ഇന്ത്യയിലെ മുസ്ലിം മത വിഭാഗത്തിലുള്ള സമൂഹത്തെ നേരിട്ട് ബാധിച്ചുകൊണ്ട് പ്രവർത്തിച്ച് വരുന്നതാണ് വഖഫ് ബോർഡ്….. 1995ൽ നിലവിലുള്ള നിയമങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ വഖഫ് നിയമം കാര്യമായ ഭേദഗതികളോടുകൂടി നടപ്പിലാക്കുന്നതിന് ബിജെപി ഗവൺമെൻറ് ബില്ല് ലോകസഭയിൽ കൊണ്ടുവന്നിരിക്കുകയാണ്….. ഈ നിയമ ഭേദഗതിക്കെതിരെ പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികൾ ശക്തമായി രംഗത്ത് വരികയും ഒടുവിൽ നിയമ നിർമ്മാണത്തിനുള്ള ബില്ല് സംയുക്ത പാർലമെൻററി സമിതിക്ക് വിടുന്നതിന് സർക്കാർ തീരുമാനിക്കുകയും ചെയ്തിരിക്കുകയാണ്….. 20 അംഗ പാർലമെൻററി സമിതി ഇതിനായിട്ട് നിയോഗിക്കുകയും ചെയ്തിട്ടുണ്ട്….. ഇനി ഈ നിയമഭേദഗതിയിൽ എന്തൊക്കെ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്ന് ശുപാർശ ചെയ്യാനുള്ള അധികാരം ഈ സമിതിയ്ക്കാണ്…. സംയുക്ത പാർലമെൻററി സമിതി സർക്കാർ കൊണ്ടുവന്ന ബില്ല് പഠിച്ചു അതിൽ വരുത്തേണ്ട മാറ്റങ്ങൾ കൂടി ഉൾപ്പെടുത്തി സർക്കാരിന് വീണ്ടും സമർപ്പിക്കുകയും അത് ലോകസഭയിൽ വീണ്ടും അവതരിപ്പിക്കപ്പെ
ടുകയും ചെയ്യാനാണ് സാധ്യത
രാജ്യം ഒട്ടാകെയായി വലിയ വിവാദത്തിൽ എത്തിനിൽക്കുകയാണ് കേന്ദ്രസർക്കാർ കൊണ്ടുവന്ന വഖഫ് ബോർഡ് നിയമ ഭേദഗതി…… പാരമ്പര്യമായി മുസ്ലിം ജനവിഭാഗം അനുഭവിച്ചുവന്നിരുന്ന പല സൗകര്യങ്ങളും ഇല്ലാതാവുകയും മുസ്ലിം വിശ്വാസപ്രകാരമുള്ള ആചാരങ്ങൾ തുടരുന്നതിന് തടസ്സം ഉണ്ടാക്കുകയും ചെയ്യുന്ന വിധത്തിലാണ് പുതിയ നിയമ ഭേദഗതി എന്നാണ് ഉയർന്നു വന്നിട്ടുള്ള പരാതി
മുസ്ലിം മത വിഭാഗം നമ്മുടെ രാജ്യത്ത് ഒരു പ്രബല സമുദായമാണ്…… മാത്രവുമല്ല വലിയ പാരമ്പര്യവും ചരിത്രവും ഉള്ള ഒരു മത വിഭാഗവും ആണ്….. അതുകൊണ്ടുതന്നെ നൂറ്റാണ്ടുകൾക്ക് മുൻപ് മുതൽ മുസ്ലിം മത വിഭാഗം രാജ്യത്ത് ഒട്ടാകയായി പലവിധത്തിലുള്ള സമുദായ സംരക്ഷണ പ്രവർത്തനങ്ങളും നടത്തി പോന്നിട്ടുണ്ട്…. ഇതിൽ ഒരു പ്രധാന ഘടകമായി നിൽക്കുന്നതാണ് വഖഫ് ബോർഡ്….. മുസ്ലിം മതത്തിൽ പെടാത്ത ആൾക്കാർക്ക് പോലും സാമൂഹ്യ സേവന ലക്ഷ്യം വെച്ചുകൊണ്ട് സ്വത്തുക്കളും സമ്പാദ്യവും വഖഫ് ബോർഡിന് കൈമാറാൻ നിയമം അനുവദിച്ചിരുന്നു….. ഇത്തരത്തിൽ കൈമാറപ്പെടുന്ന വസ്തുവകകൾ ബോർഡിൻറെ ഉടമസ്ഥതയിൽ ആയിത്തീരുന്നതാണ്…. പുറത്തുവരുന്ന കണക്കുകൾ പ്രകാരം രാജ്യത്ത് മഹാനഗരങ്ങളിൽ ഉൾപ്പെടെ ലക്ഷക്കണക്കിന് ഏക്കർ ഭൂമിയും മറ്റു സ്വത്തുക്കളും വഖഫ് ബോർഡിൻറെ ഉടമസ്ഥതയിൽ ഉണ്ട്…… കാലാന്തരത്തിൽ ബോർഡിൻറെ ഉടമസ്ഥതയിൽ കിടന്നിരുന്ന അളവില്ലാത്ത വിധത്തിലുള്ള വസ്തുക്കൾ മറ്റു പലരും കയ്യേറിയതായി ഇപ്പോൾ കണ്ടെത്തിയിട്ടുണ്ട്…… മാത്രവുമല്ല ബോർഡിലേക്ക് വരുന്ന സ്വത്തും മറ്റും കൈകാര്യം ചെയ്യുന്നതിൽ വീഴ്ചകൾ ഉണ്ടായിട്ടുള്ളതായി കണ്ടെത്തിയിട്ടും ഉണ്ട്…… ഇതെല്ലാം നിയന്ത്രിക്കാനും വഖഫ് ബോർഡിൻറെ പ്രവർത്തനങ്ങൾ സുതാര്യമാക്കാനും വേണ്ടിയാണ് നിയമഭേദഗതി എന്ന അവകാശവാദമാണ് കേന്ദ്രസർക്കാർ ഉയർത്തുന്നത്
എന്നാൽ മുസ്ലിം ജനതയുടെ സംരക്ഷണത്തിനും ബോർഡിൻറെ സുതാര്യമായ പ്രവർത്തനത്തിനും എന്ന മറവിൽ മുസ്ലിം മത വിഭാഗത്തെ ഒതുക്കാനും വിശ്വാസികൾ അനുഭവിച്ചു വരുന്ന ആചാരപരവും മറ്റ് അവകാശങ്ങളും നിഷേധി
ക്കാനും ആണ് ഈ നിയമം ലക്ഷ്യം വയ്ക്കുന്നത് എന്നാണ് എതിർക്കുന്ന വിഭാഗത്തിൻറെ വാദങ്ങൾ…..
പുതിയതായി കേന്ദ്രസർക്കാർ കൊണ്ടുവരുന്ന നിയമ ഭേദഗതിയിൽ നിർദ്ദേശിക്കുന്ന സംവിധാനങ്ങളാണ് സംശയങ്ങൾക്കും ആശങ്കകൾക്കും വഴിയൊരുക്കിയിട്ടുള്ളത്….. വഖഫ് ബോർഡിൻറെ പുതിയ മാറ്റങ്ങൾ പ്രകാരം കേന്ദ്ര വഖഫ് ബോർഡും സംസ്ഥാന ബോർഡും പുതിയതായി ഉണ്ടാകും….. ബോർഡിൽ രണ്ട് സ്ത്രീകൾ നിർബന്ധമായും ഉണ്ടായിരിക്കണം എന്ന് ഭേദഗതി ആണ് മുസ്ലിം മത നേതാവികളെ വല്ലാതെ വിഷമിപ്പിച്ചിട്ടുള്ളത്……. മത വിശ്വാസ പ്രകാരം പൊതുപ്രവർത്തനത്തിൽ സ്ത്രീകളുടെ പങ്കാളിത്തം നിഷേധിക്കപ്പെട്ടിട്ടുള്ളതാണ്…… ഇതിനേക്കാൾ ആശങ്കയുണ്ടാക്കുന്ന മറ്റൊരു നിർദ്ദേശമാണ്….. വഖഫ് ബോർഡിൽ അന്യമത വിഭാഗത്തിൽപ്പെട്ട ആൾക്കാരെ കൂടി ഉൾപ്പെടുത്തേണ്ടിവരും ഇതാണ് ഇപ്പോൾ വലിയ വിവാദമായി മാറിയിരിക്കുന്ന വിഷയം…… സ്വാഭാവികമായും ഈ നിർദ്ദേശം സർക്കാർ മുന്നോട്ടുവയ്ക്കുമ്പോൾ മുസ്ലിം മത വിഭാഗം ചോദിക്കുന്ന ഒരു ചോദ്യം ഉണ്ട്….. കേന്ദ്രസർക്കാർ തന്നെ നേരിട്ട് ഇടപെടുന്ന അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നടത്തിപ്പ് കമ്മിറ്റിയിൽ അന്യ മതക്കാർ കടന്നുവരാൻ സമ്മതിച്ചിട്ടുണ്ടോ……… അതുപോലെതന്നെ കേരളത്തിലെ തന്നെ പ്രമുഖമായ ഗുരുവായൂർ ക്ഷേത്രത്തിലും ശബരിമലയിലും ഭരണ നിർവഹണ കമ്മറ്റികളിൽ അന്യമതസ്ഥരെ ഉൾപ്പെടുത്തുന്ന നിയമ ഭേദഗതിക്ക് കേന്ദ്രസർക്കാർ തയ്യാറാകുമോ…. തുടങ്ങിയുള്ള ചോദ്യങ്ങളാണ് മുസ്ലിം മതമേധാവികളും മുസ്ലിം ലീഗ് പാർട്ടിയുടെ നേതാക്കളും ഉയർത്തിക്കൊണ്ടിരിക്കുന്നത്
വഖഫ് ബോർഡിൻറെ പുതിയ നിയമ ഭേദഗതി ബോർഡിൻറെ പ്രവർത്തനം കൃത്യതയിൽ നടത്തുന്നതിനു വേണ്ടിയാണ് എന്ന് കേന്ദ്രസർക്കാർ വാദിക്കുന്നു….. ബോർഡിലേക്ക് ഒഴുകിയെത്തുന്ന കോടിക്കണക്കിന് രൂപ സുതാര്യമായി വിനിയോഗിക്കപ്പെടണമെന്നും വഖഫ് ബോർഡിന് സമ്പന്നരും അല്ലാത്തവരും കൈമാറുന്ന വസ്തുക്കളും മറ്റു സ്വത്തുകളും ആ മത വിഭാഗത്തിലെ വിധവകൾക്കും വിവാഹമോചിതർക്കും അനാഥർക്കും സഹായമായി വിനിയോഗിക്കണം എന്നാണ് നി
ബന്ധന….. എന്നാൽ ഇത് വക മാറ്റിയും മറ്റും ഇപ്പോൾ ഉപയോഗിക്കുന്നു എന്ന പരാതി ഉണ്ട്….. ഇതിനായി പല തെളിവുകളും സർക്കാർ മുന്നോട്ടുവയ്ക്കുന്നുണ്ട് ….കാലങ്ങളായി വഖഫ് ബോർഡിലേക്ക് കൈ വന്നിട്ടുള്ള വസ്തുക്കളിൽ പലതും മറ്റുപലരും കയ്യേറ്റം നടത്തി മറിച്ച് വില്പന വരെ നടത്തിയതായി ഇത് സംബന്ധിച്ച് അന്വേഷണം നടത്തിയ വിഭാഗം കണ്ടെത്തിയിട്ടുണ്ട്
വഖഫ് ബോർഡിൻറെ ഉടമസ്ഥതയിൽ ഒരുകാലത്ത് ഉണ്ടായിരുന്നതാണ് മുംബൈയിലെ പല പ്രദേശങ്ങളും …. ഇതിൽ പ്രധാനമായി ഇപ്പോൾ പറയുന്നത് മുംബൈയിൽ അംബാനി കുടുംബം നിർമ്മിച്ച ഭീമൻ വീട് വഖഫ് ബോർഡിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതാണ് എന്ന് കണ്ടെത്തിയതാ
ണ് വിവാദങ്ങൾ വരുത്തിയിരിക്കുന്നത്…… അംബാനി കുടുംബം നിർമ്മിച്ച 27 നിലകളുള്ള കെട്ടിടം ഇപ്പോൾ ഏതാണ്ട് 15000 കോടിയിലധികം രൂപാ വില വരുന്ന വസ്തുവിൽ ആണ് സ്ഥിതി ചെയ്യുന്നത്….. ഈ കെട്ടിടം ഇരിക്കുന്ന സ്ഥലം വഖഫ് ബോർഡിൻറെ കീഴിൽ പ്രവർത്തിച്ചിരുന്ന അനാഥാലയമായി ഉപയോഗിച്ചിരുന്ന വസ്തുവാണ്…… 1894 ൽ മുസ്ലിം മത വിശ്വാസിയായ കരീം ഭായ് എന്നയാൾ ദാനമായി നൽകിയതാണ് ഇത്രയും വസ്തുക്കൾ…. 4532 ചതുരശ്ര മീറ്റർ വസ്തുവാണ് അന്ന് അനാഥാലയത്തിനായി ഈ മുസ്ലിം വിശ്വാസി കൈമാറിയത്…… ഈ വസ്തുവിന്മേൽ പിന്നീട് കയ്യേറ്റങ്ങളും മറ്റും ഉണ്ടാവുകയും പലതവണ കോടതി കേസുകളിൽ പെടുകയും ചെയ്തിരുന്നതാണ്….. എന്തായാലും വിവാദമായ ഈ ഭൂമിയിലാണ് അംബാനികുടുംബത്തിൻറെ ബഹുനില കെട്ടിടം ഇപ്പോൾ സ്ഥിതി ചെയ്യുന്നത് …..ഇതുപോലെ തന്നെ രാജ്യത്തെ പല സംസ്ഥാനങ്ങളിലായി വഖഫ് ബോർഡിൻറെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന നിരവധി വസ്തുക്കൾ നഷ്ടപ്പെട്ടതായി കണ്ടെത്താൻ കഴിഞ്ഞു എന്നാണ് സർക്കാർ ഭാഗത്തുനിന്നുള്ള വിശദീകരണം
ഇതൊക്കെയാണെങ്കിലും മതപരമായ കാര്യങ്ങളിൽ സർക്കാർ കടന്നു കയറുന്നത് നീതീകരിക്കാൻ കഴിയുന്ന കാര്യമല്ല…… വഖഫ് ബോർഡിൽ മുസ്ലീങ്ങൾ അല്ലാത്ത ആൾക്കാരെ ഉൾപ്പെടുത്തുക എന്നത് ദുരുദ്ദേശത്തോടുകൂടി കൊണ്ടുവരുന്ന നിർദ്ദേശം തന്നെയാണ്….. ഈ പറയുന്ന വഖഫ് ബോർഡിൽ അന്യമതസ്ഥരെ അംഗങ്ങളാക്കുന്ന തീരുമാനം എടുത്താൽ അതിന് സമാനമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്, കൊച്ചിൻ ദേവസ്വം ബോർഡ്, മലബാർ ദേവസ്വം ബോർഡ് തുടങ്ങിയവയിൽ ഒക്കെ അഹിന്ദുക്കളെ ഉൾപ്പെടുത്തുമോ എന്ന മുസ്ലിം മതമേധാവികളുടെ ചോദ്യം ന്യായം തന്നെയാണ്….. മതപരമായ കാര്യങ്ങളിൽ മതവിശ്വാസികളെയും മതമേധാവികളെയും വിശ്വാസത്തിൽ എടുക്കുകയും മതപരമായ കാര്യങ്ങളിൽ ഇടപെടലും തീരുമാനവും അവരിൽ തന്നെ നിലനിർത്തുകയും ചെയ്യുക എന്നത് നമ്മുടെ ഭരണഘടന അനുശാസിക്കുന്ന നിർദ്ദേശമാണ്…… അധികാരത്തിന്റെ ബലം ഉപയോഗിച്ച് അതിൽ വിള്ളൽ ഉണ്ടാക്കുന്നതും ഒരു മതവിശ്വാസികളെ ഏന്ത് ന്യായീകരണം പറഞ്ഞു ഉപദ്രവിക്കാൻ ശ്രമിക്കുന്നതും ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ജനങ്ങൾ അംഗീകരിക്കുന്ന ഒന്നായിരിക്കില്ല എന്നത് ഭരണകർത്താക്കൾ തിരിച്ചറിയണം
ഏതായാലും കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമ ഭേദഗതി വഖഫ് ബോർഡിൻറെ നിലവിലെ ഘടനയും ആചാരപരമായ രീതികളും ഇല്ലാതെയാക്കും എന്ന കാര്യത്തിൽ സംശയമില്ല…. ഇസ്ലാമിക നിയമപ്രകാരം മതപരമോ സാമൂഹികമോ ആയ ആവശ്യങ്ങൾക്ക് വേണ്ടി ഒരാൾ ദാനമായി നൽകുന്ന വസ്തുവും സമ്പാദ്യവും ആണ് വഖഫ് ബോർഡിലെക്കു എത്തിച്ചേരുന്നത്….. ഇങ്ങനെ ഒരിക്കൽ ദാനമായി നൽകിയാൽ പിന്നീട് അത് തിരിച്ചു പിടിക്കാൻ നൽകിയ ആളിന് അവകാശമില്ല….. വിവിധ മേഖലകൾ കേന്ദ്രീകരിച്ച് രാജ്യത്ത് നിലവിൽ 30 വഖഫ് ബോർഡുകളാണ് പ്രവർത്തിച്ചുവരുന്നത്….. ഈ ബോർഡുകളുടെ ഉടമസ്ഥതയിൽ 9 ലക്ഷത്തിലധികം ഏക്കർ ഭൂമിയും, 12 ലക്ഷം കോടി മൂല്യമുള്ള മറ്റു സ്വത്തുക്കളും ഉണ്ട്…. കേന്ദ്രസർക്കാരിന്റെ ഭേദഗതി പ്രകാരം രാജ്യത്ത് പുതിയ രീതിയിലായിരിക്കും വഖഫ് ബോർഡുകൾ പ്രവർത്തിക്കുക…. കേന്ദ്ര വഖഫ് കൗൺസിലും സംസ്ഥാനങ്ങളിലെല്ലാം വഖഫ് ബോർഡുകളും ആയിരിക്കും ഉണ്ടാവുക…. ഈ ബോർഡുകളിൽ മുസ്ലിം സ്ത്രീകൾ മറ്റു മതക്കാർ തുടങ്ങിയവർ അംഗങ്ങൾ ആയിരിക്കണം….. ജില്ലാതലത്തിൽ ബോർഡിൻറെ അധികാരവും നിയന്ത്രണവും ജില്ലാ കളക്ടർമാർക്ക് ആയിരിക്കും…. ബോർഡ് പ്രവർത്തനങ്ങളുടെ നിരീക്ഷണത്തിന് പരിശോധനക്കോ വേണ്ടിവന്നാൽ ഓഡിറ്റിംഗ് നടത്തുവാനോ കേന്ദ്രസർക്കാരിന് നിയമ ഭേദഗതി വഴി അധികാരം ലഭ്യമാകും….. നിലവിൽ ബോർഡിലേക്ക് ദാനമായി നൽകുന്ന സ്വത്തുക്കൾ വാക്കാൽ കൈമാറുന്ന രീതി ഉണ്ട്…. എന്നാൽ പുതിയ നിയമപ്രകാരം രേഖാമൂലം അല്ലാതെ സ്വത്തുക്കൾ ബോർഡിന് കൈമാറാൻ കഴിയില്ല
പുതിയ നിയമഭേദഗതി നടപ്പിൽ വന്നാൽ വഖഫ് ബോർഡിന് ഇപ്പോൾ ഉള്ള സ്വയംഭരണ അവകാശം പൂർണമായും ഇല്ലാതെയാകും….. കോൺഗ്രസ് നേതൃത്വത്തിൽ യുപിഎ സർക്കാർ ഭരിച്ചിരുന്ന അവസരത്തിൽ വഖഫ് ബോർഡിന് അനുവദിച്ച പ്രത്യേക അധികാരങ്ങൾ എല്ലാം ഇപ്പോൾ കൊണ്ടുവരുന്ന നിയമ ഭേദഗതി നടപ്പിലായാൽ ഇല്ലാതെ വരും….. ഇതിനൊക്കെ പുറമേ മതപരമായ കാര്യങ്ങളിൽ കേന്ദ്രസർക്കാരിൻറെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകുന്നതിനുള്ള വഴിയൊരുക്കലാണ് ഈ ഭേദഗതി വഴി കേന്ദ്ര സർക്കാർ ഉദ്ദേശിക്കുന്നത് എന്നാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തുന്ന ആക്ഷേപം….. പ്രതിപക്ഷ പാർട്ടികളുടെ പരാതികളിലെ കാര്യങ്ങൾ എതിർത്തുകൊണ്ട് ഭരണപക്ഷം പറയുന്നത് ആകട്ടെ …..വഖഫ് ബോർഡിൻറെ കൃത്യമായ പ്രവർത്തനങ്ങൾക്കും…. അതുപോലെ തന്നെ നഷ്ടപ്പെട്ടിട്ടുള്ള വസ്തുവകകൾ തിരികെ പിടിക്കുന്നതിനും മാത്രമല്ല കൂടുതൽ ഫലപ്രദമായി ബോർഡിന് പ്രവർത്തിക്കാൻ കഴിയുന്ന സ്ഥിതിഗതികൾ ഉണ്ടാക്കുവാനും വേണ്ടിയാണ് ഈ നിയമ ഭേദഗതി വഴി സൗകര്യം ഉണ്ടാകാൻ പോകുന്നത് കേന്ദ്ര സർക്കാരിന്റെ വാദം