കുട്ടനാട് അസംബ്ലി നിയോജക മണ്ഡലത്തിൽ, അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് സീറ്റിനായി യുഡിഎഫിൽ ശക്തമായ പിടിവലി നടക്കുകയാണ്. നിലവിൽ യുഡിഎഫിലെ ജോസഫ് ഗ്രൂപ്പ്, കേരള കോൺഗ്രസ് മത്സരിക്കുന്ന സീറ്റാണ് കുട്ടനാട്ടിലേത്. മണ്ഡലത്തിൽ നല്ല സ്വാധീനമുള്ള കോൺഗ്രസ് പാർട്ടി ഈ സീറ്റ് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. എന്നാൽ പല തെരഞ്ഞെടുപ്പുകളിലും ഇവിടെ മത്സരിച്ചു ജയിച്ചിട്ടുള്ളത് ജോസഫ് ഗ്രൂപ്പ് സ്ഥാനാർഥി ആണെന്നും മറ്റാർക്കും ജയിക്കാനുള്ള സ്വാധീനമില്ല എന്ന വാദവും ആയിട്ടാണ് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൻറെ നേതാക്കൾ നിലയുറപ്പിച്ചിരിക്കുന്നത്.
നേരത്തെ യുഡിഎഫിൽ ആയിരുന്ന തോമസ് ചാണ്ടി എം എൽ എ മരണപ്പെട്ടപ്പോൾ സഹോദരനായ തോമസ് കെ തോമസിനെ സ്ഥാനാർത്ഥിയാക്കുകയും അദ്ദേഹം വിജയിക്കുകയും ചെയ്തിരുന്നു. എന്നാൽ കരുണാകരൻ സ്ഥാപിച്ച ഡി ഐ സി പാർട്ടി വിട്ട് എൻ സി പി പാർട്ടിയിൽ ചേർന്ന തോമസ് ഇപ്പോൾ ഇടതുമുന്നണിയിലെ നിയമസഭാ അംഗമാണ്. ഈ സീറ്റ് യുഡിഎഫിന് തിരിച്ചു പിടിക്കാൻ കഴിയണം എന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് മണ്ഡലത്തിലെ കോൺഗ്രസ് നേതാക്കൾ പ്രമേയം പാസാക്കി, കെപിസിസിയെ സമീപിച്ചിരിക്കുന്നത്. ഇതൊക്കെയാണെങ്കിലും കുട്ടനാട് മണ്ഡലം ഒരു കാരണവശാലും മറ്റൊരു പാർട്ടിക്കും വിട്ടുകൊടുക്കുന്ന പ്രശ്നമേ ഇല്ല എന്ന നിലപാടിലാണ് യുഡിഎഫ് ഘടകകക്ഷിയായ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് നേതാക്കൾ. പാർട്ടിയുടെ ജില്ലാ പ്രസിഡൻറ് ജേക്കബ് എബ്രഹാം കഴിഞ്ഞദിവസം ഇക്കാര്യം തുറന്ന് പറഞ്ഞിരുന്നു. തങ്ങൾ കാലങ്ങളായി മത്സരിക്കുന്ന മണ്ഡലത്തിൽ മറ്റൊരു പാർട്ടിക്കാരൻ വരുന്നത് അംഗീകരിക്കാൻ കഴിയില്ല എന്നാണ് അദ്ദേഹം പ്രസ്താവിച്ചത്. 1964 മുതൽ മണ്ഡലത്തിൽ കേരള കോൺഗ്രസ് ആണ് മത്സരിക്കുന്നത്. 2016ലെ തെരഞ്ഞെടുപ്പിലും 2021ലെ തെരഞ്ഞെടുപ്പിലും ആലപ്പുഴ ജില്ലയിൽ യുഡിഎഫിന് കനത്ത പരാജയമാണ് ഉണ്ടായത്. ഹരിപ്പാട് മണ്ഡലത്തിൽ നിന്നും രമേശ് ചെന്നിത്തല മാത്രമാണ് വിജയിയായി വന്നത് എന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോൾ, ജില്ലാ പഞ്ചായത്തിലെ ചമ്പക്കുളം ഡിവിഷനിൽ തങ്ങൾ മത്സരിച്ചിരുന്നു. സീറ്റ് ബലമായി പിടിച്ചെടുത്ത കോൺഗ്രസിന്റെ സ്ഥാനാർഥി വലിയ തോൽവിയാണ് ഏറ്റുവാങ്ങിയത്. പതിനായിരത്തോളം വോട്ടുകൾക്ക് ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് സ്ഥാനാർഥി വിജയിച്ച ഈ ഡിവിഷനിൽ ആണ്, കോൺഗ്രസ് തോൽവി ഏറ്റുവാങ്ങിയത് എന്നും ജേക്കബ് എബ്രഹാം വിശദീകരിച്ചു. മാത്രവുമല്ല, കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിൻറെ കൂടി ശക്തമായ പ്രവർത്തനങ്ങളാൽ കോൺഗ്രസ് സ്ഥാനാർഥിക്ക് വലിയ ഭൂരിപക്ഷം നേടുവാൻ കഴിഞ്ഞു എന്നും അദ്ദേഹം പറയുകയുണ്ടായി.
ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസ് കുട്ടനാട് സീറ്റിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ തങ്ങളുടെ സ്ഥാനാർത്ഥിക്ക് വലിയ വിജയം നേടുവാൻ കഴിയും എന്നാണ് പാർട്ടി പറയുന്നത്. ഇതിന് കാരണമായി പറയുന്ന പുതിയ രാഷ്ട്രീയ നീക്കവും ഉണ്ട്. കുട്ടനാട് എം എൽ എ ആയ തോമസ് കെ തോമസിന്റെ പാർട്ടിയായ എൻ സി പി ജില്ലയിൽ രണ്ടായി പിളരുകയും ഒരു വിഭാഗം ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൽ ചേരുകയും ചെയ്തിട്ടുണ്ട്. എൻ സി പി യുടെ ദേശീയ ഭാരവാഹിയായ രജി ചെറിയാന്റെ നേതൃത്വത്തിലാണ് സംസ്ഥാന വ്യാപകമായി എൻ സി പി പ്രവർത്തകർ പാർട്ടി വിട്ടു ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൽ ചേർന്നിരിക്കുന്നത്. ഇതുകൂടി എടുത്തു പറഞ്ഞു കൊണ്ടാണ് പാർട്ടി സീറ്റ് വിട്ടുകൊടുക്കില്ല എന്ന് വാദിക്കുന്നത്. ഇതൊക്കെയാണെങ്കിലും റെജി ചെറിയാൻ എൻ സി പി വിട്ട് പാർട്ടിയിൽ എത്തിയത്, കുട്ടനാട് സീറ്റ് കണ്ണൂ വെച്ചുകൊണ്ടാണ് എന്ന പ്രചാരണം വ്യാപകമായി നടക്കുന്നുണ്ട്. പാർട്ടി ചെയർമാൻ പി ജെ ജോസഫ്, റെജി ചെറിയാന് സീറ്റ് വാഗ്ദാനം ചെയ്തു എന്നാണ് പറയുന്നത്. ഇതോടൊപ്പം കുട്ടനാട് മണ്ഡലത്തിലും ആലപ്പുഴയിലും മറ്റൊരു പ്രചരണം കൂടി നടക്കുന്നുണ്ട്. വലിയ സമ്പന്നനായ റെജി ചെറിയാൻ വലിയ തുക പി ജെ ജോസഫിന് നൽകിയാണ് സീറ്റ് ഉറപ്പിച്ചിരിക്കുന്നത് എന്നതാണ് ഈ പ്രചരണം. ഇതിൻറെ പേരിൽ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൽ ഒരു വിഭാഗം നേതാക്കൾ ശക്തമായ എതിർപ്പ് പുറപ്പെടുവിക്കുന്നുമുണ്ട്.
ജോസഫ് ഗ്രൂപ്പിൻറെ കുട്ടനാട്ടിലെ സ്ഥാനാർഥി ആരായിരിക്കും എന്ന കാര്യത്തിൽ തർക്കങ്ങൾ ഉടലെടുത്ത സാഹചര്യം മുതലെടുത്തുകൊണ്ടാണ് ജില്ലയിലെ കോൺഗ്രസ് നേതാക്കൾ കുട്ടനാട് മണ്ഡലം പാർട്ടിക്ക് കിട്ടണം എന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് മറ്റ് എവിടെയെങ്കിലും കുട്ടനാടിന് അപകരമായി സീറ്റ് നൽകിക്കൊണ്ട്, കുട്ടനാട് കോൺഗ്രസ് ഏറ്റെടുക്കണം എന്നാണ് ഇവർ വാദിക്കുന്നത്. കുട്ടനാട്ടിലെ ശക്തമായ കോൺഗ്രസ് പാർട്ടിയുടെ അണികൾക്ക് സീറ്റ് കിട്ടുക എന്നത് വലിയ ആവേശം പകരുന്ന കാര്യമായിരിക്കുമെന്നും നേതാക്കൾ പറയുന്നുണ്ട്.