തദ്ദേശീയ ജനതയുടെ അന്തർദേശീയ ദിനം നാളെ…

തദ്ദേശീയ ജനതയുടെ അന്തർ ദേശീയ ദിനമായ ആഗസ്ത് 9 സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആചരിക്കുന്നു.

തിരുവനന്തപുരം: തദ്ദേശീയ ജനതയുടെ അന്തർ ദേശീയ ദിനമായ ആഗസ്ത് 9 സംസ്ഥാനത്തും വിവിധ പരിപാടികളോടെ ആചരിക്കുന്നു. ” പ്രകൃതി സംരക്ഷണത്തിലൂടെ തദ്ദേശ ജനതയെയും ആവാസ വ്യവസ്ഥയെയും സംരക്ഷിക്കാം” എന്ന സന്ദേശമാണ് ഈ വർഷത്തെ ദിനാചരണത്തിൽ മുന്നോട്ടു വെക്കുന്നത്.

വയനാട് ദുരന്ത പശ്ചാത്തലത്തിൽ ആഘോഷ പരിപാടികൾ ഒഴിവാക്കി. വെള്ളിയാഴ്ച രാവിലെ 11 ന് തിരുവനന്തപുരം പെരിങ്ങമല ആലുംമൂട് കമ്യൂണിറ്റി സ്‌റ്റഡി സെൻ്ററിലാണ് പരിപാടി. മുഖ്യമന്ത്രി പിണറായി വിജയൻ തദ്ദേശ ദിന സന്ദേശം നൽകും. മന്ത്രി ഒ ആർ കേളു ദിനാചരണ സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡി കെ മുരളി എം എൽ എ അധ്യക്ഷനാകും.

ദിനാചരണത്തിൻ്റെ ഭാഗമായി ആഗസ്ത് 9 മുതൽ 15 വരെ കേരളത്തിലെ പട്ടികവർഗ മേഖലകൾ കേന്ദ്രീകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. ദുരന്ത നിവാരണ പ്രതിരോധ അവബോധന ക്ലാസുകൾ, മാലിന്യ മുക്ത നവകേരളം പ്രചാരണം, ആരോഗ്യ പരിശോധനകൾ എന്നിവയും തദ്ദേശീയ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കും. ഐക്യരാഷ്ട്ര സഭയുടെ നിർദേശാനുസരണമാണ് ആഗസ്ത് 9 തദ്ദേശീയ ജനതയുടെ ദിനം ലോകമെങ്ങും ആചരിക്കുന്നത്.

ദിനാചരണ പരിപാടികൾ സാമൂഹൃ പഠനമുറികൾ, എം ആർ എസുകൾ, പട്ടിക വർഗ വികസന വകുപ്പ് ഓഫീസുകൾ എന്നിവിടങ്ങളിൽ ഓൺലൈനിൽ പ്രദർശിപ്പിക്കും. അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. എ ജയതിലക്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി സുരേഷ്കുമാർ, പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഡോ. രേണുരാജ് തുടങ്ങിയവർ സംസാരിക്കും.