നരേന്ദ്ര മോദിയുടെ അഴിമതി വിരുദ്ധം വെറും തട്ടിപ്പ്

ഭരണ തലത്തിൽ വ്യാപക അഴിമതി... സർക്കാരിനെതിരെ പരാതിയുമായി ആർ എസ് എസ് എസും

മൂന്നാമതും അധികാരത്തിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ഭരണകൂടവും എപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത് അഴിമതിക്കെതിരെയുള്ള പ്രവർത്തനങ്ങളുടെ ഉറപ്പാണ്. അതുപോലെതന്നെ മുൻകാലങ്ങളിൽ സ്വാതന്ത്ര്യത്തിനു ശേഷം രാജ്യം ഭരിച്ച കോൺഗ്രസ് സർക്കാരുകൾ അഴിമതി നടത്തി രാജ്യം മുടിച്ചു എന്ന് പറയുന്നതും ബിജെപി നേതാക്കളും പ്രധാനമന്ത്രിയും ആയിരുന്നു. എന്നാൽ ഇപ്പോൾ ഉത്തരേന്ത്യയിൽ നടക്കുന്ന പല സംഭവങ്ങളും പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ തിരിഞ്ഞു കുത്തുന്ന അനുഭവമാണ്. കൊട്ടിഘോഷിച്ചു കൊണ്ട് ബിജെപിയും പ്രധാനമന്ത്രിയും തുടങ്ങിവച്ച പല വൻകിട പദ്ധതികളും തകർന്നടിയുന്ന സ്ഥിതി ഉണ്ടായതാണ് ഈ പരാതി ഉയരാൻ കാരണം. ഏറ്റവും ഒടുവിൽ ബിജെപി എന്ന രാഷ്ട്രീയപാർട്ടിയുടെ ശക്തി കേന്ദ്രമായ ആർ എസ് എസ്, പ്രധാനമന്ത്രിക്കും ബിജെപി ഭരണകൂടത്തിനും എതിരെ ശബ്ദിക്കുന്ന സാഹചര്യവും ഉണ്ടായിരിക്കുകയാണ്.

ബിജെപി സർക്കാർ വലിയ നേട്ടമായി ഉയർത്തിക്കാട്ടിയ ഒന്നായിരുന്നു ശ്രീരാമ ക്ഷേത്ര നിർമ്മാണവും അതിൻറെ ഉദ്ഘാടനവും. എല്ലാ ആചാരങ്ങളും മറികടന്നു കൊണ്ട് ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെ ഉദ്ഘാടന കർമ്മം പോലും പ്രധാനമന്ത്രിയെ കൊണ്ട് ചെയ്യിക്കുന്ന സ്ഥിതി ഉണ്ടായിരുന്നു. രാജ്യത്തുള്ള ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കൾ മുഴുവൻ ജയിച്ചിരിക്കുന്നു എന്ന് പറഞ്ഞു കൊണ്ടാണ് അയോധ്യ ക്ഷേത്ര ഉദ്ഘാടനം ബിജെപി നേതൃത്വം നടത്തിയത്. എന്നാൽ യഥാർത്ഥത്തിൽ ക്ഷേത്രം സ്ഥിതി ചെയ്യുന്ന അയോധ്യ പ്രദേശത്ത് ജനങ്ങൾ പലതരത്തിലുള്ള പരാതികളും ക്ഷേത്ര ഉദ്ഘാടനത്തിന്മുൻപു തന്നെ ഉയർത്തിയിരുന്നു. അയോധ്യ ക്ഷേത്ര നിർമ്മാണത്തിനായി ഏക്കർ കണക്കിന് ഭൂമി വാങ്ങിയതിൽ ബിജെപി നേതാക്കൾ വലിയ അഴിമതി നടത്തി എന്നും ക്ഷേത്ര പരിസര പ്രദേശങ്ങളിൽ ചെറിയ വിലയ്ക്ക് ബിജെപി നേതാക്കൾ വസ്തു വാങ്ങി വലിയ വിലയ്ക്ക് വില്പന നടത്തുന്ന റിയൽ എസ്റ്റേറ്റ് കച്ചവടവും ഉണ്ടായി എന്നുമാണ് ആദ്യം ഉയർന്ന ആരോപണം.

പലതരത്തിലുള്ള പരാതികളും അയോധ്യ ക്ഷേത്രത്തിൻറെ പേരിൽ മുഴങ്ങി നിൽക്കുന്നതിനിടയിലാണ് ഉദ്ഘാടനം നടന്ന് രണ്ടുമാസം മാത്രം കഴിഞ്ഞപ്പോൾ ക്ഷേത്ര ശ്രീകോവിലിന്റെ മേൽക്കൂര ചോർന്നൊലിക്കുന്ന അനുഭവം ഉണ്ടായത്. പൂജ വരെ മുടങ്ങുന്ന സാഹചര്യത്തിലാണ് മഴയുടെ വെള്ളം ചോർന്നൊലിച്ചത് എന്ന പരാതി പറഞ്ഞത് ക്ഷേത്രത്തിലെ മുഖ്യ പുരോഹിതൻ തന്നെ ആയിരുന്നു. വലിയതോതിൽ ഉണ്ടായ മഴവെള്ള ചോർച്ച മൂലം ക്ഷേത്രത്തിനകത്ത് ഭക്ത ജനങ്ങൾക്ക് കടക്കാൻ കഴിയാത്ത സ്ഥിതി വരെ ഉണ്ടായി. ക്ഷേത്ര നിർമിതിയിൽ ക്ഷേത്ര ഭരണസമിതി മറികടന്നുകൊണ്ട് ബിജെപിയുടെ ചില നേതാക്കൾ അഴിമതി നടത്തിയതിന്റെ ഫലമായിട്ടാണ് നിർമാണത്തിൽ തകരാറ് ഉണ്ടായത് എന്ന പരാതി ഉയരുകയുണ്ടായി. ഇത് മാത്രമല്ല, ക്ഷേത്ര പരിസരത്ത് വലിയ തോതിലുള്ള വികസനത്തിന്റെ ഭാഗമായി നിർമ്മിച്ച ആധുനിക രീതിയിലുള്ള 14 കിലോമീറ്റർ ദൂരത്തിലുള്ള റോഡ് ഉദ്ഘാടന ശേഷം വലിയ മഴയുണ്ടായപ്പോൾ പൂർണ്ണമായും തകർന്നത് റോഡ് നിർമ്മാണത്തിൽ അഴിമതി ഉണ്ടായതിന്റെ തെളിവായിയും പറയുന്നുണ്ട്.

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപാണ് വലിയ വീരവാദങ്ങൾ ഉയർത്തിക്കൊണ്ട് രാജ്യത്തിന് പുതിയ ഒരു പാർലമെൻറ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ഉദ്ഘാടനം ചെയ്തത്. ആയിരം കോടിയോളം രൂപ ചെലവ് ചെയ്താണ് പുതിയ പാർലമെൻറ് മന്ദിരം പണി നടത്തിയത്. മാത്രവുമല്ല, പാർലമെൻറ് മന്ദിരത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളിൽ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരുന്ന അമിത് ഷാ നേരിട്ടുതന്നെയാണ് മേൽനോട്ടം നടത്തിയിരുന്നത്. സഹായികളായി ബിജെപിയുടെ കേന്ദ്ര നേതാക്കളും ഒപ്പം ഉണ്ടായിരുന്നു. ഈ വിധത്തിൽ വലിയ ആധുനിക സജ്ജീകരണങ്ങളും സൗകര്യങ്ങളും ഉള്ള പാർലമെൻറ് മന്ദിരം ഉദ്ഘാടനം ചെയ്ത് വെറും മാസങ്ങൾ കഴിഞ്ഞപ്പോൾ പാർലമെൻറ് മന്ദിരത്തിന്റെ ലോബിയിൽ വലിയതോതിൽ മഴവെള്ള ചോർച്ച ഉണ്ടായി. പാർലമെൻറിൽ അടക്കം ഈ വിഷയം വലിയ ബഹളത്തിന് വഴിയൊരുക്കിയതാണ്. എന്നാൽ പാർലമെൻറ് സെക്രട്ടറിയേറ്റ് അടിയന്തരമായി ഇടപെട്ട് താൽക്കാലിക പണികൾ നടത്തി ചോർച്ച തടയുകയാണ് ഉണ്ടായത്.

പ്രധാനമന്ത്രിപദത്തിൽ ഇരുന്നുകൊണ്ട് നരേന്ദ്രമോദി മറ്റൊരു വലിയ ഉദ്ഘാടനം കൂടി നടത്തിയിരുന്നു. അത് മഹാരാഷ്ട്രയിലെ ബോംബെയ്ക്ക് അടുത്ത് രാജ്കോട്ടിലെ സിന്ധു ദുർബിൽ ഛത്രപതി ശിവജിയുടെ കൂറ്റൻ പ്രതിമ ആയിരുന്നു. 35 അടിയിലധികം ഉയരമുള്ള ഭീമൻ പ്രതിമയാണ് അന്ന് നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ വർഷം ഡിസംബർ മാസം നാലാം തീയതി നാവിക ദിനംത്തോടനുബന്ധിച്ച് ആയിരുന്നു ശിവജിയുടെ കൂറ്റൻ പ്രതിമ ജനങ്ങൾക്കായി തുറന്നു കൊടുത്തത്. ആറുമാസം കഴിഞ്ഞ് ഈ കഴിഞ്ഞ ദിവസമാണ് ശിവജിയുടെ കൂറ്റൻ പ്രതിമ പൂർണമായും തകർന്നുവീണത്. പ്രതിമ ഇരുന്ന പീഠത്തിൽ ശിവജിയുടെ കാൽപാദം മാത്രമാണ് അവശേഷിച്ചത്. ശരീരഭാഗം കഷണങ്ങളായി ചിതറി തെറിക്കുന്ന സ്ഥിതിയുണ്ടായി. പ്രതിമ നിർമ്മാണം നാവികസേനയുടെ മേൽനോട്ടത്തിൽ നടത്തും എന്നായിരുന്നു തുടക്കത്തിൽ മഹാരാഷ്ട്ര സർക്കാർ പറഞ്ഞതെങ്കിലും, പ്രതിമ നിർമ്മാണവും അതിനോട് അനുബന്ധിച്ചുള്ള വികസന പ്രവർത്തനങ്ങളും ബിജെപി നേതാക്കളുടെയും സംസ്ഥാന സർക്കാരിന്റെയും നിയന്ത്രണത്തിൽ മാത്രമാണ് നടന്നത് എന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്തകൾ.

ഏതായാലും ഒരു കാര്യം വ്യക്തമാണ്. രാജ്യത്ത് വലിയ അത്ഭുതങ്ങൾ എന്ന് പറഞ്ഞുകൊണ്ട് ബിജെപി നേതാക്കളും പ്രധാനമന്ത്രി നരേന്ദ്രമോദിയും ജനങ്ങൾക്കുവേണ്ടി തുറന്നുകൊടുത്ത പല പദ്ധതികളും തകർച്ചയുടെ ഭീഷണി നേരിടുകയാണ്. ഏത് വമ്പൻ പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കുമ്പോഴും അതിൻറെയാകെ നിയന്ത്രണം ഓരോ പദ്ധതിയും നടക്കുന്ന സ്ഥലങ്ങളിലെ ബിജെപിയുടെ നേതാക്കളിൽ എത്തുന്നു എന്നതാണ് വസ്തുത. അയോധ്യ, ക്ഷേത്രം, പാർലമെൻറ് മന്ദിരം, ശിവജി പ്രതിമ. ഇത് മൂന്നും കേന്ദ്രസർക്കാരിൻറെ മഹത്തായ സംഭാവന എന്ന് പറഞ്ഞുകൊണ്ട് രാജ്യത്തിന് സമർപ്പിച്ചതാണ്. അത്തരം പദ്ധതികളാണ് തകർച്ചയിലേക്ക് എത്തിയത്. അപ്പോൾ എല്ലാം ശുദ്ധമായും അഴിമതിയില്ലാതെയും നടത്തുകയാണ്. താനും തൻറെ സർക്കാരും എന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗ്യാരണ്ടി വെറും വാക്കുകൾ മാത്രമാണ് എന്നാണ് ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നത്.