തിരുവനന്തപുരം :ആറു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ച കേസിൽ അയൽവാസിയായ പ്രതി രാഹുൽ(30) ന് 65 വർഷം കഠിനതടവും 60,000/- രൂപ പിഴയ്ക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജ് ആർ.രേഖ ശിക്ഷിച്ചു. പിഴ തുക കുട്ടിക്ക് നൽകണെമെന്നും അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്ന് വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ തയ്യാറായ പ്രതി യാതൊരുതയെയും അർഹിക്കുന്നില്ല എന്നും കോടതി വിധി ന്യായത്തിൽ പറഞ്ഞു. ഇത്തരം കടുത്ത ശിക്ഷകൾ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവർത്തികൾ ആവർത്തിക്കില്ല എന്ന് ജഡ്ജ് വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.
2023 ഏപ്രിൽ 7,10,17 തീയതികളിൽ ആണ് കേസിന് ആസ്പദമായ സംഭവങ്ങൾ നടന്നത്. പ്രതിയുടെ വീട്ടിൽ കളിക്കാൻ എത്തിയ കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്നാണ് പ്രോസിക്യൂഷൻ കേസ്. പീഡന സമയത്ത് കുട്ടി ഉറക്കെ കരഞ്ഞപ്പോൾ കുട്ടിയുടെ പാവാട വായിൽ തിരുകി കയറ്റുകയായിരുന്നു പ്രതി. ഇത് കൂടാതെ പുറത്ത് പറഞ്ഞാൽ അടിക്കുമെന്ന് ഭീഷണിപെടുത്തി. പീഡനത്തെ തുടർന്ന് കുട്ടിയുടെ സ്വകാര്യഭാഗത്ത് ഗുരുതരമായി പരുക്ക് ഏറ്റിരുന്നു. എന്നാൽ പ്രതിയെ ഭയന്ന് കുട്ടി വീട്ടിൽ പറഞ്ഞില്ല. പരുക്ക് ഗുരുതരമായതിനെ തുടർന്ന് കുട്ടി കരഞ്ഞെങ്കിലും എന്താണ് സംഭവിച്ചത് എന്ന് വെളുപ്പെടുത്തിയില്ല. കാലുവേദനയാണ് എന്ന് കരുതി കുട്ടിയുടെ അമ്മ തടവി കൊടുക്കുകയായിരുന്നു. ആശുപത്രിയിൽ കൊണ്ട് പോകാൻ കുട്ടിയുടെ അമ്മ ശ്രമിച്ചെങ്കിലും കുട്ടി സമ്മതിച്ചിരുന്നില്ല. ഒടുവിൽ കുട്ടി നിർത്താതെ കരഞ്ഞതിനെ തുടർന്ന് കുട്ടിയെ വീട്ടിൽ നിർത്താതെ കുട്ടിയുടെ അമ്മ കുട്ടിയെ അവർ ജോലി ചെയ്യുന്ന സ്ഥാപനത്തിലോട്ട് കൊണ്ടുപോയി. പിന്നീട് ഓഫീസിൽ ഇരുന്ന് കരച്ചിൽ തുടർന്നപ്പോൾ അവിടെ ഉണ്ടായിരുന്ന മറ്റൊരു ജീവനക്കാരി കുട്ടിയുടെ സ്വകാര്യഭാഗം പരിശോധിക്കാൻ അമ്മയോട് പറയുകയായിരുന്നു. പരിശോധിച്ച് അപ്പോഴാണ് ഗുരുതരമായ പരിക്ക് ഇവർ കണ്ടത്. തുടർന്ന് കുട്ടിയോട് ആവർത്തിച്ച് ചോദിച്ചപ്പോഴാണ് കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. ഉടനെ തന്നെ വീട്ടുകാർ പേരൂർക്കട പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. വൈദ്യ പരിശോധനയിലും കുട്ടിക്ക് ഗുരുതരമായ പീഡനത്തിന് ഇരയായിട്ടുണ്ട് എന്ന് ഡോക്ടറും സ്ഥിതികരിച്ചു. ഒരു മാസത്തിനുള്ളിലാണ് കേസിന്റെ വിചാരണ പൂർത്തീകരിച്ചത്.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എസ് വിജയ് മോഹൻ, അഡ്വ. അതിയന്നൂർ ആർ വൈ അഖിലേഷ് പ്രസിക്യൂഷന് വേണ്ടി ഹാജരായി. പ്രോസിക്യൂഷൻ 15 സാക്ഷിങ്കളെ വിസ്തരിച്ചു, 25 രേഖകൾ ഹാജരാക്കി. വനിതാ പോലീസ് സ്റ്റേഷൻ എസ് ഐ ആശാചന്ദ്രൻ, പേരൂർക്കട സി ഐ വി. സൈജുനാഥ് എന്നിവരാണ് കേസ് അന്വേഷിച്ചത്.
Prev Post
Next Post