വീട്ടുമുറ്റത്ത് ഒരു പന്തൽ.. പന്തലിന് നടുവിൽ ഒരു മണ്ഡപം.. ആ മണ്ഡപത്തിൽ അണിഞ്ഞൊരുങ്ങിയ വധൂവരന്മാർ… രക്ഷിതാക്കളും പൂജാകർമ്മങ്ങളും നടത്തുന്നവരും മുന്നിലിരിക്കുന്ന ബന്ധുക്കളെയും നാട്ടുകാരെയും സാക്ഷിയാക്കി മംഗല്യ കർമ്മം നിർവഹിക്കും… ഇതായിരുന്നു കേരളീയർ കണ്ടിട്ടുള്ള വിവാഹത്തിൻറെ ആചാരവും നടത്തിപ്പും. ഇന്നിപ്പോൾ കാലം മാറിയിരിക്കുന്നു. വിവാഹം പുതിയ തലമുറ ചെറുപ്പക്കാരുടെ ആവേശങ്ങളും ഒത്തുചേരലുകളും പാട്ടും കൂത്തും ഒക്കെ അരങ്ങേറുന്ന വെറും പൂരപ്പറമ്പ് പോലെ ആയി മാറുന്ന കാഴ്ചയാണ് കാണുന്നത്. രക്ഷിതാക്കൾ മകനോ മകൾക്കോ കുടുംബ ജീവിതത്തിലേക്ക് കടക്കുന്നതിന് വേണ്ടി വരനെയോ വധുവിനെയോ കണ്ടുപിടിച്ചു വിവാഹ ബന്ധത്തിലൂടെ ആ ചടങ്ങ് അവസാനിപ്പിക്കുന്ന രീതിയോടും പുതിയ തലമുറ അടുക്കുന്നില്ല. യുവാവും യുവതിയും കണ്ടുമുട്ടുന്നു. അത് ഓൺലൈനിലൂടെ ആയിരിക്കാം. കാണാനും കേൾക്കാനും കഴിയുന്നതോടുകൂടി ഇഷ്ടം പ്രണയമായി മാറുന്നു. ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ഒക്കെയാണ് വധുവിനെയും വരനെയും പുതുതലമുറ കണ്ടെത്തുന്നത്. ഇത്തരത്തിൽ ബന്ധത്തിലേക്ക് കടന്നുവരുന്ന ചെറുപ്പക്കാർ ജീവിതപങ്കാളിയാക്കാൻ തീരുമാനിക്കുന്ന ആളിന്റെ കഴിഞ്ഞകാല ചരിത്രം ഒന്നും യഥാർത്ഥത്തിൽ അറിയുന്നില്ല. പെട്ടെന്നുള്ള ആവേശം ഇഷ്ടമായി. പിന്നീട് പ്രണയമായും മാറി. അത് വിവാഹ ബന്ധത്തിലേക്ക് കടക്കുന്ന കാഴ്ചയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ നാം കാണുന്ന മറ്റൊരു ദുരന്ത കാഴ്ച കൂടിയുണ്ട്. എങ്ങനെ വേഗത്തിൽ ഇഷ്ടം കൂടുകയും പ്രണയം ആവുകയും വിവാഹത്തിൽ എത്തുകയും ചെയ്തുമോ, അതേ വേഗത്തിൽ ബന്ധം വേർപെടുത്തുന്ന പുതുതലമുറ യുവതീയുവാക്കളുടെ കഥകളും ആവർത്തിക്കപ്പെടുകയാണ്. ഇത് കാണുമ്പോൾ പുതിയ തലമുറ തിരിച്ചറിയേണ്ടത് എവിടെയോ താളം തെറ്റൽ ഉണ്ടായിരിക്കുന്നു എന്നതാണ്.
ഇഷ്ടപ്പെട്ട വിവാഹ ജീവിതത്തിലേക്ക് എത്തുന്ന യുവതി യുവാക്കൾ കൂടിക്കൊണ്ടിരിക്കുന്ന കാലത്ത്, വിവാഹങ്ങൾക്കും അതിൻറെ രീതികൾക്കും മാറ്റങ്ങൾ വന്നിരിക്കുന്നു. നേരത്തെ പറഞ്ഞതുപോലെ രക്ഷിതാക്കൾ ആലോചിച്ചു കണ്ടെത്തി കുടുംബ ജീവിതത്തിലേക്ക് മക്കളെ എത്തിക്കുന്നു. ചടങ്ങുകൾക്ക് പകരം പുതിയ തലമുറ കടന്നെത്തിയിരിക്കുന്നത് ഒരു പരിധിയുമില്ലാത്ത ആഘോഷവേളകളുടെ അരങ്ങുകൾ തീർക്കാനും അതുവഴി ആടിപ്പാടി നടക്കാനും ഒക്കെയാണ്.
രക്ഷിതാക്കൾ വധൂവരന്മാരെ തീരുമാനിച്ചു കഴിഞ്ഞാൽ വിവാഹനിശ്ചയം എന്ന ഒരു ചടങ്ങ് ഉണ്ടാകും. അതുകഴിഞ്ഞാൽ വലിയതോതിൽ ആൾക്കാർ പങ്കെടുക്കുന്ന വിവാഹം എന്ന ചടങ്ങ് ഉണ്ടാകും. ഇതോടുകൂടി അവസാനിക്കും. ഇന്ന് അതല്ല സ്ഥിതി. വിവാഹ നിശ്ചയം പിന്നെ സേവ് ദ ഡേറ്റ്, അത് കഴിഞ്ഞാൽ ഫോട്ടോ ഷൂട്ട്, അതും കഴിഞ്ഞാൽ ബാച്ചിലർ പാർട്ടി, പിന്നെ മെഹന്ദി, പിന്നെ സംഗീത മേളകൾ, ഇതും കഴിഞ്ഞാൽ വിവാഹം, പിന്നെ സൽക്കാരം, അത് പല സ്ഥലങ്ങളിൽ. ഇങ്ങനെ ദിവസങ്ങൾ നീളുന്ന പരിപാടികളിലൂടെയാണ് പുതുതലമുറ വിവാഹങ്ങൾക്ക് അവസാനം ഉണ്ടാകുന്നത്. യഥാർത്ഥത്തിൽ ബഹുനില കെട്ടിടങ്ങൾ എന്നൊക്കെ പറയുന്നതുപോലെ ബഹുനില വിവാഹ പരിപാടിയാണ് ഇപ്പോൾ കണ്ടുവരുന്നത്. ഇവിടെ ശ്രദ്ധിക്കേണ്ടത് ഇതിനൊക്കെ വരുന്ന വലിയ സാമ്പത്തിക ബാധ്യതകൾ ആര് വഹിക്കുന്നു എന്നതാണ്. കഴിഞ്ഞ ദിവസമാണ് യുണൈറ്റഡ് നേഷൻസ് ഉദ്യോഗസ്ഥനും പൊതു പ്രവർത്തകനും ആയ മുരളി തുമ്മാരുകുടി ഇപ്പോൾ നടക്കുന്ന പുതുതലമുറ വിവാഹങ്ങളെ പറ്റി സത്യസന്ധമായ ചില വിലയിരുത്തലുകൾ നടത്തിയത്. അദ്ദേഹം ഈ ബഹുനില വിവാഹ ഏർപ്പാടുകളെ വലിയ തോതിൽ വിമർശിക്കുന്നുമുണ്ട്. അദ്ദേഹം പറഞ്ഞുവെച്ച മറ്റൊരു അഭിപ്രായം ഇതാണ്… മക്കൾ വിവാഹിതരാകുമ്പോൾ എങ്ങനെ വിവാഹം നടത്തണം എന്നത് അവരാണ് തീരുമാനിക്കുന്നത് എങ്കിൽ അതിൻറെ ചെലവ് ബാധ്യത കൂടി മക്കൾ ഏറ്റെടുക്കാൻ തയ്യാറാകണം. അതല്ലെങ്കിൽ രക്ഷിതാക്കൾ പണിയെടുത്ത് ഉണ്ടാക്കിയ എല്ലാം തീരുന്ന സ്ഥിതിയാകും. ഇപ്പോൾ കണ്ടുവരുന്ന പുതിയ തലമുറ വിവാഹ ഏർപ്പാടുകൾക്ക് എന്തെല്ലാം ചെലവുകളാണ് എന്നതും അദ്ദേഹം എടുത്തു പറയുന്നുണ്ട്. വിവാഹം നടക്കുന്ന ആർഭാഢ അലങ്കാര ചെലവുകൾ, വലിയ ആളുകൾ പങ്കെടുക്കുന്ന സംഗീത പരിപാടിയുടെ ചെലവുകൾ, വാദ്യമേള ചെലവുകൾ, ഭക്ഷണ ചെലവുകൾ, വധുവരന്മാർക്കും ബന്ധുക്കൾക്കും വേണ്ട ആടയാഭരണങ്ങളുടെ ചെലവുകൾ, ഇവൻറെ മാനേജ്മെൻറ് ചിലവുകൾ, ബ്യൂട്ടീഷൻമാരുടെ ചെലവുകൾ, ഫോട്ടോ വീഡിയോ ചെലവുകൾ. ഇങ്ങനെ കുടുംബം പണയപ്പെടുത്തേണ്ട ബാധ്യത ഉണ്ടാക്കുന്ന ചെലവുകളാണ് ഇപ്പോഴുള്ളത്.
പുതിയ തലമുറ വിവാഹ ആഘോഷ ആവേശത്തിൽ തിമിർക്കുമ്പോൾ മറുവശത്ത് അച്ഛനമ്മമാർ ഇതിനുവഹിക്കേണ്ടിവരുന്ന ചിലവിന്റെ കാര്യത്തിൽ അങ്കലാപ്പിലാകുന്നത് ആരും കാണുന്നില്ല. സമ്പന്നന്മാർ മക്കളെ വിവാഹിതരാക്കാൻ കോടികൾ വാരിയെറിയുന്ന വാർത്തകൾ ഇടയ്ക്ക് പുറത്തുവരുന്നുണ്ട്. ഇത് കണ്ടും കേട്ടുമില്ലാത്തവർ അതിനൊപ്പം തുള്ളാൻ ശ്രമിച്ചാൽ മൂടും കുത്തി താഴെ വീഴുന്ന അവസ്ഥയാകും ഉണ്ടാവുക. മാത്രവുമല്ല, ഇടത്തരക്കാരും ഇത്തരത്തിൽ ആഘോഷത്തിൽ വിവാഹം നടത്തി ആറുമാസം പോലും തികയുന്നതിന് മുൻപ് ഭാര്യയും ഭർത്താവും പരസ്പരം പിണങ്ങി, പരിഹാരം ഇല്ലാതെ വിവാഹമോചനത്തിന് കോടതിയിൽ കയറുന്ന അനുഭവങ്ങളും കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇപ്പോൾ കണ്ടുവരുന്ന അനാവശ്യ വിവാഹ ആഘോഷങ്ങളും ധൂർത്തും എന്തിനുവേണ്ടി എന്ന് ചിന്തിക്കാൻ എങ്കിലും നമ്മുടെ പുതുതലമുറ യുവതി യുവാക്കൾ തയ്യാറാകണം എന്നാണ് അഭ്യർത്ഥിക്കാനുള്ളത്.