ബിജെപിയെ കുഴക്കുന്ന രാഹുൽ തന്ത്രങ്ങൾ

അച്ഛനെയും അമ്മൂമ്മയെയും പിന്തുടരുന്ന രാഹുൽ ഗാന്ധി

ലോകസഭയിലെ പ്രതിപക്ഷ നേതാവും കോൺഗ്രസിന്റെ ശക്തികേന്ദ്രവും ആയ രാഹുൽ ഗാന്ധി ആരും അറിയാതെ നടത്തുന്ന ചില നീക്കങ്ങൾ കോൺഗ്രസ് പ്രവർത്തകർക്ക് ആവേശം പകരുമ്പോൾ, മറുവശത്ത് ബിജെപി നേതാക്കളുടെ നെഞ്ചിടിപ്പിന് ആക്കം കൂട്ടുകയും ചെയ്യുകയാണ്. രാഹുൽഗാന്ധി പഴയ രാഹുൽഗാന്ധി അല്ല എന്ന് പരസ്യമായി പറഞ്ഞുവെച്ചത് മറ്റാരുമല്ല ബിജെപിയുടെ മുതിർന്ന നേതാവായ സ്മൃതി ഇറാനി ആയിരുന്നു. സ്മൃതി ഇറാനിയുടെ ഈ വാക്കുകൾക്ക് മറ്റ് ഏത് ബിജെപി നേതാക്കളുടെ പ്രസ്താവനകളെക്കാളും കരുത്തും ബലവും അർത്ഥവും ഉണ്ട്. കാരണം അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധിയെ തോൽപ്പിച്ച ആളും പിന്നീട് രാഹുൽഗാന്ധിയെ മത്സരത്തിനായി വെല്ലുവിളിച്ച നേതാവും ഒക്കെയാണ് സ്മൃതി ഇറാനി. അങ്ങനെ ഒരു നേതാവാണ് യാഥാർത്ഥ്യം തിരിച്ചറിഞ്ഞുകൊണ്ട് രാഹുൽ ഗാന്ധിയുടെ മഹത്വങ്ങൾ വിളിച്ചു പറഞ്ഞത്. രാഷ്ട്രീയ തന്ത്രങ്ങളുടെ കാര്യത്തിൽ അസാമാന്യമായ മെയ് വഴക്കം പ്രകടമാക്കുന്ന ഒരു അത്ഭുത പ്രതിഭാസമായി ഇപ്പോൾ രാഹുൽ ഗാന്ധി മാറിയിരിക്കുന്നു എന്നാണ് ഡൽഹിയിലെ രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്.

തികച്ചും അപ്രതീക്ഷിതവും അത്ഭുതകരവുമായ ഒരു സംഭവം ഒടുവിൽ പുറത്തുവന്നതാണ് രാഹുൽ ഗാന്ധിയുടെ പേര് ചർച്ചയിലേക്ക് കടന്നു വരുവാൻ കാരണമായത് കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് കാലത്ത് പ്രചാരണ പ്രവർത്തനങ്ങളുമായിറായിബറലി മണ്ഡലത്തിൽ എത്തിയ രാഹുൽ ഗാന്ധി, ആ യാത്രക്കിടയിൽ ബ്രിജേന്ദ്ര നഗറിലെ ഒരു സാധാരണ ബാർബർ ഷോപ്പിൽ കയറി തൻറെ താടി ട്രിം ചെയ്ത സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുകയും, പിന്നീട് അത് വലിയ ചർച്ചയായി വളരുകയും ചെയ്തിരുന്നു. ബ്രിജേന്ദ്ര നഗറിലെ മിഥുൻ എന്ന ആളിന്റെ സലൂണിലാണ് രാഹുൽ ഗാന്ധി കയറിയിരുന്ന് താടി ട്രിം ചെയ്തത്. ഈ അവസരത്തിൽ സലൂണിൽ കുറെ നേരം കൂടി തങ്ങിയ രാഹുൽ ഗാന്ധി മിഥുനമായി കുടുംബ കാര്യങ്ങളും നാട്ടുകാര്യങ്ങളും ഒക്കെ ചർച്ച ചെയ്തു. തൻറെ താടി ഡ്രിം ചെയ്ത മിഥുനോട് രാഹുൽ ഗാന്ധി ആ അവസരത്തിൽ ചോദിച്ചു താങ്കളുടെ താടിയും മുടിയും ആരാണ് വെട്ടുന്നത് എന്ന്. ഇതു മാത്രമല്ല ആ ബാർബർ ആയ മിഥുനോട് കുടുംബകാര്യങ്ങളും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞു. ഒപ്പം ഈ തൊഴിലിൽ നിന്നും കുടുംബം കഴിയാനുള്ള വരുമാനം ലഭിക്കുന്നുണ്ടോ എന്ന് അടക്കമുള്ള പല കാര്യങ്ങളും രാഹുൽ ഗാന്ധി ചോദിച്ചറിഞ്ഞിരുന്നു.

ഈ സംഭവത്തിനുശേഷം രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണ രംഗങ്ങളിലേക്കും തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപനം സംബന്ധിച്ചുള്ള തിരക്കിലേക്കും ഒക്കെ കടന്നപ്പോൾ, രാഹുൽ ഗാന്ധി റായിബറലിയിലെ താൻ പരിചയപ്പെട്ട ബാർബർ മിഥുനെ മറന്നിരുന്നില്ല, ആരെയും അമ്പരപ്പിക്കുന്ന ഒരു യാഥാർത്ഥ്യമാണ് പിന്നെ ജനം കണ്ടത്. രാഹുൽ ഗാന്ധിയുടെ സന്ദർശനത്തോടുകൂടി ബാർബർ മിഥുന്റെ സലൂണിൽ ആൾക്കാർ വരുന്നതിന് തിരക്കായി മാറി. മാത്രവുമല്ല മിഥുൻ യഥാർത്ഥത്തിൽ ഒരു സെലിബ്രിറ്റി ആയി വളരുകയും ചെയ്തിരുന്നു.കഴിഞ്ഞ ദിവസമാണ് ഉത്തർപ്രദേശിലെ റായിബറാലിയിലെ മണ്ഡലത്തിലെ മിഥുൻ എന്ന ബാർബറുടെ സലൂണിനു മുന്നിൽ ഒരു ഭാരവണ്ടി നിർത്തി. അതിൽ നിന്നും രണ്ടുപേർ ഇറങ്ങി മിഥുൻ നടത്തുന്ന ബാർബർ ഷാപ്പ് അല്ലേ എന്ന് അന്വേഷിക്കുകയും, അതെ എന്ന് മറുപടി കിട്ടുകയും ചെയ്തു, വണ്ടിയോടൊപ്പം എത്തിയ രണ്ടുപേർ ചേർന്ന് മിഥുൻ എന്ന ആളിന്റെ കടയിലേക്ക് ചില സാധനങ്ങൾ ഇറക്കിവെച്ചു. അത് മറ്റൊന്നും ആയിരുന്നില്ല, മിഥുന്റെ ബാർബർ ഷോപ്പിൽ ഉപയോഗിക്കുന്നതിനായി ഒരു ഷാംപൂ, ചെയർ, രണ്ട് ബാർബർ കസേരകൾ, ഒരു വൈദ്യുതി ഇൻവർട്ടർ, എന്നിവ ആണ് വണ്ടിയിൽ എത്തിയ ഇരുവരും ചേർന്ന് ഇറക്കിവെച്ചത്. എന്താണ് സംഭവിക്കുന്നത് അറിയാതെ അമ്പരന്ന് നിന്ന മിഥുനോട് വണ്ടിയിൽ എത്തിയവർ പറഞ്ഞു രാഹുൽഗാന്ധി തന്നയച്ചതാണ് ഈ സാധനങ്ങൾ, ഇതെല്ലാം ഇവിടെ എത്തിച്ച് അങ്ങേയ്ക്ക് കൈമാറാൻ രാഹുൽ ഗാന്ധി പറഞ്ഞിട്ടുണ്ട്. ഇതുകേട്ട് നിന്ന് മിഥുൻ അമ്പരപ്പിൽ എല്ലാം മറന്ന് നിൽക്കുകയാണ് ഉണ്ടായത്.ഏതായാലും തൻറെ താടി ട്രിം ചെയ്യാൻ രാഹുൽ ഗാന്ധി കടയിൽ വന്നതിന്റെ പേരിൽ ആ പ്രദേശത്തെ സെലിബ്രിറ്റി ആയി മാറിയ മിഥുൻ വീണ്ടും നാട്ടുകാർക്കിടയിൽ വലിയ ചർച്ചയായി മാറി. രാഹുൽ ഗാന്ധിയുടെ ഈ നടപടി അത്ഭുതത്തോടുകൂടിയാണ് നാട്ടുകാർ സ്വീകരിച്ചത്.

ബാർബറായ മിഥുന് ഷോപ്പിലേക്കുള്ള സാധനങ്ങൾ എത്തിച്ചു കൊടുത്ത രാഹുൽഗാന്ധിയുടെ സഹായ മനസ്സ് പുകഴ്ത്തി പാടുകയാണ് റായിബറലിയിലെ ജനങ്ങൾ. ഇത് മാത്രമല്ല ജനങ്ങൾ ഇപ്പോൾ ഓർമ്മയിൽ കൊണ്ടുവരുന്നത്, രാഹുൽ ഗാന്ധിയുടെ പിതാവായിരുന്ന രാജീവ് ഗാന്ധിയുടെയും, അമ്മൂമ്മയായിരുന്ന ഇന്ദിരാഗാന്ധിയുടെയും, രാഷ്ട്രീയ ശൈലികളും സഹായ മനസ്ഥിതിയും ഒക്കെയാണ്. ജവഹർലാൽ നെഹ്റുവിൻറെ കാലം മുതൽ പ്രായിബേലിയും ഉത്തർപ്രദേശും നെഹ്റു കുടുംബത്തിൻറെ തറവാട് ആയിരുന്നു. സമീപകാലത്ത് ചെറിയ ഒരു ഇടവേളയിൽ മാത്രമാണ് ഉത്തർപ്രദേശിലെ വോട്ടർമാർ നെഹ്റു കുടുംബത്തെ തള്ളിപ്പറയുന്ന സാഹചര്യം ഉണ്ടായത്. ബിജെപി എന്ന രാഷ്ട്രീയപാർട്ടി അതിശക്തമായ തള്ളിക്കയറ്റം ഉണ്ടാക്കിയ അവസരത്തിലാണ് കോൺഗ്രസ് പാർട്ടിക്കും രാഹുൽ ഗാന്ധിക്കും കുടുംബത്തിനും തിരിച്ചടിയുടെ ദുരിതങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. എന്നാൽ ബിജെപിയുടെ പത്ത് വർഷക്കാലത്തെ ഭരണകാലാവധിക്കുള്ളിൽ, ഉത്തർപ്രദേശിലെ മാത്രമല്ല ദേശീയ തലത്തിൽ തന്നെ ജനങ്ങൾ ബിജെപി എന്ന പാർട്ടിയെ തിരസ്കരിക്കുന്ന സാഹചര്യം ഉണ്ടായി.

റായിബറലി മണ്ഡലത്തിലെ ബാർബർ ഷോപ്പിന്റെ കാര്യത്തിൽ മാത്രമല്ല കഴിഞ്ഞ കുറച്ചു കാലത്തിനിടയിൽ എല്ലാത്തരത്തിലും മാറ്റങ്ങളെ ഉൾക്കൊണ്ട രാഹുൽ ഗാന്ധി എവിടെ എത്തിയാലും പൊതുജനങ്ങളെ കാണുന്നതിനും അവരുടെ വിഷമതകൾ ചോദിച്ചറിയുന്നതിനും അവയെല്ലാം പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നതിനും തയ്യാറായിട്ടുണ്ട്. ഏറ്റവും ഒടുവിൽ കേരളത്തിലെ വയനാട് മുണ്ടക്കൈയിൽ ഉരുൾപൊട്ടലിൽ ഒരു പ്രദേശം തകർന്നപ്പോൾ, അവിടെ ഓടിയെത്താനും, വീടും കൂടും എല്ലാം നഷ്ടപ്പെട്ട നൂറു കുടുംബങ്ങൾക്ക് വീടുവെച്ചു നൽകും എന്ന് പ്രഖ്യാപിക്കാനും അതിനുള്ള നടപടികൾ തുടങ്ങിവയ്ക്കാനും രാഹുൽഗാന്ധിക്ക് കഴിഞ്ഞു. ഇത് യഥാർത്ഥത്തിൽ രാഹുൽ ഗാന്ധി എന്ന നെഹ്റു കുടുംബത്തിലെ നേതാവിന്റെ പാരമ്പര്യ ഗുണം തന്നെയാണ് എന്ന് പറയുന്നതായിരിക്കും ഏറെ ശരി.റായിബറലിയിലെ ബാർബർ ആയ മിഥുന് ആരും അറിയാതെ സഹായം എത്തിച്ച രാഹുൽ ഗാന്ധിയുടെ നടപടിയെ നാട്ടുകാർ ഒന്നടങ്കം പുകഴ്ത്തുകയാണ്. ഇതെല്ലാം കണ്ടുകേട്ടും കഴിയുന്ന അവിടുത്തെ കോൺഗ്രസ് പ്രവർത്തകർ ഇപ്പോൾ വലിയ ആവേശത്തിലാണ്. രാഹുൽ ഗാന്ധിയുടെ മാതൃകാപരമായ ഈ പ്രവർത്തനം സംസ്ഥാനം ഒട്ടാകെയുള്ള കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആവേശമാണ് നൽകുന്നത് എന്ന് കോൺഗ്രസ് വക്താവായ അവസ്ഥി പറയുകയുണ്ടായി.