തൊഴിലുറപ്പിന്റെ മറവിൽ വ്യാപക തട്ടിപ്പ്

പഞ്ചായത്ത് സമിതികൾ 250 കോടിയിലധികം അടിച്ചുമാറ്റി

ൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്താണ് രാജ്യത്ത് തൊഴിലുറപ്പ് പദ്ധതി നടപ്പിൽ വരുന്നത്. മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതി എന്ന രീതിയിൽ അന്നത്തെ ധനകാര്യ മന്ത്രി ബഡ്ജറ്റിലൂടെ ഈ പദ്ധതി ആവിഷ്കരിക്കുകയാണ് ചെയ്തത്. അന്ന് ധനകാര്യ മന്ത്രി ഈ പദ്ധതിയുടെ നടത്തിപ്പിനു വേണ്ടി 62000 കോടി രൂപ ബജറ്റിലൂടെ തന്നെ നീക്കി വയ്ക്കുകയും ചെയ്തിരുന്നു. എല്ലാവർഷവും ഈ പദ്ധതി തുടരുകയും ചെയ്തിരുന്നതാണ്. എന്നാൽ പിന്നീട് നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിൽ വന്നപ്പോൾ ഈ പദ്ധതിക്ക് പലതരത്തിലുള്ള തടസ്സങ്ങൾ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തിയത്. ഗാന്ധി വിരോധികളായ ബിജെപി നേതാക്കൾ തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ ഗാന്ധി എന്നത് മാറ്റുന്ന കാര്യമാണ് ആദ്യം ആലോചിച്ചത്. പ്രതിഷേധം ഉണ്ടായപ്പോൾ പേരുമാറ്റൽ ഉപേക്ഷിച്ചു. എന്നാൽ പിന്നീട് എല്ലാവർഷവും ദേശീയ തൊഴിലുറപ്പ് പദ്ധതി സർക്കാർ അനുവദിക്കുന്ന തുക കാര്യമായി കുറയ്ക്കുന്ന രീതിയാണ് ഉണ്ടായത്. ത്രിതല പഞ്ചായത്തുകൾ കേന്ദ്രീകരിച്ചാണ് ഗാന്ധി തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കിയത് പിന്നീട് കോർപ്പറേഷൻ പരിധികളിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയും നിലവിൽ വന്നു.

ഇപ്പോഴും പഴയതോതിൽ ഇല്ല എങ്കിലും എല്ലാ പഞ്ചായത്തുകളിലും തൊഴിലുറപ്പ് തൊഴിലാളികൾ പണി നടത്തുന്നുണ്ട്. യാതൊരു കൃത്യമായ വരുമാനവും ഇല്ലാത്ത അസംഘടിതരായ തൊഴിലാളികൾക്ക് വർഷത്തിൽ നിശ്ചിത ദിവസം തൊഴിൽ ഉറപ്പാക്കുന്ന പദ്ധതിയായിരുന്നു തൊഴിലുറപ്പ് പദ്ധതി. വർഷത്തിൽ കുറഞ്ഞത് 90 ദിവസമെങ്കിലും ജോലി ചെയ്യാൻ അവസരവും അതിൻറെ വരുമാനവും തൊഴിലാളികൾക്ക് ലഭിക്കുന്നുണ്ട്. കേരളത്തിൽ ഭൂരിഭാഗം പ്രദേശങ്ങളിലും കുടുംബശ്രീ യുമായി ബന്ധപ്പെട്ട സ്ത്രീകളാണ് ഈ മേഖലയിൽ തൊഴിൽ എടുക്കുന്നതിന് തയ്യാറാവുന്നത്.തൊഴിലുറപ്പ് പദ്ധതി നടപ്പിലാക്കുന്നതിന് കൃത്യമായ മാനദണ്ഡങ്ങൾ ഉള്ളതാണ്. കേരളത്തിലെ 940ലധികം ഗ്രാമപഞ്ചായത്തുകളും ബ്ലോക്ക് പഞ്ചായത്തുകളും ജില്ലാ പഞ്ചായത്തുകളും മഹാത്മ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്. എന്നാൽ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും യാതൊരുവിധ കൃത്യതയും ഇല്ലാതെ തൊഴിലുറപ്പ് പദ്ധതി തുടരുന്നു എന്നാണ് ആധികാരികമായി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. വ്യക്തിഗതമായ ആവശ്യങ്ങളിൽ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാൻ കഴിയില്ല. കൂട്ടുകൃഷി ഇടങ്ങളും തെരുവോരങ്ങളും പൊതു സ്ഥാപനങ്ങളുടെ പരിസരങ്ങളും ശുചീകരിക്കുന്നത് തുടങ്ങിയുള്ള പദ്ധതികൾക്ക് തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിക്കാം. എന്നാൽ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഭരണസമിതിക്കാർ ഇതിലെല്ലാം മാറ്റം വരുത്തി വ്യാരേഖകൾ ചുമച്ചും പണി നടത്തിയത് സംബന്ധിച്ച കൃത്രിമറിപ്പോർട്ടുകൾ തയ്യാറാക്കിയും തൊഴിലുറപ്പ് പദ്ധതിയുടെ തുക തട്ടിയെടുക്കുന്നത് ആയിട്ടാണ് കണ്ടെത്തിയിരിക്കുന്നത്. ഗ്രാമീണ മേഖലയിൽ കാര്യമായ പരിശോധനകൾ ഇല്ലാത്തതിനാൽ ഇത് വളരെ എളുപ്പത്തിൽ നടത്തുവാൻ കഴിയുന്നു എന്നതാണ് ഇതിൻറെ പ്രത്യേകത. ത്രിതല പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഇവിടങ്ങളിലെ സെക്രട്ടറിമാരും ഒറ്റക്കെട്ടായി നിന്നുകൊണ്ടാണ് തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ തട്ടിപ്പ് നടത്തുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

 

പഴയ കാലം ഒന്നുമല്ല ഇപ്പോൾ പഞ്ചായത്തീരാജ് നിയമം നടപ്പിൽ വന്നശേഷം ഓരോ ഗ്രാമപഞ്ചായത്തുകളും സ്വയംഭരണ സ്ഥാപനങ്ങൾ ആണ്. സ്വന്തം പഞ്ചായത്തിൽ എന്തു വികസനം നടത്തണം എന്ന് പഞ്ചായത്ത് ഭരണസമിതികൾക്ക് തീരുമാനിക്കാം. കേന്ദ്രവും കേരളവും പങ്കിട്ടുകൊണ്ട് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് ഓരോ വർഷവും ആയിരക്കണക്കിന് കോഡ് രൂപയാണ് വികസന പ്രവർത്തനങ്ങൾക്കായി അനുവദിച്ച് കൊടുക്കുന്നത്. ഇതിൻറെ കൂടെയാണ് തൊഴിലുറപ്പ് പദ്ധതി വിനിയോഗത്തിനായി ഉള്ള പണവും സർക്കാർ കൈമാറുന്നത്. സംസ്ഥാനത്ത് ഏതാണ്ട് എല്ലാ പ്രദേശങ്ങളിലും ഇത്തരത്തിലുള്ള തൊഴിൽ ഉറപ്പ് പദ്ധതി തട്ടിപ്പ് നടന്നുവരുന്നതായി അന്വേഷണ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. തൊഴിൽ ഉറപ്പ് പദ്ധതിയുടെ വിശദമായി സർക്കാർ നൽകുന്ന തുക വക മാറ്റി ചെലവാക്കുകയും ചെയ്ത സംഭവങ്ങളും ഉണ്ട്. മഹാത്മാ തൊഴിലുറപ്പ് പദ്ധതിയുടെ നിബന്ധനപ്രകാരം ഒരു മാസത്തെ തൊഴിൽ പ്രവർത്തനം തൊഴിലാളി പൂർത്തിയാക്കി കഴിഞ്ഞാൽ ആ തൊഴിലാളിയുടെ അക്കൗണ്ടിലേക്ക് സർക്കാർ നിർദ്ദേശിച്ചിട്ടുള്ള വേതനം കൈമാറണം എന്നുണ്ട് .എന്നാൽ തൊഴിൽ ഉറപ്പ് പദ്ധതിയിൽ ചേർന്നുകൊണ്ട് ജോലി ചെയ്തിട്ട് ആറുമാസം കഴിഞ്ഞിട്ടും വേതനം നൽകാത്ത പരാതികളും ഉയരുകയാണ്. ഇവിടെയാണ് പഞ്ചായത്തുകൾക്ക് കിട്ടുന്ന പണം വക മാറ്റി ചെലവാക്കുന്നതിന്റെ സംഭവങ്ങൾ പിടികിട്ടുന്നത്. ഏതായാലും സംസ്ഥാനത്ത് ഒട്ടാകെയായി കോടിക്കണക്കിന് രൂപയുടെ തിരുമറികളും അഴിമതിയും കൊള്ളയും ആണ് മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ നടന്നുകൊണ്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.