മലയാള സിനിമ ഇതോടുകൂടി ഏതാണ്ട് അടച്ചുപൂട്ടുന്ന സ്ഥിതിയിൽ എത്തും എന്നാണ് തോന്നുന്നത്. നമ്മുടെ സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന എല്ലാ ആൾക്കാരും നെറികെട്ട വരും പീഡനക്കാരും ആണ് എന്ന് ജനം വിശ്വസിക്കുന്നില്ല. എന്നാൽ കുറച്ചു പേരെങ്കിലും പ്രശസ്തിയുടെയും പണത്തിന്റെയും അഹങ്കാരത്തിൽ ധിക്കാരപരമായി എന്തും ചെയ്യാൻ മടിക്കുന്നില്ല എന്ന വെളിപ്പെടുത്തുന്നതാണ് പുറത്തുവന്ന ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട്.
ഈ റിപ്പോർട്ടിന്മേൽ വലിയ വിവാദവും തർക്കങ്ങളും തുടരുകയാണ്. റിപ്പോർട്ടിൽ സ്ത്രീകളായ നടികൾ നേരിട്ട് ലൈംഗിക പീഡനം അടക്കമുള്ള ദുരനുഭവങ്ങൾ എടുത്തു പറയുകയാണ്. ഇതെല്ലാം ചെയ്ത ചിലരുടെയെങ്കിലും പേരുകളും ഈ റിപ്പോർട്ടിൽ ഉണ്ട്. റിപ്പോർട്ട് കിട്ടി നാലരകൊല്ലം കഴിഞ്ഞാണ് സർക്കാർ അത് പുറത്തുവിട്ടത്. ഈ പുറത്തുവന്ന റിപ്പോർട്ടിൽ തന്നെ പ്രമാണിമാരായ നടന്മാരുടെയും മറ്റും സ്ത്രീപീഡന കഥകൾ വരുന്ന ഭാഗങ്ങൾ ഇപ്പോഴും ഒളിച്ചു വച്ചിരിക്കുകയാണ്.
സിനിമാരംഗത്ത് നടക്കുന്ന മാന്യമല്ലാത്ത ഇടപാടുകൾ നിരവധിപേർ തുറന്നു പറഞ്ഞിട്ടുണ്ട്. അഭിനയരംഗത്ത് കടന്നുചെന്ന നടികൾക്ക് സൂപ്പർ താരങ്ങളുടെ അടക്കം ചിലരുടെ കൂടെ കിടക്കാൻ ആവശ്യപ്പെടുന്ന അനുഭവം ഉണ്ടായി എന്നും, ഇത് നിരസിച്ചതിന്റെ പേരിൽ പിന്നീട് അഭിനയത്തിന് അവസരങ്ങൾ തടയുന്ന സംഭവം ഉണ്ടായി എന്നുമാണ് ഹേമ കമ്മിറ്റി മുൻപാകെ നടികൾ പറഞ്ഞിരിക്കുന്നത്. ഇത് ശരിയാണെങ്കിൽ സർക്കാർ എന്തുകൊണ്ട് റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള എത്ര വലിയ കേമന്മാരായ താരങ്ങൾ ആയാലും അവർക്കെതിരെ നടപടി എടുക്കുന്നില്ല എന്നത് ആശങ്ക പരത്തുന്ന കാര്യമാണ്.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിംഗ് തുടർനടപടികൾ എടുക്കാതെ മൗനം കാണിക്കുന്ന സർക്കാർ നിലപാട് പല കാര്യങ്ങളും ജനങ്ങളെ ഓർമ്മപ്പെടുത്തുന്നുണ്ട്. വർഷങ്ങൾക്കു മുമ്പ് നിലവിലെ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ മുഖ്യമന്ത്രിയായിരുന്നപ്പോൾ ഒരു തട്ടിപ്പുകാരി സോളാർ കേസിന്റെ പേരിൽ പല നേതാക്കളുടെയും പേര് പറഞ്ഞ് പീഡിപ്പിച്ച കഥകൾ പുറത്തുവിട്ടു. സോളാർ തട്ടിപ്പിന്റെ നായികയായിരുന്ന ഈ സ്ത്രീ നിരവധിപേരെ സോളാർ സ്ഥാപിക്കാം എന്ന് പറഞ്ഞ് ലക്ഷക്കണക്കിന് രൂപ വാങ്ങി പറ്റിച്ചതിന്റെ പേരിൽ കേസിൽ പ്രതിയായ ആളായിരുന്നു. അങ്ങനെ ഒരു സ്ത്രീ ഒരു സുപ്രഭാതത്തിൽ ഒരു വെളിപാട് നടത്തി. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗികമായി പീഡിപ്പിച്ചു എന്നാണ് തട്ടിപ്പുകാരിയായ സ്ത്രീ വെളിപ്പെടുത്തിയത്. ഉമ്മൻചാണ്ടി മാത്രം ആയിരുന്നില്ല. അന്നത്തെ ചില മന്ത്രിമാർ എംപിമാർ എം എൽ എ മാർ തുടങ്ങിയവരെല്ലാം ഈ സ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന വെളിപ്പെടുത്തലാണ് നടത്തിയത്. സംഭവം ചർച്ചയായപ്പോൾ യാതൊരു മടിയും കൂടാതെ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അന്വേഷണത്തിന് നടപടിയെടുത്തു. അങ്ങനെയാണ് സോളാർ കേസ് അന്വേഷിക്കുന്നതിന് ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ പ്രവർത്തനം തുടങ്ങിയത്. ഈ റിപ്പോർട്ടിൽ എന്താണ് ജസ്റ്റിസ് പറഞ്ഞിരിക്കുന്നത് എന്ന് ചോദ്യം ഉണ്ടായി. തുടർന്ന്, പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ശിവരാജൻ കമ്മിറ്റി റിപ്പോർട്ട് ജനങ്ങളുടെ മുമ്പിലേക്ക് തുറന്നു വെച്ചു.
ഇത്തരത്തിൽ രാഷ്ട്രീയ പ്രതിയോഗികളുടെ പേരിൽ ഉയരുന്ന ആരോപണങ്ങളും അതിൻറെ പേരിൽ നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ടും ഒരു മടിയും തടസ്സവും പറയാതെ പുറത്തുവിട്ട മുഖ്യമന്ത്രി പിണറായി വിജയൻ, ഇപ്പോൾ വിവാദത്തിൽ എത്തിയിരിക്കുന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് തുടർനടപടി എടുക്കുന്നില്ല എന്ന ചോദ്യമാണ് ഉയരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെക്കാൾ ക്രൂരമായ നിലപാട് എടുത്തിരിക്കുന്നത് മലയാളത്തിലെ താരസംഘടനയായ അമ്മയാണ്. ഇതിൻറെ ഭാരവാഹികളും നേതാക്കളും റിപ്പോർട്ട് പുറത്തുവന്ന പല ദിവസങ്ങൾ പിന്നിട്ടിട്ടും ഒരു അക്ഷരം പോലും മിണ്ടിയിട്ടില്ല. അമ്മ എന്ന താരസംഘടനയെ നയിക്കുന്ന നേതാക്കൾ ഈ റിപ്പോർട്ടിൽ പ്രതികളായി മാറിയിട്ടുണ്ട് എന്നതുതന്നെയാണ് മിണ്ടാട്ടം ഇല്ലാത്തതിന്റെ കാരണം. താരസംഘടന നേതാക്കളുടെ സ്ഥിതി മാത്രമല്ല. ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ മാക്ട, ഫെഫ്ക്ക തുടങ്ങിയ സംഘടനകളുടെ നേതാക്കളും എവിടെയോ ഒളിച്ചിരിക്കുകയാണ്.
ഇത്തരത്തിലുള്ള സർക്കാരിന്റെയും സിനിമ സംഘടന നേതാക്കളുടെയും ഒളിച്ചുകളികൾക്ക് പക്ഷേ ഒരു അവസാനം ഉണ്ടാകും. ഉണ്ടായേ മതിയാകൂ. കാരണം സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിച്ച ജസ്റ്റിസ് ഹേമ അടങ്ങുന്ന കമ്മിറ്റിക്ക് മുമ്പാകെ നടികളും മറ്റു സാങ്കേതിക പ്രവർത്തകരായ സ്ത്രീകളും ഒരിക്കലും സഹിക്കാൻ കഴിയാത്ത ലൈംഗിക പീഡനം അടക്കമുള്ള അനുഭവങ്ങളാണ് തുറന്നു പറഞ്ഞിരിക്കുന്നത്. സർക്കാർ എത്ര അടച്ചുപൂട്ടി വെച്ചാലും സംഭവം ഇപ്പോൾ എത്തിനിൽക്കുന്നത് ഹൈക്കോടതിക്ക് മുന്നിലാണ്. ഹേമ കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ പൂർണ്ണരൂപം കോടതി ആവശ്യപ്പെട്ടു കഴിഞ്ഞു. കോടതിയിലെ ജഡ്ജിമാർ ഇത് പരിശോധിക്കും. രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട കാര്യങ്ങൾ ഉണ്ടെങ്കിൽ അത് കോടതി നിശ്ചയിക്കും. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇരകൾക്കുമേൽ ഇപ്പോഴും അധിപന്മാരായി വിലസുന്ന വേട്ടക്കാർ ഒടുവിൽ ജയിലിലേക്ക് പോകേണ്ടിവരും എന്നത് നിശ്ചയമാണ്.
ഒരു കാര്യം ജനം മറന്നിട്ടില്ല. ഒരു പ്രമുഖ നടിയോടുള്ള വിരോധം തീർക്കാൻ, സൂപ്പർതാരമായി തിളങ്ങിയിരുന്ന ദിലീപ് എന്ന നടൻ ഒടുവിൽ അറസ്റ്റിലായി മൂന്ന് മാസത്തിലധികം ജയിലിൽ കഴിഞ്ഞത് ജനങ്ങൾ കണ്ട കാര്യമാണ്. ഇതുപോലെ തന്നെ ഇപ്പോൾ സിനിമയുടെ വെള്ളിവെളിച്ചത്തിൽ തിളങ്ങി നിൽക്കുന്ന പല മുഖങ്ങളും ജയിൽ അഴികൾക്ക് ഉള്ളിൽ നാണംകെട്ട വികൃത മുഖങ്ങളായി മാറുന്നത് വലിയ താമസം ഇല്ലാതെ കാണാൻ കേരള ജനതയ്ക്ക് കഴിയും.