ഉറക്കങ്ങളും വിവാദങ്ങളും നമ്മുടെ മലയാളികളുടെ സ്ഥിരം സ്വഭാവമാണ് രാഷ്ട്രീയമായാലും സാമുദായികമായാലും അതല്ല കലയും സാഹിത്യവും ആയാലും എന്തിനും ഒരു വിവാദത്തിന് വഴി തേടി നടക്കുന്ന ശീലമാണ് മലയാളികൾക്ക് ഉള്ളത്. ഇപ്പോൾ ഏറ്റവും ഒടുവിൽ വിവാദങ്ങളിൽ കുടുങ്ങിയത് നമ്മുടെ നാട്ടിൽ പച്ചപ്പ് പടർത്തി നിൽക്കുന്ന സസ്യങ്ങൾക്കാണ്. ഏത് ചെടിയിലും ഔഷധഗുണം ഉണ്ട് എന്ന് കണ്ടുപിടിച്ചത് ജ്ഞാനികളായ നമ്മുടെ പൂർവികർ ആയിരുന്നു. ഓരോ പച്ചിലയും പച്ച ചെടിയും പരിശോധിച്ചു അതിൻറെ ഗുണങ്ങൾ കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്തപ്പോൾ ആണ് ആയുർവേദ ചികിത്സാരീതിയും അത് പഠിക്കാനുള്ള ഗ്രന്ഥങ്ങളും ഒക്കെ നമുക്ക് ഉണ്ടായത്. കുത്തിവെപ്പും ശസ്ത്രക്രിയയും ആൻറിബയോട്ടിക് പ്രയോഗവും ഒക്കെയായി അലോപ്പതി ഡോക്ടർമാർ കടന്നുവരുന്നതിന് മുമ്പ് ഭാരതത്തിലെ ജനങ്ങൾ രോഗങ്ങളെ അകറ്റുന്നതിന് ചികിത്സ നേടിയത് ആയുർവേദ വൈദ്യന്മാരിൽ നിന്നും ആയിരുന്നു. എല്ലാ ആയുർവേദ ചികിത്സകരും ഉപയോഗിച്ചിരുന്നത് പച്ചമരുന്നുകളിൽ നിന്നും ഉണ്ടാക്കുന്ന ആയുർവേദ ഔഷധങ്ങളും ആയിരുന്നു വെറും പച്ചിലയായി നിൽക്കുമ്പോൾ ഒരു വിലയും ഇല്ലാത്ത ചെടികൾ അതിൻറെ ഔഷധഗുണത്തിലേക്ക് കടക്കുമ്പോൾ ദിവ്യത്വം ഉള്ള വസ്തുവായി മാറിയിരുന്നു എന്നതാണ് ചരിത്രം പറയുന്ന സത്യം.
ഇപ്പോൾ മലയാളികൾക്കിടയിൽ വിവാദ കഥാപാത്രമായി മാറിയിരിക്കുന്നത് പറഞ്ഞതുപോലെയുള്ള ചില പച്ചിലകളും പൂക്കളും സസ്യങ്ങളും ഒക്കെയാണ്. കുറച്ചുനാൾ മുമ്പ് ഹരിപ്പാട് ഒരു യുവതി ക്ഷേത്രത്തിൽ നിന്നും കിട്ടിയ പായസം കഴിച്ചു മരണപ്പെടുന്ന സാഹചര്യം ഉണ്ടായി. പായസത്തിൽ പൂജയ്ക്കായി ഉപയോഗിച്ച അരളി പൂവ് ഉണ്ടായിരുന്നു എന്നതാണ് മരണകാരണമായി വിശദീകരിക്കപ്പെട്ടത്. സംഭവം നടന്നതിന് പിറകെ പതിവുപോലെ വിവാദ ഏർപ്പാടുമായി പലരും രംഗത്ത് വന്നു. പിന്നീട് അരളിപ്പൂവിനെ പോസ്റ്റ്മാട്ടം നടത്തി പലവിധ കണ്ടെത്തലുകൾക്കും ആൾക്കാർ മുന്നോട്ടുവന്നു അരളിപ്പൂവിൽ മാരകവിഷം ഉണ്ട് എന്ന് വരെ ചില വിദഗ്ധന്മാർ വിളിച്ചു കൂവി. എന്നാൽ വാസ്തവം അതായിരുന്നു എന്ന് പറയാൻ തെളിവുകൾ ഇല്ലായിരുന്നു എന്നതാണ് സത്യം.
പിന്നീട് യുവതിയുടെ മരണത്തിന് കാരണം വേറെ എന്തൊക്കെയോ ആണെന്ന് റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോൾ ഏറ്റവും ഒടുവിൽ ആലപ്പുഴയിലെ ചേർത്തലയിൽ ഇന്ദു എന്ന പേരുള്ള ഒരു യുവതി രോഗബാധിതയായി ആശുപത്രിയിൽ എത്തി മരണപ്പെടുന്ന സ്ഥിതിണ്ടായി. മരണം കഴിഞ്ഞ ശേഷം മരണകാരണമായി ബന്ധുക്കൾ സംശയിച്ചത് വീട്ടിൽ ഉണ്ടാക്കിയ തുമ്പച്ചെടിയുടെ തോരൻ ഭക്ഷണമായി കഴിച്ചു എന്നതാണ്. ഇതും വലിയ വാർത്തയായി മാറുകയും വിവാദത്തിൽ എത്തുകയും ചെയ്തു. എന്നാൽ മരണപ്പെട്ട ആളുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മരണത്തിന് വഴിയൊരുക്കിയത് തുമ്പച്ചെടി അല്ല എന്നും അവർക്ക് മറ്റു പല ഗുരുതര രോഗങ്ങളും ഉണ്ടായിരുന്നു എന്ന് വെളിവാക്കപ്പെട്ടു.
ഈ രണ്ടു മരണങ്ങളും അതിൻറെ പിന്നാലെ ഉണ്ടായ വിവാദങ്ങളും ഇതെല്ലാം ഉണ്ടാക്കുന്നവർക്ക് സമയം ചെലവഴിക്കാനുള്ള മാർഗമായി മാറുന്നു എങ്കിലും ഇത്തരം വിവാദങ്ങൾ സമൂഹത്തിൽ ഉണ്ടാക്കുന്ന ആശയക്കുഴപ്പങ്ങളും ഭയപ്പാടും ചെറുതൊന്നും അല്ല എന്നത് ആരും മറക്കരുത്. മലയാളികളുടെ മാത്രമല്ല എല്ലാ പ്രദേശത്തും എത്രയോ കാലമായി നിത്യ ഉപയോഗത്തിനും പൂജയ്ക്കും ഒക്കെ ഉപയോഗിക്കുന്ന ഒരു പൂവാണ് അരളി പൂവ്. ഓണക്കാലമായാൽ എല്ലാ പൂക്കളങ്ങളിലും ഏറ്റവും ആകർഷകമായ നിറം പകരുന്നത് ഈ അരളിപ്പൂവ് ആണ്. ഇതൊക്കെ കാലങ്ങളായി നമ്മുടെ നാട്ടിൽ കണ്ടു വരുന്നതാണ് അരളി പൂവ്. കൈകൊണ്ട് എടുത്തു അല്ലെങ്കിൽ കടിച്ചു ചവച്ചു എന്നൊക്കെ ഉള്ള കാരണത്താൽ ആർക്കെങ്കിലും രോഗബാധ ഉണ്ടായതായോ മരണപ്പെട്ടതായോ കഴിഞ്ഞ കാലങ്ങളിൽ ഒന്നും ഒരു സംഭവവും നാം കണ്ടിട്ടില്ല. ഇതിനേക്കാൾ ഖേദകരമാണ് കഴിഞ്ഞദിവസം തുമ്പപ്പൂവിനെ പേരിൽ ഉണ്ടായ വിവാദം. തുമ്പച്ചെടി ഏറ്റവും വലിയ ഔഷധ ഗുണമുള്ള ഒരു ചെടിയായിട്ടാണ് ആയുർവേദം പറയുന്നതും നമ്മൾ കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളത്. എത്രയോ കാലമായി കൊച്ചുകുട്ടികളിൽ കൃമി ശല്യം ഉണ്ടാകുമ്പോൾ അതിന് മരുന്നായി നൽകിവരുന്നത് തുമ്പയില ചതച്ചുപിഴിഞ്ഞ നീരായിരുന്നു. ഇത് മാത്രമല്ല തുമ്പ ചെടിയുടെ എല്ലാ ഭാഗങ്ങളും ആയുർവേദപ്രകാരം ഔഷധ ഗുണം നിറഞ്ഞതാണ്. ഇതെല്ലാം കാലങ്ങളായി അറിഞ്ഞു കൊണ്ടിരിക്കുന്ന നമ്മൾ തന്നെ കാള പെറ്റു എന്ന് കേട്ട് കയർ എടുക്കുന്നതുപോലെ ആരോ എന്തൊക്കെയോ പറഞ്ഞു എന്നത് കേട്ട് അതിൻറെ പിറകെ പാഞ്ഞു കൊണ്ട് ഒരു ചികിത്സാസമ്പ്രദായത്തെ പോലും ചോദ്യം ചെയ്യുന്ന സ്ഥിതി ഉണ്ടാക്കുന്നത് ശരിയായ ഏർപ്പാട് അല്ല. കേരളം നല്ല രീതിയിൽ പച്ചപ്പുള്ള ഭൂപ്രദേശമാണ് മലകളും സമതലങ്ങളും നമ്മുടെ കേരളത്തിൻറെ പ്രത്യേകതയാണ്. അതുകൊണ്ടുതന്നെയാണ് നമുക്ക് ഏറ്റവും സുലഭമായി ആയുർവേദ മരുന്നുകൾ ലഭ്യമാകുന്നത്. ആയുർവേദത്തിൽ എല്ലാ മരുന്നുകളും ഉണ്ടാക്കുന്നത് പച്ചിലകളും ചെടികളും അതിൻറെ വേരുകളും ഒക്കെ ഉപയോഗിച്ചാണ് ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല പരമ്പരാഗതമായി നമ്മുടെ മുന്നിൽ പച്ചിലമരുന്നുകളും ആയുർവേദ ചികിത്സാരീതികളും തുടർന്നുവരുന്ന ഒന്നാണ്.
പരിഷ്കാരത്തിന്റെയും ആധുനികതയുടെയും ഒക്കെ പേരിൽ അലോപ്പതി മരുന്നുകൾക്ക് പിറകെപോകുന്ന സമൂഹമാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഉറക്കെ ഒന്ന് തുമ്മിയാൽ അപ്പോൾ തന്നെ ഡോക്ടർ കാണാനും കുറെ ഇംഗ്ലീഷ് മരുന്നുകൾ വാങ്ങി കഴിക്കാനും തയ്യാറാവുന്ന സമൂഹമായി നമ്മൾ മാറിയിട്ടുണ്ട്. ഇപ്പോൾ പുറത്തുവരുന്ന പുതിയ ചില റിപ്പോർട്ടുകൾ ഇംഗ്ലീഷ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ആൻറിബയോട്ടിക്കുകൾ അടക്കമുള്ള മരുന്നുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നു എന്നതാണ് ഇതിന് കാരണമായി പറയുന്നത്. സ്ഥിരമായി ആൻറിബയോട്ടിക്കുകൾ കഴിച്ചാൽ മനുഷ്യ ശരീരത്തിലെ രോഗപ്രതിരോധ ശേഷി കുറയും എന്നതാണ് ഇവിടെയാണ് ആയുർവേദത്തിന്റെ പ്രാധാന്യം നാം കണ്ടെത്തേണ്ടത്.
ആയുർവേദ ചികിത്സാ രീതികളിൽ ഉപയോഗിക്കുന്ന പച്ചമരുന്നുകളിൽ വിഷാംശമുള്ള ചിലതും ഉണ്ട്. കുറേക്കാലം മുമ്പ് വരെ ആളുകൾ ആത്മഹത്യ ചെയ്യാൻ ഉപയോഗിക്കുന്ന ഒരു കായ ഉണ്ടായിരുന്നു. ഒതളങ്ങ എന്ന പേരുള്ള ഈ കായ കഴിച്ചാൽ മരണം ഉറപ്പായിരുന്നു. അതുപോലെതന്നെ തൊട്ടാൽ ശരീരമാകെ പൊള്ളുന്ന ചില സസ്യങ്ങൾ ഉണ്ട് ശരീരത്തിൽ തൊട്ടാൽ സഹിക്കാൻ കഴിയാത്ത ചൊറിച്ചിൽ ഉണ്ടാക്കുന്ന സസ്യങ്ങളും നമ്മുടെ മുന്നിൽ ഉണ്ട് ഇത്തരം സസ്യങ്ങളെ പോലും ശുദ്ധീകരിച്ച് മരുന്നിനു വേണ്ടി ഉപയോഗിക്കുന്ന രീതിയും ആയുർവേദത്തിൽ ഉണ്ട്.
ഏതായാലും അടുത്തകാലത്തായി ഉണ്ടായ ചില അസ്വാഭാവിക മരണങ്ങളുടെ പേരിലാണ് നമ്മുടെയൊക്കെ മുന്നിൽ നമുക്ക് സന്തോഷം പകരുന്ന പച്ചപ്പ് നിലനിർത്തി പൂക്കളും കായ്കളും ഒക്കെയായി വളരുന്ന ചെടികൾ ക്രൂശിക്കപ്പെടുന്ന സാഹചര്യം ഇപ്പോൾ ഉണ്ടായിരിക്കുന്നത്. തുമ്പയുടെയും തുളസിയുടെയും ചെമ്പരത്തിയുടെയും അരളിപ്പൂവിന്റെയും മുക്കുറ്റിയുടെയും ഒക്കെ പേരിൽ കൊലപാതകികളാണ് എന്ന വരത്തക്ക രീതിയിലുള്ള വിവാദങ്ങളും വിമർശനങ്ങളും ഉണ്ടാക്കുന്നത് നമ്മൾ നമ്മളെ തന്നെ ശിക്ഷിക്കുന്ന ഏർപ്പാടിന് തുല്യമാണ് എന്ന് തിരിച്ചറിയാൻ എങ്കിലും സമൂഹത്തിന് കഴിയണം.