കേരളത്തിൻറെ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ ഇരുന്ന് ജനസേവനം നടത്തിയിട്ട് തൃപ്തി വരാതെ ആയ മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം മുഴുവൻ ചുറ്റി നടന്നു ജനങ്ങളെ സേവിക്കാൻ ഇറങ്ങിപ്പുറപ്പെട്ട യാത്രയായിരുന്നു നവ കേരള സദസ്സ്. ഈ സദസ്സും ബഹളവും ഒക്കെ കഴിഞ്ഞിട്ട് മാസം 8 ആയി മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഈ വിനോദയാത്ര കൊണ്ട് കേരളത്തിലെ ഏതെങ്കിലും ഒരു പൊതുജനത്തിന് എന്തെങ്കിലും ഗുണം കിട്ടിയോ എന്ന കാര്യത്തിൽ ഒരു തെളിവും ഇല്ല. സ്വർണ്ണ കടത്തും മാസപ്പടി കേസും വാർത്തകളിൽ നിറഞ്ഞ നിന്നപ്പോൾ ആണ് അതെല്ലാം ഒന്ന് ഭയപ്പെടുത്താൻ മുഖ്യമന്ത്രിയും മന്ത്രിമാരും യാത്രയുമായി ഇറങ്ങിയത്. അഴിമതിക്കാരനായ മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് നവ കേരള യാത്ര കടന്ന വഴികളിൽ യൂത്ത് കോൺഗ്രസ് കെ എസ് യു പ്രവർത്തകർ കരിങ്കോട് കാണിക്കുന്ന സമരവുമായി ഇറങ്ങിയിരുന്നു.
ഇത്തരത്തിൽ കരിങ്കൊടി സമരത്തിൻറെ വീറും വാശിയും പ്രകടമാക്കിയ യൂത്തന്മാരെ കാത്തിരുന്നു കാര്യമായി കൈകാര്യം ചെയ്യാൻ സിപിഎമ്മിന്റെ യുവ ശക്തിയായ ഡിവൈഎഫ്ഐ നേതാക്കളും രംഗത്തിറങ്ങി. ഇവരെ സഹായിക്കാൻ പിണറായി വിജയൻറെ പോലീസുകാരും ഉണ്ടായിരുന്നു. അങ്ങനെയാണ് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിൽ മന്ത്രിസംഘം യാത്ര ചെയ്ത വാഹനത്തിന് കരിങ്കോടി കാണിച്ച് യൂത്ത് നേതാക്കളെ പോലീസും ഡിഫിക്കാരും സംഘം ചേർന്ന് ക്രൂരമായി തല്ലി ചതച്ചത്. ഹെൽമറ്റ് കൊണ്ടും വഴിയോരത്ത് സ്ഥാപിച്ച ചെടിച്ചട്ടികൾ കൊണ്ടും യൂത്തൻമാരുടെ തല തല്ലിപ്പൊളിക്കുന്ന ദൃശ്യം ഇപ്പോഴും വാർത്താചാനലുകാർ ഇടയ്ക്കിടെ കാണിക്കാറുണ്ട്. ഈ ക്രൂരമർദ്ദനം പരാതിയായി ഉയർന്നപ്പോഴാണ് ജനകീയനായ മുഖ്യമന്ത്രി വിശദീകരണവുമായി രംഗത്തുവന്നത്. നവ കേരള യാത്ര വണ്ടിക്ക് മുന്നിലേക്ക് യൂത്തന്മാർ ചാടി വീണപ്പോൾ ഡിവൈഎഫ്ഐ പ്രവർത്തകർ അവരെ ചാടിപ്പിടിച്ച് ജീവൻ രക്ഷിക്കുകയാണ് ചെയ്തത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വാർത്താ ചാനലുകളിൽ യൂത്തന്മാരെ തല്ലി തകർക്കുന്ന ദൃശ്യങ്ങൾ വന്നിട്ടും മുഖ്യമന്ത്രി രക്ഷാപ്രവർത്തനത്തിൽ മുറുകെപ്പിടിച്ച് മുന്നോട്ടുപോയി. കണ്ണൂരിൽ മാത്രം ആയിരുന്നില്ല. എല്ലാ ജില്ലകളിലും വാഹനം കടന്നു പോയപ്പോൾ യൂത്ത് കോൺഗ്രസുകാർ പ്രതിഷേധത്തിന് തയ്യാറായി പലയിടത്തും ഡിവൈഎഫ്ഐ പ്രവർത്തകരും പോലീസും ഒരുമിച്ച് യൂത്തന്മാരെ ക്രൂരമായി തല്ലിച്ചതച്ചു.
ഏതായാലും മുഖ്യമന്ത്രിയും മന്ത്രിസംഘവും കൊട്ടിഘോഷിച്ചു നടത്തിയ നവ കേരള യാത്ര കേരളത്തിലെ ജനങ്ങൾ എല്ലാം മറന്ന് സ്വീകരിച്ചു എന്നതിന്റെ തെളിവായിരുന്നല്ലോ നിങ്ങൾ ഇനി ഈ കേരളം ഭരിക്കേണ്ട എന്ന് പറയുന്ന വിധത്തിലുള്ള ലോകസഭാ തെരഞ്ഞെടുപ്പ് വിധി ജനങ്ങൾ നടത്തിയത്. വമ്പൻ പരാജയം ഏറ്റുവാങ്ങിയിട്ടും ഇതൊന്നും തങ്ങളെ ബാധിക്കുന്ന കാര്യമല്ല എന്ന രീതിയിലാണ് മുഖ്യമന്ത്രിയും കൂട്ടരും ഇപ്പോഴും മുന്നോട്ടുപോകുന്നത്. യൂത്തന്മാരെ വിദഗ്ധമായി തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഭരണം തുടരുമ്പോഴും ഏറെ ഖേദകരമായ മറ്റൊരു വസ്തുത എല്ലാം മറന്ന് പാർട്ടിക്ക് വേണ്ടി തെരുവിലിറങ്ങി സിപിഎം അനുഭാവികളുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനം ഏറ്റുവാങ്ങി ജീവിതം തകർന്ന യൂത്ത് നേതാക്കന്മാരെ തിരിഞ്ഞുനോക്കാൻ ഒരു കോൺഗ്രസ് നേതാവും മനസ്സു കാണിക്കുന്നില്ല എന്നതാണ്.
കാര്യം കാണുവാൻ വേണ്ടി മാത്രം പാർട്ടി പ്രവർത്തകരെ ഒപ്പം നിർത്തുന്ന കോൺഗ്രസ് നേതാക്കന്മാരുടെ ശൈലി ഇന്ന് ഉണ്ടായതല്ല. പണ്ടുമുതൽക്ക് ഇതുതന്നെയാണ് സ്ഥിതി. ഇടതുപക്ഷവും കമ്മ്യൂണിസ്റ്റ് പാർട്ടികളും അധികാരത്തിൽ വരുമ്പോൾ സർക്കാർ വിരുദ്ധ സമരത്തിന് മുന്നിൽ ഇറങ്ങുന്ന യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും പ്രവർത്തകർ പലപ്പോഴും ക്രൂരമായ മർദ്ദനങ്ങൾക്ക് ഇരയാവുക പതിവാണ്. ഗുരുതരമായ പരിക്കുകൾ ഉണ്ടായി ആശുപത്രിവാസവും ചികിത്സയും തുടരേണ്ടി വരുന്ന പ്രവർത്തകരുടെ ഗതികേട് തിരിഞ്ഞ് നോക്കാൻ പലപ്പോഴും ഒരു കോൺഗ്രസ് നേതാവും തയ്യാറാകാറില്ല. ഗുരുതരമായ പരിക്കുകൾ ഇത്തരം അവസരങ്ങളിൽ ഉണ്ടായി ചികിത്സയിൽ കഴിയുന്ന ആൾക്കാരെ സഹായിക്കുന്നതിന് കോൺഗ്രസ് പാർട്ടിക്ക് മാത്രം ഒരു സംവിധാനവും ഇല്ല എന്നതാണ് വസ്തുത.
സമരങ്ങളിൽ പങ്കെടുത്ത് ആരോഗ്യം നഷ്ടപ്പെടുന്ന സ്ഥിതി മാത്രമല്ല. കോൺഗ്രസ് പ്രവർത്തകർ നേരിടുന്നത് പല സമരങ്ങളിലും നേരിട്ട് പങ്കെടുക്കുമ്പോൾ അതിനെതിരെ പോലീസ് കേസുകൾ രജിസ്റ്റർ ചെയ്യും. കോടതിയിൽ എത്തുമ്പോൾ കേസ് നടത്തുന്നതിന് വക്കീലിനെ നിയോഗിക്കാനും ജാമ്യമെടുക്കാൻ പണമുണ്ടാക്കാനും പാവപ്പെട്ട കോൺഗ്രസ് പ്രവർത്തകർ നെട്ടോട്ടം ഓടുന്ന കാഴ്ച പതിവായി ഉണ്ടാകാറുണ്ട്. കോൺഗ്രസ് പാർട്ടി പ്രതിപക്ഷത്തിരിക്കുമ്പോൾ നിരന്തരമായി സമരങ്ങൾ നേതാക്കൾ ആഹ്വാനം ചെയ്യും . ഈ സമരങ്ങളിൽ പങ്കെടുക്കുന്ന പ്രവർത്തകർക്ക് പിന്നീട് ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ അന്വേഷിക്കാൻ പോലും ആരും ഉണ്ടാവുന്നില്ല എന്നതാണ് വാസ്തവം.
നവ കേരള യാത്രാവണ്ടി കണ്ണൂരിൽ പഴയങ്ങാടിയിൽ എത്തിയപ്പോൾ കരിങ്കോഴി കാണിച്ച യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് വലിയ മർദ്ദനമാണ് ഏൽക്കേണ്ടിവന്നത്. സിപിഎം പ്രവർത്തകരും പോലീസും ചേർന്ന് നടത്തിയ മർദ്ദനത്തിൽ യൂത്ത് കോൺഗ്രസിൻറെ ജില്ലാ വൈസ് പ്രസിഡൻറ് സുധീഷ് വെള്ളച്ചാൽ എന്ന ആളിന് വലിയ പരിക്കാണ് കല്ലുകൊണ്ടും ചെടിച്ചട്ടി കൊണ്ടും ഹെൽമറ്റ് കൊണ്ടും തലയ്ക്ക് അടിച്ച് ഗുരുതരമായ പരിക്ക് വരുത്തി സുധീഷ് രണ്ടുദിവസം ഗുരുതരമായ അവസ്ഥയിൽ ഐസിയുവിൽ ആയിരുന്നു.
അവിടെനിന്ന് വിദഗ്ധ ചികിത്സയ്ക്ക് പിന്നീട് മംഗളൂരുവിലേക്ക് മാറി ഇപ്പോഴും ചികിത്സ തുടരുകയാണ്. അതുപോലെതന്നെ ഈ അക്രമത്തിൽ സാരമായ പരിക്കുപറ്റിയ കെ എസ് യു നേതാവ് സഞ്ജു തലക്കടിയേറ്റ് കേൾവി നഷ്ടപ്പെട്ട സ്ഥിതിയിലാണ്. ഇതുപോലെ തന്നെ ഗുരുതരമായ പരിക്കുകൾ ഏൽക്കേണ്ടിവന്ന കോട്ടയം പാലക്കാട് ആലപ്പുഴ കൊല്ലം ജില്ലകളിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരും ഇപ്പോഴും ആരോഗ്യപരമായി പഴയ സ്ഥിതിയിൽ എത്തിയിട്ടില്ല. പലരും ചികിത്സയും വിശ്രമവും ആയി കഴിയുകയാണ്. അക്രമത്തിൽ കാര്യമായി പരിക്ക് പറ്റി ചികിത്സയിൽ തുടരുന്നതുകൊണ്ട് ജോലിയുണ്ടായിരുന്ന യൂത്ത് നേതാക്കന്മാർക്ക് ജോലിക്ക് പോകാൻ കഴിയാത്ത സാഹചര്യവും വന്നു.
ഇത്തരത്തിൽ നവകേരളയാത്ര ബസ്സിനു മുന്നിൽ കരിങ്കോടി കാണിച്ച് സംഭവത്തിൽ മാത്രമല്ല. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും കോൺഗ്രസ് പാർട്ടിയും യൂത്ത് കോൺഗ്രസും നടത്തിയിട്ടുള്ള നിരവധി പ്രതിഷേധ സമരങ്ങളിൽ പങ്കെടുത്ത് പോലീസിന്റെയും മറ്റും മർദ്ദനം ഏറ്റു ശാരീരികമായി മോശം സ്ഥിതിയിലായ നിരവധി കോൺഗ്രസ് പ്രവർത്തകർ പരസഹായം ഒന്നും ഇല്ലാതെ ദുരിതത്തിൽ കഴിയുന്നുണ്ട്. മിക്കവാറും എല്ലാ സജീവ പ്രവർത്തകർക്കും പോലീസ് കേസുകൾ തുടരുന്നുണ്ട്. കേസ് നടത്താനും പരിക്കേറ്റവർക്ക് ചികിത്സ നടത്താനും പാർട്ടി നേതൃത്വത്തിൽ ഒരു സഹായവും ഉണ്ടാവുന്നില്ല എന്നത് കോൺഗ്രസിന്റെ സാധാരണ പ്രവർത്തകർ നേരിട്ടുകൊണ്ടിരിക്കുന്ന ദുരനുഭവമാണ്.
പുതിയ പുതിയ പ്രശ്നങ്ങൾ പാർട്ടിയിൽ കടന്നുവരുമ്പോൾ അതിൻറെയൊക്കെ പേരിൽ തർക്കങ്ങളിലേക്ക് നീങ്ങുന്ന നേതാക്കൾ ഗ്രൂപ്പ് വളർത്തുവാനും മറ്റും കാണിക്കുന്ന താൽപര്യം പാർട്ടി സമരങ്ങളിൽ പങ്കെടുത്ത നിസ്സഹായരായി മാറിയ സാധാരണ പ്രവർത്തകരെ തിരിഞ്ഞു നോക്കുവാനും അവരുടെ സ്ഥിതി എന്ന് അന്വേഷിക്കുവാനും തയ്യാറാവുന്നില്ല എന്ന സങ്കടം മനസ്സിൽ ഒതുക്കി കൊണ്ടാണ് പാവപ്പെട്ട നൂറുകണക്കിന് കോൺഗ്രസ് പ്രവർത്തകർ ജീവിതം നയിക്കുന്നത്.