കമ്മ്യൂണിസ്റ്റുകാരെ കണ്ണുവെച്ച് ബിജെപി

ചെങ്കൊടി കാവി കൊടിയാക്കാൻ കരുത്തുറ്റ നീക്കങ്ങൾ

ലോകസഭ തെരഞ്ഞെടുപ്പിൽ ദേശീയതലത്തിൽ കാര്യമായ ക്ഷീണം ഉണ്ടായിയെങ്കിലും കേരളത്തിൽ ആദ്യമായി ഒരു എംപിയെ കിട്ടിയ ആവേശത്തിലാണ് ഇവിടുത്തെ ബിജെപി നേതാക്കളും പ്രവർത്തകരും. ഒരു സീറ്റിൽ വിജയിച്ചു എന്ന് മാത്രമല്ല പല സ്ഥലങ്ങളിലും ബിജെപിയുടെ വോട്ട് ശതമാനം കാര്യമായി ഉയർത്താൻ കഴിഞ്ഞു എന്നതും പാർട്ടിക്ക് വലിയ ആവേശം പകരുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും മുതിർന്ന നേതാക്കളുടെ ചുമതലയിൽ പാർട്ടി താഴെത്തട്ട് മുതൽ ഊർജ്ജസ്വലമായി ചലിപ്പിക്കാനുള്ള ശ്രമങ്ങൾ ആണ് ബിജെപി കേരള നേതൃത്വം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണി നയിക്കുന്ന സിപിഎം പാർട്ടിക്ക് അവരുടെ ശക്തികേന്ദ്രമായ പല സ്ഥലങ്ങളിലും വോട്ട് കുറഞ്ഞതും സിപിഎം വോട്ടുകൾ ബിജെപിക്ക് ലഭിച്ചതും ഒരു രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശിയത് കൊണ്ടാണ് എന്ന് ബിജെപി വിലയിരുത്തുന്നുണ്ട്. മാത്രവുമല്ല കേരളത്തിലെ പല ജില്ലകളിലും സിപിഎം നേതാക്കൾക്കിടയിൽ വിഭാഗീയതയും പ്രവർത്തകർക്കിടയിൽ വലിയ നിരാശയും നിലനിൽക്കുന്നുണ്ട് എന്നും ഈ അവസരം ബിജെപിക്ക് ഗുണകരമായി മാറ്റിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടത്തുക എന്ന തീരുമാനവും ആയിട്ടാണ് നേതാക്കൾ രംഗത്തിറങ്ങിയിരിക്കുന്നത്.

കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപം കൊണ്ട കണ്ണൂരിലെ കയ്യൂർ കരിവെള്ളൂർ തില്ലങ്കേരി പാറപ്പുറം തുടങ്ങിയ സ്ഥലങ്ങളിൽ പോലും സിപിഎമ്മിന്റെ വോട്ട് ശതമാനത്തിൽ വലിയ കുറവ് ഉണ്ടായിരുന്നു. ഈ വോട്ടുകൾ ബിജെപിയുടെ സ്ഥാനാർത്ഥികൾക്ക് ലഭിച്ചു എന്നാണ് പൊതുവേ പറയപ്പെടുന്നത്. കേരളത്തിൽ തെരഞ്ഞെടുപ്പ് ഫലം മൊത്തത്തിൽ പരിശോധിച്ചാൽ സംസ്ഥാനത്ത് 11 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാമത് എത്തി. അതുപോലെതന്നെ 18 നിയമസഭാ മണ്ഡലങ്ങളിൽ മുന്നണി നേതാക്കളെ തള്ളിക്കൊണ്ട് ബിജെപി സ്ഥാനാർത്ഥികൾ രണ്ടാം സ്ഥാനത്ത് എത്തുന്ന സ്ഥിതിയും ഉണ്ടായി ഈ കണക്കുകൾ ബിജെപിയുടെ നേതാക്കൾക്കും പ്രവർത്തകർക്കും വലിയ ആവേശമാണ് പകർന്നിട്ടുള്ളത്.

കഴിഞ്ഞ 15 വർഷത്തിനിടയിൽ സംസ്ഥാനത്ത് നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുകളിൽ ബിജെപി വലിയ നേട്ടം ഉണ്ടാക്കിയിട്ടുണ്ട്. അസംബ്ലിയിലും ലോകസഭയിലും ജയിച്ചു കയറാൻ കഴിയാതെ വന്നപ്പോഴും നിരവധി പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റുകളിലും ബിജെപി വലിയ ശക്തിയായി ഉയർന്നുവന്നു. അതുകൊണ്ടുതന്നെ കേരളത്തിൽ ഇനി നടക്കാൻ ഉള്ളത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണ് ഈ തിരഞ്ഞെടുപ്പിൽ ഇരുപതിനായിരത്തിലധികം സീറ്റുകളും സ്ഥാനാർത്ഥികളും ഉണ്ടാകും. ഇതിൽ പകുതി സ്ഥാനങ്ങളിൽ എങ്കിലും വിജയം ഉറപ്പിക്കണം എന്ന തീരുമാനവും ആയിട്ടാണ് ബിജെപി രംഗത്തിറങ്ങിയിരിക്കുന്നത്.

ബിജെപിയുടെ കേരളത്തിലെ മുതിർന്ന സംസ്ഥാന നേതാക്കൾക്ക് ഓരോരുത്തർക്കും ഓരോ ജില്ലയുടെ ചുമതല നൽകി കഴിഞ്ഞു. ഈ നേതാക്കൾ ബിജെപിയുടെ എല്ലാ കാലത്തും ഊർജ്ജമായി പ്രവർത്തിച്ചിട്ടുള്ള ആർ എസ് എസ് നേതാക്കളുമായി ചർച്ചകൾ നടത്തി അവരുടെ സഹകരണം പൂർണ്ണമായും ഉറപ്പാക്കിക്കൊണ്ടുള്ള പ്രവർത്തന ശൈലിയാണ് രൂപം കൊടുത്തിട്ടുള്ളത്. ഭാവി രാഷ്ട്രീയ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു വേണ്ടി കഴിഞ്ഞ ദിവസം കൊച്ചിയിൽ ചേർന്ന ബിജെപി നേതൃയോഗത്തിൽ മുതിർന്ന നേതാക്കൾ പോലും ജില്ലകളുടെ ചുമതല സ്വയം ഏറ്റെടുക്കുന്ന സാഹചര്യം ഉണ്ടായി കേരളത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഉണ്ടായ നേട്ടം തന്നെയാണ് ഈ പുതിയ ഉണർവിന് വഴിയൊരുക്കിയത്.

ഒരു വർഷത്തിനകം നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ബിജെപി ശക്തി തെളിയിക്കുന്നതിനുള്ള അവസരമാക്കുകയും അതുവഴി പൊതുസമൂഹത്തിൽ ബിജെപിക്ക് അനുകൂലമായ തരംഗം ഉണ്ടാക്കുകയും തുടർന്നുവരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തി പ്രകടമാക്കുന്ന വിജയം നേടിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ബിജെപിക്ക് ഉള്ളത്.

കാസർഗോഡ് കണ്ണൂർ പാലക്കാട് തൃശ്ശൂർ ആലപ്പുഴ പത്തനംതിട്ട തിരുവനന്തപുരം തുടങ്ങിയ ജില്ലകളിൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ സിപിഎം അനുഭാവികളിൽ നല്ലൊരു ശതമാനം ആൾക്കാർ ബിജെപിക്ക് വോട്ട് ചെയ്തതായി കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാക്കുന്നുണ്ട്. ഇത് കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിരാശരും അഭിപ്രായ വ്യത്യാസമുള്ള വരും ആയ സിപിഎം പ്രവർത്തകരെയും പ്രാദേശിക നേതാക്കളെയും നേരിട്ടു കാണുന്നതിനും അവരുമായി ആശയവിനിമയം നടത്തി ബിജെപിയിലേക്ക് അടുപ്പിക്കുന്നതിനും കടന്നുവരുന്ന പ്രവർത്തകർക്ക് അവർ അർഹിക്കുന്ന മാന്യമായ പദവികൾ നൽകുന്നതിനും നേതൃയോഗത്തിൽ തീരുമാനം ഉണ്ടായിട്ടുണ്ട്. ഏതായാലും കേരളത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് ബിജെപി ഇപ്പോൾ ഉന്നം വെയ്ക്കുന്നത്. സിപിഎമ്മിലെനിരാശരായ സഖാക്കളെയാണ് സിപിഎം എന്ന രാഷ്ട്രീയപാർട്ടിയുടെ അടിത്തറയായി നിന്നിരുന്നത്. ഈഴവർ അടക്കമുള്ള പിന്നോക്ക സമുദായ അംഗങ്ങൾ ആയിരുന്നു ഇവർ പലരും ഇപ്പോൾ സിപിഎമ്മിന്റെ മുസ്ലിം ക്രിസ്ത്യൻ പ്രീണനത്തിന്റെ നടപടികളിൽ എതിർപ്പുമായി നിലയുറപ്പിച്ചിരിക്കുകയാണ് മാത്രവുമല്ല സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ ആവർത്തിച്ചു കൊണ്ടിരിക്കുന്ന എസ് എൻ ഡി പി സെക്രട്ടറി വെള്ളാപ്പള്ളിക്കെതിരായ പ്രസ്താവനകളും മുതലെടുക്കാൻ ബിജെപി ശ്രമം ആരംഭിച്ചു കഴിഞ്ഞു.

ബിജെപി കേന്ദ്ര നേതൃത്വവും കേരള നേതാക്കളുടെ നീക്കങ്ങൾക്ക് എല്ലാ പിന്തുണയും ഉറപ്പുനൽകുന്നുണ്ട്. കേരളത്തിൽ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന സിപിഎം നേതാവ് പിണറായി വിജയൻറെ പേരിലുള്ള വലിയ കേസുകളിൽ കേന്ദ്രം അയഞ്ഞ സമീപനം പുലർത്തുന്നത് അവസാനിപ്പിക്കണം എന്ന ഒരു കാര്യം കൂടി കേരള നേതാക്കൾ കേന്ദ്ര ബിജെപി നേതൃത്വത്തോട് ആവശ്യപ്പെട്ടതായും അറിയുന്നുണ്ട്. ഇത്തരത്തിൽ ഒരു നീക്കം കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്നു കൂടി ഉണ്ടായാൽ മാസപ്പിടിക്കേസിലും സ്വർണ്ണ കടത്തുകയും ലാവലിൻ കേസിലും കുടുങ്ങി നിൽക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും വല്ലാത്ത പ്രതിസന്ധിയിൽ എത്തിച്ചേരും എന്നതാണ് വാസ്തവം.