കോൺഗ്രസിലെ അഴിച്ചുപണി നടക്കുമോ.

സുധാകരന്റെ സീറ്റിനുവേണ്ടി പലരും രംഗത്ത്.

കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കുന്നതിനുള്ള സംവിധാനമാണ് കെ പി സി സി. നിലവിൽ ഇതിൻറെ പ്രസിഡൻറ് ആണ് ലോകസഭാംഗങ്ങളുടെ കൂടിയായ കെ സുധാകരൻ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് തന്നെ കെപിസിസി പ്രസിഡണ്ടായി പുതിയ ഒരാളെ കണ്ടെത്തുന്നതിനുള്ള ആലോചനകൾ തുടങ്ങിയെങ്കിലും ഒരു മാറ്റത്തിനും വഴിയൊരുങ്ങാതെ നീണ്ടുപോകുന്ന അവസ്ഥയാണ് ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് കൺവീനർ ആയ എം എം ഹസ്സന് പ്രസിഡന്റിന്റെ താൽക്കാലിക ചുമതല നൽകിയിരുന്നു.താൽക്കാലികക്കാരനായി കസേരയിൽ കയറിയ ഹസൻ അത് വിട്ടുകൊടുക്കാതെ വന്നപ്പോൾ കോൺഗ്രസ് ഹൈക്കമാന്റിന്റെ ഇടപെടൽ വഴിയാണ് സുധാകരന് പദവി തിരിച്ച് കിട്ടിയത്.ലോകസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും വലിയ വിജയം നേടിയെടുക്കാൻ കഴിഞ്ഞു എങ്കിലും ഫലപ്രഖ്യാപനം വന്നശേഷം വീണ്ടും കെ പി.സി സി പ്രസിഡൻറ് വിഷയം ചർച്ചയിൽ വന്നിട്ടും മാസങ്ങൾ കഴിഞ്ഞിട്ടും ഒരു തീരുമാനത്തിനും സാധ്യത കാണുന്നുമില്ല.

പാർട്ടി പ്രസിഡന്റായ സുധാകരൻ കുറച്ചുകാലമായി വലിയ നിരാശയിൽ ആണ് പദവിയിൽ തുടരുന്നത്.പാർട്ടിയിൽ നേതാക്കന്മാർ പലരും സ്വന്തം നിലപാടുകളും ആയി മുന്നോട്ടു പോകുന്നതും… ഔദ്യോഗിക പരിപാടികളിൽ പോലും തടസ്സം ഉണ്ടാക്കുന്നതും.പുനസംഘടന നടത്താൻ കഴിയാത്ത സാഹചര്യവും… ഒക്കെ സുധാകരനെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. രണ്ടുവർഷമായി ആലോചിച്ചു കൊണ്ടിരിക്കുന്ന ജില്ലാ കമ്മിറ്റി പ്രസിഡൻറ് മാരെയും ഭാരവാഹികളെയും പുതിയതായി കണ്ടെത്തുന്നതിനുള്ള കാര്യത്തിൽ ഒന്നും ചെയ്യാൻ ഗ്രൂപ്പ് കളിക്കുന്ന നേതാക്കന്മാർ അനുവദിക്കുന്നില്ല എന്നതാണ് സുധാകരന്റെ പരാതി.നിലവിൽ എത്രയും വേഗം കെ പി സി സി പ്രസിഡൻറ് പദവിയിൽ നിന്നും മാറുവാൻ ആഗ്രഹിക്കുന്ന ആളാണ് സുധാകരൻ.നേതാക്കളുടെ നിസ്സഹകരണം എന്നത് മാത്രമല്ല സുധാകരനെ സംബന്ധിച്ചിടത്തോളം ആരോഗ്യപ്രശ്നങ്ങൾ വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്.ഇതുകൂടി കണക്കിലെടുത്താണ് സ്ഥാനമൊഴിയാൻ സുധാകരൻ ആഗ്രഹിക്കുന്നത്.എന്നാൽ പുതിയതായി പ്രസിഡൻറ് പദവിയിലേക്ക് ആരെ കൊണ്ടുവരുമെന്നതാണ് കേരളത്തിലെ നേതാക്കളുടെയും കേന്ദ്ര നേതാക്കളുടെയും തലവേദന.5 ലധികം നേതാക്കന്മാരാണ് പാർട്ടിയുടെ കേരളത്തിലെ പ്രസിഡൻറ് പദവിക്കായി രംഗത്ത് വന്നിരിക്കുന്നത്.

കേരളത്തിൽ കോൺഗ്രസ് പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ട് ആയി ഒരാളെ കണ്ടെത്തുന്നതിൽ പലതരത്തിലുള്ള പരിഗണനകൾ നടത്തുക കഴിഞ്ഞകാലങ്ങളിൽ പതിവാണ്.സാമുദായിക പരിഗണനയാണ് ഇതിൽ പ്രാധാന്യമുള്ള ഘടകം..പാർട്ടി അധികാരത്തിൽ ഇരിക്കുന്ന അവസരങ്ങളിൽ മുഖ്യമന്ത്രിയായി വരുന്ന നേതാവിൻറെ സമുദായം നോക്കി പാർട്ടി പ്രസിഡൻറ് മറ്റൊരു സമുദായ അംഗമാവുക എന്ന പരിഗണനയാണ് പാലിക്കപ്പെട്ടിരുന്നത്.ഇപ്പോൾ കേരളത്തിലെ പാർട്ടിയുടെ നേതൃനിരയിൽ ഈ സാമുദായിക സമവാക്യങ്ങൾ തെറ്റിയിരിക്കുന്നു എന്നതാണ് വലിയ തലവേദന ഉണ്ടാക്കുന്നത്.പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്ന വി.ഡി സതീശൻ,പാർട്ടി ദേശീയ സെക്രട്ടറി വേണുഗോപാൽ,വർക്കിംഗ് കമ്മിറ്റി അംഗങ്ങളായ രമേശ് ചെന്നിത്തല,ശശി തരൂർ,അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ തുടങ്ങിയവരെല്ലാം നായർ സമുദായം അംഗമാണ്.അതുകൊണ്ടുതന്നെ പുതിയ കെ പി സി സി പ്രസിഡണ്ടായി വരുന്ന ആളും ഇതേ സമുദായത്തിൽ നിന്നും ആയാൽ അത് വലിയ പ്രശ്നങ്ങൾ ഉണ്ടാക്കും.ഇതിനെ പരിഹാരമായി ആലോചിക്കുന്നതാണ് ഈഴവ സമുദായക്കാരനായ അടൂർ പ്രകാശിന്റെ പേരും മറ്റൊരു പേര് പറഞ്ഞ കേൾക്കുന്നത് ടി സിദ്ദിഖിന്റേതാണ്.തൃശ്ശൂരിൽ ലോകസഭ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടപ്പോൾ മുതിർന്ന നേതാവായ മുരളീധരനെ കെ പി സി സി പ്രസിഡൻറ് പദവിയിൽ കൊണ്ടുവരുന്ന കാര്യം ആലോചിച്ചിരുന്നതാണ്.എന്നാൽ സാമുദായിക സമവാക്യങ്ങൾ അദ്ദേഹത്തിന് തടസ്സം ഉണ്ടാക്കുന്നു.

ഇതിനെല്ലാം പുറമെയാണ് ഇപ്പോഴും ഐക്യം വെറും സ്വപ്നമായി നിലനിൽക്കുന്ന പാർട്ടിയുടെ അവസ്ഥ.അടുത്ത കാലം വരെ എ.ഐ എന്ന പേരിലുള്ള രണ്ട് ഗ്രൂപ്പുകൾ ആയിരുന്നു കോൺഗ്രസിൽ ഉണ്ടായിരുന്നത്.എങ്കിൽ ഇപ്പോൾ അതു മാറി അഞ്ചിലധികം നേതാക്കൾ സംസ്ഥാനതലത്തിൽ ഗ്രൂപ്പ് വളർത്തി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഔദ്യോഗികമായി പാർട്ടിക്ക് ഒരു കാര്യത്തിലും നിലപാട് എടുക്കാൻ കഴിയാത്ത സ്ഥിതി തുടരുകയും ആണ്.

പാർട്ടിയുടെ സംസ്ഥാന കമ്മറ്റിയിലും.ജില്ലാ കമ്മിറ്റികളിലും അഴിച്ചു പണി നടത്തി കഴിവുള്ള പുതിയ നേതൃത്വം വരണമെന്ന് എല്ലാരും പറയുന്നുണ്ടെങ്കിലും പുനസംഘടന നടക്കുന്നില്ല എന്നതാണ് വാസ്തവം.ജില്ലാപ്രസിഡന്റുമാരുടെയും.ഭാരവാഹികളുടെയും കാര്യത്തിൽ നിശ്ചിത എണ്ണം എന്ന ഒരു തീരുമാനം ഉണ്ടായെങ്കിലും നൂറു മുതൽ 150 വരെ ഭാരവാഹികളുടെ ലിസ്റ്റുകൾ ആണ് ഗ്രൂപ്പ് നേതാക്കൾ ജില്ലാ കമ്മിറ്റികൾക്കായി നൽകിയിരിക്കുന്നത്.ആരെയും വെട്ടി മാറ്റാനും കൂട്ടിച്ചേർക്കാനും അനുവദിക്കാത്തതിന്റെ പേരിൽ തീരുമാനമെടുക്കാൻ കെ.പി സി സി പ്രസിഡണ്ടിനും കഴിയുന്നില്ല.ഇതാണ് ജില്ലാ കമ്മിറ്റി പുനഃസംഘടന നീളുന്നതിന്റെ കാരണം.

 കേരളത്തിലെ പ്രമുഖ പാർട്ടികളെല്ലാം ഒരു വർഷത്തിനകം നടക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ വിജയം കണ്ടെത്തുന്നതിന് ഉള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. എന്നാൽ കോൺഗ്രസ് പാർട്ടിയിൽ താഴെ തട്ടിലുള്ള ബ്ലോക്ക് മണ്ഡലം കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാൻ പോലും ഇതുവരെ സാധിച്ചിട്ടില്ല.തദ്ദേശ തെരഞ്ഞെടുപ്പിൽ ലോകസഭാ തിരഞ്ഞെടുപ്പിലെ വിജയം ആവർത്തിക്കണം എന്നൊക്കെ സ്റ്റേജിൽ കയറി നേതാക്കൾ പ്രസംഗിക്കുന്നുണ്ടെങ്കിലും അതിനുവേണ്ട പാർട്ടി സംവിധാനം ഒരുക്കുന്ന കാര്യത്തിൽ ഒന്നും നടക്കുന്നില്ല എന്നതാണ് യഥാർത്ഥ വസ്തുത.നിലവിൽ പാർട്ടിയുടെ താഴെത്തട്ടുകൾ ആയ ബ്ലോക്ക്.. മണ്ഡലം കമ്മിറ്റികൾ പ്രവർത്തനരഹിതമാണ്.പുനസംഘടന നേതാക്കൾ പ്രഖ്യാപിച്ചതിന്റെ പേരിൽ തനിക്ക് സ്ഥാനം ഒഴിയേണ്ടി വരും എന്ന ചിന്തിക്കുന്ന ബ്ലോക്ക് മണ്ഡലം ഭാരവാഹികൾ ഒരുതരത്തിലുമുള്ള പാർട്ടി പ്രവർത്തനവും ഏറ്റെടുത്ത് നടത്താൻ തയ്യാറാവുന്നില്ല.ഇതാണ് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിയുടെ സ്ഥിതി
ഏതായാലും സുധാകരൻ നേതൃത്വം ഒഴിയുന്ന പക്ഷം ആ പദവിയിലേക്ക് പുതിയതായി ആര് വരും എന്ന കാര്യത്തിലാണ് ഇപ്പോൾ വടംവലി നടന്നുകൊണ്ടിരിക്കുന്നത്.ഈ തർക്കം തുടരുന്ന പക്ഷം സുധാകരന്റെ കീഴിൽ തന്നെ അടുത്ത തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും നടത്തേണ്ടിവരും എന്നതാണ് നിലവിലെ സാഹചര്യം.