സിപിഎമ്മിൽ കടുംവെട്ട് തുടങ്ങി

നേതാക്കളിൽ അഴിമതിക്കാർ മുതൽ സ്ത്രീ പീഡനക്കാർ വരെ

ലോകസഭ തെരഞ്ഞെടുപ്പിൽ കനത്ത തോൽവി കൂടി ഉണ്ടായതോടെ കേരളത്തിലെ സിപിഎമ്മിൽ പ്രതിസന്ധികളുടെ വേലിയേറ്റം ആണ്. ഭരണത്തിനെതിരായ ജനങ്ങളുടെ വിധിയെഴുത്താണ് ലോകസഭാ തെരഞ്ഞെടുപ്പിലെ പരാജയ കാരണം എന്ന് പ്രചരണം വന്നതോടുകൂടി മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മറ്റു നേതാക്കളും ഉത്തരം മുട്ടുന്ന അവസ്ഥയിൽ എത്തി. ഇതിനിടയിലാണ് നഷ്ടപ്പെട്ട പാർട്ടിയുടെ ജനകീയത തിരിച്ചുപിടിക്കുന്നതിനുള്ള ആലോചനകളും നീക്കങ്ങളും തുടങ്ങിയത്. പാർട്ടിക്കകത്ത് നേതാക്കൾ പോലും പലതരത്തിലുള്ള കുറ്റങ്ങളുടെ പേരിൽ വെറുക്കപ്പെട്ട സ്ഥിതിയിൽ നിൽക്കുകയാണ്. പല നേതാക്കളുടെയും പേരിൽ പലതരത്തിലുള്ള പരാതികൾ നേരത്തെ തന്നെ ഉയർന്നിരുന്നു. ഇതിൽ പ്രധാന പരാതിയായി ഉയർന്നത് ഷോർണൂർ മുൻ എംഎൽഎയും പാർട്ടിയുടെ പാലക്കാട് ജില്ലയിലെ ശക്തനായ നേതാവും ആയ പി കെ ശശിയുടെ പേരിൽ ഉയർന്ന പലതരത്തിലുള്ള പരാതികൾ ആയിരുന്നു. ഇപ്പോൾ സഹികെട്ട് ശശിയെ പാർട്ടിയുടെ പദവികളിൽ നിന്നും പുറത്താക്കുന്ന സ്ഥിതിയിൽ വരെ എത്തി. നിലവിൽ സർക്കാരിന്റെ കീഴിലുള്ള ഒരു കോർപ്പറേഷൻ ആയ ടൂറിസം ഡെവലപ്മെൻറ് കോർപ്പറേഷൻ ചെയർമാൻ ആണ് ശശി. ഈ പദവിയിൽ നിന്നും കൂടി പുറത്താക്കും എന്നാണ് അറിയുന്നത്. ശശി മാത്രമല്ല പാർട്ടിയുടെ പല ജില്ലാ കമ്മിറ്റികളിൽ അതിനു താഴെയുള്ള കമ്മിറ്റികളിലും നേതാക്കളായിരിക്കുന്ന പലർക്കെതിരെയും നടപടിയെടുക്കേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്.

പാലക്കാട് ജില്ലയിലെ സിപിഎം യുവജന സംഘടന നേതാവായ യുവതി, ശശിക്കെതിരെ നൽകിയ ബലാൽസംഗ പരാതിയാണ് ആദ്യമായി ഉയർന്നത്. അതിനു പിന്നാലെ ശശിക്കെതിരെ മറ്റു പല ആരോപണങ്ങളും ഉണ്ടായി. മണ്ണാർക്കാട് ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മിക്കുന്നതിന് ശേഖരിച്ച് തുകയിൽ നിന്നും 25 ലക്ഷത്തോളം രൂപ ശശി അടിച്ചുമാറ്റി എന്ന പരാതിയാണ് ഒന്ന്. ഇതിന് പുറമേ അവിടെയുള്ള യൂണിവേഴ്സൽ കോളേജിനു വേണ്ടി പാർട്ടി അറിയാതെ പാർട്ടിയുടെ ഭരണസമിതിക്കാർ ഉള്ള ബാങ്കുകളിൽ നിന്നും അഞ്ചരക്കോടി രൂപ സമാഹരിച്ചു എന്ന പരാതിയും ശശിക്കെതിരെ ഉയർന്നിരുന്നു. ഒടുവിൽ പരാതികളുടെ പ്രളയം ആയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നടപടിയുടെ തീരുമാനം ഉണ്ടായത്. ഇത് മാത്രമല്ല ലോകസഭാ തെരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ പാലക്കാട് ജില്ലാ ഘടകങ്ങളിൽ ശക്തമായ വിഭാഗീയ പ്രവർത്തനം നടക്കുന്നു എന്നും വാർത്തകൾ പുറത്തുവന്നിട്ടുണ്ട് ഈ നീക്കങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് ശശിയാണ് എന്നും പരാതി ഉണ്ട്.

പത്തനംതിട്ട ജില്ലയിൽ മറ്റൊരുതരത്തിലുള്ള നേതാവിൻറെ സാമ്പത്തിക തട്ടിപ്പാണ് ചർച്ചയായി കടന്നുവന്നത്. ഗുരുവായൂർ ദേവസ്വത്തിൽ ക്ലർക്കിന്റെ നിയമനം നൽകാം എന്ന് പറഞ്ഞുകൊണ്ട് ഒരാളിൽ നിന്നും രണ്ടേമുക്കാൽ ലക്ഷം രൂപ സിപിഎം തിരുവല്ല ഏരിയ കമ്മിറ്റി നേതാവ് തട്ടിയെടുത്തു എന്ന പരാതിയാണ് ജില്ലാ കമ്മിറ്റിയിൽ ഉയർന്നത്. പ്രകാശ് ബാബു എന്ന ഏരിയ കമ്മിറ്റി നേതാവിനെതിരെ ഇപ്പോൾ നടപടിയെടുത്ത് പുറത്താക്കിയിരിക്കുകയാണ്. ഒരു പാർട്ടി അംഗം തന്നെ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണ റിപ്പോർട്ട് തേടിയ ശേഷമാണ് പ്രകാശ് ബാബുവിനെ പുറത്താക്കിയത്. പത്തനംതിട്ടയിൽ തന്നെ തിരുവല്ല നോർത്ത് പാർട്ടി കമ്മിറ്റിയുടെ ഒരു നേതാവ് പുറത്താക്കപ്പെട്ടിട്ടുണ്ട്. ലോക്കൽ സെക്രട്ടറി സജിമോൻ ആണ് പാർട്ടിയിൽ നിന്നും പുറത്താക്കൽ നടപടി നേരിട്ടിരിക്കുന്നത്. എന്നാൽ ഇയാളെ വീണ്ടും തിരിച്ചെടുക്കുകയും ആ തിരിച്ചെടുത്ത നടപടിയിൽ പ്രതിഷേധം രേഖപ്പെടുത്തിയ മറ്റൊരു സഖാവ് കൊച്ചുമോനെ ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന സ്ഥിതിയും ഉണ്ടായിട്ടുണ്ട്. ആദ്യം ഉയർന്നുവന്ന പരാതിയുടെ പേരിൽ സജിമോനെ പാർട്ടി ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തിരുന്നു ഒരു വീട്ടമ്മയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ പരാതിയിലെ നടപടിയായിരുന്നു ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സജിമോൻ എതിരെ നടപടിയെടുക്കാൻ കാരണം ഇയാൾ പിന്നീട് തൻറെ സ്വാധീനം ഉപയോഗിച്ച് പാർട്ടിയിൽ തിരിച്ചെത്തി ഇതിനെ ചോദ്യം ചെയ്ത കൊച്ചുമോനെ ആണ് ഇപ്പോൾ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടുള്ളത്.

ആലപ്പുഴയിലെ കായംകുളം ഹരിപ്പാട് തുടങ്ങിയ പ്രദേശങ്ങളിലെ പാർട്ടി കമ്മിറ്റികളിൽ പലരും നടപടിക്ക് വിധേയരാകും എന്ന റിപ്പോർട്ട് ഉണ്ട് ഇടുക്കിയിലും തൃശ്ശൂരിലും കോഴിക്കോടും സിപിഎമ്മിനകത്ത് രൂക്ഷമായ തർക്കങ്ങളും നേതാക്കന്മാർ തമ്മിലുള്ള പോരും തുടരുകയാണ് നിരവധി പരാതികളാണ് ഈ ജില്ലകളിൽ നിന്നും പാർട്ടി സഖാക്കൾ തന്നെ സംസ്ഥാന നേതൃത്വത്തിന് കൈമാറിയിരിക്കുന്നത്. ഈ പരാതികളിൽ കുറ്റക്കാരായി വന്നിട്ടുള്ള ആൾക്കാർക്ക് എതിരെയും പാർട്ടി നടപടി വരുന്ന ദിവസങ്ങളിൽ ഉണ്ടാകും എന്നാണ് അറിയുന്നത്.

പുറത്താക്കലും മറ്റും നടന്നുകൊണ്ടിരിക്കുന്ന അതിനിടയിൽ കമ്മ്യൂണിസ്റ്റ് ചിന്തകനായ എൻ എം പിയേഴ്സൺ പാർട്ടിയുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് വിമർശനപരമായ തുറന്നു പറച്ചിൽ നടത്തിയിരിക്കുന്നത്. അദ്ദേഹം പറയുന്നത് കമ്മ്യൂണിസ്റ്റ് കോട്ട ആയിരുന്ന കണ്ണൂർ ജില്ലയിൽ ഇപ്പോൾ 9 നേതാക്കന്മാർ നയിക്കുന്ന 9 ഗ്രൂപ്പുകൾ ശക്തമായി നിലനിൽക്കുന്നു എന്നാണ്. മാത്രവുമല്ല സിപിഎമ്മിന്റെ പാർട്ടി ഓഫീസുകൾ പാർട്ടി പ്രവർത്തനം നടത്തുന്ന സ്ഥലങ്ങൾ അല്ല. എല്ലാ ഓഫീസുകളിലും സഖാക്കളുടെ നേതൃത്വത്തിൽ ദല്ലാൾ പണിയാണ് നടന്നുകൊണ്ടിരിക്കുന്നത് എന്നും പാർട്ടി ഓഫീസുകൾ ഇപ്പോൾ ദല്ലാൾ കേന്ദ്രങ്ങൾ ആയി മാറി എന്നും അദ്ദേഹം പറഞ്ഞുവെക്കുന്നുണ്ട്.

ഏറ്റവും ഒടുവിൽ പുറത്തുവന്ന ഒരു വാർത്ത പത്തനംതിട്ടയിൽ മന്ത്രി വീണാ ജോർജിൻറെ ഭർത്താവ് നടത്തിയ അനധികൃത ഭൂമി കയ്യേറ്റത്തെ എതിർത്ത ഒരു പാർട്ടി നേതാവിനെതിരെ നടപടി വരുന്നു എന്നതാണ്. കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടും പാർട്ടി ജില്ലാ കമ്മിറ്റി അംഗവുമായ കെ കെ ശ്രീധരൻ എതിരെയാണ് ഇപ്പോൾ നടപടി ആലോചിക്കുന്നത്.

ഇത്തരത്തിൽ പെട്ടെന്ന് പരിഹരിക്കാൻ കഴിയാത്ത പ്രതിസന്ധിയിലൂടെയാണ് കേരളത്തിലെ സിപിഎം മുന്നോട്ടുപോകുന്നത്. നേതാക്കളിൽ വ്യാപകമായി അഴിമതിയുടെയും സ്ത്രീ പീഡനങ്ങളുടെയും പരാതികൾ ഉയരുന്നു. ബാങ്കുകൾ വഴിയുള്ള സാമ്പത്തിക തട്ടിപ്പുകളും അനധികൃത പണപ്പിരിവുകളും നേതാക്കന്മാർ വഴി തന്നെ നടന്നുകൊണ്ടിരിക്കുന്നു എന്ന പരാതിയും പല ജില്ലകളിലും ഉയരുകയാണ്. ഇത്തരത്തിൽ പുറത്തുവരുന്ന പരാതികളിൽ നടപടിയെടുക്കാൻ തുടങ്ങിയാൽ സിപിഎം എന്ന പാർട്ടിക്ക് അകത്ത് ഒരു നേതാവും അവശേഷിക്കില്ല എന്ന സ്ഥിതി വരും എന്ന ആക്ഷേപം പറയുന്നവരും ഉണ്ട്.