ആരും പുണ്യാളന്മാർ ആകേണ്ട.

സിനിമക്കാരേക്കാൾ പീഡനക്കാർ രാഷ്ട്രീയത്തിൽ.

മുകേഷ് ഒരു സിനിമാനടൻ മാത്രമല്ല കൊല്ലം നിയമസഭ മണ്ഡലത്തിലെ ജനപ്രതിനിധിയാണ്. അതുപോലെതന്നെ സിപിഎം എന്ന വലിയ പാർട്ടിയുടെ പ്രതിനിധിയും ആണ്. അങ്ങനെയുള്ള മുകേഷിന്റെ പേരിൽ സ്ത്രീ പീഡന കേസ് ഉണ്ടായതിനെ തുടർന്ന് മുകേഷിന്റെ രാജി ആവശ്യപ്പെട്ട് പലരും രംഗത്ത് വന്നിരിക്കുകയാണ്.മുകേഷ് പീഡിപ്പിച്ചു എന്ന് പറഞ്ഞുകൊണ്ട് പരാതിയുമായി എത്തിയത് ഒരാൾ മാത്രമല്ല അദ്ദേഹത്തിൻറെ ആദ്യഭാര്യ അടക്കം പരാതിക്കാരായ ആൾക്കാർക്ക് ഒപ്പം ഉണ്ട്.ഇത്തരത്തിൽ പലരുടെ കേസുകൾ നിലവിലുള്ള സാഹചര്യത്തിൽ പോലീസ് അറസ്റ്റിലേക്ക് എത്തേണ്ടി വരും എന്ന ചർച്ചയും നടക്കുന്നുണ്ട്.എന്നാൽ മാധ്യമ ലോകത്ത് മുകേഷിന്റെ രാജി വലിയ ചർച്ചയായി നിൽക്കുമ്പോൾ ഇത്രയ്ക്ക് ആധികാരികമായി മുകേഷിന്റെ രാജി ആവശ്യപ്പെടാൻ ഏത് രാഷ്ട്രീയ പാർട്ടിക്കാണ് അവകാശം ഉള്ളത് എന്ന കാര്യം ആലോചിക്കേണ്ടതാണ്. സിനിമയിൽ മാത്രമല്ല രാഷ്ട്രീയക്കാരിലും മന്ത്രിമാരിലും അടക്കം സ്ത്രീ പീഡന പരാതികൾ മുൻകാലങ്ങളിൽ ഉണ്ടായിട്ടുണ്ട്.ഇപ്പോൾ മുകേഷിന്റെ രാജി ആവശ്യപ്പെടുന്നത് കേരളത്തിലെ പ്രതിപക്ഷ പാർട്ടികളെ നയിക്കുന്ന നേതാക്കന്മാരാണ്.മുകേഷ് രാജിവെക്കണം എന്ന കാര്യത്തിൽ പൊതു ജനങ്ങൾക്ക് അഭിപ്രായമുണ്ട്.എന്നാൽ മുകേഷിന്റെ രാജി ആവശ്യപ്പെടുന്ന കോൺഗ്രസ് പാർട്ടിയിലെ രണ്ട് എംഎൽഎമാർ സ്ത്രീ പീഡനക്കേസിൽ കുടുങ്ങി ഒരാൾ ജയിലിലും ഒരാൾ ഒളിവിലും കഴിഞ്ഞപ്പോൾ ഇവരെക്കൊണ്ട് രാജി എഴുതി വാങ്ങിക്കാൻ ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ല എന്ന ചരിത്രം നമ്മുടെ മുന്നിൽ ഉണ്ട്

 

 

 

കേരളത്തിൻറെ ഭരണപരമായും രാഷ്ട്രീയമായും ഉള്ള കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാൽ.പല പ്രമാണിമാരും സ്ത്രീപീഡനം കേസുകളിൽ പെട്ടിട്ടും അധികാര കസേരയിൽ കടിച്ചു തൂങ്ങിയ സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്.പദവി ഒഴിയുക എന്നത് ആ വ്യക്തിയെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമുണ്ടാക്കുന്ന കാര്യമാണല്ലോ. അതുകൊണ്ടുതന്നെയാണ് എത്ര വലിയ ക്രിമിനൽ കേസിൽ പെട്ടാലും ഇരിക്കുന്ന കസേര വിടാൻ എല്ലാവരും മടി കാണിക്കുന്നത്1996 മുതൽ 2001 വരെയുള്ള നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന ഒരു പ്രമുഖൻ ഉണ്ട്. നീല ലോഹിതദാസ് എന്ന ഈ മന്ത്രി ഭരണത്തിനിടയിൽ ഒരു സീനിയർ ഐ എ എസ് കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പരാതി പുറത്തുവരികയും സംഭവം വലിയ പ്രശ്നമായി വളരുകയും ചെയ്തപ്പോൾ പ്രതിയായ നീല ലോഹിത ദാസൻ നാടാർ തൻറെ മന്ത്രി പദം രാജിവെച്ചതല്ലാതെ നിയമസഭ അംഗത്വം രാജി വെച്ചില്ല.കാലാവധി തീരും വരെ ആ പദവിയിൽ തുടരുകയും ചെയ്തു.തൊട്ടുപിറകെ വലിയ കോളിളക്കം സൃഷ്ടിച്ച ഐസ്ക്രീം പാർലർ കേസ് പുറത്തുവന്നു.മുസ്ലിം ലീഗ് പാർട്ടിയുടെ തലവനായിരുന്ന മന്ത്രി പദത്തിലുള്ള പി കെ കുഞ്ഞാലിക്കുട്ടിയാണ് ഈ കേസിൽ പ്രതിയായി മാറിയത്.വലിയ പ്രതിഷേധം ഈ വിഷയത്തിൽ ഉണ്ടായിട്ടും കുഞ്ഞാലിക്കുട്ടി രാജിവയ്ക്കാതെ രണ്ടുമാസത്തോളം ഉരുണ്ടു കളിച്ചു.ഒടുവിൽ ഗതികെട്ട് മന്ത്രി പദം ഒഴിഞ്ഞെങ്കിലും നിയമസഭാ അംഗത്വം വിട്ടില്ല

 

 

2006 കാലത്ത് വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായ മന്ത്രിസഭയിൽ മന്ത്രിയായിരുന്ന കേരള കോൺഗ്രസ് നേതാവ് പി ജെ ജോസഫ് വിമാനയാത്രയ്ക്കിടയിൽ ഒരു യാത്രക്കാരിയെ കയറിപ്പിടിച്ച സംഭവം വലിയ ഭൂകമ്പമായി മാറി.ഒടുവിൽ നിൽക്കക്കള്ളി ഇല്ലാതെ ജോസഫിന് മന്ത്രി പദം ഒഴുകേണ്ടിവന്നു.അപ്പോഴും നിയമസഭാ അംഗത്വം കൈവിടാൻ അദ്ദേഹം തയ്യാറായില്ല.പിന്നീടാണ് ജനതാദൾ നേതാവായ മന്ത്രി ജോസ് തെറ്റയിലിന് എതിരെ ഒരു അഭിഭാഷക പീഡന പരാതിയുമായി എത്തിയത്.ജോസ് തെറ്റയിൽ എന്ന മന്ത്രി അവരുമായി കിടക്ക പങ്കിടുന്ന വീഡിയോ വരെ പുറത്തുവന്നപ്പോൾ മന്ത്രിക്ക് പിടിച്ചുനിൽക്കാൻ കഴിയാതെ വന്നു.അദ്ദേഹവും ഒട്ടും ഇഷ്ടപ്പെടാതെ മന്ത്രി കസേര ഒഴിഞ്ഞു.എന്നാൽ നിയമസഭാ അംഗത്വം കൈവിട്ടുമില്ല

 

ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായിരുന്ന എ കെ ശശീന്ദ്രൻ ഹണി ട്രാപ്പിൽ കുടുങ്ങി പീഡനക്കേസിൽ പ്രതിയായി കുറച്ചുകാലം ഒക്കെ ഉരുണ്ടു കളിച്ച നടന്നെങ്കിലും ഒടുവിൽ പ്രതിഷേധം ശക്തമായപ്പോൾ അദ്ദേഹം മന്ത്രിക്കസേര വിടുകയും എംഎൽഎ ആയി തുടരുകയും ചെയ്തു.2017 ൽ വിഴിഞ്ഞം എം എൽ എ ആയ വിൻസറിനെതിരെ പീഡന പരാതി കേസ് വന്നപ്പോൾ വിൻൻസെന്റ് അറസ്റ്റിൽ ആവുകയും ജയിലിൽ കഴിയുകയും ചെയ്യുന്ന സ്ഥിതി ഉണ്ടായെങ്കിലും അദ്ദേഹം തൻറെ നിയമസഭാ അംഗത്വം വിട്ടില്ല.അതി രൂക്ഷമായ പ്രതിഷേധങ്ങളും പരാതികളും ആണ് കോൺഗ്രസ് എം എൽ എ ആയ വിൻസെൻറ്നെതിരെ അന്ന് ഉണ്ടായത്.എന്നാൽ വിൻസെന്റിന്റെ നിയമസഭാ അംഗത്വം രാജിവെക്കുന്ന വിഷയത്തിൽ കോൺഗ്രസ് നേതൃത്വം മൗനം പാലിക്കുകയാണ് ചെയ്തത്2022ൽ ആയിരുന്നു പെരുമ്പാവൂർ എംഎൽഎ ആയ എൽദോസ് കുന്നപ്പള്ളി സ്ത്രീപീഡനക്കേസിൽ കുടുങ്ങിയത്.കോവളത്ത് വച്ച് ഒരു സ്ത്രീയെ ശാരീരികമായി മർദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്തു എന്ന കേസ് പോലീസിൽ എത്തിയപ്പോൾ അറസ്റ്റിനെ ഭയന്നുകൊണ്ട് ഏറെ നാൾ ഒളിവിൽ കഴിയുന്ന നിയമസഭാംഗത്തെയാണ് നമ്മൾ കണ്ടത്.എൽദോസ് കുന്നപ്പള്ളി രാജി വയ്ക്കണമെന്ന് ആവശ്യപ്പെടാനും ഒരു കോൺഗ്രസ് നേതാവും തയ്യാറായില്ല

ഏറ്റവും ഒടുവിൽ കോൺഗ്രസിലെയും മറ്റു ചില പാർട്ടികളിലെയും നേതാക്കന്മാരെ പ്രതികളാക്കി ഉയർന്നുവന്ന കേസ് ആയിരുന്നു സോളാർ കേസ്.മുഖ്യമന്ത്രി പദത്തിൽ ഇരുന്ന ഉമ്മൻചാണ്ടി.. എം എൽ എ മാരായ അനിൽകുമാർ.അബ്ദുള്ളക്കുട്ടി തുടങ്ങിയവരും ലോകസഭ അംഗങ്ങളായ അടൂർ പ്രകാശ്.ജോസ് കെ മാണി.കെ സി വേണുഗോപാൽ തുടങ്ങിയവരും ഒക്കെ കേസിൽ പേര് പറയപ്പെട്ടു.എങ്കിലും ധാർമികത എന്ന പേര് പറഞ്ഞ് സത്യം തെളിയും വരെ മാറി നിൽക്കാൻ ഒരാളും തയ്യാറായില്ല.ലോകസഭാ അംഗമായും നിയമസഭാ അംഗമായും ഇവരൊക്കെ തുടരുകയാണ് ചെയ്തത്ഇപ്പോൾ ചലച്ചിത്രതാരവും നിയമസഭാ അംഗവുമായ മുകേഷ് പല സ്ത്രീകൾ നൽകിയ പരാതികളുടെ അടിസ്ഥത്താനത്തിൽ പ്രതിയായി മാറിയിരിക്കുകയാണ്.മുൻകാല ചരിത്രം അറിയാവുന്ന മുകേഷിന്റെ പാർട്ടിയായ സിപിഎമ്മിന്റെ നേതാക്കളും സൗകര്യപൂർവ്വം മുകേഷിന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണ്.ഈ മൗനം ചോദ്യം ചെയ്യാൻ നിലവിൽ കേരളത്തിലെ ഒരു രാഷ്ട്രീയപാർട്ടിക്കും കഴിയാത്ത സ്ഥിതി ഉണ്ട്.കാരണം മഹാഭാരതത്തിൽ പറയുന്നതുപോലെ അമ്പു കൊള്ളാത്തവർ ഇല്ല കുരുക്കളിൽ – എന്ന സ്ഥിതിയിലാണ് എല്ലാ രാഷ്ട്രീയ പാർട്ടിയും എത്തിനിൽക്കുന്നത് എല്ലാ പാർട്ടികളിലും പെട്ട ആരെങ്കിലും ഒക്കെ ഏതെങ്കിലും അവസരങ്ങളിൽ സ്ത്രീ പീഡന കേസുകളിൽ പ്രതികളായിട്ടുണ്ട് എന്നത് തന്നെയാണ് ഇതിന് കാരണം.