ആരുമില്ലേ ഇതൊന്നു ചോദിക്കാൻ; പൊതുജനത്തിന്റെ കഴുത്തറുക്കുന്ന ഇലക്ട്രിസിറ്റി ബോർഡ്

അന്യായ ബില്ലിലൂടെ തട്ടിയെടുക്കുന്നത് 850 കോടിയോളം രൂപ

പൊതുജന സേവനം എന്ന പേര് പറഞ്ഞു കൊണ്ട് സർക്കാർ ഖജനാവ് കാർന്നു തിന്നുന്ന ചില പൊതുമേഖല സ്ഥാപനങ്ങൾ കേരളത്തിൽ ഉണ്ട്. ഇതിൽ ഒന്നാമതായി നിൽക്കുന്ന സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ്. വൈദ്യുതിയും വെളിച്ചവും ഇല്ലാതെ പൊതുജനത്തിന് ജീവിക്കാൻ കഴിയില്ല. ഈ അത്യാവശ്യ ഘടകം മനസ്സിലാക്കിക്കൊണ്ട് പൊതുജനങ്ങളുടെ കഴുത്തറുക്കൽ സ്ഥിരമായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു സർക്കാർ സംവിധാനമാണ് നമ്മുടെ വൈദ്യുതി ബോർഡ്. രണ്ടുമാസത്തിലൊരിക്കൽ ബില്ല് നൽകി വൈദ്യുതി ഉപഭോഗത്തിന് തുക ഈടാക്കുന്ന പരിപാടിയാണ് കെ എസ് ഇ ബി നടത്തിക്കൊണ്ടിരിക്കുന്നത്.

പൊതു ജനങ്ങൾ ഒരുതരത്തിലും ചുമക്കേണ്ടാത്ത പലതരത്തിലുള്ള ഇനങ്ങളാണ് ബില്ലിൽ രേഖപ്പെടുത്തി ഉപഭോക്താക്കൾക്ക് നൽകുന്നത്. വൈദ്യുതി കണക്ഷൻ ലഭിക്കുമ്പോൾ ഉപഭോക്താവ് പണം കൊടുത്ത് വാങ്ങിയ മീറ്റർ ആണ് സ്ഥാപിക്കുക. ആ മീറ്ററിന് ഇപ്പോഴും മാസ വാടക ഈടാക്കി കൊണ്ടിരിക്കുകയാണ്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ ചാർജ് കൃത്യമായി രേഖപ്പെടുത്തി അതിനു പുറമേയാണ് മറ്റു പല ഇനത്തിലും തുക ഈടാക്കി കൊണ്ടിരിക്കുന്നത് ബില്ലിൽ കാണുന്ന ഒരു ഐറ്റം ഫ്യൂവൽ ചാർജാണ്. എന്താണ് ഇത് എന്ന് പൊതുജനത്തിന് ഇതുവരെ മനസ്സിലായിട്ടില്ല. ഉപയോഗിച്ച കറണ്ടിന്റെ ബില്ലിന് പുറമേ ഫിക്സഡ് ചാർജ് എന്ന് പറഞ്ഞ് പണം വാങ്ങുന്നുണ്ട്. ഇതൊക്കെ എന്ത് കാര്യത്തിനാണ് എന്ന് ചോദിച്ചാൽ ഒരു ഉത്തരവും കിട്ടുന്നില്ല എന്നതാണ് വാസ്തവം. ഇതൊക്കെ സ്ഥിരമായി സഹിച്ചുകൊണ്ടിരിക്കുന്ന പാവപ്പെട്ട വൈദ്യുതി ഉപഭോക്താക്കൾക്ക് ഇപ്പോൾ വന്നിരിക്കുന്ന പുതിയ ബില്ലിൽ ഒരു കഴുത്തറുപ്പൻ ഏർപ്പാട് ഉണ്ട്. വാർഷിക കോഷൻ ഡെപ്പോസിറ്റ് എന്ന ഇനത്തിൽ പെടുത്തി ഓരോ ഉപഭോക്താവിനും 500 രൂപയ്ക്കും ആയിരം രൂപയ്ക്കും ഒക്കെ ഇടയ്ക്കുള്ള തുകയാണ് പുതിയ ബില്ലിലൂടെ നൽകിയിരിക്കുന്നത്. സാധാരണഗതിയിൽ നിയമപ്രകാരം കരുതൽ ഡെപ്പോസിറ്റ് വാങ്ങിയിട്ടുണ്ടെങ്കിൽ ബില്ല് അടക്കുന്നതിന് വീഴ്ച വരുത്തിയാൽ മുന്നറിയിപ്പില്ലാതെ വൈദ്യുതി ബന്ധം കട്ട് ചെയ്യാൻ പാടില്ല. കാരണം ഒരു മാസത്തെ ബില്ല് തുക മുൻകൂറായി ഏത് ഉപഭോക്താവും അടച്ചിട്ടുള്ളതാണ് ഇതൊന്നും വൈദ്യുതി ബോർഡിന് പ്രശ്നമല്ല.

ഇപ്പോൾ ഭീമമായ തുക ഡെപ്പോസിറ്റ് ആയി ആവശ്യപ്പെടുന്നതിന് യഥാർത്ഥ കാരണം വൈദ്യുതി ബോർഡിൻറെ സാമ്പത്തിക പ്രതിസന്ധിയാണ്. പിടിപ്പു കെട്ട മന്ത്രിയും ഒരിടത്തും ഇല്ലാത്ത വമ്പൻ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥരും കൂടി യഥാർത്ഥത്തിൽ കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളെ നിരന്തരം പീഡിപ്പിച്ചു കൊണ്ടിരിക്കുകയാണ്. പുറത്തുവരുന്ന കണക്കുകൾ പ്രകാരം കുറഞ്ഞ വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതിന് ഉണ്ടാക്കിയ കരാർ പോലും നഷ്ടപ്പെട്ട സ്ഥിതിയാണ് ബോർഡിന് ഉള്ളത്. കുറഞ്ഞ നിരക്കിൽ 465 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനുള്ള നാല് കരാറുകൾ ബോർഡിൻറെ അനാസ്ഥ മൂലം നഷ്ടമായി എന്നാണ് അറിയുന്നത്. ഇത് മാത്രമല്ല വൈദ്യുതി ബോർഡിൽ മറ്റൊരു സർക്കാർ സ്ഥാപനത്തിലും ഇല്ലാത്ത തോതിലുള്ള ഉയർന്ന ശമ്പള വ്യവസ്ഥയാണ് നിലനിൽക്കുന്നത് ഇതും ബോർഡിനെ സാമ്പത്തിക പ്രതിസന്ധിയിൽ ആക്കുന്നുണ്ട്.

കേരളത്തിൽ ഏതാണ്ട് 85 ലക്ഷത്തോളം വൈദ്യുതി കണക്ഷനുകൾ ഉണ്ട് എന്നാണ് അറിയുന്നത്. ഗാർഹിക കണക്ഷനും കോമേഴ്സിൽ കണക്ഷനും ഇൻഡസ്ട്രിയൽ കണക്ഷനും ഒക്കെയായി പലതരത്തിലാണ് കണക്ഷൻ നൽകുന്നത്. വീടുകളിൽ ഉപയോഗിക്കുന്ന വൈദ്യുതിക്ക് ആണ് ഇപ്പോൾ വലിയ തുകയുടെ വാർഷിക ഡെപ്പോസിറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. കോമേഴ്സ്യൽ കണക്ഷനുകളും ഇൻഡസ്ട്രിയൽ കണക്ഷനുകളും ഉള്ള ആൾക്കാരിൽ നിന്നും എത്ര വലിയ തുകയായിരിക്കും ഡെപ്പോസിറ്റ് ആയി വാങ്ങിക്കുക എന്നത് ഊഹിക്കാവുന്ന കാര്യമാണല്ലോ ഏകദേശം 850 കോടിയിലധികം രൂപ ഡെപ്പോസിറ്റ് ഇനത്തിൽ തന്നെ ഈ മാസം വൈദ്യുതി ബോർഡിന് ലഭ്യമാകും.

ഉപഭോക്താക്കൾക്ക് വൈദ്യുതി നൽകുന്ന സ്ലാബിലും വൻ തട്ടിപ്പ് നടത്തുന്നു എന്നാണ് പറഞ്ഞുകേൾക്കുന്നത്. മാത്രവുമല്ല എല്ലാ മാസവും റീഡിങ് എടുത്ത് ഉപഭോക്താവ് ബില്ല് അടച്ചിരുന്ന സമ്പ്രദായം ഒഴിവാക്കി രണ്ടുമാസത്തിലൊരിക്കൽ ബില്ല് ആക്കിയത് മറ്റൊരു തട്ടിപ്പാണ് എന്ന പരാതിയും പൊതുജനങ്ങൾക്ക് ഉണ്ട്. ഉപയോഗിക്കുന്ന വൈദ്യുതിയുടെ അളവ് അനുസരിച്ചാണ് സ്ലാബും റേറ്റും തീരുമാനിക്കുന്നത്. ഒരു മാസത്തിൽ ഒരാൾ ഉപയോഗിക്കുന്ന വൈദ്യുതി ആയിരിക്കില്ല രണ്ടുമാസം ആകുമ്പോൾ ഉണ്ടാവുക ബില്ല് രണ്ടുമാസത്തിൽ നൽകുമ്പോൾ സ്വാഭാവികമായും ഉപയോഗം കൂടുകയും കൂടിയ നിരക്കുള്ള സ്ലാബിലേക്ക് മാറുകയും ചെയ്യും ഇതും തട്ടിപ്പിന്റെ മറ്റൊരു ഭാഗമാണ്.

കേരളത്തിലെ പൊതുജനങ്ങൾക്ക് വൈദ്യുതി വിതരണം ചെയ്യുന്നതിന്റെ പേരിൽ സംസ്ഥാന ഖജനാവിന്റെ നല്ലൊരു പങ്ക് ഈ സ്ഥാപനം നടത്തിക്കൊണ്ടു പോകാൻ ചെലവാക്കപ്പെടുകയാണ്. വർഷംതോറും നൂറുകണക്കിന് കോടി രൂപ സർക്കാർ വൈദ്യുതി ബോർഡിന് സഹായമായി നൽകിക്കൊണ്ടിരിക്കുകയാണ്. ഇതെല്ലാം ചെയ്യുന്നതിനിടയിൽ തന്നെ പൊതുജനങ്ങളെ വൻ തുകയുടെ ബില്ലുകൾ നൽകി പീഡിപ്പിക്കുന്നു എന്നത് അനുവദിക്കാവുന്ന കാര്യമല്ല. പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം നിത്യജീവിതത്തിന് അത്യാവശ്യമായ വൈദ്യുതി കട്ട് ചെയ്യപ്പെടുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി എന്ത് വലിയ തുക അടയ്ക്കാൻ ആവശ്യപ്പെട്ടാലും സഹികെടുന്ന ജനം അത് അടയ്ക്കുക തന്നെ ചെയ്യും.

ഓരോ ബില്ല് വരുമ്പോഴും പുതിയ പുതിയ ഇനങ്ങൾ ഉൾപ്പെടുത്തി ഉപഭോക്താക്കളിൽ നിന്നും കോടിക്കണക്കിന് രൂപ വൈദ്യുതി ബോർഡ് കൈകലാക്കുന്നുണ്ട്. ബില്ലടയ്ക്കാൻ ഒരു ദിവസം വൈകിയാൽ വീട്ടിൽ ചെന്ന് ഭീഷണിപ്പെടുത്തി വരെ കറണ്ട് കട്ട് ചെയ്യുന്ന മാതൃക ഉദ്യോഗസ്ഥന്മാർ ഉള്ള ജനസേവന താല്പര്യം മാത്രം ഉള്ള ഉദ്യോഗസ്ഥന്മാരുടെ കേന്ദ്രം ആണല്ലോ വൈദ്യുതി ബോർഡ്.

വെള്ളം വെളിച്ചം ഗതാഗതം ഇത് മൂന്നും പൊതുജനങ്ങളെ സംബന്ധിച്ചിടത്തോളം അത്യാവശ്യം ഘടകങ്ങളാണ് അതുകൊണ്ടുതന്നെ സർക്കാരുകൾ ഈ മൂന്ന് മേഖലകളിലും വലിയതോതിൽ പണം നൽകിക്കൊണ്ട് പ്രവർത്തനം നടത്തിക്കുകയാണ്. എന്നാൽ എന്തുവന്നാലും സർക്കാർ പണം നൽകുമെന്നു ഉറപ്പുള്ള ഈ വകുപ്പുകളിലെ മന്ത്രിമാരും ഉദ്യോഗസ്ഥന്മാരും അതുകൊണ്ടുതന്നെ ഒരു ശങ്കയും ഇല്ലാതെ ഭരണം തുടരുകയാണ്. പൊതുജനത്തിന്റെ നികുതിപ്പണം വാരിക്കോരി ചെലവാക്കി ഈ അത്യാവശ്യ സർവീസ് വിഭാഗങ്ങൾ നടത്തിക്കൊണ്ടുപോകുമ്പോൾ ഭാരം മുഴുവൻ താങ്ങേണ്ടി വരുന്നത് പാവപ്പെട്ട പൊതുജനം ആണ് എന്ന കാര്യം സർക്കാർ എങ്കിലും തിരിച്ചറിയണം. വൈദ്യുതി ബോർഡ് ഇപ്പോൾ വാർഷിക ഡെപ്പോസിറ്റ് എന്ന പേരിൽ ഉപഭോക്താക്കളിൽ നിന്നും ഈടാക്കാൻ ബില്ല് നൽകിയിട്ടുള്ള ഭീമമായ തുക ഒഴിവാക്കുന്നതിന് സർക്കാർ തന്നെ അടിയന്തര ഇടപെടൽ നടത്തുക ആണ് വേണ്ടത്.