എം.പി യുമില്ല മന്ത്രിയും ഇല്ല നടനും ഇല്ലാത്ത അവസ്ഥ…..

സുരേഷ് ഗോപിയെ കാണാനില്ലെന്ന് പാർട്ടിയിൽ നേതാക്കളും ജനങ്ങളും.......

വേലിയിൽ ഇരുന്നത് എടുത്ത് മടിയിൽ വച്ചു എന്ന് പഴമക്കാർ പറയുന്നതുപോലെ ആയി തൃശ്ശൂരിലെ ബിജെപി നേതാക്കളുടെയും ജനങ്ങളുടെയും അവസ്ഥ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തിൽ ജയിച്ച് അത്ഭുതം സൃഷ്ടിച്ച ആളാണ് ചലച്ചിത്രതാരവും രാഷ്ട്രീയക്കാരനുമായ സുരേഷ് ഗോപി. വിജയിക്കുന്നതിന് മുമ്പ് രണ്ടു തവണ അസംബ്ലിയിലേക്കും പാർലമെൻറിലേക്കും മത്സരിച്ചെങ്കിലും പരാജയപ്പെട്ട സുരേഷ് ഗോപിയുടെ തുടർന്നുള്ള പ്രവർത്തനങ്ങൾ ജനങ്ങൾക്ക് വലിയ പ്രതീക്ഷ നൽകിയിരുന്നു. അങ്ങനെയാണ് ബിജെപിക്കാർ അല്ലാത്ത ആൾക്കാർ പോലും വോട്ട് ചെയ്ത് സുരേഷ് ഗോപിയെ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചത്. ലോകസഭ അംഗമായി വിജയിച്ചു പോയ സുരേഷ് ഗോപി ഡൽഹിയിൽ എത്തി തിരികെ വന്നത് കേന്ദ്രമന്ത്രി ആയിട്ടാണ്. ഇതും കൂടി സംഭവിച്ചതോടുകൂടി തൃശൂർകാർ നിലത്തു നിൽക്കാതെ ആഹ്ലാദിക്കുന്ന അവസ്ഥ പോലും ഉണ്ടായി. സുരേഷ് ഗോപി മന്ത്രി ആയതിൽ വലിയ ആവേശമാണ് തൃശൂർകാർക്ക് ഉണ്ടായത്.

എന്നാൽ ഇതൊക്കെ സംഭവിച്ചു മൂന്നുമാസം തികയുമ്പോൾ തൃശ്ശൂരിലെ പൊതുജനം തങ്ങൾക്ക് അബദ്ധം പറ്റി എന്ന രീതിയിൽ ഇപ്പോൾ ചിന്തിക്കുകയാണ്. ജനങ്ങൾ മാത്രമല്ല തൃശ്ശൂരിലെ ബിജെപി എന്ന പാർട്ടിയുടെ നേതാക്കളും വലിയ ആശങ്കയിലാണ്. വിജയിച്ചു പോയി കേന്ദ്രമന്ത്രിയും കൂടിയായ സുരേഷ് ഗോപിയെ കാണാനില്ല എന്നതാണ് ഈ പ്രതിസന്ധികൾക്ക് കാരണം. മന്ത്രി പദവിയിൽ എത്തിയ സുരേഷ് ഗോപി ഇപ്പോൾ പറഞ്ഞു നടക്കുന്നത് ഇരുപതോളം സിനിമകൾ അഭിനയിച്ച തീർക്കാൻ ഉണ്ട് എന്നതും തനിക്ക് കേന്ദ്രമന്ത്രിപദത്തേക്കാൾ വലുത് സിനിമയാണ് എന്നും ആര് എന്ത് ചെയ്താലും ശരി സിനിമ വിട്ടിട്ടുള്ള ഒരു കളിക്കും എന്നെ കിട്ടില്ല എന്നും ഒക്കെയാണ് അദ്ദേഹം പറയുന്നത്. ഈ പ്രസ്താവനകൾ പുറത്തുവന്നതോടുകൂടി ജില്ലയിലെ ബിജെപി നേതാക്കളാണ് കുടുക്കിൽ ആയിരിക്കുന്നത്. സുരേഷ് ഗോപി വിജയിച്ചു കഴിഞ്ഞപ്പോൾ കേരളത്തിൽ നിന്നും ആദ്യമായി ഒരു എംപിയെ കിട്ടിയതിന്റെ സന്തോഷത്തിലാണ് നേതാക്കൾ എല്ലാം കഴിഞ്ഞിരുന്നത്. എന്നാൽ അവരും ഇപ്പോൾ പുറത്തിറങ്ങി നടക്കാൻ കഴിയാത്ത ഗതികേടിലാണ് എത്തിയിരിക്കുന്നത്.

കേന്ദ്രമന്ത്രി ആയ ശേഷം രണ്ടുമൂന്നു തവണ മാത്രമാണ് സുരേഷ് ഗോപി തൃശൂരിൽ കാലുകുത്തിയത്. ജില്ലയിൽ ഒരു മാസം മുൻപ് വലിയ മഴക്കെടുതി ഉണ്ടാവുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ട് പോലും സ്ഥലം എംപിയായ സുരേഷ് ഗോപി അവിടെയൊന്നും എത്തിയില്ല. എത്ര തിരക്കുണ്ടെങ്കിലും ജനപ്രതിനിധികൾ സാധാരണ സ്വാതന്ത്ര്യദിന പരിപാടികൾ ഒഴിവാക്കുന്നതല്ല തൃശ്ശൂരിലെ ഈ പരിപാടിയിലും സുരേഷ് ഗോപി എത്തിയില്ല എന്നത് വലിയ വിമർശനം ഉണ്ടാക്കിയിരുന്നു.ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണ അവസരങ്ങളിൽ തുടങ്ങിയതാണ് തൃശ്ശൂരിലെ ബിജെപി നേതാക്കളും സുരേഷ് ഗോപിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങളും അകൽച്ചയും. സുരേഷ് ഗോപി സിനിമ സ്റ്റൈലിൽ പ്രസംഗവും പ്രചരണവും തുടർന്നപ്പോൾ ജില്ലയിലെ പാർട്ടി നേതാക്കളെ കാര്യമായി പരിഗണിച്ചില്ല എന്നതാണ് പാർട്ടി നേതാക്കളുടെ പരിഭവം. സുരേഷ് ഗോപിയുമായുള്ള അടുപ്പത്തിന്റെ പേരിൽ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രണ്ടു വട്ടം തൃശ്ശൂരിൽ എത്തിയപ്പോൾ പാർട്ടി പ്രവർത്തകരെ പരിഗണിക്കുകയല്ല ചെയ്തത് എന്ന് ആക്ഷേപവും നേതാക്കൾക്ക് ഉണ്ട്. ഇപ്പോൾ നേതാക്കളും സുരേഷ് ഗോപിയും തമ്മിലുള്ള അകൽച്ച രൂക്ഷമായിരിക്കുകയാണ്. കേന്ദ്രമന്ത്രി ആയ ശേഷം തൃശ്ശൂരിലേക്ക് തിരിഞ്ഞു നോക്കാതെ നീങ്ങുന്ന സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ബിജെപിയുടെ ജില്ലാ നേതാക്കൾക്ക് നാണക്കേട് ഉണ്ടാക്കുകയാണ്. പൊതുജനങ്ങൾക്ക് അവരുടെ പ്രശ്നങ്ങളുമായി ചെല്ലാൻ എംപിയെ കിട്ടാത്ത അവസ്ഥയാണ് ഇപ്പോൾ ഉള്ളത്. ഇതിനൊക്കെ പുറമേയാണ് മറ്റൊരു പരാതി ബിജെപിയുടെ ജില്ലാ നേതാക്കൾ ഉന്നയിക്കുന്നത്. സുരേഷ് ഗോപി വിജയിച്ച് എംപി ആയും കേന്ദ്രമന്ത്രി ആയും ഉയരങ്ങളിലേക്ക് പോയെങ്കിലും തൃശ്ശൂർ മണ്ഡലത്തിൽ ഒരു എംപി ഓഫീസ് പോലും തുറക്കാൻ നടപടി എടുക്കാത്തത് പ്രവർത്തകർക്ക് നിരാശ ഉണ്ടാക്കുകയാണ്. എംപി ഓഫീസ് ഇല്ലാത്തതിന്റെ പേരിൽ നാട്ടുകാർ സ്വന്തം പരാതികളും ആയി എവിടെപ്പോകും. എവിടെ ചെന്നാകും എംപിയെ കാണുക, എന്നൊക്കെയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ ജില്ലയിലെ ബിജെപി നേതാക്കൾക്ക് കഴിയുന്നില്ല ഇതാണ് അവരെ പരിഭവത്തിൽ ആക്കുന്നതിന്റെ മുഖ്യ കാരണം.

ഇതിനിടയിലാണ് എംപി വരാത്തതിന്റെ പേരിൽ പരിഭവം പറഞ്ഞ ജില്ലയിലെ ബിജെപിയുടെ മുതിർന്ന നേതാക്കളോട് ഇഷ്ടപ്പെടാത്ത രീതിയിൽ സുരേഷ് ഗോപി മറുപടി നൽകിയ സംഭവവും ഉണ്ടായിരിക്കുന്നത്. താൻ തൃശ്ശൂരിലെ എംപി മാത്രമല്ല ഇന്ത്യ രാജ്യത്തിൻറെ മന്ത്രിയാണ് അതുകൊണ്ട് എനിക്ക് ജോലിത്തിരക്ക് ഉണ്ട് തുടങ്ങിയ രീതിയിൽ ഉള്ള നിഷേധപരമായ മറുപടിയാണ് പാർട്ടി നേതാക്കളോട് സുരേഷ് ഗോപി പറഞ്ഞത്. മാത്രവുമല്ല പൊതുജനങ്ങൾ പരാതികളുമായി എത്തിയാൽ അത് പാർട്ടിയുടെ ജില്ലാ പ്രസിഡൻറ് സ്വീകരിക്കുകയും താൻ തൃശ്ശൂരിൽ എത്തുമ്പോൾ അത് തരികയും ചെയ്താൽ മതി എന്നുള്ള രീതിയിൽ നിർദ്ദേശം നൽകുകയും ചെയ്തത് പാർട്ടി നേതാക്കളിൽ വലിയ പ്രതിഷേധം ഉണ്ടാക്കിയിട്ടുണ്ട്തൃശ്ശൂർ ഞാൻ ഇങ്ങോട്ട് എടുക്കുകയാണ് – എന്ന് സിനിമ സ്റ്റൈൽ ഡയലോഗുമായി തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ സുരേഷ് ഗോപി കാര്യം കണ്ടപ്പോൾ ജനങ്ങളെ മറന്നു എന്നും ഇപ്പോൾ പഴയ സുരേഷ് ഗോപി അല്ല ഉള്ളത് എന്നൊക്കെയുള്ള പരാതികളും ആക്ഷേപങ്ങളും ആണ് തൃശ്ശൂരിൽ ഉയർന്നുകൊണ്ടിരിക്കുന്നത്. തൃശ്ശൂർ ലോകസഭാ മണ്ഡലത്തിന്റെ പരിധിക്കുള്ളിൽ അടിയന്തരമായി നടത്തേണ്ട ചില വികസന പ്രവർത്തനങ്ങളും സഹായ പരിപാടികളും എംപിയെ കിട്ടാത്തത് മൂലം വൈകുന്നത് വലിയ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. മാത്രവുമല്ല എവിടെ നിങ്ങളുടെ ജനകീയനായ എംപി എന്ന് ചോദിച്ചു കൊണ്ട് കോൺഗ്രസ് നേതാക്കൾ അടക്കമുള്ള ആൾക്കാർ ബിജെപി നേതാക്കളെ പരിഹസിക്കുന്നമുണ്ട്. ബിജെപിയുടെ മുതിർന്ന ചില നേതാക്കൾ വിഷയത്തിൽ ഇടപെട്ടുകൊണ്ട് സുരേഷ് ഗോപിയുമായി സംസാരിച്ചുവെങ്കിലും അദ്ദേഹം അതൊന്നും അംഗീകരിക്കാതെ ഒറ്റയാൻ പോക്ക് നടത്തുന്ന രീതിയാണ് ഇപ്പോഴും തുടരുന്നത്. ഒരു കാര്യം സുരേഷ് ഗോപി മറച്ചു വയ്ക്കാതെ തുറന്നുപറയുന്നുണ്ട്. അത് എംപി സ്ഥാനത്തേക്കാളും കേന്ദ്രമന്ത്രി പദവിയെക്കാളും തനിക്ക് പ്രിയങ്കരം സിനിമ ആണ് എന്ന് തന്നെയാണ്. മാത്രവുമല്ല സിനിമയിൽ നിന്നാണ് തൻറെ ജീവിതം കെട്ടിപ്പടുത്തത് എന്നും സിനിമയിൽ തുടർന്നില്ലെങ്കിൽ തനിക്ക് വരുമാനം ഒന്നും ഇല്ലാത്ത ഗതികേട് ഉണ്ടാകുമെന്നും ഒക്കെ ബിജെപിയുടെ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചയിൽ സുരേഷ് ഗോപി തുറന്നു പറഞ്ഞു എന്നും റിപ്പോർട്ട് ഉണ്ട്. ഏതായാലും വലിയ പ്രതീക്ഷയിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിപ്പിച്ചു വിട്ട തൃശ്ശൂർ മണ്ഡലത്തിലെ പൊതുജനങ്ങൾ തങ്ങൾക്ക് അബദ്ധം പറ്റി എന്ന ചിന്തിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ അവിടെ ഉള്ളത്.