കേരളം വളരുകയാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ അത് തള്ളിക്കളയേണ്ട കാര്യമില്ല. ആരാണ് വളരുന്നത് എന്ന ചോദ്യം തിരിച്ചു ചോദിക്കാൻ കഴിഞ്ഞാൽ യഥാർത്ഥ വളർച്ച എവിടെയാണ് എന്നും ആർക്കാണ് എന്നും ഒക്കെ മലയാളികളായ നമുക്ക് മനസ്സിലാകും. നാട് വളരണം എന്ന കാര്യത്തിൽ ആഗ്രഹമില്ലാത്ത ആരും ഉണ്ടാകില്ല അതുകൊണ്ടാണല്ലോ അര നൂറ്റാണ്ട് മുൻപ് മഹാകവി പാലാ നാരായണൻ നായർ ഇങ്ങനെ ഒരു കവിത എഴുതിവെച്ചത്.കേരളം വളരുന്നു . പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്ന് അന്യമാം ദേശങ്ങളിൽ എന്ന്. പാലായുടെ കവിത യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത് ഇപ്പോഴാണ്. കേരളം വിട്ട് അന്യദേശങ്ങളിൽ കടന്നുചെന്ന് കോടീശ്വരന്മാരും ബഹു കോടീശ്വരന്മാരും ഒക്കെയായ മലയാളികളുടെ വളർച്ച കാണുമ്പോൾ, ഇന്നും തളർന്ന ജീവിക്കുന്ന കോടിക്കണക്കിന് വരുന്ന മലയാളികൾ ബോധംകെട്ട് വീഴും. ഏതായാലും രാജ്യത്തെ ബഹു കോടീശ്വരന്മാരുടെ പട്ടിക ഹുറൂൺ ഇന്ത്യ റിച്ച് പുറത്ത് വിട്ടിരിക്കുന്നത് കാണാൻ കഴിഞ്ഞാൽ നമുക്കും സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ കഴിയും. ദേശീയതലത്തിൽ ശതകോടീശ്വരന്മാരുടെ പട്ടികയിലേക്ക് ആറു മലയാളികൾ എത്തിപ്പെട്ടിരിക്കുന്നു എന്നാണ് പുതിയ റിപ്പോർട്ട് പറഞ്ഞിരിക്കുന്നത്. ഇവരെല്ലാം എങ്ങനെ ഇത്ര കണ്ടു വലിയ സാമ്പത്തിക വളർച്ചയിലേക്ക് എത്തി, എന്നത് ആരെയും അത്ഭുതപ്പെടുത്തുന്ന കാര്യങ്ങളാണ്.
അതിസമ്പന്നന്മാരുടെ പട്ടികയിൽ, ദേശീയ തലത്തിൽ, നാൽപ്പതാമത്തെ സ്ഥാനത്താണ് എങ്കിലും കേരളത്തിൽ ഈ പട്ടികയിൽ ഒന്നാമത് എത്തിയിരിക്കുന്നത്, പലപ്പോഴും ഈ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ള എം എ യൂസഫലി എന്ന ലുലു ഗ്രൂപ്പിൻറെ ചെയർമാൻ ആണ്. 55,000 കോടി രൂപയാണ് യൂസഫലിയുടെ ആസ്തിയായി റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നത്. കേരളത്തിലെ അതിസമ്പന്നന്മാരുടെ രണ്ടാമത്തെ സ്ഥാനത്തേക്ക് കടന്നു വന്നിരിക്കുന്നത് ജ്വല്ലറി ഗ്രൂപ്പിൻറെ ഉടമയായ ജോയ് ആലുക്കാസ് ആണ്. 42000 കോടി രൂപയാണ് ഇദ്ദേഹത്തിൻറെ സ്വത്ത്. മൂന്നാം സ്ഥാനത്ത് ഇൻഫോസിസ് സ്ഥാപകനായ ക്രിസ് ഗോപാലകൃഷ്ണൻ എത്തിയിരിക്കുന്നു. 38500 കോടി രൂപയാണ് ഇദ്ദേഹത്തിൻറെ സമ്പാദ്യമായി വെളിപ്പെടുത്തിയിരിക്കുന്നത്. നാലാം സ്ഥാനത്ത് എത്തിയിരിക്കുന്നത് വിദ്യാഭ്യാസ സംരംഭകരും, അതുപോലെതന്നെ സണ്ണി ഡയമണ്ട്സ് ഉടമയുമായ സണ്ണി വർക്കി ആണ്. 31500 കോടി രൂപയാണ് ഇദ്ദേഹത്തിൻറെ ആസ്തി. യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബുർജിയിൽ ഹോൾഡിങ്സിന്റെ ഉടമയായ ഷംസീർ വയലിൽ ആണ് യുവാക്കളിൽ ഏറ്റവും സമ്പന്നനായ കോടീശ്വരൻ. 31300 കോടി രൂപയാണ് ഇദ്ദേഹത്തിൻറെ സമ്പാദ്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. ഈ പട്ടിക പ്രകാരം കേരളത്തിൽ നിന്നും 19 ശതകോടീശ്വരന്മാരാണുള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നത്.
സാമ്പത്തിക വളർച്ച നേടിയവരുടെ കണക്കുകൾ പരിശോധിച്ച് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ആയിരം കോടിക്കു മുകളിൽ ഉള്ള 1529 ആൾക്കാരാണ് നമ്മുടെ രാജ്യത്ത് ഉള്ളത്. ഇത്തരത്തിൽ ആയിരം കോടിക്ക് മുകളിൽ സാമ്പത്തിക സ്വത്ത് ഉള്ള ആൾക്കാരുടെ കാര്യത്തിൽ വലിയ വളർച്ചയാണ് ഉണ്ടായിരിക്കുന്നതെന്നും ഈ റിപ്പോർട്ടിൽ പറയുന്നുണ്ട്. എന്ന് പറഞ്ഞാൽ ദേശീയതലത്തിൽ നടത്തുന്ന പല സാമ്പത്തിക സർവ്വേ റിപ്പോർട്ടുകളും സൂചിപ്പിച്ചിട്ടുള്ളത് പോലെ, നമ്മുടെ രാജ്യത്ത് സമ്പന്നരായ വിരലിലെണ്ണാവുന്ന ആൾക്കാർ നിത്യേന എന്നോണം അതിസമ്പന്നർ മാരായി വളരുകയും സാധാരണക്കാരും പാവപ്പെട്ടവരും ദാരിദ്രരേഖയ്ക്ക് താഴെയുള്ളവരും വീണ്ടും വീണ്ടും താഴേക്ക് വീണുകൊണ്ടിരിക്കുന്നു എന്നും ഉള്ള കണക്കുകൾ ആണ് ശരിവെക്കുന്നത്. രാജ്യത്ത് മാറിമാറി വരുന്ന സർക്കാരുകൾ അടിസ്ഥാന ജനതയ്ക്ക് പുരോഗതിയിലേക്ക് കടക്കുവാനുള്ള പദ്ധതികൾ നടപ്പിലാക്കുന്നതായി പറയുന്നുണ്ടെങ്കിലും, ഇതൊന്നും പറയുന്ന വിധത്തിൽ ഫലം കാണുന്നില്ല, എന്നതിൻറെ തെളിവാണ് പാവങ്ങൾ കൂടുതൽ കൂടുതൽ പാവങ്ങൾ ആയിട്ടും, പണക്കാർ വലിയ വലിയ പണക്കാരായിട്ടും മാറുന്ന സാഹചര്യം ഉണ്ടാകുന്നത്.സമ്പന്നരുടെ പട്ടിക പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് ദേശീയതലത്തിൽ ഇപ്പോൾ ഏറ്റവും വലിയ സമ്പന്നനായി നിലനിൽക്കുന്നത് ഗൗതം അദാനി തന്നെയാണ്. 11 ലക്ഷത്തി അറുപതിനായിരം കോടി രൂപയാണ് ഗൗതം അദാനിയുടെ നിലവിലെ ആസ്തിയായി വെളിപ്പെടുത്തിയിരിക്കുന്നത്. രണ്ടാം സ്ഥാനത്ത് പത്തുലക്ഷത്തി പതിനാലായിരം കോടി രൂപയുടെ ആസ്തിയുള്ള മുകേഷ് അംബാനിയും ഉണ്ട്. മൂന്നാം സ്ഥാനത്ത് ദേശീയ കണക്കുപ്രകാരം എച്ച് സി എൽ കമ്പനി സ്ഥാപകനായ ശിവ നാടാർ ആണ് ഉള്ളത്. 3,14000 കോടി രൂപയാണ് ഇയാളുടെ ആസ്തി.
ഇപ്പോൾ രാജ്യത്തെ അതിസമ്പന്നന്മാരുടെ പട്ടികയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന അദാനിയും അംബാനിയും എങ്ങനെയാണ് അതിസമ്പന്നൻമാരായി വളർന്നത്, എന്ന കാര്യത്തിൽ ഇപ്പോഴും പലതരത്തിലുള്ള ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ബാങ്കുകളിൽ നിന്നും വലിയതോതിൽ വായ്പ വാങ്ങി സർക്കാരിനെ വിലയ്ക്കെടുത്ത്, ആ സഹായം വഴി ബാങ്ക് വായ്പകൾ എഴുതിത്തള്ളുന്ന ഏർപ്പാട് വരെ, രാജ്യത്ത് ഉണ്ടായത് വലിയ വിവാദം ഉയർത്തിയിരുന്നു. രാജ്യ ഭരണത്തിലേക്ക് ബിജെപിയും നരേന്ദ്രമോദിയും കടന്നുവന്നതോടുകൂടിയാണ് അംബാനി അദാനി തുടങ്ങിയ മുതലാളിമാർ ബഹു കോടീശ്വരന്മാരുടെ അത്യുഗ്രൻ വളർച്ചയിലേക്ക് മാറിയത്. അദാനി ഗ്രൂപ്പും, അംബാനി ഗ്രൂപ്പ് എല്ലാം ബിജെപി എന്ന രാഷ്ട്രീയപാർട്ടിക്ക് പ്രവർത്തനഫണ്ടായി ആയിരക്കണക്കിന് കോടി രൂപ കൈമാറിയതിനുള്ള രേഖകളും മറ്റു തെളിവുകളും നേരത്തെ തന്നെ പുറത്തുവന്നിട്ടുള്ളതാണ്. ഇത്തരത്തിലുള്ള വലിയ സാമ്പത്തിക സഹായം കൈമാറിയതിന് പിന്നിൽ കേന്ദ്രസർക്കാർ അദാനി, അംബാനി ഗ്രൂപ്പുകൾക്ക് വഴിവിട്ട സഹായങ്ങൾ നൽകിയിരുന്നോ എന്നത് വ്യക്തമാണ്. ഏതായാലും ഒരു കാര്യം ഉറപ്പിച്ചു പറയാം ഇന്ത്യയിലെ ദേശീയ കാഴ്ചപ്പാടുകളും സർക്കാരിൻറെ സാമ്പത്തിക നയങ്ങളും ബാങ്കിംഗ് രംഗത്ത് സ്വീകരിച്ചിട്ടുള്ള തന്ത്രങ്ങളും ഗുണം ചെയ്യുന്നത് അതിസമ്പന്നന്മാരുടെ വളർച്ചയ്ക്ക് മാത്രമാണ് എന്നതാണ് വാസ്തവം.