തമിഴ്നാട് രാഷ്ട്രീയം തകിടം മറിയുന്നു..

രാഹുൽ ഗാന്ധി നടൻ വിജയ് കൂട്ടുകെട്ടിൽ അമ്പരന്ന് നേതാക്കൾ.

സിനിമ രംഗത്ത് തെളിഞ്ഞ ശേഷം രാഷ്ട്രീയത്തിൽ കടന്ന് ഉയരത്തിൽ എത്തിയവരാണ് തമിഴ്നാട്ടിലെ മുൻകാല ഭരണാധികാരികളിൽ പലരും.എം ജി ആർ,ജയലളിത,കരുണാനിധി തുടങ്ങിയവരെല്ലാം രാഷ്ട്രീയത്തേക്കാൾ മുൻപ് സിനിമയുടെ പ്രധാനിമാർ ആയിരുന്നു. തമിഴ്നാട്ടിലെ രാഷ്ട്രീയം എപ്പോഴും വട്ടംചുറ്റി നിൽക്കുന്നത് ദ്രാവിഡ ജനതയുടെ പിറകിൽ ആണ്.ഇപ്പോൾ ഭരണത്തിലിരിക്കുന്ന എം കെ സ്റ്റാലിൻ കരുണാനിധിയുടെ മകനാണ് മാത്രവുമല്ല കരുണാനിധി സ്ഥാപിച്ച ദ്രാവിഡ മുന്നേറ്റ കഴകം എന്ന ഡി.എം കെ പാർട്ടിയുടെ ചെയർമാനും അതുപോലെതന്നെ തമിഴ്നാട് മുഖ്യമന്ത്രിയും ആണ്.ജയലളിത രാഷ്ട്രീയത്തിൽ കടന്നശേഷം പാർട്ടിയിൽ പിളർപ്പുണ്ടാവുകയും ഒരു വിഭാഗം ദ്രാവിഡ പാർട്ടിക്കാരും ആയി ജയലളിത എ ഐ എ ഡി എം കെ എന്ന പാർട്ടി രൂപീകരിക്കുകയും അത്ഭുതകരമായ രീതിയിൽ ആ പാർട്ടി വളരുകയും ജയലളിത എന്ന സൂപ്പർ നടി പിന്നീട് തമിഴ്നാട് മുഖ്യമന്ത്രി ആവുകയും ചെയ്തിരുന്നു.ഇപ്പോൾ ദ്രാവിഡ രാഷ്ട്രീയത്തിന്റെ മേൽ മറ്റൊരു പുതിയ കടന്നുകയറ്റം ഉണ്ടാക്കുക എന്ന ലക്ഷ്യം വെച്ചുകൊണ്ട് തമിഴ്നാട് സിനിമ പ്രേമികളുടെ ആവേശമായ നടൻ വിജയ് പുതിയ പാർട്ടി രൂപീകരിച്ച് രാഷ്ട്രീയത്തിൽ ചുവടു വച്ചിരിക്കുകയാണ്.തമിഴക വെട്രി കഴകം എന്നാണ് വിജയുടെ പാർട്ടിയുടെ പേര്.കഴിഞ്ഞ ദിവസമാണ് ഈ രാഷ്ട്രീയപാർട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയത്.

      ഈ മാസം 23 തീയതി തമിഴ്നാട്ടിലെ വിക്രംപാണ്ടി മൈതാനത്ത് വിജയിയുടെ പാർട്ടിയുടെ സംസ്ഥാന സമ്മേളനം തീരുമാനിച്ചിരിക്കുകയാണ്.സമ്മേളനം നടത്തുന്നതിന് വില്ലുപുരം പോലീസ് സൂപ്രണ്ട് അനുമതിയും നൽകി കഴിഞ്ഞു.ഈ സമ്മേളനം നടത്താതിരിക്കുന്നതിന് വേണ്ടി നിലവിലെ സർക്കാരും പ്രതിപക്ഷത്തെ ചില നേതാക്കളും ശ്രമങ്ങൾ നടത്തിയെങ്കിലും അതൊന്നും വിജയിച്ചിട്ടില്ല.സമ്മേളനം തമിഴ്നാടിന്റെ രാഷ്ട്രീയ ചരിത്രത്തിൽ അത്ഭുതമായി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളാണ് നടൻ വിജയ് ഫാൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിലും പാർട്ടി പ്രവർത്തകരുടെ ആഭിമുഖ്യത്തിലും നടന്നുകൊണ്ടിരിക്കുന്നത്.വിജയുടെ പാർട്ടി നടത്തുന്ന ആദ്യ സംസ്ഥാന സമ്മേളനത്തിൽ കർണാടകത്തിന്റെയും, തെലുങ്കാനയുടെയും,പുതുച്ചേരിയുടെയും, മുഖ്യമന്ത്രിമാരെ വിജയ് തന്നെ നേരിട്ട് ക്ഷണിച്ചിട്ടുണ്ട്. ഇവരെല്ലാം സമ്മേളനത്തിൽ പങ്കെടുക്കും എന്നാണ് പുറത്തുവരുന്ന വാർത്തകൾ.കർണാടകയിലെ ഉപ മുഖ്യമന്ത്രിയും കോൺഗ്രസിന്റെ ഏറ്റവും ശക്തനായ നേതാവുമായ ഡി കെ ശിവകുമാർ ഈ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.ശിവകുമാറുമായി നേരിൽ ബന്ധപ്പെട്ട വിജയ് മറ്റൊരു കാര്യം കൂടി അദ്ദേഹം വഴി നടപ്പിൽ വരുത്താൻ വഴിയൊരുക്കുകയാണ്. നടൻ വിജയ് രൂപീകരിച്ച തമിഴക വെട്രി കഴകം പാർട്ടിയുടെ ആദ്യ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിന് കോൺഗ്രസ് നേതാവായ രാഹുൽ ഗാന്ധിയെ ക്ഷണിക്കുന്നതിന് വിജയ് ഡി. കെ ശിവകുമാർ വഴി നടത്തിയ ശ്രമങ്ങൾ വിജയിച്ചതായിട്ടാണ് അറിയുന്നത്.കോൺഗ്രസ് നേതാവ് എന്ന രീതിയിലല്ല ലോകസഭയിലെ പ്രതിപക്ഷ നേതാവ് എന്ന രീതിയിലാണ് രാഹുൽ ഗാന്ധിയെ യോഗം ഉദ്ഘാടകനായി തീരുമാനിച്ചത്.ഏതായാലും രാഹുൽ ഗാന്ധി കൂടി ഈ സമ്മേളനത്തിൽ പങ്കെടുക്കുകയാണെങ്കിൽ തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ തകിടം മറിയലുകൾ ഉണ്ടാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.ഇപ്പോൾ അധികാരത്തിലിരിക്കുന്ന ഡിഎംകെ പാർട്ടിയും അതിൻറെ നേതാവും മുഖ്യമന്ത്രിയുമായ സ്റ്റാലിനും രാഹുൽ ഗാന്ധി നയിക്കുന്ന ഇന്ത്യ മുന്നണിയിൽ നിൽക്കുകയാണ്.അതുകൊണ്ടുതന്നെ സ്റ്റാലിനും ഡിഎംകെ നേതാക്കൾക്കും അനിഷ്ടം ഉണ്ടാകുന്ന ഒരു കാര്യത്തിലേക്ക് രാഹുൽഗാന്ധി കടക്കുമോ എന്ന ആശങ്ക രാഷ്ട്രീയ മേഖലയിൽ ഉണ്ട്.മാത്രവുമല്ല നടൻ വിജയ് രൂപീകരിച്ച പാർട്ടി ശക്തമായി മുന്നോട്ടു പോവുകയാണെങ്കിൽ അതിൻറെ ക്ഷീണം ഡി.എംകെ പാർട്ടിക്കും ഉണ്ടാകും.ഈ ഭയമാണ് സ്റ്റാലിനെയും നേതാക്കളെയും പുതിയ നീക്കത്തിന്റെ പേരിൽ ആശങ്കപ്പെടുത്തുന്നത്.

ഇതിനിടയിൽ തമിഴക ജനതയെ വല്ലാതെ ആകർഷിച്ച മറ്റൊരു സംഭവം കൂടി സോഷ്യൽ മീഡിയയിൽ വലിയ പ്രചാരത്തിൽ എത്തുകയുണ്ടായി.അമേരിക്കൻ പര്യടനത്തിന് പോയ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ അവിടെ നഗരത്തിൽ സൈക്കിൾ ചവിട്ടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തിരുന്നു.ഈ പോസ്റ്റിന്റെ കോപ്പിയോടുകൂടി രാഹുൽഗാന്ധി ഒരു അടിക്കുറിപ്പ് പുറത്തുവിടുകയുണ്ടായി – സഹോദരാ എന്നാണ് നമ്മൾ ഒരുമിച്ച് ചെന്നൈ നഗരത്തിൽ സൈക്കിൾ ചവിട്ടുക എന്ന കുറിപ്പാണ് രാഹുൽ ഗാന്ധി ഇട്ടത്. ഈ രണ്ടു പോസ്റ്റുകളും തമിഴ്നാട്ടിൽ ലക്ഷക്കണക്കിന് പേർ കാണുന്ന രീതിയിൽ വൈറലായി മാറുകയും ചെയ്തു.ഇതൊക്കെയാണെങ്കിലും രാഹുൽ ഗാന്ധിയെ വലിയതോതിൽ ആവേശത്തോടുകൂടി ഉൾക്കൊള്ളുകയും അവതരിപ്പിക്കുകയും ചെയ്യുന്ന നിലപാടിലാണ് തമിഴ് സൂപ്പർതാരമായ വിജയ്.തൻറെ ആരാധകരും സുഹൃത്തുക്കളും മാത്രമല്ല പാർട്ടിയിലെ മുഴുവൻ പ്രവർത്തകരും രാഹുൽഗാന്ധിയെ ആവേശത്തോടെ ആണ് കാണുന്നത് എന്നും അദ്ദേഹത്തിൻറെ പ്രവർത്തന ശൈലിയും രാഷ്ട്രീയ നിലപാടുകളും രാജ്യത്തെ പാവപ്പെട്ട ജനങ്ങളെ ചേർത്തുപിടിക്കുന്ന രീതിയിൽ ഉള്ളതാണ് എന്നും രാഹുലിന്റെ സാന്നിധ്യം തൻറെ പാർട്ടിയുടെ വലിയ കുതിപ്പിന് വഴിയൊരുക്കും എന്നും സ്വന്തം അക്കൗണ്ടിൽ പോസ്റ്റ് ചെയ്തു കൊണ്ടാണ് വിജയ് രംഗത്ത് വന്നിരിക്കുന്നത്.

രാഹുൽ ഗാന്ധി ഇപ്പോൾ അമേരിക്കൻ പര്യടനത്തിലാണ്.ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം രാഹുൽ ഗാന്ധിയെ ഡൽഹിയിൽ നേരിട്ട് കാണുന്നതിന് വിജയ് ഇതിനകം തന്നെ അനുമതി ചോദിച്ചിട്ടുണ്ട്.കർണാടക കോൺഗ്രസ് നേതാവ് ശിവകുമാർ വഴി ആണ് ഈ നീക്കങ്ങൾ നടക്കുന്നത്.ഈ കൂടിക്കാഴ്ച രണ്ടുപേരും തമ്മിലുള്ള ബന്ധം ഉറപ്പിക്കും എന്നും അത്തരത്തിൽ ഒരു രാഷ്ട്രീയ നീക്കം ഉണ്ടായാൽ നിലവിലെ തമിഴ്നാട് രാഷ്ട്രീയത്തിന്റെ ഘടന തന്നെ മാറും എന്നും രാഷ്ട്രീയ നിരീക്ഷകർ അഭിപ്രായപ്പെടുന്നുണ്ട്.തമിഴ്നാട്ടിൽ മുൻ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം തമിഴ് സിനിമ ലോകത്തെ വമ്പൻമാരായ രജനീകാന്ത്, കമൽഹാസൻ തുടങ്ങിയവർ രാഷ്ട്രീയ പാർട്ടിയുടെ പ്രഖ്യാപനം നടത്തി രംഗത്ത് വരാൻ ശ്രമം നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല.ഈ രാഷ്ട്രീയ കാലാവസ്ഥ മാറ്റിമറിക്കാൻ വിജയ് എന്ന നടനു കഴിയുമോ എന്നതാണ് തമിഴ്നാട് ജനത നിരീക്ഷിക്കുന്നത്.അവർ തന്നെ ഒരു കാര്യം ഉറപ്പായി പറയുന്നു.രാഹുൽഗാന്ധിയുമായി വിജയ് കൈകോർത്താൽ തമിഴ്നാട്ടിലെ ഇപ്പോഴത്തെ രാഷ്ട്രീയ കാലാവസ്ഥ മാറിമറിയും എന്നതാണ് ആ വിലയിരുത്തൽ.