ഇത് കളി വേറെയാണ്…

ജയരാജന്റെ കൺവീനർ പദവി വിടൽ സിപിഎം തന്ത്രം.

കുഴിയിൽ വീഴാനും, വീഴിക്കാനും, വീണ കുഴിയിൽ നിന്നും പിടിച്ചു കയറ്റാനും ഒക്കെയുള്ള രാഷ്ട്രീയ തന്ത്രങ്ങളിൽ എപ്പോഴും മുന്നിൽ നിർത്തുന്ന പാർട്ടിയാണ് സിപിഎം… സി പി എമ്മിന്റെ നേതാക്കൾക്ക് ഇത്തരം കാര്യങ്ങളിൽ വലിയ വൈദഗ്ധ്യം ഉണ്ട്. അതുകൊണ്ടാണ് ഏറെനാൾ മുമ്പ് തന്നെ പിണറായി പറഞ്ഞിട്ടുള്ളത് – ഈ പാർട്ടിയെപ്പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല എന്ന്. ശരിയാണ് കേരളത്തിലെ സിപിഎമ്മിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും നേതാക്കളുടെ പോക്കിനെ കുറിച്ചും യഥാർത്ഥത്തിൽ പൊതുജനത്തിന് ഒന്നും അറിയില്ല. ഒരു നേതാവ് പറയുന്നു, ഇടത്തും വലത്തും നിൽക്കുന്ന ആളുകൾ അത് അതേപടി അനുസരിക്കുന്നു. അങ്ങനെ പാർട്ടി മാത്രമല്ല പാർട്ടിയുടെ സർക്കാരും മുന്നോട്ടുപോകുന്നു. ഞങ്ങൾ തീരുമാനിക്കും ഞങ്ങൾ നടപ്പാക്കും എന്ന തന്ത്രമാണ് സിപിഎമ്മിന്റെ ഇപ്പോഴുള്ള നയവും നിലപാടും.കേരളത്തിൽ അധികാരത്തിലിരിക്കുന്ന ഇടതുപക്ഷ മുന്നണിയുടെ കൺവീനർ ആണ് ഈ പി ജയരാജൻ. ജയരാജൻ പാർട്ടിക്കുള്ളിൽ തന്നെ ഒരു വിവാദ കഥാപാത്രമായിട്ട് നാളുകൾ ഏറെയായി. ഏതെങ്കിലും പാർട്ടി കാര്യങ്ങളുടെ വിഷയത്തിൽ മാത്രമല്ല ഈ പി വിവാദത്തിൽ പെട്ടത്. കണ്ണൂരിൽ വലിയതോതിൽ ഭൂമി വാങ്ങിയതും, റിസോർട്ട് പണിതതും, അതിന് പിന്നാലെ ബിജെപി നേതാവായ ജാവദേക്കറെ തിരുവനന്തപുരത്തെ വീട്ടിൽ സ്വീകരിച്ചതും, കൊച്ചിയിലുള്ള മറ്റൊരു തട്ടിപ്പ് വീരനായ ദല്ലാൾ നന്ദകുമാറും ആയി ചങ്ങാത്തം ഉണ്ടാക്കിയതും പാർട്ടിയിൽ വലിയ തർക്കത്തിന് വഴിയൊരുക്കി. ഇതിൽ ഏറ്റവും ഗൗരവമായി മാറിയത് പാർലമെൻറ് തെരഞ്ഞെടുപ്പിന് മുൻപ് ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തിയ സംഭവം ആയിരുന്നു. ഈ വിഷയത്തിൽ ജയരാജൻ പുറത്തുവിട്ട വിശദീകരണം, മകൻറെ കുട്ടിയുടെ ജന്മദിനത്തിൽ ബിജെപി നേതാവ് വീട്ടിലെത്തിയാതെയായിരുന്നു എന്നാണ്.എന്നാൽ ഈ സംഭവം വലിയ ചർച്ചയായി മാറിയപ്പോൾ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് എത്തി. അദ്ദേഹം പറഞ്ഞു വെച്ചതും ജയരാജൻ എതിരായ നിലപാട് ആയിരുന്നു. ജയരാജൻ പലപ്പോഴും ഒരു നേതാവ് കാണിക്കേണ്ട ജാഗ്രത കാണിക്കാറില്ല എന്നും പാപിയുടെ കൂടെ പരമശിവൻ കൂടിയാൽ പരമശിവനും പാപിയായി മാറും എന്ന ഉദാഹരണവുമായിരുന്നു.

ഇടതുമുന്നണിയിലെ ഘടകകക്ഷികൾക്കിടയിലും, സിപിഎമ്മിന് അകത്തും, ജയരാജൻ ബിജെപി നേതാവുമായി ഉണ്ടാക്കിയ അടുപ്പം ഗൗരവമായ ചർച്ചകളിലേക്ക് നീങ്ങിയിരുന്നു. ആ സമയങ്ങളിൽ ഒന്നും പാർട്ടി ജയരാജന് എതിരായ ഒരു തീരുമാനവും എടുത്തിരുന്നില്ല. മാത്രമല്ല, വിഷയം ചർച്ച ചെയ്ത സംസ്ഥാന സിപിഎം കമ്മിറ്റി യോഗം പോലും ജയരാജന്റെ പേരിൽ ഉയർന്ന പരാതികൾ, മാധ്യമ സൃഷ്ടികൾ മാത്രമാണ് എന്ന് പറഞ്ഞുകൊണ്ട് ജയരാജനെ ന്യായീകരിക്കുന്ന സമീപനമാണ് കൈക്കൊണ്ടത്. ഇത്തരം കാര്യങ്ങൾ മുന്നിൽ നിൽക്കുമ്പോൾ, ഇപ്പോൾ എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയണം എന്ന് ജയരാജനോട് പാർട്ടി ആവശ്യപ്പെട്ടതിന്റെ പിന്നിൽ മറ്റു ചില രാഷ്ട്രീയ തന്ത്രങ്ങൾ ആണ്. ഏതായാലും പാർട്ടിയുടെ ഈ നിർദ്ദേശം ജയരാജൻ ഉൾക്കൊണ്ടിട്ടില്ല എന്നതാണ് വാസ്തവം. ജയരാജനെ മാറ്റുന്നതിനുള്ള ചർച്ച നടന്ന സിപിഎം യോഗത്തിൽ പങ്കെടുക്കാതെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ജയരാജൻ കണ്ണൂരിലെ വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്തത്.

 

സിപിഎം പാർട്ടിക്ക് അകത്ത് ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ഒരു ഫ്ലാഷ് ബാക്ക് ആണ്. യഥാർത്ഥത്തിൽ ഇപ്പോൾ പാർട്ടി ജയരാജനെതിരെ വാൾ വാങ്ങുന്നതിന്റെ പിന്നിലെ കഥ മറ്റൊന്നാണ്. കേരളം മുഴുവൻ ചർച്ച നടന്നുകൊണ്ടിരിക്കുന്നത് സിപിഎം നിയമസഭാംഗവും സിനിമാതാരവുമായ മുകേഷിനെതരായ സ്ത്രീ പീഡന കേസുകൾ ആണ്. ഒരുതരത്തിലും മുകേഷിന് തടിയൂരാൻ കഴിയാത്ത വിധത്തിലുള്ള പല പരാതികളാണ് സിനിമാരംഗത്തെ സ്ത്രീകൾ പോലീസിൽ സമർപ്പിച്ചത്ത്. രണ്ടുദിവസത്തെ മുൻകൂർ ജാമ്യം മുകേഷിന് ലഭിച്ചു എന്നത് മാത്രമാണ് നിലനിൽപ്പിന് വഴി. എന്നാൽ വിവിധ സംഘടനകളും രാഷ്ട്രീയ പാർട്ടികളും മുകേഷിന്റെ രാജിക്കുവേണ്ടി ശക്തമായ പ്രക്ഷോഭത്തിലാണ്. ഒരു തരത്തിലും ന്യായീകരിച്ചു നിൽക്കാൻ സിപിഎമ്മിനും കഴിയാത്ത സ്ഥിതിയാണ്. അതുകൊണ്ട് തന്നെ മുകേഷ് വിഷയം പൊതു മധ്യത്തിൽ നിന്നും തൽക്കാലം മാറ്റിയെടുക്കുന്നതിന് പാർട്ടി തന്നെ കണ്ടുപിടിച്ച പോംവഴിയാണ് എൽഡിഎഫ് കൺവീനർ ആയ ജയരാജൻ എന്ന ഇര.ഇന്ന് നേരം വെളുത്തപ്പോൾ മുതൽ ജനങ്ങൾക്ക് മുമ്പിൽ ചാനലുകൾ എല്ലാം ജയരാജന്റെ മഹാത്ഭുതങ്ങൾ വിളമ്പി കൊണ്ടിരിക്കുകയാണ്. പാർട്ടി കമ്മിറ്റി യോഗം ചേരുന്ന അവസരത്തിൽ പാർട്ടി തീരുമാനം വരുന്നതിന് മുൻപ് തന്നെ ചാനലുകൾ എല്ലാം ജയരാജന്റെ രാജിയും രാജ്യസന്നദ്ധതയും ഒക്കെ പ്രവചിക്കുകയായിരുന്നു. നിമിഷങ്ങൾക്കകം പാർട്ടി സംസ്ഥാന കമ്മിറ്റിയുടെ ഔദ്യോഗിക പ്രഖ്യാപനവും പുറത്തുവന്നു. ആ പ്രഖ്യാപനത്തിൽ ജയരാജൻ സ്വയം പദവി ഒഴിഞ്ഞു എന്നല്ല പാർട്ടി പറഞ്ഞത്. കൺവീനർ സ്ഥാനത്ത് നിന്നും ജയരാജനെ പുറത്താക്കി എന്ന പ്രഖ്യാപനമാണ് സിപിഎം യോഗതീരുമാനമായി പുറത്തുവന്നത്.

ഏതായാലും കത്തിജ്വലിച്ചു നിന്ന സിനിമ മേഖലയിലെ പീഡന വാർത്തകളും അതിൽ മുഖ്യ കഥാപാത്രമായ സിപിഎം നിയമസഭാംഗം മുകേഷിന്റെ പേരിലുള്ള കേസുകളും ഒരു ദിവസത്തേക്ക് എങ്കിലും പിറകോട്ട് മാറ്റുവാനും, മുകേഷിന് ശ്വാസം വിടാൻ അവസരം കൊടുക്കുകയും ചെയ്യുന്ന തന്ത്രപരമായ രാഷ്ട്രീയ നീക്കമാണ് സിപിഎം നടത്തിയത്. ഇത്രയും രൂക്ഷമായ പരാതി ഉയർന്നിട്ടും മുകേഷ് എം എൽ എ സ്ഥാനം ഒഴിയേണ്ടതില്ല എന്ന തീരുമാനത്തിലേക്ക് ആണ് സിപിഎം നേതൃത്വം എത്തിയത്. വെറുതെ അത്തരത്തിൽ മുകേഷിനെ ചുമക്കാൻ വേണ്ടി തീരുമാനമെടുത്തതല്ല. മുകേഷ് നിയമസഭാ അംഗത്വം രാജിവച്ചാൽ കൊല്ലം സീറ്റിൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകും. ഇപ്പോഴത്തെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഈ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് പരാജയം ഏറ്റുവാങ്ങേണ്ടിവരും. ഇത് പാർട്ടിയെ സംബന്ധിച്ചിടത്തോളം വലിയ ക്ഷീണം ഉണ്ടാക്കുന്ന കാര്യമാണ്. രണ്ടാം പിണറായി സർക്കാർ വന്നതിനുശേഷം നിയമസഭ മണ്ഡലങ്ങൾ ആയ തൃക്കാക്കര, പുതുപ്പള്ളി എന്നിവിടങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ സിപിഎമ്മിന് വമ്പൻ തോൽവിയാണ് നേരിടേണ്ടിവന്നത്. ആഘാതം മാറുന്നതിനു മുമ്പ് ലോകസഭാ തിരഞ്ഞെടുപ്പിലും കടുത്ത പരാജയം ഏറ്റുവാങ്ങി. ഈ വിധത്തിൽ പരാജയങ്ങളുടെ കൈപ്പുനീർ മാത്രം കുടിച്ചു കൊണ്ടിരിക്കുന്ന സിപിഎമ്മിന് കൊല്ലത്തു നിന്നും പുതിയ ഒരു തോൽവി കൂടി ഏറ്റുവാങ്ങേണ്ടി വരുന്നത് പാർട്ടിക്ക് വലിയ ക്ഷീണം ഉണ്ടാക്കും. ഈ വസ്തുത മുൻകൂട്ടി കണ്ടു കൊണ്ടാണ് മുകേഷിനെ താങ്ങി നിർത്താനും വിഷയം മാറ്റി നിർത്താനുമുള്ള അവസരം ഒരുക്കുക എന്ന തന്ത്രത്തിലേക്ക് സിപിഎം നേതാക്കൾ കടന്നത്.