ഇ പി ജയരാജൻ കളത്തിലിറങ്ങി – പിണറായി വിയർക്കും

സർക്കാരും സിപിഎമ്മും കടുത്ത പ്രതിസന്ധിയിൽ

ഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ തുടങ്ങിയതാണ് പിണറായി സർക്കാരിനും സിപിഎം പാർട്ടിക്കും മുന്നിൽ ഉയർന്നുവരുന്ന നിരവധി വെല്ലുവിളികൾ. ഒരു പ്രതിസന്ധിക്ക് മുന്നിലും തളരാതെ ഇരട്ടചങ്കൻ ആയി നിന്ന മുഖ്യമന്ത്രി പിണറായി വിജയൻ ചങ്കും കരളും ഇല്ലാത്തവന്റെ അവസ്ഥയിലാണ് ഇപ്പോൾ. ഏകാശിലാ രൂപത്തിൽ പ്രവർത്തിച്ചുവന്നിരുന്ന സിപിഎം എന്ന കേഡർ പാർട്ടി അതിൻറെ ഉരുക്കു കോട്ടകൾ തകരുന്ന അവസ്ഥയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു സർക്കാരിനെതിരെ കേരളത്തിലെ ജനങ്ങൾ തിരിഞ്ഞതിന്റെ പ്രകടമായ തെളിവാണ് ഇടതുമുന്നണി തിരഞ്ഞെടുപ്പിൽ ഉണ്ടായ വമ്പൻ പരാജയം. പരാജയത്തിനു ശേഷം സർക്കാരിൻറെ മുഖം മിനുക്കൽ നടപടികളുമായി പാർട്ടിയും മുഖ്യമന്ത്രിയും മന്ത്രിമാരും ഒക്കെ മുന്നോട്ട് നീങ്ങുന്ന സാഹചര്യത്തിലാണ് തലയൂരാൻ കഴിയാത്ത നിരവധി പ്രതിസന്ധികൾ പാർട്ടിയെയും സർക്കാരിനെയും വരിഞ്ഞു മുറുക്കി കൊണ്ടിരിക്കുന്നത്.

ഇടതുമുന്നണിയുടെ കൺവീനർ ആയിരുന്ന ഇ പി ജയരാജനെ അവിടെനിന്നും ഇറക്കുവിട്ട സിപിഎം നേതൃത്വത്തിന്റെ നടപടിയാണ് ഇപ്പോൾ പുതിയ പല പ്രതിസന്ധികൾക്കും കാരണം എന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നുണ്ട്. ഒരു കാലത്ത് പിണറായി വിജയൻറെ വലംകൈ ആയിരുന്ന ജയരാജൻ പല കാരണങ്ങളുടെ പേരിൽ പാർട്ടിക്ക് വെറുക്കപ്പെട്ടവൻ ആയി മാറുന്ന സ്ഥിതിയുണ്ടായി. ഒടുവിൽ പലതും നഷ്ടപ്പെട്ട ശേഷം കൈവശം ഉണ്ടായിരുന്ന ഇടതുമുന്നണി കൺവീനർ പദവിയും പോയതോടുകൂടി തികഞ്ഞ വൈരാഗ്യ ബുദ്ധിയുമായി ജയരാജൻ കളത്തിലിറങ്ങുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. ഇപ്പോൾ സർക്കാരിനെയും പിണറായി വിജയനെയും പ്രതിക്കൂട്ടിൽ നിർത്തിയ സിപിഎമ്മിന്റെ എം എൽ എ ആയ പി വി അൻവറിന്റെ തുടർച്ചയായ വെളിപ്പെടുത്തലുകളും പ്രസ്താവനകളും എവിടെ നിന്ന് ആരുടെ പിന്തുണയോടെ നടക്കുന്നു എന്നതാണ് രാഷ്ട്രീയ കേരളം പരിശോധിച്ചു കൊണ്ടിരിക്കുന്നത്. പി വി അൻവർ ഒരു ഒറ്റയാൻ പോരാട്ടവുമായി രംഗത്തുവന്നെങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി. അൻവറിന്റെ തുറന്നുപറകളും നിലപാടുകളും മാന്യമായ കാര്യങ്ങളാണെന്നും കേരളത്തിലെ ജനങ്ങൾ ആഭ്യന്തരവകുപ്പ് പ്രവർത്തനത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രവർത്തനത്തിലും ഇഷ്ടക്കേടുള്ള ആൾക്കാരായി മാറി എന്നുമാണ് അൻവർ പറഞ്ഞത്. ഇത് ശരിവെച്ചുകൊണ്ട് സിപിഎമ്മിലെ യുവ തുർക്കി ആയി മാറിയ മുൻ മന്ത്രി കെ ടി ജലീലും രംഗത്ത് വന്നു. മറ്റൊരു മുൻ എംഎൽഎയും അൻവറിന് പിന്തുണയുമായി രംഗത്തിറങ്ങി. ഇതിനെല്ലാം അണിയറയിൽ നിന്നുകൊണ്ട് ചരട് വലിക്കുന്നത് സാക്ഷാൽ ഇ പി ജയരാജൻ ആണ് എന്ന് ഉള്ള റിപ്പോർട്ടുകൾ ആണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്.

15 കൊല്ലത്തിൽ അധികം സിപിഎം എന്ന പാർട്ടിയെ അടക്കി ഭരിക്കുകയും പിന്നീട് അധികാരത്തിൽ എത്തി എട്ടു വർഷക്കാലം സർക്കാരിൻറെ അധിപനായി വാഴുകയും ചെയ്ത പിണറായി വിജയൻ തുടർച്ചയായ തിരിച്ചടികൾ ഏറ്റുവാങ്ങുന്ന സ്ഥിതിയിലേക്ക് മാറിക്കൊണ്ടിരിക്കുന്നു എന്നതാണ് പുതിയ സംഭവവികാസങ്ങൾ വ്യക്തമാക്കുന്നത്. കേരളത്തിലെ സിപിഎം പാർട്ടിയുടെ ആസ്ഥാനം എന്നുകരുതിയിരുന്ന കണ്ണൂർ ജില്ലയിൽ പാർട്ടിക്കകത്ത് ഭിന്നതകളും വിഭാഗീയതയും നേതാക്കന്മാർ തമ്മിലുള്ള ബന്ധങ്ങളിൽ അകൽച്ചയും ഉണ്ടായതാണ് പുതിയ പ്രതിസന്ധികൾക്ക് കാരണം ആയത്. പിണറായി വിജയന് പാറ പോലെ ഉറച്ചുനിന്ന ജയരാജ് ത്രയങ്ങൾ ഇപ്പോൾ പരസ്പരം കണ്ടാൽ മിണ്ടാത്ത സ്ഥിതിയിൽ അകന്നിരിക്കുന്നു എന്നാണ് പറയപ്പെടുന്നത്. കരുത്തനായ ഇ പി ജയരാജൻ പിന്നെ എം വി ജയരാജൻ അതുപോലെ ശക്തനായ പി ജയരാജൻ ഈ മൂന്നു പേരുമാണ് പിണറായിയുടെ അത്യുന്നതങ്ങളിലേക്കുള്ള കടന്നുകയറ്റത്തിന് പിറകിലെ ശക്തിയായി പ്രവർത്തിച്ചിരുന്നത്. ഇവർ തമ്മിലുള്ള ഭിന്നതകളാണ് പിണറായി വിജയനെ തളർത്തുന്നത്.

സിപിഎം എന്ന പാർട്ടിക്ക് അകത്ത് നേതാക്കന്മാരെ സ്വന്തം കൈപ്പിടിയിൽ ആക്കുവാനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് നിലവിലെ പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദൻ ചില അടവുകൾ പയറ്റി തുടങ്ങിയത്. ഇതിൻറെ ഭാഗമായിരുന്നു ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും ജയരാജനെ പുറത്താക്കിയ നടപടി. ബിജെപി നേതാവുമായി കൂടിക്കാഴ്ച നടത്തി എന്ന കാരണത്തിന്റെ പേരിലാണ് ജയരാജൻ എതിരായ വിമർശനങ്ങൾ ഉയർന്നുവന്നത്. എന്നാൽ തന്റെ വീട്ടിൽ കയറി വന്ന ബിജെപി നേതാവ് ജാവദേക്കറെ കാണുകയും ചായ കൊടുത്ത് സൽക്കരിക്കുകയും ചെയ്തത് തന്നെപ്പോലെ ഒരു മുതിർന്ന കമ്മ്യൂണിസ്റ്റ് സഖാവ് ആ പാർട്ടിയിലേക്ക് പോകുവാൻ വേണ്ടിയുള്ള രഹസ്യ നീക്കം നടത്തിയതാണ് എന്ന് പ്രചരിപ്പിക്കുവാൻ പാർട്ടിയുടെ മുതിർന്ന ചില നേതാക്കൾ നടത്തിയ നീക്കങ്ങൾ തന്നോടുള്ള രാഷ്ട്രീയ വിരോധം തീർക്കൽ മാത്രമായിരുന്നു എന്ന് വിശ്വസിക്കുന്ന ആളാണ് ഇ പി ജയരാജൻ. തനിക്ക് ബിജെപിയിൽ ചേരണമെങ്കിൽ തലയിൽ മുണ്ടിട്ട് ഒളിച്ചും പാത്തും പോകേണ്ട ഗതികേട് ഇല്ല എന്നും പാർട്ടി മാറാൻ ആണെങ്കിൽ തുറന്നു പറഞ്ഞുകൊണ്ട് ധൈര്യത്തോടെ ഇറങ്ങിപ്പോകാനുള്ള ചങ്കൂറ്റം തനിക്കുണ്ട് എന്നും ജയരാജൻ ചില അടുപ്പക്കാരോട് അന്നും പറഞ്ഞിരുന്നു. എന്നാൽ പാർട്ടി സെക്രട്ടറിയായി ഗോവിന്ദൻ മാസ്റ്റർ വന്നതോടുകൂടി പാർട്ടിയിലെ നേതൃനിരയിൽ പലതരത്തിലുള്ള ചേരി തിരിവുകൾ രൂപപ്പെട്ടു. അത്തരം നീക്കങ്ങൾ ജയരാജനെ ഇടതുമുന്നണി കൺവീനർ സ്ഥാനത്തു നിന്നും നീക്കി അതിൻറെ ശേഷം ശക്തി പ്രാപിക്കുകയും ചെയ്തു. മാത്രവുമല്ല തൻറെ ജീവിതകാലം മുഴുവനും പിണറായിക്ക് വേണ്ടി നിലകൊള്ളുകയായിരുന്നു എന്നും അങ്ങനെയുള്ള പിണറായി വിജയൻ പോലും തനിക്കൊപ്പം നിൽക്കാൻ തയ്യാറായില്ല എന്നതും ജയരാജനെ പ്രതികാര ബുദ്ധിയിലേക്ക് നയിച്ചു. ഇപ്പോൾ ഏതായാലും സിപിഎം സംസ്ഥാന കമ്മിറ്റിയുടെ മുന്നിൽ വെറുക്കപ്പെട്ടവൻ ആയി മാറിയ സാഹചര്യത്തിൽ പ്രതിഷേധത്തിന്റെയും പ്രതികാരത്തിന്റെയും വഴികളിലൂടെ നീങ്ങുന്നതിനാണ് ജയരാജന്റെ തീരുമാനം.

ഇടതുമുന്നണി കൺവീനർ സ്ഥാനം നഷ്ടപ്പെട്ട ജയരാജനെ സഹായിക്കുക എന്നതിനപ്പുറം പിണറായി വിജയൻ നടത്തുന്ന ഏകപക്ഷീയ നീക്കങ്ങളിൽ പകവീട്ടാൻ കൂടിയുള്ള ഉദ്ദേശം വച്ചുകൊണ്ടാണ് മുതിർന്ന ചില സിപിഎം നേതാക്കൾ ജയരാജന്റെ പിന്നിൽ രഹസ്യമായി ഒത്തുകൂടുന്നത്. പാർട്ടിയുടെ പോളിറ്റ് ബ്യൂറോ അംഗമായ എം എ ബേബി. ജി സുധാകരൻ. തോമസ് ഐസക്ക്. തുടങ്ങിയ മുതിർന്ന നേതാക്കളുടെ രഹസ്യ നീക്കങ്ങൾ വഴി സിപിഎമ്മിനകത്ത് പിണറായി വിരുദ്ധ ചേരി ശക്തമായി കൊണ്ടിരിക്കുകയാണ്. ഈ ബലമാണ് ജയരാജന് എന്തും നടത്തുവാനുള്ള കരുത്ത് പകർന്നുകൊണ്ടിരിക്കുന്നത്.സിപിഎം സംസ്ഥാന നേതൃയോഗമാണ് ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തു നിന്നും മാറ്റുന്നതിനുള്ള തീരുമാനം എടുത്തത്. പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററുടെ ഇടപെടൽ ഇതിന് വഴിയൊരുക്കിയെങ്കിലും ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന പുതിയ നീക്കങ്ങൾ പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കും വലിയ ദോഷം ഉണ്ടാക്കും എന്നാണ് പറയപ്പെടുന്നത്. കാരണം നാലുവർഷത്തിൽ ഒരിക്കൽ നടക്കുന്ന പാർട്ടിയുടെ സംഘടനാ സമ്മേളനങ്ങൾ തുടങ്ങിയിരിക്കുകയാണ്. പാർട്ടിയുടെ താഴെത്തട്ടിലുള്ള ഘടകമായ ബ്രാഞ്ച് സമ്മേളനങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഇത് കഴിഞ്ഞാൽ ലോക്കൽ കമ്മിറ്റി സമ്മേളനങ്ങളും ഏരിയ കമ്മിറ്റി സമ്മേളനങ്ങളും. അതിനുശേഷം ജില്ലാ സമ്മേളനങ്ങളും നടക്കും. ഒടുവിലാണ് കൊല്ലത്ത് വച്ചു സംസ്ഥാന സമ്മേളനം തീരുമാനിച്ചിരിക്കുന്നത്. എല്ലാം കഴിയുമ്പോൾ പാർട്ടി കോൺഗ്രസ് ചെന്നൈയിൽ നടക്കും.

ഇത്തരത്തിൽ പാർട്ടിയുടെ വിവിധ തട്ടുകളിലെ സമ്മേളനങ്ങൾ നടക്കുന്ന അവസരത്തിൽ പാർട്ടിയുടെ നേതൃത്വനിരയിലും സർക്കാരിൻറെ പ്രവർത്തനങ്ങളിലും പരാതികളും ആരോപണങ്ങളും ഉയർന്നുവരുന്നത് ബാധിക്കുക പാർട്ടിയെ ആയിരിക്കും. ലോകസഭാ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം സർക്കാരിൻറെ മുഖം മിനുക്കലിന് പാർട്ടി നിർദ്ദേശിച്ചു എങ്കിലും സർക്കാരിനെ സംബന്ധിച്ചിടത്തോളം മുഖം കൂടുതൽ വികൃതമാകുന്ന സംഭവങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെയും മകളുടെയും പേരിൽ ഉയർന്നിരിക്കുന്ന മാസപ്പടി കേസ് അടക്കമുള്ള അഴിമതി കേസുകളിൽ ഇപ്പോഴും മുഖ്യമന്ത്രി മൗനം പാലിക്കുകയാണ്. രണ്ടാം പിണറായി സർക്കാരിൽ മന്ത്രിമാരായ ഭൂരിഭാഗം ആൾക്കാരും കഴിവുകേട്ടവർ ആണ് എന്ന് പരാതിയും ഏറെനാളായി ഉയരുന്നതാണ്. സർക്കാർ ജനങ്ങളെ മറന്നു കൊണ്ട് തോന്നിയത് പോലെ ഭരിച്ചതാണ് സർക്കാർ വിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ ഉണ്ടാകാൻ കാരണമായത് എന്ന അഭിപ്രായം സിപിഎമ്മിലെ താഴെത്തട്ടിൽ ഉള്ള സഖാക്കൾക്ക് ഉണ്ട്. സിപിഎമ്മിന്റെ ശക്തമായ പ്രസ്ഥാനമായ സി ഐ ടി യു യൂണിയൻ പോലും സർക്കാരിൻറെ പ്രവർത്തനങ്ങളിൽ വിമർശനവുമായി വന്നിരുന്നു. ഇത്തരം സംഭവങ്ങൾ എല്ലാം ഇപ്പോൾ തുടങ്ങിയിട്ടുള്ള പാർട്ടി സമ്മേളനങ്ങളിൽ ചർച്ചയായി വരും എന്നും ഇതെല്ലാം ചെന്നു കൊള്ളുക പാർട്ടി നേതൃത്വത്തിനും സർക്കാരിനും മേൽ ആയിരിക്കും എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നുണ്ട്. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം കഴിഞ്ഞ അര നൂറ്റാണ്ടിനിടയിൽ കേരളത്തിലെ സിപിഎം എന്ന പാർട്ടി ഇത്രയും രൂക്ഷമായ പ്രതിസന്ധി ഒരിക്കലും നേരിട്ടിട്ടില്ല. ഇപ്പോൾ ഭരണം നടത്തുന്ന പാർട്ടിക്കു നേരെയും ഭരണകൂടത്തിന് നേരെയും ആണ് ആരോപണങ്ങളും പരാതികളും ഉയർന്നിട്ടുള്ളത്. ഓരോ ദിവസവും പുതിയതായി പൊങ്ങിവരുന്ന ആക്ഷേപങ്ങൾക്കും ആരോപണങ്ങൾക്കും മറുപടി പറയാൻ കഴിയാതെ വിഷമിച്ചു നിൽക്കുന്ന സാധാരണ പ്രവർത്തകരായ സിപിഎം അനുഭാവികൾ താഴെത്തട്ടിലുള്ള യോഗങ്ങളിൽ ശക്തമായി പ്രതികരിക്കും എന്ന ഭയപ്പാടും പാർട്ടി നേതൃത്വത്തിന് ഉണ്ട്.