പി സി ജോർജ് എന്ന് പറയുന്ന ഒരു രാഷ്ട്രീയ നേതാവ് കേരളത്തിൽ ഉണ്ട്. എപ്പോഴും എന്തു വേണമെങ്കിലും വിളിച്ചു പറയുവാനും അടുത്ത ദിവസം അങ്ങനെ പറഞ്ഞിട്ടില്ല എന്ന് തിരുത്തുവാനും ഒരു നാണക്കേടും കാണിക്കാത്ത പി.സി. ജോർജിൻറെ ശിഷ്യനായിരിക്കുകയാണ് സിപിഎമ്മിന്റെ സ്വതന്ത്ര എംഎൽഎ ആയ പി വി അൻവർ. ഇന്ന് വീരവാദം മുഴക്കാനും നാളെ അത് തിരുത്തി പറയുവാനും മറ്റന്നാൾ ഒന്നും പറയാനില്ല എന്ന് പറയുവാനും മടിക്കാത്ത ഒരു നേതാവായി അൻവർ മാറിയിരിക്കുന്നു. സർക്കാരിനും പോലീസ് വകുപ്പിനും പാർട്ടി നേതൃത്വത്തിനും കടുത്ത ഭാഷയിൽ വിമർശനം ഉയർത്തിക്കൊണ്ടാണ് രണ്ടുദിവസം മുൻപ് പി വി അൻവർ എംഎൽഎ മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തിയത്. അദ്ദേഹം ആദ്യദിവസം രണ്ടും കൂട്ടി കൽപ്പിച്ചുകൊണ്ട് പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് ആക്ഷേപിക്കുവാൻ തയ്യാറായത്. സർക്കാരിൻറെ പേരു കളയുന്ന പ്രവർത്തനമാണ് എ ഡി ജി പി – എസ് പി തുടങ്ങിയ ഐപിഎസ് റാങ്കുകളിൽ ഉള്ള ഉദ്യോഗസ്ഥർ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന് വെളിപ്പെടുത്തലും ആയിട്ടാണ് അൻവർ വന്നത്. വെറും പ്രസംഗം മാത്രം ആയിരുന്നില്ല കടലാസ് തെളിവുകളും ഓഡിയോ വീഡിയോ തെളിവുകളും ഒക്കെ അൻവർ മാധ്യമങ്ങൾക്കും മുന്നിൽ തുറന്നു വെച്ചു.
രണ്ടാം നാളിൽ ഇതേ അൻവർ പുതിയതായ കുറെക്കൂടി ശക്തിയുള്ള തെളിവുകളുമായി വീണ്ടും മാധ്യമപ്രവർത്തകർക്ക് മുന്നിൽ എത്തി. കേരളത്തിലെ ജനങ്ങൾക്ക് വേണ്ടി ഞാൻ രണ്ടും കൽപ്പിച്ച് ഇറങ്ങിയിരിക്കുകയാണ്. ഞാൻ പറഞ്ഞ പരാതികൾ പരിശോധിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ തല തെറിപ്പിക്കുന്നത് വരെ എൻറെ ഈ വിപ്ലവകരമായ നീക്കം തുടരുക തന്നെ ചെയ്യും എന്ന് അൻവർ പറയുകയുണ്ടായി. ആ കൂട്ടത്തിൽ ആണ് താൻ എല്ലാ തെളിവുകളുമായി മുഖ്യമന്ത്രിയെ കാണുന്നുണ്ട് എന്നുകൂടി വ്യക്തമാക്കിയത്.അങ്ങനെയാണ് കഴിഞ്ഞദിവസം പി വി അൻവർ മുഖ്യമന്ത്രി പിണറായി വിജയനെ തിരുവനന്തപുരത്ത് നേരിൽ കണ്ടത്. കാണുന്നതിന് മുമ്പും കണ്ടുകഴിഞ്ഞ് ശേഷവും മാധ്യമപ്രവർത്തകർ അൻവറിനെ വളഞ്ഞിരുന്നു. മുഖ്യമന്ത്രിയെ കണ്ട ശേഷം പ്രതികരിക്കാം എന്ന് പറഞ്ഞ അൻവർ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കയറിപ്പോയി. ഇറങ്ങിവന്ന അൻവർ അങ്കക്കളരിയിൽ മുറിവേറ്റ പയറ്റുകാരനെ പോലെ ആയിരുന്നു. തലേന്നാൾ വരെ ഒരു തികഞ്ഞ കമ്മ്യൂണിസ്റ്റ് വിപ്ലവകാരിയുടെ മേലങ്കി അണിഞ്ഞിരുന്ന അൻവർ മുഖ്യമന്ത്രിക്ക് മുമ്പിൽ നടുവൊടിഞ്ഞു കിടന്ന അവസ്ഥയിലാണ് തിരികെ എത്തിയത്. ഇത് വ്യക്തമാക്കുന്ന വാക്കുകളും ശരീരഭാഷയും ആയിരുന്നു അൻവറിൽ മാധ്യമപ്രവർത്തകർ കണ്ടത്.
ഇതിനുശേഷമാണ് അവസാന ശ്രമം എന്ന നിലയിൽ പി വി അൻവർ സിപിഎം സംസ്ഥാന സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററെ വസതിയിൽ കണ്ട് പരാതികൾ കൈമാറിയത്. എന്തോ ഒരു ചെറിയ അനുകൂലമായ നിലപാട് ഗോവിന്ദൻ മാസ്റ്റർ കാണിച്ചത് കൊണ്ട് ആയിരിക്കാം പാർട്ടി സെക്രട്ടറിയെ കണ്ട ശേഷം നഷ്ടപ്പെട്ട ആത്മവീര്യം കുറച്ച് സംഭരിച്ചുകൊണ്ട് അൻവർ മാധ്യമപ്രവർത്തകരുമായി സംസാരിച്ചു. എന്നാൽ ഈ സംഭാഷണങ്ങൾ ശ്രദ്ധിച്ച ഏതൊരാൾക്കും മനസ്സിലാവുന്ന ഒരു കാര്യമുണ്ട് പോലീസ് സേനയിൽ ഉണ്ടായിട്ടുള്ള ക്രിമിനൽ കുറ്റകൃത്യങ്ങൾ തുറന്നു പറഞ്ഞുകൊണ്ട് പോലീസ് മേധാവികളെ വരുതിയിൽ നടത്താൻ അൻവർ നടത്തിയ ശ്രമങ്ങൾ പാളിയിരിക്കുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ചുമതല കൂടിയുള്ള ആളാണ്. സർക്കാരിനെയും ആഭ്യന്തരവകുപ്പിനെയും മുൾമുനയിൽ നിർത്തിയ അൻവറിന്റെ നീക്കങ്ങളിൽ മുഖ്യമന്ത്രി കടുത്ത എതിർപ്പ് രേഖപ്പെടുത്തി എന്നാണ് അറിയുന്നത്. മര്യാദയ്ക്ക് അടങ്ങിയൊതുങ്ങി കഴിഞ്ഞില്ലെങ്കിൽ അനുഭവിക്കേണ്ടിവരും എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അൻവറിനോട് പറഞ്ഞകാണാനാണ് സാധ്യത. ഇത്തരം സംഭാഷണ ശൈലിയാണ് പിണറായി വിജയൻറെത് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. മുഖ്യമന്ത്രി അനുകൂലമായ ഒരു ചിരി എങ്കിലും നൽകിയിരുന്നുവെങ്കിൽ അൻവർ അംഗം വിജയിച്ച വില്ലാളിവീരനെ പോലെ നടക്കുമായിരുന്നു.
എല്ലാ ആയുധങ്ങളുടെയും മുന ഒടിഞ്ഞ ഗതികേടിലാണ് ഇപ്പോൾ പി വി അൻവർ എത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വരട്ടെ നോക്കാം എന്ന രീതിയിലുള്ള അഴകൊഴമ്പൻ മറുപടികളാണ് ഇപ്പോൾ അൻവർ പറയുന്നത്. ഇതെല്ലാം വിളിച്ചു കൂവുമ്പോഴും ഞാൻ കേമനാണ് എന്ന് തോന്നിക്കത്തക്ക വിധത്തിൽ, പിന്നോട്ടില്ല ലക്ഷ്യം കാണുന്ന വരെ സമരം തുടരും, എന്നൊക്കെ പറയാൻ മടിച്ചിട്ടില്ല.കേരളത്തിലെ കമ്മ്യൂണിസ്റ്റ് വിശ്വാസികളായ പാവപ്പെട്ട സഖാക്കൾ പറയാൻ ആഗ്രഹിച്ച കാര്യങ്ങളാണ് താൻ തുറന്നു പറഞ്ഞത് എന്ന വ്യക്തമാക്കിക്കൊണ്ട് പാർട്ടി പ്രവർത്തകരുടെ പിന്തുണ ഉറപ്പാക്കാൻ അൻവർ ശ്രമിക്കുന്നുണ്ട്. സർക്കാർ നേരെയാകണം എന്നതാണ് തൻറെ ആഗ്രഹം. പോലീസ് വകുപ്പ് കേരളത്തിലെ ജനങ്ങളെ സർക്കാരിനെതിരെ തിരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. പോലീസിന്റെ വൃത്തികെട്ട പ്രവർത്തനങ്ങളാണ് താൻ തുറന്നു കാട്ടിയത്. എന്നാൽ ഗൗരവമുള്ള ഈ വിഷയങ്ങൾ സിപിഎമ്മിന്റെ നേതൃത്വം ഗൗരവമായി എന്തുകൊണ്ട് കാണുന്നില്ല എന്ന ചോദ്യത്തിന് അൻവർ മറുപടി പറഞ്ഞില്ല. താൻ ദൈവത്തിനും പാർട്ടിക്കും മുന്നിൽ മാത്രമേ കീഴടങ്ങു. എന്നൊക്കെ പറയുന്ന അൻവർ തന്നെയാണ് പാർട്ടിയെയും സർക്കാരിനെയും എതിർത്ത് സംസാരിക്കുന്നത്.
അന്തസ്സുള്ള മുഖ്യമന്ത്രിയും അന്തസ്സുള്ള സർക്കാരും അന്തസ്സുള്ള പാർട്ടിയുമാണ് താൻ ചേർന്ന് നിൽക്കുന്ന പാർട്ടി. അൻവർ പറയുന്നത് ഗതികേടുകൊണ്ട് ആരെയും ഇനി പിണക്കേണ്ട എന്ന മാനസികാവസ്ഥ കൊണ്ടു മാത്രമാണ്. ഇത്രയും ഭീകരമായ ക്രിമിനൽ കുറ്റങ്ങൾ നടത്തിയ പോലീസ് മേധാവികളുടെ ഇടപാടുകൾ തെളിവുസഹിതം നിരത്തിയിട്ടും സർക്കാർ എന്തുകൊണ്ട് അനങ്ങുന്നില്ല എന്ന് ചോദിച്ചപ്പോൾ അതൊക്കെ വരും അതുവരെ കാത്തിരിക്കാം എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്. ഇത് പറയുന്ന അൻവർ ഒരു കാര്യം കൂടി തുറന്നു സമ്മതിക്കുന്നുണ്ട്. പരാതികൾ മുഖ്യമന്ത്രിയുടെ അടുത്തും പാർട്ടിക്ക് മുന്നിലും കൈമാറിയിട്ടുണ്ട്. എന്നാൽ പരാതികളിൽ എന്ത് നടപടി ഉണ്ടാകും എന്ന കാര്യത്തിൽ ആരും ഒരു ഉറക്കം തന്നില്ല എന്നും അൻ പറഞ്ഞിട്ടുള്ള കുറ്റക്കാർ ശിക്ഷിക്കപ്പെടും എന്നാണ് പ്രതീക്ഷ എന്നൊക്കെയാണ് ഇപ്പോൾ അൻവർ ആശ്വാസമായി കണ്ടെത്തുന്നത്.ഇത്രയും വലിയ ചങ്കൂറ്റം കാണിച്ച് പോലീസുമേധാവികളുടെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയുടെയും പേരിൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പാർട്ടി ഓഫീസിൽ നിന്നും ഫോൺവിളികൾ ഉണ്ടായപ്പോൾ താൻ ഫോൺ സ്വിച്ച് ഓഫ് ചെയ്തു വെച്ചിരിക്കുകയാണ് ചെയ്തത് എന്ന് അൻവർ പറയുന്നുണ്ട്. ഈ വാക്കുകളിലൂടെ അൻവർ എന്ന സിപിഎം – സർക്കാർ വിമർശകൻ എത്ര കരുത്തുള്ള നട്ടെല്ലുള്ള ആളാണ് എന്ന് പൊതുജനം തിരിച്ചറിയുന്നുണ്ട്.
ഏതായാലും ഒരു സിപിഎം പ്രവർത്തകൻ എന്ന നിലയിൽ കഴിഞ്ഞ കാലങ്ങളിൽ പി വി അൻവർ ഉയർത്തിയിട്ടുള്ള പല വിമർശനങ്ങളും സഖാക്കളിൽ വലിയ സ്വാധീനവും പിന്തുണയും ഉണ്ടാക്കുന്നതായിരുന്നു. ഇപ്പോൾ കളി മാറിയിരിക്കുന്നു പാർട്ടിയുടെയും ഭരണത്തിന്റെയും തലവനായ പിണറായി വിജയൻറെ നേർക്കാണ് അസ്ത്രം തൊടുത്തത്. ഇതിന് അൻവറിന് ധൈര്യം പകർന്നത് സിപിഎമ്മിനകത്ത് അടുത്തകാലത്ത് ഉണ്ടായിട്ടുള്ള പിണറായി വിരുദ്ധ നേതാക്കളുടെ പിൻബലമാണ് എന്നൊക്കെ പറയുന്നുണ്ട് എന്നാൽ ഈ പിന്തുണക്കാര്‍ വിചാരിച്ചാൽ അൻവറിന് വേണ്ടി ഒന്നും ചെയ്യാൻ കഴിയില്ല എന്ന ബോധ്യം ഇപ്പോൾ അൻവറിന് ഉണ്ടായിട്ടുണ്ട്.തൻറെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നും സർക്കാരിൻറെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ള വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള ഏതൊരു ശബ്ദം ഉയർത്തുന്നത് തുടരുമെന്നും ഒക്കെ അൻവർ ഒടുവിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ സിപിഎം എന്ന പാർട്ടിയുടെ കഴിഞ്ഞ കാല ചരിത്രങ്ങൾ പരിശോധിച്ചാൽ യഥാർത്ഥത്തിൽ പി വി അൻവർ എന്ന ശക്തൻ ബോധം കെട്ട് വീഴുന്ന അനുഭവമാകും ഉണ്ടാവുക. പാർട്ടിയിലും ഭരണത്തിലും സ്വാധീനമുള്ള ആൾക്കാരും അതുപോലെതന്നെ മുഖ്യമന്ത്രിയെ എന്തുകാര്യത്തിനും പിന്താങ്ങി നിൽക്കുന്ന ആൾക്കാരും വിചാരിക്കുന്ന രീതിയിൽ മാത്രമേ ഇവിടെ കാര്യങ്ങൾ നടക്കുകയുള്ളൂ. ഈ വിഭാഗങ്ങളെ ഒറ്റപ്പെടുത്തിയും എതിർത്തും മുന്നോട്ടുനീങ്ങാ എന്ന അൻവർ കരുതുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിൻറെ ബുദ്ധിമോശം തന്നെയാണ്.
ഏറ്റവും ഒടുവിലായി കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷിക്കുവാൻ കഴിയുക പി വി അൻവർ എന്ന കമ്മ്യൂണിസത്തെ രക്തത്തിൽ കലർത്തി നടക്കുന്ന നേതാവ് ചുരുക്കം നാളുകൾക്കുള്ളിൽ സിപിഎമ്മിന്റെ പുറത്താകുന്ന സ്ഥിതി ഉണ്ടാവും. പാർട്ടിക്ക് അനഭിമതൻ ആയാൽ ആരെയും പുറത്താക്കാൻ മടിക്കാത്ത രാഷ്ട്രീയ ശൈലിയിലുള്ള ആളാണ് പിണറായി വിജയൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് സഖാക്കളുടെ കണ്ണിലുണ്ണിയായിരുന്ന വിഎസ് അച്യുതാനന്ദനെ വെട്ടി വീഴ്ത്താൻ ഒരു മടിയും കാണിക്കാത്ത ആളാണ് പിണറായി വിജയൻ എന്ന കാര്യം കൂടി അൻവർ എന്ന സഖാവ് ഓർമ്മിക്കുന്നത് നല്ലതായിരിക്കും. ഈ ഓർമ്മയിലേക്ക് അൻവർ എത്തിച്ചേർന്നാൽ പിന്നെ സംഭവിക്കുന്നത് അൻവർ എന്ന സഖാവ് കമ്മ്യൂണിസ്റ്റു വേഷം അഴിച്ചുവെച്ച് മറ്റൊരു പാർട്ടിയിലേക്ക് കുടിയേറുന്ന സംഭവം ആയിരിക്കും.