കളി എന്നോട് വേണ്ടെന്ന് ‘പിണറായി

പി.വി. അൻവറിനെ കാണ്‌മാനില്ല

ന്തൊക്കെ പുകിലുകൾ ആയിരുന്നു ഒരാഴ്ച കാലത്തോളം കേരളത്തിൽ നിറഞ്ഞു നിന്നത്. മഞ്ചേരിയിലെ സിപിഎം നിയമസഭാംഗമായ പി വി അൻവർ ഓരോ ദിവസവും ഓരോരോ അത്ഭുതങ്ങളും ആയി മാധ്യമപ്രവർത്തകർക്ക് മുന്നിൽ ഉറഞ്ഞതുള്ളുകയായിരുന്നു. സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് എതിരെയും അതുപോലെതന്നെ എഡിജിപിഎം ആർ അജിത് കുമാറിനെതിരെയും മാറിമാറി തെളിവുകൾ നിരത്തി കുറ്റവിചാരണ നടത്തി ഇപ്പോൾ എല്ലാറ്റിനെയും തട്ടിക്കളയും എന്ന വീരവാദം മുഴക്കിയ അൻവർ എംഎൽഎ ഇപ്പോൾ ഏതായാലും മാളത്തിൽ ഒളിച്ചിരിക്കുകയാണ്. ഇപ്പോൾ ഒരു മിണ്ടാട്ടവും ഇല്ല കുറച്ചുദിവസമായി. അൻവർ എന്ന പോരാളി കുറ്റങ്ങൾ തെളിവുകൾ സഹിതം നിരത്തി വച്ചുകൊണ്ട്പുറത്തുവിട്ട വെളിപ്പെടുത്തലുകളിൽ പറഞ്ഞവരെല്ലാം ഇപ്പോഴും അവരവരുടെ കസേരകളിൽ സുഖമായി വാഴുകയാണ്. പി ശശി എന്ന് പറയുന്ന കുറ്റാരോപിതൻ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി ഇപ്പോഴും കസേരയിൽ ഉണ്ട് എം ആർ അജിത് കുമാർ എഡിജിപിയുടെ കസേരയിൽ തുടരുകയാണ് ആർക്കും ഒരു ചുക്കും സംഭവിച്ചിട്ടില്ല, എന്താണ് കാരണം എന്ന് അന്വേഷിക്കാൻ വാളെടുത്തു നിന്നിരുന്ന അൻവറിനെ കാണാനുമില്ല.

എന്തൊക്കെ തരത്തിലുള്ള ആരോപണങ്ങൾ ആയിരുന്നു അൻവർ ഉയർത്തിയത്, സ്വർണക്കടത്ത്, കള്ള പ്പണം വെളുപ്പിക്കൽ, കൊലപാതകശ്രമം, കൊലപാതകം, പിടിച്ചുപറി, അഴിമതി തുടങ്ങി കേട്ടാൽ അന്തം വിട്ടു പോകുന്ന എല്ലാ കുറ്റങ്ങളും തെളിവ് സഹിതം പുറത്തുവിട്ടാണ് അൻവർ എന്ന സിപിഎം നേതാവ് കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയത്. പല ദിവസങ്ങളിലായി പുതിയ പുതിയ ആക്ഷേപങ്ങളും ആരോപണങ്ങളും അദ്ദേഹം ഉയർത്തി കൊണ്ടിരുന്നു ഒടുവിൽ അദ്ദേഹം തന്നെ പറഞ്ഞത് ഞാൻ പുറത്തു വിട്ടിട്ടുള്ള ആരോപണങ്ങൾ എല്ലാം ചൂണ്ടിക്കാണിച്ചുകൊണ്ട് മുഖ്യമന്ത്രിക്കും സിപിഎം സെക്രട്ടറിക്കും നേരിട്ട് പരാതി നൽകും, അതോടുകൂടി ഇവന്റെയൊക്കെ കസേര തെറിക്കും എന്ന് ആയിരുന്നു. പറഞ്ഞതുപോലെ തന്നെ കാറിൽ കയറി മലർന്നു കിടന്ന അൻവർ മുഖ്യമന്ത്രിയെ കണ്ടു പാർട്ടി സെക്രട്ടറിയെയും കണ്ടു രണ്ടുകൂട്ടർക്കും വിശദമായ പരാതിയും നൽകി, എന്നാൽ ഇപ്പോൾ പുറത്തുവരുന്ന രസകരമായ ഒരു കാര്യം അൻവർ നൽകിയ പരാതിയിൽ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിയുടെ പേരുപോലും പറഞ്ഞിട്ടില്ല ഇതിന് അൻവറിനെ നമ്മൾ കുറ്റപ്പെടുത്തേണ്ട കാര്യമില്ല കാരണം മറവി എന്നത് എല്ലാവർക്കും സംഭവിക്കാവുന്ന കാര്യമാണ്. പിന്നെ ചില അവസരങ്ങളിൽ നിലനിൽപ്പിനു വേണ്ടി മനപ്പൂർവ്വം ചിലർ ചിലത് മറക്കുകയും ചെയ്യും. അൻവറിന്റെ കാര്യത്തിൽ വെറുതെ മറന്നതാണോ ഓർമിച്ചുകൊണ്ട് മറന്നതാണോ എന്ന കാര്യം അദ്ദേഹം തന്നെയാണ് പറയേണ്ടത്.

ഏതായാലും അൻവർ തൊടുത്തുവിട്ട ശക്തമായ ബോംബുകൾ മാറിമാറി പൊട്ടിക്കൊണ്ടിരുന്നപ്പോൾ പ്രശ്നപരിഹാരത്തിന് സർക്കാരിന് നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയുടെ യോഗവും ചേർന്നിരുന്നു. ഇടതുപക്ഷ മുന്നണിയിൽ പെട്ട രണ്ടാമത്തെ വലിയ പാർട്ടിയാണ് സിപിഐ ഈ പാർട്ടിയുടെ സെക്രട്ടറി ഇടതുമുന്നണി യോഗത്തിന് കയറിയ സമയത്ത് ഇപ്പോൾ എല്ലാം ശരിയാക്കി കളയും എന്നൊക്കെ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഘടകകക്ഷികളിൽ പെട്ട ആർ ജെ ഡി അതുപോലെ തന്നെ എൻ സി പി നേതാക്കളും യോഗത്തിന് കയറും മുമ്പ് മീശയൊക്കെ പിരിച്ച് മസിലും പിടിച്ച് ഇപ്പോൾ ശരിയാക്കും എന്ന രീതിയിലാണ് പോയത്, എന്നാൽ ഈ കൂട്ടരെല്ലാം യോഗം കഴിഞ്ഞു ഇറങ്ങി വന്നപ്പോൾ കാറ്റുപോയ ബലൂണിന്റെ പരുവത്തിൽ ആയിരുന്നു.

പുറത്ത് പറഞ്ഞു കേൾക്കുന്ന കാര്യങ്ങൾ ശരിയാണെങ്കിൽ ഇടതുമുന്നണി യോഗം തുടങ്ങിയപ്പോൾ അൻവറിന്റെ പരാതി ചർച്ച ചെയ്യണം എന്ന് ചിലർ ഉറക്കെ വിളിച്ചുപറഞ്ഞു. അവരുടെ മുഖത്ത് നോക്കി പിണറായി വിജയൻ ഒന്ന് കണ്ണുരുട്ടി അതിനുശേഷം അദ്ദേഹം എല്ലാരോടുമായി പറഞ്ഞു – അൻവർ പറഞ്ഞ കാര്യങ്ങളിൽ അന്വേഷണം നടക്കുന്നുണ്ട് അതിൻറെ റിപ്പോർട്ട് കിട്ടുമ്പോൾ എന്തു ചെയ്യണം എന്ന് എനിക്ക് അറിയാം. നിങ്ങളായി ഉപദേശിക്കാൻ വരേണ്ട എന്ന് ഇതുകേട്ടതോടുകൂടി വാലും മടക്കി ഘടകകക്ഷി നേതാക്കന്മാർ ചായകുടിച്ച് കൈകൊടുത്ത പിരിഞ്ഞു, ഇതായിരുന്നു ഇടതുമുന്നണി യോഗത്തിൽ നടന്നത് എന്നാണ് പറയുന്നത്. പിണറായി വിജയൻ എന്ന സിപിഎം നേതാവിന്റെയും മുഖ്യമന്ത്രിയുടെയും സ്വഭാവം അറിയാവുന്ന ആരും ഇടതുമുന്നണി യോഗത്തിൽ ഇത്തരത്തിൽ സംഭവിച്ച കാര്യം സംശയത്തിൽ എടുക്കാൻ സാധ്യതയില്ല.

മുഖ്യമന്ത്രി തേങ്ങ ഉടച്ചപ്പോൾ താൻ ചിരട്ടയെങ്കിലും പൊട്ടിക്കണമല്ലോ എന്ന രീതിയിൽ സിപിഎം സെക്രട്ടറി ഗോവിന്ദൻ മാസ്റ്ററും അതിശക്തമായ ഭാഷയിൽ പ്രതികരിക്കാൻ തയ്യാറായി. അൻവറിന്റെ പരാതികളും ആരോപണങ്ങളും സംബന്ധിച്ച് കാര്യത്തിൽ അൻവറിനെ ആണോ തള്ളിപ്പറഞ്ഞത് അതോ മുഖ്യമന്ത്രി പിണറായി വിജയനെ ആണോ ഗോവിന്ദൻ മാസ്റ്റർ തള്ളിപ്പറഞ്ഞത് എന്ന കാര്യത്തിൽ അദ്ദേഹത്തിന് മാത്രമാണ് കൃത്യമായി അറിവുള്ളത്. കേട്ടവരും കണ്ടവരും വാ പൊളിച്ച് നിന്നത് അല്ലാതെ അവർക്കും ഒന്നും മനസ്സിലായില്ല അത്തരത്തിലുള്ള വലിയ ഒരു ഗീതോപദേശം ആണ് ഗോവിന്ദൻ മാസ്റ്റർ നടത്തിയത്. വ്യക്തി ഒറ്റയ്ക്ക് നേതാവായി മാറുകയില്ല പാർട്ടിയാണ് ഒരാളെ നേതാവ് ആക്കുന്നത് നേതാവ് ആരായാലും പാർട്ടിക്ക് പിന്നിൽ ആണ് നിൽക്കേണ്ടത് ഞാനാണ് പാർട്ടി എന്ന് ആരും കരുതരുത് ഇതാണ് ഗോവിന്ദൻ മാസ്റ്റർ പുറത്തുവിട്ട മഹാ ഉപദേശം.

ഇത്തരത്തിലുള്ള തുടർനാടകങ്ങൾ നടന്നുകൊണ്ടിരിക്കുമ്പോൾ യഥാർത്ഥത്തിൽ തൻറെ വീരവാദങ്ങളെല്ലാം അസ്തമിച്ചതിന്റെ സങ്കടത്തിലായി പി വി അൻവർ. താൻ പുറത്തുവിട്ട വമ്പൻ വിഷയങ്ങളിൽ ഒന്നിൽ പോലും ഒരു തീരുമാനവും ഉണ്ടായില്ല മഹാപാപികൾ എന്ന് താൻ പറഞ്ഞ എല്ലാരും അവരവരുടെ പദവികളിൽ തുടരുകയാണ് ഈ ഗതികേട് അനുഭവിച്ചറിഞ്ഞ അൻവർ ഇപ്പോൾ മാധ്യമപ്രവർത്തകരെ ഒളിച്ച് എവിടെയോ കഴിയുകയാണ് എന്നാണ് അറിയുന്നത്. അൻവർ എന്ന വീര പോരാളിക്ക് തിരിച്ചടിയായി മറ്റു ചില സംഭവങ്ങളും ഉണ്ടായി താൻ ഉയർത്തി വിട്ട കൊടുങ്കാറ്റ് ശക്തമാക്കുന്നതിനിടയിൽ സിപിഎമ്മിന്റെ ദേശീയ സെക്രട്ടറി യെച്ചൂരിയുടെ മരണം സംഭവിച്ചു. നേതാക്കളും വാർത്തകളും അങ്ങോട്ട് മാറിയപ്പോൾ അൻവർ യഥാർത്ഥത്തിൽ അനാഥനായി യെച്ചൂരിയുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുത്ത ശേഷം പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ കുടുംബസമേതം ഓസ്ട്രേലിയൻ പര്യടനത്തിന് മുങ്ങുകയും ചെയ്തു. ഇനിയിപ്പോൾ കാണാൻ കഴിയുക മുഖ്യമന്ത്രി പിണറായി വിജയനെ ആണ് ഇനിയും അങ്ങോട്ട് ചെന്നാൽ ആട്ടിപ്പുറത്താക്കും എന്ന കാര്യം കൃത്യമായി അറിയാവുന്ന ആളാണ് അൻവർ അതുകൊണ്ടുതന്നെ അതിനും ഇനി സാധ്യതയില്ല. ഏതായാലും താൻ വലിയ സാഹസം നടത്തി കണ്ടുപിടിച്ച മുഖ്യമന്ത്രിയുടെ ഇഷ്ടക്കാർക്കെതിരെയുള്ള കുറ്റാരോപണങ്ങൾ ഒരുതരത്തിലും പ്രത്യാഘാതം ഉണ്ടാക്കാതെ വന്നതിൽ നിരാശയിലാണ് ഇപ്പോൾ അൻവർ. മുഖ്യമന്ത്രിയുടെ ഓഫീസിൽ എല്ലാം കൈകാര്യം ചെയ്യുന്ന പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ ഭീകരമായ ആരോപണങ്ങൾ നിരത്തിയപ്പോഴും അൻവർ പിണറായി വിജയനെ സ്വന്തം പിതാവിനെക്കാൾ ഉയരത്തിൽ ആണ് പ്രതിഷ്ഠിച്ചത്. എന്നാൽ അൻവറിന്റെ ഈ അടവൊന്നും തന്റേടത്ത് വേണ്ട എന്ന രീതിയിൽ അൻവറിനെ തള്ളിക്കളയാനാണ് പിണറായി വിജയൻ തയ്യാറായത്, ഏതായാലും രാഷ്ട്രീയ കോളിളക്കങ്ങൾക്ക് മുന്നിൽ നിന്ന അൻവർ എന്ന പോരാളി ഇപ്പോൾ മാളത്തിൽ ഒളിച്ചിരിക്കുന്നു എന്നതാണ് വാസ്തവം.