ബാങ്കിൽ നിന്നും ജീവിതമാർഗത്തിന് അല്ലെങ്കിൽ മറ്റെന്തെങ്കിലും അത്യാവശ്യ കാര്യത്തിന് വായ്പ എടുത്ത് ജീവിത പ്രതിസന്ധികൾ മൂലം തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ ജപ്തി നടപടി എന്ന ഭീഷണിയുമായി ഓടിയെത്തുന്ന ബാങ്ക് മേധാവികൾക്ക് ഇനി ഇത്തരം ബ്ലേഡ് കമ്പനി ഇടപാട് നടക്കില്ല. സംസ്ഥാനത്ത് നിലനിന്നിരുന്ന നിയമം ഭേദഗതി ചെയ്തു ജപ്തി നടപടികളിൽ മേൽ സർക്കാരിന് ഇടപെടാൻ കഴിയുന്ന നിയമം സംബന്ധിച്ച ബില്ല് ഗവർണർ ഒപ്പുവച്ചു. ഗവർണർ ഒപ്പുവെച്ചതോടുകൂടി കേരളത്തിൽ തൽക്കാലം ജപ്തി നടപടികൾ സർക്കാരിൻറെ നിയന്ത്രണങ്ങൾക്ക് വിധേയമാവുന്ന സ്ഥിതി വന്നു. കടബാധ്യതകൾ പലിശയും കൂട്ടുപലിശയും പിഴപ്പലിശയും ഒക്കെയായി കുമിഞ്ഞു കൂടി ബാങ്കിൻറെ ജപ്തിഭീഷണിയുടെ കടലാസുകൾ കയ്യിൽ കെട്ടുമ്പോൾ മക്കളെയും കുടുംബത്തെയും മറന്നുകൊണ്ട് ആത്മഹത്യയിൽ പരിഹാരം കണ്ടെത്തുന്ന മലയാളികളുടെ സ്വഭാവത്തിന് ഇനി ആവർത്തനം ഉണ്ടാകില്ല എന്ന് നമുക്ക് പ്രതീക്ഷിക്കാം.
ബാങ്കുകളുടെ ജപ്തി നടപടികൾ നിയന്ത്രിക്കുന്നതിന് അധികാരം നൽകുന്ന ബില്ലിൽ ഒപ്പുവെച്ച സംസ്ഥാന ഗവർണർ പറഞ്ഞ വാക്കുകൾ പ്രാധാന്യമുള്ളതാണ് ഈ നിയമം എല്ലാ സംസ്ഥാനങ്ങളിലും നടപ്പിൽ വരുത്തണം പാവപ്പെട്ടവരെയും സാധാരണക്കാരെയും ആത്മഹത്യയിലേക്ക് തള്ളി വിടുന്ന ബാങ്ക് മേധാവികളുടെ മനുഷ്യത്വം രഹിതമായ നടപടികൾ തടയുന്നതിനുള്ള പുതിയ നിയമം സ്വാഗതാർഹമാണ് എന്നാണ് ഗവർണർ ബില്ലിൽ ഒപ്പു വച്ചുകൊണ്ട് അഭിപ്രായപ്പെട്ടത്.
വായ്പ എടുക്കുന്ന ആൾ മൂന്ന് തവണകളിൽ കൂടുതൽ കുടിശിക വരുത്തിയാൽ ബാങ്ക് ജപ്തി നടപടികളിലേക്ക് കടക്കുന്ന നിയമമായിരുന്നു നിലവിൽ ഉണ്ടായിരുന്നത്. പുതിയ നിയമഭേദഗതി വന്നതോടുകൂടി ബാങ്കുകൾക്ക് സ്വന്തം ഇഷ്ടപ്രകാരം ജപ്തി നടപടി സ്വീകരിക്കാൻ സ്വീകരിക്കാനും കഴിയില്ല. ബാങ്കുകൾ പലപ്പോഴും വായ്പക്കാരന്റെ പേരിൽ എടുക്കുന്ന കുടിയിറക്കൽ നടപടിയും ഇനി തുടരാൻ കഴിയില്ലബാങ്കുകളെ ആശ്രയിച്ച് വായ്പ എടുത്ത് ജീവിത ആവശ്യങ്ങൾ നടത്തിപ്പോവുക എന്നത് മനുഷ്യൻറെ പതിവായ സമ്പ്രദായമാണ്. വലിയ പ്രതീക്ഷയോടെ ബാങ്ക് വായ്പയെടുത്ത് എന്തെങ്കിലും ഒക്കെ ചെയ്യുന്നവർ അപ്രതീക്ഷിതമായി ഉണ്ടാകുന്ന വിഷമതകൾ മൂലമാണ് വായ്പത തവണ തിരിച്ചടക്കാൻ കഴിയാതെ വരുന്ന സ്ഥിതി ഉണ്ടാക്കുന്നത്. എന്നാൽ വായ്പക്കാരനോട് ഒരു വിധത്തിലുമുള്ള സഹാനുഭൂതിയും കാണിക്കാതെ ചട്ടങ്ങൾ നടപ്പിലാക്കുന്ന രീതിയാണ് ബാങ്ക് മേധാവികൾ നടത്തിക്കൊണ്ടിരുന്നത്.
നിലവിൽ വന്നിരിക്കുന്ന പുതിയ നിയമ ഭേദഗതിയിലൂടെ 20 ലക്ഷം വരെ രൂപയുടെ വായ്പ കുടിശിക വിഷയങ്ങളിൽ ഇടപെടുവാനും വായ്പക്കാരന് അനുകൂലമായ സഹായ നടപടികൾക്ക് ഉത്തരവിടാനും സർക്കാരിന അധികാരം ലഭിക്കും. വായ്പ കുടിശ്ശിക ജപ്തി നടപടികളിൽ എത്തുന്ന കേസുകളിൽ 25000 രൂപ വരെ ഉള്ള ഇടപാടുകളിൽ തഹസിൽദാർമാർക്കും ഒരു ലക്ഷം രൂപ വരെയുള്ള വായ്പകളിൽ കളക്ടർമാർക്കും അഞ്ചു ലക്ഷം രൂപയുള്ള വായ്പയ്ക്ക് റവന്യൂ വകുപ്പ് മന്ത്രിക്കും പത്തുലക്ഷം രൂപയുടെ വായ്പ കുടിശിക വിഷയത്തിൽ ധനകാര്യ മന്ത്രിക്കും ഇരുപതു ലക്ഷം രൂപയുടെ വായ്പ കുടിശിക നടപടികളിൽ മുഖ്യമന്ത്രിക്കും ഇടപെടുവാനും സാവകാശം അനുവദിക്കുവാനും അധികാരം ഇനി ഉണ്ടായിരിക്കും.
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ ദേശസാൽകൃത ബാങ്കുകൾ ഷെഡ്യൂൾഡ് ബാങ്കുകൾ കൊമേഴ്സ്യൽ ബാങ്കുകൾ തുടങ്ങിയ എല്ലാ ബാങ്കുകളും ഈ നിയമ ഭേദഗതിയുടെ ചട്ടങ്ങളിൽ ഉൾപ്പെടും ഇതൊക്കെയാണെങ്കിലും ബാങ്കുകളുടെ കുടിശിക ഈടാക്കിയെടുക്കുന്നതിനുള്ള സർഫാസി നിയമപ്രകാരം ഉള്ള കേസുകളിൽ ഇടപെടാൻ ഈ നിയമത്തിൻറെ സഹായം വഴി കഴിയുകയില്ല.
വായ്പ കുടിശികയുടെ പേരിൽ ഉണ്ടാകുന്ന റവന്യൂ റിക്കവറി നടപടികൾ നിർത്തിവയ്ക്കുവാനും വായ്പ തുക തിരിച്ചടയ്ക്കുന്നതിന് തവണകൾ അനുവദിക്കാനും പുതിയ നിയമപ്രകാരം സർക്കാർ സംവിധാനങ്ങൾക്ക് അധികാരം ഉണ്ടാവുന്നതാണ് അതുപോലെതന്നെ നിലവിൽ 12% പലിശ വരെ ഈടാക്കുന്ന ബാങ്ക് നടപടികളിൽ വെട്ടിക്കുറവ് വരുത്തി 9% ആക്കി മാറ്റുന്നതിനും നിയമം സർക്കാരിന് അധികാരം നൽകുന്നുണ്ട്.
ബാങ്കുകൾ ജപ്തി നടപടികളിലേക്ക് എത്തുമ്പോൾ റവന്യൂ വകുപ്പ് മന്ത്രിയും ജില്ലാ കളക്ടർമാരും അത് തടഞ്ഞുകൊണ്ട്, ‘ഇറക്കാറുണ്ടായിരുന്നഉത്തരവുകൾ ചോദ്യം ചെയ്തു കൊണ്ട് ചില ബാങ്കുകൾ ഹൈക്കോടതിയെ സമീപിച്ചപ്പോൾ, ഇത്തരത്തിൽ എത്തി നടപടികൾ തടയുവാൻ മന്ത്രിമാർക്കും മറ്റും അധികാരമില്ല എന്നും ആവശ്യമെങ്കിൽ ഇതിന് ഉതകുന്ന പുതിയ നിയമം സർക്കാർ നിർമ്മിക്കണം എന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. ഇതിൻറെ കൂടി അടിസ്ഥാനത്തിലാണ് നിലവിലെ നിയമം ഭേദഗതി ചെയ്യുന്നതിന് സർക്കാർ മുന്നോട്ടുവന്നത്. ഇതുമാത്രമല്ല പുതിയ നിയമഭേദഗതിയിലെ വ്യവസ്ഥകൾ പ്രകാരം ബാങ്ക് വായ്പ എടുത്ത് കുടിശ്ശിക വരുത്തിയ ബാധ്യത കാരൻറെ താമസ ഭവനം ആയിരം ചതുരശ്ര അടിക്ക് താഴെയാണെങ്കിൽ ആ ബാധ്യത കാരനെ വീട്ടിൽ നിന്നും കുടിയൊഴിപ്പിക്കാൻ ബാങ്കുകൾക്ക് നിയമപരമായി കഴിയില്ല എന്നും ഉള്ള പുതിയ ആനുകൂല്യവും ലഭ്യമാകുന്നുണ്ട്.
എന്ത് തരത്തിലുള്ള കടുത്ത വ്യവസ്ഥകൾ ഉണ്ടെങ്കിലും എത്ര വലിയ പലിശ ആയിരുന്നാലും അതൊന്നും ഗൗരവമായി കണക്കാക്കാതെ വായ്പകൾക്ക് പിറകെ പോയി കാര്യസാധ്യം നടത്തുന്ന ശീലം മലയാളികളുടെ മാത്രം പ്രത്യേകതയാണ് പുറത്തുവന്നിട്ടുള്ള ചില സാമ്പത്തിക റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ ഒരാൾ ഉണ്ടാക്കുന്ന വരുമാനത്തിൻറെ 40% ത്തോളം തുക വായ്പ തിരിച്ചടവിനും, പലിശ നൽകുന്നതിനും ചെലവാക്കി കൊണ്ടിരിക്കുന്നു എന്നതാണ്. ആഡംബര ക്രമങ്ങളും ജീവിതസൗകര്യത്തിലെ വലിയ മോഹങ്ങളും എല്ലാ കാലത്തും ആളുകളെ വായ്പക്കാരൻ ആക്കി മാറ്റാറുണ്ട്. ഒടുവിൽ കുടിശ്ശികയും ജപ്തി നടപടിയും മുന്നിലെത്തി കിടപ്പാടം പോലും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാകുമ്പോൾ കുടുംബം ഒന്നടങ്കം ആത്മഹത്യയിലേക്ക് കടക്കുന്ന അനുഭവങ്ങളും കേരളത്തിൽ പതിവായി കാണുന്നുണ്ട്. ഏതായാലും സർക്കാർ കൊണ്ടുവന്ന പുതിയ നിയമ ഭേദഗതി വഴി ബാങ്ക് മേധാവികളുടെ തോന്നുന്ന വിധത്തിലുള്ള നിയമനടപടികളും ജപ്തി ഭീഷണികളും അതുവഴിയുള്ള ആത്മഹത്യകളും കുറയും എന്ന് നമുക്ക് പ്രതീക്ഷിക്കാം.