രാജ്യം ഭരിച്ചുകൊണ്ടിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന സമ്പ്രദായം നടപ്പിൽ വരുത്തുന്നതിന് മുന്നോട്ട് നീങ്ങുന്നത് യഥാർത്ഥത്തിൽ വലിയ ലക്ഷ്യങ്ങൾ വെച്ചുകൊണ്ടാണ്.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതിയിലേക്ക് ഇന്ത്യ നീങ്ങികഴിഞ്ഞാൽ സംസ്ഥാനതലങ്ങളിലും പ്രാദേശിക സ്വഭാവത്തിലും പ്രവർത്തിച്ചുവരുന്ന എല്ലാ പാർട്ടികളും പത്ത് വർഷത്തിനുള്ളിൽ ഇല്ലാതായിത്തീരും. അതിനുള്ള സാധ്യത കണ്ടു കൊണ്ടാണ് ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും വളരെ തിടുക്കത്തിൽ ഒറ്റ തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പിലാക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ഉള്ളത് പോലെ അല്ല… ഇവിടെ കഴിഞ്ഞ അരനൂറ്റാണ്ടായി നിലനിൽക്കുന്നത് മുന്നണി രാഷ്ട്രീയ സമ്പ്രദായമാണ്.കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഐക്യ ജനാധിപത്യ മുന്നണി ഒരുവശത്തും സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി മറുവശത്തും രാഷ്ട്രീയ ചേരികളായി നിൽക്കുകയാണ്.ഏത് തെരഞ്ഞെടുപ്പ് ഉണ്ടായാലും ഈ പറയുന്ന രണ്ടു രാഷ്ട്രീയ മുന്നണികൾ തമ്മിലാണ് യഥാർത്ഥത്തിൽ പോരാട്ടം നടക്കുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകൾക്കിടയിൽ കുറെയൊക്കെ ശക്തി നേടാൻ കഴിഞ്ഞു എങ്കിലും കേരളത്തിൻറെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇപ്പോഴും സുപ്രധാന നിലയിലേക്ക് എത്തുവാൻ ബിജെപി എന്ന പാർട്ടിക്ക് കഴിഞ്ഞിട്ടില്ല.അപ്പോൾ സ്വാഭാവികമായും കേരളത്തിൽ ജനങ്ങൾക്ക് മുമ്പിൽ രണ്ട് ശക്തികളായി നിലനിൽക്കുന്നത് എൽഡിഎഫും യുഡിഎഫും ആണ്.
നരേന്ദ്രമോദിയും ബിജെപിയും ആഗ്രഹിക്കുന്നതുപോലെ രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് എന്ന സമ്പ്രദായം നടപ്പിൽ വന്നാൽ അത് മാരകമായി ബാധിക്കുക സംസ്ഥാനങ്ങളിൽ ഒതുങ്ങി പ്രവർത്തിക്കുന്ന പാർട്ടികൾ എന്ന നിലയിൽ മുസ്ലിം ലീഗ് കേരള കോൺഗ്രസ് തുടങ്ങിയ പാർട്ടികളെ ആയിരിക്കും.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് മുഖ്യമായും ബാധിക്കുന്നത് പാർലമെൻറ് തിരഞ്ഞെടുപ്പിന്റെ കാര്യത്തിൽ ആയിരിക്കും.രാജ്യം ഒട്ടാകെയായി ഒരേ ലക്ഷ്യത്തിനായി നടക്കുന്ന തെരഞ്ഞെടുപ്പാണ് ലോകസഭ തെരഞ്ഞെടുപ്പ്. അതുകൊണ്ടുതന്നെ ലോകസഭാ തെരഞ്ഞെടുപ്പിൽ പ്രാദേശിക പാർട്ടികളെക്കാൾ ദേശീയ പാർട്ടികൾക്ക് ആയിരിക്കും പ്രാധാന്യം ഉണ്ടാവുക.ഇപ്പോഴത്തെ അവസ്ഥയിൽ പരിശോധിച്ചാൽ ജനകീയ അടിത്തറ കണക്കിലെടുത്ത് ആണെങ്കിൽ കോൺഗ്രസ് പാർട്ടിയും ബിജെപിയും മാത്രമാണ് മുന്നിൽ എത്തുക.അഞ്ചോ ആറോ മറ്റു ദേശീയ പാർട്ടികളുടെ പ്രവർത്തനം ഉണ്ടെങ്കിലും ഇതെല്ലാം രണ്ടോ മൂന്നോ സംസ്ഥാനങ്ങളിൽ മാത്രം ശക്തിയുള്ള പാർട്ടികളാണ്.അതുകൊണ്ടുതന്നെ ഈ പാർട്ടികൾക്ക് ഒരു ദേശീയ തെരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യം ഉണ്ടാകില്ല.
കേരളത്തിൻറെ സ്ഥിതിയാണ് ഏറ്റവും പ്രശ്നമായി മാറുക.ഇവിടെ കോൺഗ്രസ് കഴിഞ്ഞാൽ ദേശീയതലത്തിൽ ജനകീയ അടിത്തറയുള്ള മറ്റു പാർട്ടികൾ ഇല്ല.ബിജെപി കാര്യമായ വളർച്ച നേടിയാൽ മാത്രമാണ് ആ പാർട്ടിക്ക് കേരളത്തിൽ സ്വാധീനം ഉണ്ടാക്കാൻ കഴിയുക. സിപിഎം.സിപിഐ.മുസ്ലിം ലീഗ്.കേരള കോൺഗ്രസുകൾ.ജനതാദൾ.എൻ സി പി തുടങ്ങിയ കുറേ ചെറു പാർട്ടികൾ സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്നുണ്ട്.ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന രീതി നടപ്പിൽ വന്നാൽ സ്വാഭാവികമായും വോട്ടർമാരെ സ്വാധീനിക്കുന്നത് രാജ്യം ഭരിക്കാൻ ശക്തിയുള്ള ദേശീയ പാർട്ടികളുടെ കാര്യം മാത്രം ആയിരിക്കും.പ്രാദേശിക പാർട്ടികൾക്കും സംസ്ഥാന പാർട്ടികൾക്കും രാജ്യഭരണത്തിന് ഉള്ള ശക്തി ഇല്ലാത്തതിനാൽ വോട്ടർമാർക്ക് മുന്നിൽ ഇത്തരം പാർട്ടികൾ അവഗണിക്കപ്പെടുന്ന സാഹചര്യം ഉണ്ടാകും.രണ്ടോ മൂന്നോ തെരഞ്ഞെടുപ്പുകൾ ദേശീയതലത്തിൽ നടന്നു കഴിയുമ്പോൾ സ്വാഭാവികമായും സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന എല്ലാ പാർട്ടികളും ശക്തി ക്ഷയിച്ച് ഇല്ലാതായിത്തീരുന്ന സ്ഥിതിയാകും ഉണ്ടാവുക.ഈ അവസ്ഥ മുതലെടുക്കുന്നതിന് വേണ്ടി തന്നെയാണ് നരേന്ദ്രമോദിയും ബിജെപിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന വാശിയുമായി മുന്നോട്ടു നീങ്ങുന്നത്.
രാജ്യം മുഴുവനും ശക്തിയുള്ള ഒരു പാർട്ടിയായി എല്ലാ കാലത്തും നിലനിൽക്കാൻ കഴിയുന്ന വിധത്തിൽ ബിജെപിയെ ഒരുക്കിയെടുക്കുക എന്നതുകൂടി പുതിയ തെരഞ്ഞെടുപ്പ് പരിഷ്കരണത്തിന് പിന്നിൽ ഉണ്ട്.ബിജെപി എന്ന പാർട്ടിക്ക് അവർ ഉദ്ദേശിക്കുന്ന രീതിയിൽ കാര്യങ്ങൾ നടന്നാൽ ആകെ നേരിടേണ്ടി വരുന്നത് കോൺഗ്രസ് പാർട്ടിയെ മാത്രമായിരിക്കും.കോൺഗ്രസ് പാർട്ടിയുടെ ശക്തമായ മുന്നോട്ടുപോക്കിന് തടയിടാൻ കഴിയുന്ന ചില നീക്കങ്ങൾ കേന്ദ്രസർക്കാരിന്റെ തണലിൽ നടത്തുവാൻ കഴിയും എന്ന ഒരു കാഴ്ചപ്പാട് കൂടി ബിജെപിക്ക് ഉണ്ട്.കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിന് മുൻപുള്ള നാളുകളിൽ ആണ് കോൺഗ്രസ് പാർട്ടിയുടെ എല്ലാ അക്കൗണ്ടുകളും ആദായനികുതി വകുപ്പിനെ കൊണ്ട് കേന്ദ്രസർക്കാർ മരവിപ്പിച്ചത്.ലോകസഭ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പാർട്ടിയിൽ നിന്നും പണം വിനിയോഗിക്കാനുള്ള അവസരം തടയുകയായിരുന്നു കേന്ദ്രസർക്കാരിൻറെ ലക്ഷ്യം.അതുപോലെതന്നെ കോൺഗ്രസിനെ മുന്നോട്ടു നയിച്ച രാഹുൽ ഗാന്ധിയെ പല കേസുകളുടെയും പേരിൽ പ്രതിചേർത്ത് അന്വേഷണത്തിന് ഉത്തരവിടുക വഴി രാഹുൽ ഗാന്ധിയെ ജനമധ്യത്തിൽ തരംതാഴ്ത്താനുള്ള ശ്രമവും അന്ന് നടക്കുകയുണ്ടായി.ഇത്തരം നിയമപരമായും മറ്റും ഉള്ള നടപടികൾ ഭാവിയിലും ആവർത്തിക്കാൻ കഴിയും എന്നും ആ രീതിയിൽ മുന്നോട്ടു പോയാൽ രാഹുൽഗാന്ധിയുടെയും കോൺഗ്രസിന്റെയും ശക്തിയെ തകർക്കുവാൻ കഴിയും എന്നും നരേന്ദ്രമോദിയും ബിജെപി നേതാക്കളും പ്രതീക്ഷിക്കുന്നുണ്ട്.
ഏതായാലും ഒരു കാര്യം ഉറപ്പാണ്.രാജ്യത്ത് ഒറ്റ തെരഞ്ഞെടുപ്പ് എന്ന സമ്പ്രദായം ബിജെപിക്ക് നടപ്പിൽ വരുത്താൻ കഴിഞ്ഞാൽ അതിൻറെ ഏറ്റവും വലിയ ഗുണം കിട്ടുക ബിജെപിക്ക് തന്നെയാണ്.പ്രാദേശിക തലത്തിലും സംസ്ഥാനതലത്തിലും പ്രവർത്തിച്ചുവരുന്ന പാർട്ടികൾക്ക് ക്ഷീണം ഉണ്ടാകുന്ന സാഹചര്യം വന്നാൽ ഇത്തരം പാർട്ടികളിൽ നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്ന പലരും ബിജെപിയിലേക്ക് കടന്നുവരും എന്ന പ്രതീക്ഷയും ബിജെപി നേതാക്കൾ പുലർത്തുന്നുണ്ട്.ഇത്തരത്തിൽ പല തരത്തിലുള്ള കണക്കുകൂട്ടലുകളും ആയിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി പാർട്ടിയും ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്ന ലക്ഷ്യത്തോടെ മുന്നോട്ട് നീങ്ങുന്നത്പ്രധാനമന്ത്രിയും ബിജെപിയെ നേതൃത്വവും വലിയ ആവേശത്തോടെ ഒറ്റ തെരഞ്ഞെടുപ്പ് കാര്യങ്ങളുമായി മുന്നോട്ടു പോകുന്നുണ്ടെങ്കിലും ഇത് നടപ്പിൽ വരുത്തുവാൻ അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് തന്നെയാണ് നിയമ വിദഗ്ധർ ആവർത്തിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ രണ്ടു തെരഞ്ഞെടുപ്പുകളിൽ നരേന്ദ്രമോദി വലിയ ഭൂരിപക്ഷം നേടുകയുണ്ടായി.ആ സമയത്ത് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് നടപ്പിൽ വരുത്തുവാൻ കഴിയുമായിരുന്നു.എന്നാൽ കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തിരിച്ചടിയാണ് ഉണ്ടായത്.ഒറ്റയ്ക്ക് ഭരിക്കുവാൻ പോലും ഉള്ള ഭൂരിപക്ഷം നരേന്ദ്രമോദിക്ക് ജനങ്ങൾ നൽകിയില്ല.അതുകൊണ്ടുതന്നെ നിലവിലുള്ള ദുർബലമായ ഒരു സർക്കാരിന് ഭരണഘടന ഭേദഗതി ചെയ്തുകൊണ്ട് തെരഞ്ഞെടുപ്പ് പരിഷ്കരണം നടപ്പിൽ വരുത്തുവാൻ കഴിയുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്