രണ്ടു സർക്കാരുകളിൽ ആയി 10 വർഷക്കാലം ആരെയും ഭയക്കാതെ ഭരണത്തിൽ തുടർന്ന പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോൾ ഉറക്കം കെട്ട അവസ്ഥയിലാണ്.ബിജെപി എന്ന രാഷ്ട്രീയ പാർട്ടിക്ക് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. 240 ഓളം സീറ്റുകൾ കിട്ടിയ നരേന്ദ്രമോദി അതുവരെ എതിർപക്ഷത്ത് ആയിരുന്ന രണ്ടുമൂന്ന് പാർട്ടിക്കാരെ വലവീശിപ്പിടിച്ച് ആണ് മൂന്നാം ബിജെപി സർക്കാരിന് രൂപം കൊടുത്തത്. സർക്കാർ അധികാരത്തിലേറിയ അവസരത്തിൽ തന്നെ മോദിയുടെ മൂന്നാം സർക്കാർ എത്രനാൾ എന്ന ആശങ്ക രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നിരുന്നു.ചന്ദ്രബാബു നായിഡുവിന്റെ തെലുങ്കുദേശം പാർട്ടിയും ബീഹാറിലെ ജെ ഡി യു എന്ന പാർട്ടിയും ആണ് മുഖ്യമായി മൂന്നാം മോദി സർക്കാരിനെ താങ്ങി നിർത്തുന്നതിന് സഹായിച്ചത്.എന്നാൽ വെറും പ്രാദേശിക താല്പര്യത്തിൽ മാത്രം നിലനിൽക്കുന്ന ഈ രണ്ടു പ്രമുഖ പാർട്ടിയുടെ നേതാക്കളും എപ്പോൾ വേണമെങ്കിലും നരേന്ദ്രമോദിക്കെതിരെ വാളൊങ്ങുമെന്നും എപ്പോൾ വേണമെങ്കിലും പിന്തുണ പിൻവലിക്കും എന്നും ഒക്കെയുള്ള സംശയങ്ങൾ ഇപ്പോഴും നിലനിൽക്കുന്നുണ്ട്.ഇതിനിടയിലാണ് മൂന്നാം നരേന്ദ്രമോദി സർക്കാരിൻറെ ആദ്യത്തെ നൂറു ദിനം കടന്നുവന്നത്.മുൻകാലങ്ങളിൽ ഉണ്ടായ പോലെ നരേന്ദ്രമോദിയുടെ ജനകീയ പ്രഖ്യാപനങ്ങളും സർക്കാരിൻറെ നൂറാം ദിന ആഘോഷമോ ഒന്നും ഉണ്ടായില്ല എങ്കിലും സർക്കാരിനെ താങ്ങി നിർത്തുന്ന പ്രധാന ഘടകകക്ഷികൾ നരേന്ദ്രമോദിക്ക് തലവേദന ഉണ്ടാക്കുന്ന ആവശ്യങ്ങളുമായി രംഗത്ത് വന്നു എന്നാണ് പറയപ്പെടുന്നത്.
ചന്ദ്രബാബു നായിഡു മാത്രമല്ല ബീഹാറിലെ ജെ ഡി യു എന്ന പാർട്ടിയും കാലങ്ങളായി ജാതി സെൻസസ് രാജ്യത്ത് നടപ്പിലാക്കണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചു കൊണ്ടിരിക്കുകയാണ്.ബീഹാറിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുൻപ് ജാതി സെൻസസ് പൂർത്തീകരിക്കണം എന്നാണ് പാർട്ടി ആവശ്യപ്പെട്ടിരിക്കുന്നത്.ജാതി സെൻസസിന്റെ കാര്യത്തിൽ ഇതേ വാശിയും അവകാശവാദവും തെലുങ്കുദേശം പാർട്ടിക്കും ഉണ്ട്.സംസ്ഥാനതലത്തിൽ അല്ല രാജ്യം ഒന്നടങ്കം ജാതി സെൻസസ് നടത്തുകയും അതിൻറെ അടിസ്ഥാനത്തിൽ സംവരണത്തിൽ പുതിയ ക്രമീകരണങ്ങൾ നടപ്പിൽ വരുത്തുകയും ചെയ്യണം എന്ന ആവശ്യമാണ് സർക്കാരിനെ പിന്തുണയ്ക്കുന്ന പാട്ടുകൾ മുന്നോട്ടുവെച്ചിരിക്കുന്നത്.
ജാതി സെൻസസ് നടപ്പിൽ വരുത്തുന്നതിന് സർക്കാരിന് വിരോധമില്ല എന്ന രീതിയിൽ ബിജെപിയുടെ മുതിർന്ന നേതാക്കൾ പറയുന്നുണ്ടെങ്കിലും ഈ ഏർപ്പാടിനോട് ആർ എസ് എസ് – സംഘപരിവാർ ശക്തികൾക്ക് താൽപര്യം ഇല്ല.ജാതി സെൻസസ് നടപ്പിൽ വന്നാൽ മത ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ഭരണഘടന നിർദേശിക്കുന്ന പ്രകാരമുള്ള കൂടുതൽ ആനുകൂല്യങ്ങളും പരിഗണനകളും നൽകേണ്ടിവരും എന്നത് കൊണ്ടാണ് ഇവർ ഈ കാര്യത്തിൽ താല്പര്യമെടുക്കാത്തത് എന്ന കാര്യം വ്യക്തമാണ്.അതുകൊണ്ടുതന്നെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ഈ കാര്യത്തിൽ ആവേശം കാണിക്കാതെ മടിച്ചുനിൽക്കുന്നത്. ജാതി സെൻസസ് കാര്യത്തിൽ കേന്ദ്രസർക്കാർ ഉറച്ച തീരുമാനം എടുത്തില്ല എങ്കിൽ സർക്കാരിനെ പിന്തുണയ്ക്കുന്ന ജെ ഡി യു പാർട്ടിയും തെലുങ്കുദേശം പാർട്ടിയും പിന്തുണ പിൻവലിക്കുന്ന സാഹചര്യമുണ്ടായേക്കാം എന്ന ഭീതിയും ബിജെപി നേതൃത്വത്തിന് ഉണ്ട്.
ഇതിനിടയിലാണ് ബിജെപിയുടെ മുതിർന്ന നേതാവ് നിതിൻ ഗഡ്കരി ബിജെപി നേതാക്കളെ ആശങ്കപ്പെടുത്തുന്ന പുതിയ പ്രസ്താവനയുമായി രംഗത്ത് വന്നത്.ദേശീയതലത്തിൽ പ്രതിപക്ഷം ശക്തമാകുന്നത് നല്ല കാര്യം ആണെന്നും കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഇപ്പോൾ ദേശീയ പ്രതിപക്ഷം ശക്തമായി മാറിയിട്ടുണ്ട് എന്നും ജനാധിപത്യത്തിൽ പ്രാധാന്യമുള്ള പ്രതിപക്ഷ ശക്തിയെ സ്വാഗതം ചെയ്യണം എന്നാണ് നിതിൻ ഗഡ്കരി പരസ്യമായി പ്രസ്താവിച്ചത്.ഇതിൽ അമിത് ഷാ അടക്കം ബിജെപിയുടെ മുതിർന്ന നേതാക്കൾ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.പഴയ രണ്ട് ബിജെപി സർക്കാരുകളുടെ കാലത്തെ സ്ഥിതിയല്ല ഇപ്പോൾ എന്നും മറ്റു കക്ഷികളെ ആശ്രയിച്ചാണ് സർക്കാർ മുന്നോട്ടുപോകുന്നത് എന്നും അത്തരത്തിലുള്ള സങ്കീർണമായ സ്ഥിതി നിലനിൽക്കുമ്പോൾ പ്രതിപക്ഷത്തെയും അതിന് നേതൃത്വം കൊടുക്കുന്ന കോൺഗ്രസ് പാർട്ടിയെയും പുകഴ്ത്തി പറഞ്ഞ ഗഡ്കരിയുടെ നിലപാട് പ്രതിഷേധാർഹമാണ് എന്ന് ആർ എസ് എസ് നേതാക്കളും പറഞ്ഞു തുടങ്ങിയിട്ടുണ്ട്.
രണ്ടുതവണകളിലായി പത്തുവർഷക്കാലം ആരും ചോദ്യം ചെയ്യപ്പെടാത്ത പ്രധാനമന്ത്രിയായി വാണിരുന്ന നരേന്ദ്രമോദി ഉറക്കം കെട്ട സ്ഥിതിയിലാണ് ഇപ്പോൾ എത്തിനിൽക്കുന്നത്. മൂന്നാം മോദി സർക്കാരിൻറെ 100 ദിവസം തികയുമ്പോൾ തന്നെ സർക്കാരിൻറെ നിലനിൽപ്പിന് ആശങ്കയുണ്ടാക്കുന്ന പ്രസ്താവനകളും ആവശ്യങ്ങളും ചില ഘടകകക്ഷികൾ മുന്നോട്ടുവയ്ക്കുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.എപ്പോൾ വേണമെങ്കിലും കാലു മാറുവാൻ ഒരു മടിയും കാണിക്കാത്ത നേതാക്കളാണ് പിന്തുണയ്ക്കുന്ന കൂട്ടത്തിൽ ഉള്ളത്. മാത്രവുമല്ല കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പ് ഫലം ബിജെപി യെ സംബന്ധിച്ചിടത്തോളം യഥാർത്ഥത്തിൽ തിരിച്ചടിയാണ് ഉണ്ടാക്കിയത്.പാർലമെൻറ് തിരഞ്ഞെടുപ്പിൽ മാത്രമല്ല അതിനുശേഷം ചില സംസ്ഥാനങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും ബിജെപി എന്ന പാർട്ടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്.ഇപ്പോൾ കാശ്മീരിലും ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടക്കുകയാണ്.ഈ രണ്ടു സംസ്ഥാനങ്ങളിലും നിയമസഭ തെരഞ്ഞെടുപ്പ് കഴിയുമ്പോൾ വീണ്ടും ബിജെപിക്ക് തിരിച്ചടി ഉണ്ടാകും എന്ന രീതിയിലുള്ള പ്രവചനങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്.ഇത്തരത്തിൽ തുടരെ തുടരെ തിരിച്ചടികൾ ഏറ്റുവാങ്ങുന്ന ഒരു പാർട്ടിയായി ബിജെപി മാറുകയാണ്.ഈ മോശം സ്ഥിതിയും നരേന്ദ്രമോദിയെ പിന്തുണയ്ക്കുന്ന പാർട്ടിയുടെ നേതാക്കൾ വിലയിരുത്തുന്നുണ്ട്.കഴിഞ്ഞ 10 വർഷക്കാലം ബിജെപി എന്ന പാർട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും യാതൊരു ആശങ്കയും ഇല്ലാതെ ഭരണം നടത്തി എങ്കിൽ ഇപ്പോൾ രാഷ്ട്രീയ കാലാവസ്ഥ തകിടംമറിയുന്ന അനുഭവങ്ങളാണ് ഉണ്ടാകുന്നത്.ബിജെപിക്കൊപ്പം നീങ്ങുന്നതിൽ ഭാവിയിൽ ഗുണം ഉണ്ടാക്കില്ല എന്ന തിരിച്ചറിവിലേക്ക് ഇപ്പോൾ ബിജെപിക്കൊപ്പം നിൽക്കുന്ന ചില പാർട്ടിയുടെ നേതാക്കൾ ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.സ്വന്തം പാർട്ടിയുടെ ഭാവി കണക്കിലെടുത്ത് പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മയായ ഇന്ത്യ സഖ്യത്തിലേക്ക് മാറുക എന്ന ആലോചനയിൽ ഇത്തരം പ്രാദേശിക പാർട്ടികളുടെ നേതാക്കന്മാർ എത്തിച്ചേർന്നിട്ടുണ്ട്. അടുത്തമാസം പുറത്തുവരുന്ന കാശ്മീരിലെയും ഹരിയാനയിലെയും നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അതുകൊണ്ടുതന്നെ ബി. ജെ പി ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നിലനിൽപ്പിനെ തന്നെ ബാധിക്കുന്ന ഒന്നായിരിക്കും എന്ന കാര്യത്തിൽ സംശയം ഇല്ല.