സർക്കാർ മാത്രമല്ല ഇടതുമുന്നണിയും തകർച്ചയിൽ…..

ഘടകകക്ഷികളിൽ എല്ലാം ആഭ്യന്തര കലഹം രൂക്ഷം......

ർക്കാരിനും മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും അതുപോലെതന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനും എതിരെ ഉയർന്നു വന്നിട്ടുള്ള ഭീകരമായ ആരോപണങ്ങളും പരാതികളും നിലനിൽക്കുന്നതിനിടയിൽ മുന്നണിയിലെ ഘടകകക്ഷികളിൽ ഉയർന്നുവരുന്ന നേതാക്കൾ തമ്മിലുള്ള ആഭ്യന്തര കലഹവും പരിഹരിക്കാനാവാത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്.സർക്കാരിനും,മുഖ്യമന്ത്രിക്കും,മുഖ്യമന്ത്രിയുടെ ഓഫീസിനും,പോലീസ് വകുപ്പിനും എതിരെ ആരോപണവുമായി തെളിവുകൾ സഹിതം രംഗത്ത് വന്നത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന്റെ എം എൽ എ യാണ് എന്നതാണ് ഇടതുമുന്നണിയെ മുൾമുനയിൽ നിർത്തുന്ന സാഹചര്യമുണ്ടാക്കിയത്.ഏതായാലും സർക്കാരിന്മേൽ ആയിരുന്നു പലതരത്തിലുള്ള ആരോപണങ്ങളും പ്രതിഷേധങ്ങളും ഉണ്ടായിരുന്നത് എങ്കിൽ ഇപ്പോൾ ആ സ്ഥിതി മാറി സർക്കാരിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ മുന്നണിയിലേക്ക് തന്നെ പലതരത്തിലുള്ള പ്രശ്നങ്ങൾ ബാധിച്ചിരിക്കുന്നു.

ലോകസഭ തെരഞ്ഞെടുപ്പിലെ ഇടതുമുന്നണിയുടെ വമ്പൻ പരാജയത്തിന് തുടർന്നാണ് ഇടതുമുന്നണിയിൽ പലതരത്തിലുള്ള തർക്കങ്ങളും ഉടലെടുത്തത്.ഇതെല്ലാം കത്തി നിൽക്കുമ്പോഴാണ് സിപിഎമ്മിന്റെ എംഎൽഎ ആയ അൻവർ അതിഭീകരമായ ആരോപണങ്ങൾ പോലീസ് മേധാവികൾക്ക് നേരെ ഉയർത്തിക്കൊണ്ട് രംഗത്ത് വന്നത്. അൻവറിന്റെ പരാതികൾ ഉയർന്നു വന്നപ്പോൾ ആ പരാതികൾ നേരിട്ട് കേൾക്കാൻ എന്ന രീതിയിൽ പിണറായി വിജയൻ അൻവറിനെ നേരിൽ കാണുകയും അതിശക്തമായി ഭീഷണിപ്പെടുത്തി അൻവറിനെ മടക്കി അയക്കുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. എന്നാൽ തൊട്ടടുത്ത ദിവസം പാർട്ടി സെക്രട്ടറിയെ കണ്ട പി വി അൻവർ വീണ്ടും ആരോപണം ശക്തിപ്പെടുത്തുകയും പിന്നോട്ട് പോകുന്ന കാര്യമേ ഇല്ല എന്ന് തുറന്നു പറയുകയും ചെയ്തു.

സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം പാർട്ടി പലതരത്തിലുള്ള തർക്കങ്ങളിൽപ്പെട്ട് കുരങ്ങിക്കിടക്കുകയാണ്.ഇടതുമുന്നണിയുടെ കൺവീനർ പദവിയിൽ നിന്നും സിപിഎമ്മിന്റെ മുതിർന്ന നേതാവ് ഇ.പി. ജയരാജനെ വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് പാർട്ടിക്കുള്ളിൽ പുതിയ പുതിയ ഭിന്നതകൾ ഉരുണ്ടുകൂടാൻ വഴിയൊരുക്കിയിരുന്നു.ജയരാജൻ പ്രശ്നം പുകഞ്ഞു നിൽക്കുന്ന സാഹചര്യത്തിലാണ് അൻവർ എന്ന എംഎൽഎ പുതിയ വമ്പൻ ബോംബുമായി കടന്നുവന്നത്.
എന്നാൽ ഇപ്പോൾ സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മിന് അകത്തുള്ള പ്രശ്നങ്ങളേക്കാൾ മുന്നണിയെയും സർക്കാരിനെയും പ്രതിസന്ധിയിൽ ആക്കുന്നത് ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളുടെ ഉള്ളിൽ നടക്കുന്ന ആഭ്യന്തര കലഹങ്ങൾ ആണ്.ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐ മുൻപ് ഒരിക്കലും നേരിടാത്ത വിഭാഗീയതയുടെയും ചേരിതിരിവിന്റെയും കുരുക്കുകളിൽ കുടുങ്ങിക്കിടക്കുകയാണ്.സിപിഐയുടെ കേരളത്തിലെ ഏറ്റവും മുതിർന്ന ഒരു നേതാവായ കെ.ഇ ഇസ്മയിലിനെ വിഭാഗീയ പ്രവർത്തനം നടത്തി എന്ന് പറഞ്ഞുകൊണ്ട് നടപടിക്ക് ഒരുങ്ങുകയാണ്.പാർട്ടി വിശദീകരണം ചോദിച്ചുകൊണ്ട് ഇസ്മയിലിന് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം നോട്ടീസ് നൽകി ഇരിക്കുകയാണ്.എന്നാൽ ഇതുകൊണ്ടൊന്നും സിപിഐക്ക് അകത്തുള്ള ആഭ്യന്തര കലഹം അവസാനിക്കില്ല.പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം ചുമതലയേറ്റ ശേഷം പാർട്ടി സംസ്ഥാന നേതൃത്വത്തിൽ രൂക്ഷമായ ചേരിപ്പോര് തുടരുകയാണ്.സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം കടന്നുവരുമ്പോൾ ആ പദവിയിലേക്ക് എത്തുവാൻ എല്ലാ ശ്രമങ്ങളും നടത്തിയിരുന്ന മുതിർന്ന നേതാവ് പ്രകാശ് ബാബു തഴയപ്പെടുകയായിരുന്നു.അന്നുമുതൽ ഒരു വിഭാഗം നേതാക്കൾ ബിനോയ് വിശ്വത്തിനെതിരെ പകയുമായി നീങ്ങുന്നുണ്ട്.ഇപ്പോൾ ഈ സംഘത്തിൽ ഉൾപ്പെട്ടു കൊണ്ടാണ് ഔദ്യോഗിക നേതൃത്വത്തിനെതിരെ ഇസ്മയിലും നീങ്ങിക്കൊണ്ടിരിക്കുന്നത്. പാലക്കാട് ജില്ലയിൽ സാമാന്യം ശക്തിയുള്ള സിപിഐ എന്ന പാർട്ടി ഇപ്പോൾ പൂർണ്ണമായും രണ്ടു തട്ടിൽ വേർതിരിഞ്ഞ നിന്നുകൊണ്ടാണ് പ്രവർത്തനം നടത്തിക്കൊണ്ടിരിക്കുന്നത്. അവിടെ നടന്ന വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു എന്ന് പറഞ്ഞുകൊണ്ടാണ് ഔദ്യോഗിക നേതൃത്വം ഇസ്മയിൽ എതിരെ വിശദീകരണ നോട്ടീസ് നൽകിയിരിക്കുന്നത്.

മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ സ്ഥിതി ഇതാണെങ്കിൽ മൂന്നാമത്തെ വലിയ കക്ഷിയായ മാണി ഗ്രൂപ്പ് കേരള കോൺഗ്രസ് ഇതിനേക്കാൾ കടുത്ത പ്രതിസന്ധിയിൽ ആണ്.ജോസ് കെ മാണി എന്ന പാർട്ടി ചെയർമാൻ സ്വന്തം കാര്യം മാത്രം നേടുവാൻ പാർട്ടി കൊണ്ട് നടക്കുന്നു എന്ന ആരോപണം ഉയർത്തുന്നത് പാർട്ടിയിൽ തന്നെയുള്ള സെക്രട്ടറിമാരും മറ്റു പദവിയിൽ ഉള്ളവരും ആണ്.പാർട്ടി വളർത്തുവാൻ വേണ്ടിയല്ല സ്വന്തമായി സ്ഥാനമാനങ്ങൾ നേടുവാൻ മാത്രമാണ് പാർട്ടി ചെയർമാൻ ആയ ജോസ് കെ മാണി പ്രവർത്തിക്കുന്നത് എന്നാണ് നേതാക്കളുടെ പരാതിഉയർത്തിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ ആയിരുന്നു കഴിഞ്ഞ ദിവസം കോട്ടയത്ത് പാർട്ടിയുടെ പാർലമെൻററി പാർട്ടി യോഗം നടന്നത്.ഈ യോഗത്തിൽ ചെയർമാനായ ജോസ് കെ മാണിക് എതിരെ അതിരൂക്ഷമായ പ്രതിഷേധമാണ് മറ്റു നേതാക്കൾ ഉയർത്തിയത്.ഇടതുമുന്നണിയിലെ ഘടകകക്ഷി ആണെങ്കിലും സർക്കാരും സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎമ്മും നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികളെയും അഭ്യന്തരവകുപ്പിനെയും ഒക്കെ ഉൾപ്പെടുത്തി അതിശക്തമായ പരാതികളും ആക്ഷേപങ്ങളും ഉയർന്നു വന്നിട്ട് ഒരക്ഷരം പോലും മിണ്ടുവാൻ പാർട്ടി ചെയർമാൻ തയ്യാറായില്ല എന്ന പരാതിയാണ് നേതാക്കൾ ഉന്നയിച്ചത്.മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐയുടെ സെക്രട്ടറി പോലും മുഖ്യമന്ത്രിയുടെ ഓഫീസിൻറെ പേരിലും ആഭ്യന്തര വകുപ്പിന്റെ പേരിലും പുറത്തുവന്ന പരാതികളിൽ ശക്തമായി പ്രതികരിച്ചപ്പോഴും മാണി ഗ്രൂപ്പ് കേരള കോൺഗ്രസ് ചെയർമാൻ മാളത്തിൽ ഒളിക്കുകയാണ് ചെയ്തത് എന്നാണ് യോത്തിൽ ഉയർന്ന ആക്ഷേപം. പരാതികൾ എല്ലാം കേട്ടിരുന്ന ജോസ് കെ മാണി ഇടതുമുന്നണി സർക്കാരിനെയും ക്ഷീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കുന്നത് ശരിയല്ല എന്ന് പറഞ്ഞപ്പോൾ അതിനോട് യോജിക്കാൻ ഉണ്ടായത് മന്ത്രിയായ റോഷി അഗസ്റ്റിൻ മാത്രമായിരുന്നു.ഏതായാലും നേതൃയോഗം അവസാനിക്കുമ്പോൾ ചെയർമാനായ ജോസ് കെ മാണിയെ കൂടുതൽ ശക്തമായി എതിർക്കുന്നതിന് മറ്റു നേതാക്കൾ ഒരുമയോടെ തീരുമാനമെടുത്തിരുന്നു എന്നാണ് അറിയുന്നത്.

ഈ മൂന്ന് ഇടതുമുന്നണി ഘടകകക്ഷികളെ കഴിഞ്ഞാൽ പിന്നെയുള്ളത് കുറെ ചെറു പാർട്ടികളാണ്.ഒരു നിയമസഭാംഗമോ അല്ലെങ്കിൽ 2 അംഗമോ ഒക്കെയുള്ള ഈ ചെറു പാർട്ടികളാണ് ഇപ്പോൾ സർക്കാരിന് വലിയ തലവേദന ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ഇടതുമുന്നണിയിലെ മറ്റൊരു ഘടക കക്ഷിയാണ് രണ്ട് എം എൽ എ മാർക്കുള്ള എൻ സി പി എന്ന പാർട്ടി.ഈ പാർട്ടിയിൽ നിന്നും ശശീന്ദ്രൻ എന്നയാൾ ഇപ്പോൾ മന്ത്രിയാണ്.എന്നാൽ സർക്കാരിൻറെ രണ്ടര കൊല്ലം കഴിയുമ്പോൾ മന്ത്രി പദം കൈമാറും എന്ന് കരാർ ഉണ്ടായിരുന്നതായി പറഞ്ഞുകൊണ്ട് രണ്ടാമത്തെ നിയമസഭാംഗമായ കുട്ടനാട് എംഎൽഎ തോമസ് കെ തോമസ് രംഗത്ത് വന്നിട്ട് നാളുകൾ ഏറെയായി. ഇത്രയും കാലം അടങ്ങി ഒതുങ്ങി നിന്ന തോമസ് എൻ സി പി പാർട്ടിയുടെ സംസ്ഥാന പ്രസിഡൻറ് ചാക്കോയെ വലയിൽ വീഴിച്ചുകൊണ്ട് മന്ത്രിമാറ്റത്തിന് അവകാശം ഉന്നയിച്ചിരിക്കുകയാണ്. ഇടതുമുന്നണി കൺവീനർക്ക് ഇത് സംബന്ധിച്ച് കത്തു നൽകി എന്നും മുഖ്യമന്ത്രി പിണറായി വിജയനോട് പാർട്ടി പ്രസിഡൻറ് ചാക്കോ ഇത് സംബന്ധിച്ച് ചർച്ച നടത്തി എന്നും ഒക്കെ പറയുന്നുണ്ട്.എന്നാൽ ഇത്തരത്തിൽ ഒരു നിബന്ധനയും പാർട്ടിയിൽ ഉണ്ടായിട്ടില്ല എന്നും താൻ മന്ത്രി പദം രാജി വയ്ക്കില്ല എന്നും അഥവാ രാജിവെക്കേണ്ടി വന്നാൽ നിയമസഭാ അംഗത്വവും രാജിവെക്കും എന്നാണ് മന്ത്രി ശശീന്ദ്രൻ ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഇത്തരത്തിൽ ശശീന്ദ്രൻ എം എൽ എ സ്ഥാനം രാജി വച്ചാൽ വരുന്ന ഉപതിരഞ്ഞെടുപ്പിൽ എലത്തൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥിക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ജയിക്കുവാൻ കഴിയില്ല എന്ന ചിന്തയും സിപിഎം നേതൃത്വത്തിന് ഉണ്ട്.ഏതായാലും ഇടതുമുന്നണി ഘടകകക്ഷിയായ എൻസിപിയിൽ തമ്മിലടി ശക്തമാവുകയാണ്.

ഇടതുമുന്നണിയിലെ മറ്റു ചില ഈർക്കിൽ പാർട്ടികൾ ആയ ശ്രേയംസ് കുമാറിന്റെ ജെ ഡി യു.അതുപോലെതന്നെ മന്ത്രി കൃഷ്ണൻകുട്ടിയുടെ ആർ ജെ ഡി.ഇതിലെല്ലാം നേതാക്കന്മാർ തമ്മിലുള്ള ആഭ്യന്തര കലഹം ഇപ്പോഴും തുടരുകയാണ്.മന്ത്രിക്കസേര കിട്ടാത്ത ശ്രേയംസ്കുമാർ പലതവണ പാർട്ടി യോഗം ചേർന്ന് ഇടതുമുന്നണി വിടും എന്നൊക്കെ ഭീഷണിപ്പെടുത്തിയിരുന്നതാണ്.എന്നാൽ ആ പാർട്ടിയുടെ ശക്തി അറിയാവുന്ന സിപിഎം നേതൃത്വം വലിയ പരിഗണനയൊന്നും ഈ വിഷയത്തിൽ കണ്ടിരുന്നില്ല. അതുപോലെതന്നെയാണ് ആർ ജെ ഡി പാർട്ടിയുടെയും അവസ്ഥ.ഈ പാർട്ടിയിൽ അംഗമായ ആളാണ് വൈദ്യുതി മന്ത്രി കൃഷ്ണൻകുട്ടി.ഈ രണ്ടു പാർട്ടികളും നേരത്തെ ജനതാദൾ പാർട്ടി ആയിരുന്നതാണ്.ആ പാർട്ടി പിളർന്നപ്പോൾ രണ്ട് ഗ്രൂപ്പായി മാറി.അതുകൊണ്ടാണ് ഒരു പക്ഷത്ത് മാത്രം മന്ത്രി എന്ന സ്ഥിതി വന്നത്.ഈ പ്രശ്നം പരിഹരിക്കുന്നതിന് മുഖ്യമന്ത്രി മുന്നോട്ടുവച്ച നിർദ്ദേശം ആയിരുന്നു ഈ രണ്ടു ചെറു പാർട്ടികളും ലയിച്ച് ഒരു പാർട്ടിയായി ഇടതുമുന്നണിയിൽ ചേരുക എന്നത്.ഇതിനുള്ള ആലോചനകൾ എല്ലാം രണ്ടു വിഭാഗങ്ങളിലെയും നേതാക്കൾ നടത്തിയെങ്കിലും രണ്ടു മന്ത്രി കസേര കിട്ടില്ല എന്ന് സ്ഥിതി വന്നപ്പോൾ ലയനം വെറും സ്വപ്നം മാത്രമായി അവശേഷിക്കുകയാണ് ഉണ്ടായത്.

മുഖ്യമന്ത്രി പിണറായി വിജയനാണ് ആഭ്യന്തരവകുപ്പും കൈകാര്യം ചെയ്യുന്നത്. പോലീസിലെ ക്രമസമാധാന പാലന ചുമതലയുള്ള ഉയർന്ന ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയും ചേർന്നുകൊണ്ട് നടത്തിക്കൊണ്ടിരിക്കുന്ന ഭീകരമായ കൊള്ളയെ സംബന്ധിച്ചവിവരങ്ങൾ ആയിരുന്നു പാർട്ടി എംഎൽഎ ആയ അൻവർ തെളിവ് സഹിതം പുറത്തുവിട്ടത്.പോലീസു മേധാവി നടത്തിയ കാര്യങ്ങൾ പുറത്തുവന്നപ്പോൾ യഥാർത്ഥത്തിൽ കേരളത്തിലെ ജനങ്ങൾ അന്തം വിട്ടു നിൽക്കുന്ന സ്ഥിതി ഉണ്ടായി.സ്വർണ്ണ കടത്ത് നടത്തുന്നതിനും.കൊള്ള നടത്തുന്നതിനും.അഴിമതി നടത്തുന്നതിനും മാത്രമല്ല ആളെ കൊല്ലുന്നതിനും കൊല്ലിക്കുന്നതിനും വരെ മുതിർന്ന പോലീസ് മേധാവി കൂട്ടുനിന്നു എന്നതിൻറെ തെളിവുകളാണ് സിപിഎം നിയമസഭാംഗമായ അൻവർ പുറത്തുവിട്ടത്. ഇത്തരം ഗൗരവതരമായ പരാതികൾ ഉയർന്നുവന്നതിന്റെ പേരിൽ ഒരുതരത്തിലും മുന്നോട്ട് നീങ്ങാൻ കഴിയാത്ത പ്രതിസന്ധിയിൽ എത്തിയ ഭരണകൂടത്തിനു മുന്നിലേക്കാണ് ഇടതുമുന്നണി ഘടകകക്ഷികളുടെ നേതാക്കന്മാർ തമ്മിലുള്ള വഴക്കും വക്കാണവും പുതിയ പ്രതിസന്ധിയായി കടന്നുവരുന്നത്.സർക്കാരിന് നേതൃത്വം കൊടുക്കുന്ന സിപിഎം നേതാക്കളോ മുഖ്യമന്ത്രിയോ വിചാരിച്ചാൽ പെട്ടെന്ന് പരിഹരിക്കാൻ കഴിയുന്ന പ്രശ്നങ്ങളെല്ലാം സർക്കാരിന് മുന്നിൽ ഇപ്പോൾ എത്തിയിരിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം