം നേതാക്കൾ പാർട്ടി പ്രവർത്തനത്തെക്കാൾ അധികാരത്തോടും പണ സംവാദനത്തിനോടും മാത്രം താൽപര്യം കാണിക്കുകയാണ്. നിലവിലുള്ള നിയമസഭ ലോകസഭ പ്രതിനിധികളുടെ ചുറ്റും കറങ്ങിക്കൊണ്ട് അവരുവഴി ശുപാർശകൾ നടപ്പിലാക്കി പണം കൈക്കലാക്കാൻ പലരും ശ്രമം നടത്തുന്നതായും ഇവരുടെ പാർട്ടി പ്രവർത്തനം ഇതു മാത്രമാണെന്നും പഠനസംഘം റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.
തിരുവനന്തപുരത്ത് ക്യാമ്പ് ചെയ്തു കൊണ്ട് ഹൈ കമാൻഡ് പ്രതിനിധികൾ കേരളത്തിലെ വിവിധ തട്ടുകളിലുള്ള പാർട്ടി നേതാക്കളെ ഓരോരുത്തരെയായി കണ്ടു ചോദ്യങ്ങൾ ചോദിച്ചും പ്രവർത്തന റിപ്പോർട്ട് ശേഖരിച്ചും ആണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിൽ ഇപ്പോൾ കോൺഗ്രസ് പാർട്ടിയിൽ ഉണ്ടായിട്ടുള്ള തെരഞ്ഞെടുപ്പിന് ശേഷമുള്ള പുതിയ ഉണർവ് നിലനിർത്തി പോകുന്നതിന് ഹൈക്കമാന്റെ ആഗ്രഹിക്കുന്നുണ്ട്. കേരളത്തിലെ പാർട്ടി പുനസംഘടന ചർച്ച ചെയ്യാൻ തുടങ്ങിയിട്ട് രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഒരു വർഷത്തിനകം തെരഞ്ഞെടുപ്പും രണ്ടു വർഷം കഴിയുമ്പോൾ നിയമസഭ തെരഞ്ഞെടുപ്പും നടക്കും. ഈ തെരഞ്ഞെടുപ്പുകളിൽ നേട്ടം ഉണ്ടാക്കുന്നതിന് ലക്ഷ്യം വെച്ചുകൊണ്ട് സംസ്ഥാനത്ത് പാർട്ടിയെ പുനസംഘടിപ്പിക്കുക എന്നതാണ് ഹൈക്കമാൻഡ് ഉദ്ദേശിക്കുന്നത്.
കേരളത്തിൽ പാർട്ടിക്ക് കത്ത് ഗ്രൂപ്പ് സമ്പ്രദായം നിലനിൽക്കുന്നത് കൊണ്ട് അതിൻറെ നേതാക്കൾ നടത്തുന്ന ഇടപെടലുകൾ ഒഴിവാക്കി പ്രവർത്തിക്കാൻ കഴിവും താല്പര്യവുമുള്ള നേതാക്കളെ കണ്ടെത്തി പുനസംഘടന നടത്തുക എന്നതാണ് ഉദ്ദേശിക്കുന്നത്.
ഇപ്പോൾ നടത്തിയിട്ടുള്ള ഹൈക്കമാന്റെ പഠന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പുനസംഘടന നടന്നാൽ ഭൂരിഭാഗം ജില്ലാ പ്രസിഡണ്ടുമാരും സ്ഥാനത്തുനിന്ന് ഒഴിവാക്കപ്പെടും. അതുപോലെതന്നെ പോഷക സംഘടന ഭാരവാഹികൾക്കും സ്ഥാനചലനം ഉണ്ടാകും എന്ന കാര്യം ഉറപ്പാണ്. എന്നാൽ മുൻകാല ചരിത്രങ്ങൾ പരിശോധിച്ചാൽ ഹൈക്കമാന്റെ എത്ര ശക്തമായ നടപടിക്ക് തയ്യാറാകുന്നുവോ അതിനനുസരിച്ച് ഗ്രൂപ്പ് നേതാക്കളുടെ സമ്മർദ്ദവും ശക്തമാവും എന്ന കാര്യം ഉറപ്പാണ്. അതുകൊണ്ടുതന്നെ ഹൈക്കമാന്റെ പ്രതീക്ഷിക്കുന്നതുപോലെ അത്ര എളുപ്പത്തിൽ കോൺഗ്രസ് പാർട്ടിയുടെ കേരള ഘടകത്തിൽ പുനസംഘടന പൂർത്തിയാക്കുക ബുദ്ധിമുട്ടായിരിക്കും.
യാഥാർത്ഥ്യങ്ങൾ ഇതൊക്കെ ആണെങ്കിലും പുനസംഘടനയിലൂടെ പുതിയ പദവി പ്രതീക്ഷിച്ചിരിക്കുന്ന നിരവധി നേതാക്കൾ ഉണ്ട്. യൂത്ത് കോൺഗ്രസ് കെ എസ് യു ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനുശേഷം പുറത്താക്കപ്പെട്ട യുവ നേതാക്കൾ സ്ഥാനമാനങ്ങൾക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കഴിഞ്ഞു. അതുപോലെതന്നെ പുനസംഘടന ഘട്ടത്തിൽ പുറത്താക്കപ്പെട്ട പല കെപിസിസി നേതാക്കളും പുതിയ പദവിക്ക് വേണ്ടി കാത്തിരിക്കുന്നുണ്ട്. ഇവരെയൊക്കെ തൃപ്തിപ്പെടുത്താൻ പുതിയ ഹൈക്കമാന്റെ ഇടപെടൽ കൊണ്ട് കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. എല്ലാ വിഭാഗത്തിലും പെട്ട നേതാക്കളെ തൃപ്തരാക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് കെപിസിസി ഭാരവാഹി പട്ടിക 100 പേർ കഴിയുന്ന അവസ്ഥയിൽ എത്തിക്കേണ്ടി വരും. മറ്റ് പോഷക സംഘടനകളുടെയും കാര്യം ഇതുതന്നെയാണ്. പുനസംഘടനയിൽ ഭൂരിഭാഗം ഡിസിസി പ്രസിഡന്റുമാരും പുറത്താകുന്നു എങ്കിൽ അവർക്കും പുതിയ പദവികൾ കണ്ടെത്തേണ്ടതായി വരും.