പിളർന്നു പിളർന്നു തകരുന്ന എൻ. സി. പി.

മന്ത്രിക്കസേര വിടില്ലെന്ന് ശശീന്ദ്രൻ.....

ലതരത്തിലുള്ള പ്രശ്നങ്ങളുടെ പേരിൽഉറക്കം പോലും നഷ്ടപ്പെട്ട അവസ്ഥയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയിലാണ് ഭരണം നടത്തുന്ന ഇടതുപക്ഷ മുന്നണിയിലെ ചെറുകക്ഷികളുടെ നേതാക്കളും മന്ത്രിയും ഉണ്ടാക്കുന്ന തലവേദനകൾ. ഏറ്റവും ഒടുവിൽ വന്നിരിക്കുന്നത് നാഷണൽ ലിസ്റ്റ് കോൺഗ്രസ് പാർട്ടി എന്ന് പറയുന്ന എൻസിപി പാർട്ടിയുടെ മന്ത്രിയായി നിലവിൽ ഇരിക്കുന്ന എ.കെ ശശീന്ദ്രനെ മാറ്റി പാർട്ടിയുടെ മറ്റൊരു എംഎൽഎ ആയ തോമസ് കെ തോമസിനെ മന്ത്രി ആക്കണം എന്ന പേരിൽ ഉയർന്നിട്ടുള്ള ആവശ്യം.എൻ സി പി എന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് കോൺഗ്രസിൽ നിന്നും രാജിവെച്ചു വന്ന മുതിർന്ന നേതാവ് പി സി ചാക്കോ ആണ്, ശശീന്ദ്രൻ മന്ത്രിയായി തുടരുന്നതിന് കർശനമായ വാശി കാണിച്ചിരുന്നത്. ചാക്കോ ഇപ്പോൾ കാലുമാറി തോമസ് കെ. തോമസിനായി വാദിക്കുന്നു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. കഴിഞ്ഞദിവസം ചാക്കോ തന്നെ മുൻകൈ എടുത്ത് കൊച്ചിയിൽ പാർട്ടിയുടെ ജില്ലാ പ്രസിഡൻറ് മാരുടെ യോഗം വിളിച്ചു എന്നും ഈ യോഗത്തിൽ ഭൂരിഭാഗം ജില്ലാ പ്രസിഡന്റുമാരും ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി തോമസിനെ മന്ത്രിയാക്കുന്നതിന് അനുകൂലിച്ചു എന്നാണ് ചാക്കോ പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു ആലോചന പോലും ആ യോഗത്തിൽ ഉണ്ടായില്ല എന്നും, താനും യോഗത്തിൽ പങ്കെടുത്തതാണ് എന്നും ആണ് മന്ത്രി ശശീന്ദ്രൻ പറയുന്നത്.

20 കൊല്ലം മുൻപ് കോൺഗ്രസ് പാർട്ടിയിൽ നിന്നും രാജിവച്ച് ദേശീയതലത്തിൽ പുതിയ പാർട്ടി രൂപീകരിച്ച ശരത് പവാർ ആണ് ഈ പാർട്ടിയുടെ ദേശീയ പ്രസിഡൻറ്. ഒരു രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ ശക്തമായ അടിത്തറ ഉള്ളത് മഹാരാഷ്ട്രയിൽ മാത്രമാണ്. മറ്റുചില സംസ്ഥാനങ്ങളിൽ ഒന്നും രണ്ടും നിയമസഭാംഗങ്ങൾ ഉണ്ട് എന്നത് മാത്രമാണ് പാർട്ടിയുടെ പ്രാതിഥ്യം. ശരത് പവാറിൻ്റെ ബന്ധുകൂടിയായ അജിത്ത് പവാർ കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിന് മുൻപ് പാർട്ടി വിട്ട് എൻ സി പി പിളർത്തിയിരുന്നു പാർട്ടി പിളർത്തിയ അജിത്ത് പവാറിന്റെ ഗ്രൂപ്പിനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പാർട്ടി ചിഹ്നവും കൊടിയും എല്ലാം അനുവദിച്ചുകൊണ്ട് യഥാർത്ഥ എൻ സി പി എന്ന അംഗീകാരം നൽകിയത്. ഇതിൽ കോടതി കേസുമായി നീങ്ങിയ പവാറിന് അദ്ദേഹം നിർദ്ദേശിച്ച പുതിയ പേര് പാർട്ടിക്ക് അനുവദിച്ച് കോടതി ഉത്തരവ് ഉണ്ടായിരുന്നു.ദേശീയതലത്തിൽ പാർട്ടിയിൽ ഉണ്ടായ പിളർപ്പ് കേരളത്തിലും ബാധിച്ചു. ചാക്കോ ഗ്രൂപ്പുമായി ഭിന്നിച്ചുകൊണ്ട് അജിത്ത് പവാർ വിഭാഗമായി കേരളത്തിലും പാർട്ടി ഘടകം പ്രവർത്തിച്ചു തുടങ്ങി. മുൻപ് എൻസിപിയുടെ ദേശീയ നേതാവായിരുന്ന എൻ എ മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തിലാണ് ആ പാർട്ടി നീങ്ങിയത്. ഇതു കൂടാതെ മറ്റൊരു സംസ്ഥാന നേതാവ് പാർട്ടി പിളർത്തി. യഥാർത്ഥ എൻസിപി എന്ന് അവകാശപ്പെട്ടു കൊണ്ട് അവരും മുന്നോട്ടു നീങ്ങി.

 

ഇപ്പോൾ കഴിഞ്ഞ ദിവസം ഏറ്റവും ഒടുവിലായി എൻസിപിയുടെ ദേശീയ സെക്രട്ടറി ആയിരുന്ന ആലപ്പുഴ സ്വദേശി റെജി ചെറിയാന്റെ നേതൃത്വത്തിൽ ചാക്കോ വിഭാഗത്തിൽ നിന്നും പിളർന്നുകൊണ്ട് നല്ലൊരു പങ്ക് നേതാക്കൾ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിൽ ലയിച്ചു. ആലപ്പുഴയിൽ നടന്ന വലിയ ലയന സമ്മേളനത്തിൽ 1500 ഓളം പ്രതിനിധികൾ പങ്കെടുത്തു എന്നാണ് പറയപ്പെടുന്നത്. ചാക്കോ വിഭാഗത്തിൻറെ ജില്ലാ നേതാക്കളിൽ പലരും റെജി ചെറിയാന്റെ കൂടെ ജോസഫ് ഗ്രൂപ്പ് കേരള കോൺഗ്രസിലേക്ക് മാറി എന്നാണ് പറയപ്പെടുന്നത്. ഈ വിധത്തിൽ 4 ഗ്രൂപ്പുകളായി പിളർന്ന ഒരു പാർട്ടിയാണ് കേരളത്തിലെ എൻ സി പി.എൻസിപി പാർട്ടിക്ക് 2 എംഎൽഎമാരാണ്. കേരള നിയമസഭയിൽ ഉള്ളത് മന്ത്രി ശശീന്ദ്രനും കുട്ടനാട് നിന്നും വിജയിച്ച തോമസും ആണ്. ഈ രണ്ട് നിയമസഭ അംഗങ്ങൾ സർക്കാരിൻറെ രണ്ടര കൊല്ലം കാലാവധി കഴിഞ്ഞപ്പോൾ രണ്ടു മന്ത്രിമാരെ മാറ്റി അതേ പാർട്ടിയുടെ പുതിയ അംഗങ്ങൾക്ക് മന്ത്രിസ്ഥാനം നൽകിയിരുന്നു. ഈ സമയത്താണ് മന്ത്രി പദം അവകാശപ്പെട്ടു കൊണ്ട് കുട്ടനാട് എംഎൽഎ തോമസ് രംഗത്ത് വന്നത്. സർക്കാർ അധികാരത്തിലേറിയ അവസരത്തിൽ പാർട്ടിയിലെ രണ്ട് അംഗങ്ങൾക്കും രണ്ടര കൊല്ലം വീതം മന്ത്രി പദം മാറിമാറി നൽകുക എന്ന ധാരണ പാർട്ടിയുടെ ദേശീയ നേതൃത്വത്തിൽ ഉണ്ടായിരുന്നു എന്നാണ് തോമസ് വാദിക്കുന്നത്. എന്നാൽ കഴിഞ്ഞ ദിവസം വരെ തോമസിനെ ഈ വാദത്തെ പിസി ചാക്കോ തള്ളിക്കളയുകയാണ് ചെയ്തത്. ഇത്തരത്തിൽ ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നും എൻ സി പി മന്ത്രിയായി ശശീന്ദ്രൻ തന്നെ അഞ്ചുകൊല്ലവും തുടരുമെന്നും ചാക്കോ മാധ്യമപ്രവർത്തകർക്ക് മുന്നിൽ വരെ പറഞ്ഞിരുന്നു. പാർട്ടി യോഗങ്ങളിലും ചാക്കോ എടുത്ത് നിലപാട് ഇതുതന്നെ ആയിരുന്നു എന്നാൽ പാർട്ടിക്കുള്ളിൽ പുതിയതായി ഉയർന്നുവന്ന ചില സംഭവങ്ങൾ ആണ്ശശീന്ദ്രന് എതിരായ നിലപാട് എടുക്കാൻ ചാക്കോയെ പ്രേരിപ്പിച്ചത് എന്നാണ് പറഞ്ഞു കേൾക്കുന്നത്.

പി സി ചാക്കോ എൻസിപിയുടെ സംസ്ഥാന അധ്യക്ഷനായി ചുമതല ഏറ്റ ശേഷം പാർട്ടിയിൽ പ്രവർത്തന ഫണ്ട് പിരിക്കുന്ന പരിപാടി നടത്തിയിരുന്നു. സംസ്ഥാനം മുഴുവനുമായി നടത്തിയ പിരിവിൽ താഴെ ഘടകങ്ങൾക്ക് വിഹിതം കൈമാറിയശേഷം സംസ്ഥാന കമ്മിറ്റിക്ക് ഏതാണ്ട് ഒന്നരക്കോടിയോളം രൂപ ലഭിച്ചിരുന്നു. ഇതിൽ 50 ലക്ഷം രൂപ സംസ്ഥാന കമ്മിറ്റി ഓഫീസ് എടുക്കുന്നതിന് വിനിയോഗിച്ചു. ബാക്കി വന്ന തുക ചിലവാക്കിയ പ്രശ്നത്തിലാണ് ചാക്കോയും ശശീന്ദ്രൻ വിഭാഗവും തമ്മിൽ ഇടയുന്നതിന് വഴിയൊരുക്കിയത്.മന്ത്രി ശശീന്ദ്രന്റെ ഏറ്റവും അടുത്ത അനുയായിയാണ് പാർട്ടിയുടെ സംസ്ഥാന ട്രഷറർ ആയ പി ജെ കുഞ്ഞുമോൻ. വയനാട് പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പാർട്ടി വകയായി 25 ലക്ഷം രൂപ കൊടുക്കുന്നതിന് പിസി ചാക്കോ നിർദേശം നൽകി. ഇത്രയും വലിയ തുക നൽകുന്നത് സംബന്ധിച്ച് നേതാക്കന്മാർ തമ്മിൽ തർക്കങ്ങൾ ഉണ്ടായി. എന്നാൽ ചാക്കോ വാശിപിടിച്ചപ്പോൾ സംസ്ഥാന ട്രഷറർ 25 ലക്ഷം രൂപ സംഘടിപ്പിച്ചു നൽകുകയാണ് ചെയ്തത്. ഈ തുക ആവശ്യപ്പെട്ട അവസരത്തിലാണ് ചാക്കോ പണം ഇടപാടിലെ കണക്കുകൾ അന്വേഷിച്ചത്. പാർട്ടി പരിപാടികൾ പലതും നടത്തിയപ്പോൾ ഉണ്ടായ ചെലവുകൾ ട്രഷറർ പറഞ്ഞെങ്കിലും അതിൽ ചാക്കോ തൃപ്തനായില്ല എന്നും ട്രഷററുടെ സാമ്പത്തിക ഇടപാടുകളിൽ സംശയം ഉന്നയിച്ചു എന്നും ആണ് പറഞ്ഞേക്കുന്നത്.

ഏതായാലും ഈ സാമ്പത്തിക തർക്കങ്ങളാണ് പുതിയ പ്രതിസന്ധികൾ പാർട്ടിയിൽ ഉണ്ടാക്കിയത്. ശശീന്ദ്രൻ എന്ന മന്ത്രിക്കൊപ്പം ഒരുമിച്ച് നീങ്ങിയ ചാക്കോ നിമിഷം കൊണ്ട് മറുകണ്ടം ചാടി എന്നാണ് ശശീന്ദ്രൻ വിഭാഗം ആരോപിക്കുന്നത്. കുട്ടനാട് നിയമസഭാംഗമായ തോമസിനെതിരെ പലതരത്തിലുള്ള ആരോപണങ്ങളും ഉന്നയിച്ച ആളായിരുന്നു ചാക്കോ. പാർട്ടിക്ക് വിധേയനായി പ്രവർത്തിക്കാതെ വിമത പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നു എന്നുവരെ ചാക്കോ തോമസിനെതിരെ ആരോപണമായി പറഞ്ഞിരുന്നതാണ്. ആ തോമസിനെയാണ് ഇപ്പോൾ ചാക്കോ തോളിൽ കയറ്റി മന്ത്രിയാക്കാൻ നീക്കം നടത്തുന്നത് എന്നാണ് പറയപ്പെടുന്നത്.തോമസിനെ മന്ത്രിയാക്കുന്നതിനുള്ള ചാക്കോയുടെ നീക്കങ്ങൾക്ക് വഴങ്ങാൻ ഏതായാലും മന്ത്രി ശശീന്ദ്രൻ തയ്യാറായിട്ടില്ല. ഇതാണ് മുഖ്യമന്ത്രിക്ക് വലിയ തലവേദനയായി മാറിയിരിക്കുന്നത്. മാത്രവുമല്ല മന്ത്രി പദം ഒഴിയേണ്ടി വന്നാൽ താൻ എം എൽ എ പദവും രാജിവെക്കും എന്ന ഭീഷണിയാണ് ശശീന്ദ്രൻ മുഴക്കിയിരിക്കുന്നത്. ഇത്തരം സാഹചര്യങ്ങൾ ഉണ്ടായാൽ പാർട്ടിയുടെ നിയമസഭയിലെ അംഗബലം ഒരാളായി ചുരുങ്ങും. മാത്രവുമല്ല ശീന്ദ്രന്‍റെ മണ്ഡലമായ എലത്തൂരിൽ ഉപതിരഞ്ഞെടുപ്പിന് സാഹചര്യമുണ്ടാകും. ഇപ്പോൾ ഉപതെരഞ്ഞെടുപ്പ് നടന്നാൽ ജയിക്കുമോ എന്ന കാര്യത്തിൽ ഇടതുമുന്നണിക്ക് ആശങ്കയും ഉണ്ട്.

പി സി ചാക്കോ അധ്യക്ഷനായി വന്നശേഷം പലതരത്തിലുള്ള സാമ്പത്തിക ആരോപണങ്ങളാണ് നേതാക്കൾക്കിടയിൽ ഉണ്ടായത്. പി എസ് സി മെമ്പറാക്കാൻ തിരുവനന്തപുരം സ്വദേശിയായ പാർട്ടി അംഗത്വം പോലും ഇല്ലാത്ത ആളിൽ നിന്നും ചാക്കോ 50 ലക്ഷം രൂപ വാങ്ങി എന്ന് പരസ്യമായി തെളിവ് സഹിതം പറഞ്ഞത് ചാക്കോയുടെ മുൻ പി എ ആയിരുന്നു. ഇതിൻറെ പിറകെയാണ് മറ്റൊരു ഭാരവാഹി ഇതേ സ്ഥാനം വാഗ്ദാനം ചെയ്ത് 25 ലക്ഷം അഡ്വാൻസായി കൈപ്പറ്റിയ വാർത്ത പുറത്തുവന്നത്. പാർട്ടിയുടെ മന്ത്രിയുടെ വകുപ്പായ വനംവകുപ്പിൽ നിയമനങ്ങളും പ്രമോഷനുകളും ട്രാൻസ്ഫറുകളും നടത്തി ജില്ലാ നേതാക്കൾ വലിയ അഴിമതി നടത്തുന്നു എന്ന പരാതിയും പാർട്ടി യോഗങ്ങളിൽ തന്നെ ഉയർന്നുവന്നതാണ്.ഇത്തരത്തിൽ ഒരു ചെറിയ പാർട്ടിയുടെ മന്ത്രി പദവി സംബന്ധിച്ച് ഉണ്ടായിട്ടുള്ള തർക്കങ്ങൾ ഇടതുമുന്നണിക്ക് അകത്തും ആശയക്കുഴപ്പം ഉണ്ടാക്കുകയാണ് ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനത്തു നിന്നും ഈ പി ജയരാജനെ പുറത്താക്കിയതിന്റെ പേരിൽ ഉണ്ടായിട്ടുള്ള തലവേദനകൾ സിപിഎം നേതാക്കൾക്ക് താങ്ങാവുന്നതിനും അപ്പുറമായി നിൽക്കുമ്പോഴാണ് മുന്നണിയിലെ ഘടകകക്ഷി മന്ത്രി പദത്തിനു വേണ്ടി കടിപിടി കൂടുന്ന അവസ്ഥ ഉണ്ടായിരിക്കുന്നത്. എൻസിപിയുടെ മന്ത്രിമാറ്റ കാര്യത്തിൽ എന്തെങ്കിലും ഒരു നിലപാട് സ്വീകരിക്കാൻ കഴിയാത്ത വിധത്തിലുള്ള മാനസിക സംഘർഷങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എൻസിപിയുടെ മന്ത്രിമാറ്റ കാര്യത്തിൽ കുട്ടനാട് അംഗം തോമസിനെ അനുകൂലമായ നിലപാട് നേരത്തെ പിണറായി വിജയൻ സ്വീകരിച്ചിരുന്നതാണ്. എന്നാൽ അന്ന് കടുത്ത എതിർപ്പുമായി പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് എന്ന നിലയിൽ പി സി ചാക്കോ നിന്നതാണ് തോമസിനെ മന്ത്രി മോഹം നടക്കാതെ വന്നതിന് കാരണം.