ആലപ്പുഴ: വയനാട് ദുരന്ത ഭൂമി പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശിക്കാത്തത് വയനാടിനോടുള്ള അവഹേളനമാണെന്ന് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
ഉരുള്‍പൊട്ടലുണ്ടായ പ്രദേശം സന്ദര്‍ശിക്കാന്‍ കേന്ദ്രമന്ത്രിമാര്‍ എത്താത്തത് എന്തു കൊണ്ടെന്നും അദ്ദേഹം ചോദിച്ചു.
ഉരുള്‍പൊട്ടലിനെ കുറിച്ചുള്ള കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ദുരന്തബാധിതമേഖലയില്‍ ഖനനം ഇല്ല. വര്‍ഷങ്ങളായി അവിടെ താമസിക്കുന്ന മനുഷ്യരാണ് ദുരന്തത്തിന് ഇരയായതെന്നും വിവാദ പ്രസ്താവന കേന്ദ്രമന്ത്രി പിന്‍വലിക്കണമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രളയത്തില്‍ സര്‍വതും നഷ്ടമായവര്‍ക്ക് ഇന്നും സഹായം കിട്ടാനുണ്ട്. ലാപ്ടോപ്പ് വാങ്ങാന്‍ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം കൊടുത്തത് ശരിയായ നടപടിയല്ല. അതിനായി പ്രത്യേക പദ്ധതി വേണമെന്നും അദ്ദേഹം പറഞ്ഞു.