വ്യഭിചാരശാലയ്ക്ക് പോലീസ് സുരക്ഷ തേടിയ വക്കീലിനെ കോടതി കുടഞ്ഞു

നെറികെട്ട വക്കീലന്മാരെ കോടതിയിൽ കയറ്റരുതെന്ന് ഹൈകോടതി

സംഭവം അരങ്ങേറിയത് ചെന്നൈ ഹൈക്കോടതിയിലാണ്. ഒരു അഭിഭാഷകനാണ് വ്യഭിചാരശാലയ്ക്ക് പോലീസ് സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് കോടതിയിൽ എത്തിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ അഭിഭാഷകന് വയറു നിറയെ കൊടുത്തു കൊണ്ടാണ് ജഡ്ജി ഒടുവിൽ കേസ് തള്ളിയത്. ഏതായാലും ഇത്തരത്തിൽ നെറികെട്ട കേസ് കെട്ടുമായി ഹൈക്കോടതികളിൽ എത്തുന്ന വക്കീലന്മാർ അടുത്തകാലത്തായി ആവശ്യത്തിലധികം കോടതി വിമർശനങ്ങൾ കേൾക്കുന്നുണ്ട്.

ചെന്നൈ ഹൈക്കോടതിയിൽ വിവാദമായ ഈ കേസുമായി എത്തിയത് അഡ്വക്കേറ്റ് രാജമുരുകൻ എന്ന ആളാണ്. കേസിൽ വാദം കേട്ട ജസ്റ്റിസ് പുഗളേന്തി ആണ് മാന്യമായ ഭാഷയിൽ അഭിഭാഷകനെ ചീത്ത വിളിച്ചു കൊണ്ട് കേസ് തള്ളിയത്. ഇത്തരത്തിൽ ഒരു കേസുമായി ഹൈക്കോടതിയിൽ എത്താൻ ചങ്കൂറ്റം കാണിച്ച ഈ അഭിഭാഷകന് പറ്റുമെങ്കിൽ കേന്ദ്രസർക്കാർ എന്തെങ്കിലും ഒരു ദേശീയ അവാർഡ് കൊടുക്കേണ്ടതാണ്.

യാതൊരു നാണവും മാനവും ഇല്ലാതെ ചെന്നൈ ഹൈക്കോടതിയിൽ പരാതിയുമായി എത്തിയ അഭിഭാഷകൻ പറഞ്ഞ കാര്യങ്ങൾ യഥാർത്ഥത്തിൽ സാമാന്യബോധമുള്ള ആരെയും നാണിപ്പിക്കുന്നതാണ്. തമിഴ്നാട്ടിലെ കന്യാകുമാരിയിൽ അഭിഭാഷകന് സ്വന്തമായി ഒരു സാമൂഹ്യ സേവനം നടത്തുന്ന ട്രസ്റ്റ് ഉണ്ട് എന്നും ഇവിടെ 18 വയസ്സ് കഴിഞ്ഞ യുവതി യുവാക്കൾ അടക്കം സ്ത്രീ പുരുഷന്മാർക്ക് പരസ്പര സമ്മതപ്രകാരം ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന് സൗകര്യംമൊരുക്കിയിട്ടുണ്ട് എന്നും എന്നാൽ ഈ പ്രവർത്തനം തടയുന്നതിന് പോലീസ് ശ്രമിക്കുന്നു എന്നും തനിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും ഇതെല്ലാം ഒഴിവാക്കി ഈ വ്യഭിചാര കേന്ദ്രം നടത്തുന്നതിന് പോലീസ് സംരക്ഷണം തരണം എന്ന ആവശ്യവും ആയിട്ടാണ്.

അഡ്വക്കേറ്റ് രാജമുരുകൻ കോടതിയിൽ എത്തിയത് രാജമുരുകന്റെ വാദപ്രകാരം വ്യഭിചാരം എന്നത് സാമൂഹ്യ സേവനം ആണ് ഏതായാലും വക്കീലിന്റെ വെളിപ്പെടുത്തൽ പ്രകാരം ഈ വ്യഭിചാര കേന്ദ്രത്തിൽ ലൈംഗിക വേഴ്ചയ്ക്ക് മാത്രമല്ല മറ്റു ചികിത്സകൾക്കും സൗകര്യം ഉണ്ടത്രേ. ഇവിടെ എത്തിച്ചേരുന്ന സ്ത്രീപുരുഷന്മാർക്ക് ഔഷധ കൂട്ടുകൾ അടങ്ങിയ തൈലം പുരട്ടി കുളിക്കുവാനും ആരോഗ്യം സംരക്ഷിക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. മാത്രവുമല്ല ഈ വ്യഭിചാര കേന്ദ്രത്തിൽ വിദഗ്ധരുടെ കൗൺസിലിംഗ് ഉണ്ട് എന്നും വക്കീൽ പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. വക്കീലിന്റെ വ്യഭിചാരകേന്ദ്രത്തിൽ എന്തിനുള്ള കൗൺസിലിംഗ് ആണ് നടക്കുന്നത് എന്ന കാര്യത്തിലാണ് ഞങ്ങളുടെ സംശയം.

കോടതിയിൽ കേസിന്റെ വാദം നടക്കുന്നതിനിടയിൽ വക്കീലിനെ ജഡ്ജി കാര്യമായി പരിഹസിച്ചു മാത്രവുമല്ല, യാതൊരു നിലവാരവും ഇല്ലാത്ത കോളേജുകളിൽ നിന്നും നിയമപഠനം കഴിഞ്ഞു എത്തുന്ന തരംതാണ സ്വഭാവക്കാരായ അഭിഭാഷകരെ എന്തിനാണ് ബാർ അസോസിയേഷൻ എൻറോൾമെൻറ് നടത്തിക്കുന്നത് എന്ന ചോദ്യവും ജഡ്ജി മുന്നോട്ടുവച്ചു. ഇത്തരം അനുഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എൻറോൾമെന്റിന് എത്തുന്ന നിയമപഠനം കഴിഞ്ഞവരുടെ സ്വഭാവം കൂടി പരിശോധിക്കുന്നത് നല്ലതായിരിക്കും എന്ന നിർദ്ദേശവും ജഡ്ജിയും മുന്നോട്ടുവച്ചു. ഇത് മാത്രമല്ല കോടതിയിൽ വ്യഭിചാരശാലയുടെ കേസുമായി എത്തിയ വക്കീലിന്റെ കോടതിയിലെ എൻറോൾമെൻറ് സർട്ടിഫിക്കറ്റ് ബിരുദ പഠന സർട്ടിഫിക്കറ്റ് ബാർ അസോസിയേഷൻ മെമ്പർഷിപ്പ് തുടങ്ങിയവ കോടതിയിൽ നേരിട്ട് ഹാജരാക്കുവാനും ജഡ്ജി നിർദേശിച്ചു. അവസാനിച്ചില്ല, അനാവശ്യ കേസുമായി എത്തിയ വക്കീലിന് 10000 രൂപയുടെ പിഴ അടയ്ക്കാൻ ഉത്തരവിട്ടുകൊണ്ടാണ് വക്കീലിന്റെ കേസ് ഹൈക്കോടതി തള്ളിക്കളഞ്ഞത്.

സംഭവം നടന്നത് ചെന്നൈ ഹൈക്കോടതിയിൽ ആണെങ്കിലും രാജ്യത്തുള്ള പല ഹൈക്കോടതികളിലും ഇത്തരത്തിലുള്ള ആശാസ്യകരമല്ലാത്ത കേസുകളും ആയി വക്കീലന്മാർ കയറി ഇറങ്ങുന്നുണ്ട്. യാതൊരു നീതിബോധവും ഇല്ലാതെ മുന്നിൽ വരുന്ന കക്ഷിയുടെ കേസിനകത്തുള്ള നീതി ന്യായ ഘടകങ്ങൾ പരിശോധിക്കാതെ വക്കീൽ ഫീസ് എന്ന ഒറ്റ കാര്യത്തിൽ മാത്രം താൽപര്യം കാണിക്കുന്ന വക്കീലന്മാർ കേരളത്തിലും ഉണ്ട്. കൊലപാതകികളുടെയും അതുപോലെയുള്ള ക്രൂരമായ പ്രവർത്തികൾ ചെയ്യുന്ന ക്രിമിനലുകളുടെയും കേസുകൾ ഏറ്റെടുക്കുകയും അതുവഴി പബ്ലിസിറ്റിയും പണവും വാരി കൂട്ടുകയും ചെയ്യുന്ന കേരളത്തിലെ ചില വക്കീലന്മാരുടെ പ്രവർത്തനരീതികൾ മലയാളികൾ കണ്ടിട്ടുള്ളതാണ്. ഏതായാലും വളരെ അവസരോചിതവും സമൂഹത്തിന് നല്ല സന്ദേശം നൽകുന്നതും നീതിപീഠത്തിൽ ജനങ്ങൾക്ക് ഉള്ള വിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ഉതകുന്ന ഒരു വിധിയാണ് ഈ കപട വക്കീലിന്റെ കേസിന്റെ കാര്യത്തിൽ ചെന്നൈ ഹൈക്കോടതി സ്വീകരിച്ചത്. ഈ തീരുമാനം പ്രഖ്യാപിച്ച ജഡ്ജിക്ക് മഹാത്മാ ന്യൂസിന്റെ പേരിലും അഭിനന്ദനങ്ങൾ അറിയിക്കുന്നു.