അൻവറും ജലീലും സിപിഎം ബന്ധം വിടുന്നു.

കോൺഗ്രസ് പാർട്ടിയിലോ ലീഗിലോ ചേരാൻ നീക്കം.

ലയാളത്തിലെ ചാനലുകളിൽ വന്നുകൊണ്ടിരിക്കുന്നതുപോലെ ഒരിക്കലും അവസാനിക്കാത്ത സീരിയൽ പോലെയാണ് കേരളത്തിലെ സർക്കാരിനെയും മുഖ്യമന്ത്രിയെയും പോലീസ് മേധാവിയെയും ഒക്കെ ചുറ്റിപ്പറ്റിയുള്ള പുതിയ പുതിയ വിവാദങ്ങളും പരാതികളും വന്നുകൊണ്ടിരിക്കുന്നത്.രണ്ടുമൂന്ന് ആഴ്ചയായി മുഖ്യമന്ത്രിക്കെതിരെ സ്വന്തം പാർട്ടിക്കാരനായ എം എൽ എ അൻവറും ഒടുവിൽ അൻവറിനെ തള്ളി മുഖ്യമന്ത്രിയും രംഗത്ത് വരുന്ന രാഷ്ട്രീയ നാടകമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്.മുഖ്യമന്ത്രി പിണറായി വിജയൻ തൻറെ പിതാവിന് തുല്യനാണെന്നും താൻ ബഹുമാനിക്കുന്ന ഒരേ ഒരു നേതാവ് അദ്ദേഹമാണെന്നും ഒക്കെ പറഞ്ഞ അൻവർ ഇന്നലെയാണ് തകിടം മറിഞ്ഞ് പിണറായി വിജയനെ തള്ളിപ്പറയുന്ന അവസ്ഥ ഉണ്ടായി.അതിനുമുമ്പ് വാർത്താസമ്മേളനം നടത്തി മുഖ്യമന്ത്രി അൻവർ എന്ന സ്വന്തം പാർട്ടി അഗത്തെ തള്ളി പറഞ്ഞിരുന്നു.മുഖ്യമന്ത്രി അൻവറിനെ തള്ളിപ്പറയുകയും അൻവർ മുഖ്യമന്ത്രിയെ തള്ളിപ്പറയുകയും ചെയ്ത അവസാന നാടക രംഗമാണ് അരങ്ങേറിയത്.അൻവറിന്റെ രാഷ്ട്രീയ നീക്കങ്ങളിൽ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കടുത്ത അമർഷം ഉണ്ട്.സർക്കാരിനും പാർട്ടിക്കും ദോഷമുണ്ടാക്കുന്ന സ്ഥിരമായ പ്രസ്താവന നടത്തുന്നതിൽ മുഖ്യമന്ത്രിക്കും എതിർപ്പുണ്ട്.സഹികെട്ടപ്പോൾ ആണ് മുഖ്യമന്ത്രി എല്ലാം തുറന്നു പറയുന്നതിന് പത്രസമ്മേളനം നടത്തിയത്.ഏതായാലും പി.വി. അൻവർ എന്ന സിപിഎം നിയമസഭാ അംഗം സ്വന്തം പാർട്ടിയുടെയും മുഖ്യമന്ത്രിയുടെയും ശത്രുവായി മാറിയിരിക്കുന്നു എന്നതാണ് ഇപ്പോഴത്തെ സാഹചര്യം.അതുകൊണ്ടുതന്നെ അൻവറിനെ നീക്കങ്ങളെ മുഖ്യമന്ത്രിയും പാർട്ടിയും സംശയത്തോടെയാണ് നോക്കിക്കാണുന്നത്.മാത്രവുമല്ല അൻവറിന്റെ നിലവിലെ പ്രകടനങ്ങൾ രഹസ്യമായ ചില ആലോചനകളുടെ ഫലമായിട്ട് ഉള്ളതാണ് എന്ന സംശയവും മുഖ്യമന്ത്രിക്കും പാർട്ടിക്കും ഉണ്ട്പത്രസമ്മേളനം നടത്തി പരസ്യമായി അൻവറിനെ തള്ളിപ്പറയുകയും അൻവർ വലിയ കുറ്റക്കാരായി ചൂണ്ടിക്കാണിച്ച പൊളിറ്റിക്കൽ സെക്രട്ടറി ശശിയെയും പോലീസ് മേധാവി എം ആർ അജിത് കുമാറിനെയും മുഖ്യമന്ത്രി സംരക്ഷിച്ച പ്രസ്താവനയും അൻവറിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത്.മാത്രവുമല്ല അൻവർ പരാതികൾ തുറന്നു പറഞ്ഞപ്പോൾ ഇതെല്ലാം ചൂണ്ടിക്കാണിച്ചു മുഖ്യമന്ത്രിയെ നേരിൽ കണ്ട് പരാതി സമർപ്പിക്കുന്നു എന്ന അൻവർ പറഞ്ഞിരുന്നു.അത് പ്രകാരം സെക്രട്ടറിയേറ്റിൽ എത്തി മുഖ്യമന്ത്രിയെ കണ്ട ശേഷം ഇറങ്ങി വന്ന അൻവർ മാധ്യമങ്ങളോട് പറഞ്ഞത് അരമണിക്കൂറോളം മുഖ്യമന്ത്രിയുമായി വിശദമായി സംസാരിച്ചു എന്നും മുഖ്യമന്ത്രി ഈ കാര്യത്തിൽ കടുത്ത നടപടി എടുക്കും എന്നൊക്കെ ആയിരുന്നു.എന്നാൽ ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞത് വെറും അഞ്ചു മിനിറ്റ് മാത്രമാണ് താൻ അൻവറുമായി സംസാരിച്ചത് എന്നായിരുന്നു.ഇത് അൻവറിന് വല്ലാത്ത ക്ഷീണം ഉണ്ടാക്കുന്ന കാര്യമായി മാറി.

ഇതിനൊക്കെ പുറമേയാണ് അൻവറുമായി ഉള്ള വിഷയങ്ങൾ മുഖ്യമന്ത്രിയോട് മാധ്യമങ്ങൾ ചോദിച്ചപ്പോൾ അൻവർ എന്ന രാഷ്ട്രീയക്കാരൻ തികഞ്ഞ ക്രിമിനൽ കുറ്റം വരെയാണ് ചെയ്തിരിക്കുന്നത് എന്നും മറ്റുള്ളവരുടെ ഫോൺ ചോർത്തുക എന്നത് ഒരു പൊതുപ്രവർത്തകന്റെ ശരിയായ നടപടിയല്ല എന്നും ഈ കാര്യത്തിൽ വിശദമായ പോലീസ് അന്വേഷണം തന്നെ ഉണ്ടാകും എന്നും ആയിരുന്നു.മുഖ്യമന്ത്രിയുടെ ഈ വാക്കുകൾ പൂർണമായും അൻവറിനെ തള്ളുന്നു എന്നതിൻറെ തെളിവായി മാറി.മാത്രവുമല്ല അൻവറിന് കമ്മ്യൂണിസ്റ്റ് പശ്ചാത്തലം ഇല്ല എന്നും കോൺഗ്രസിൽ നിന്നും വന്ന ആളായതുകൊണ്ട് കോൺഗ്രസുകാരുടെ ശീലമാണ് അൻവർ കാണിച്ചുകൊണ്ടിരിക്കുന്നത് എന്നും കൂടി മുഖ്യമന്ത്രി വിശദീകരിച്ചത് അൻവറിന് നാണക്കേട് ഉണ്ടാക്കുകയും ചെയ്തു.പിന്നീട് മാധ്യമങ്ങളെ കണ്ട അൻവർ മുഖ്യമന്ത്രിക്കെതിരെ ചില കാര്യങ്ങൾ തുറന്നു പറഞ്ഞെങ്കിലും യഥാർത്ഥത്തിൽ ഒരു കീഴടങ്ങലിന്റെ സ്വരമാണ് ഉണ്ടായത്.മുഖ്യമന്ത്രിയെ പൊളിറ്റിക്കൽ സെക്രട്ടറിയും ചില പോലീസ് മേധാവികളും തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് എന്നും മുഖ്യമന്ത്രി സത്യം തിരിച്ചറിയണം എന്നും ഓക്കേ ഉപദേശിക്കൽ മാത്രമാണ് അൻവർ പിന്നീട് നടത്തിയത്.

മലപ്പുറത്തുനിന്നും വരുന്ന പുതിയ രാഷ്ട്രീയ വാർത്തകൾ സിപിഎമ്മിന് കനത്ത ആഘാതം ഉണ്ടാക്കുന്ന തരത്തിലുള്ളതാണ്.ഇപ്പോൾ ഇടഞ്ഞു നിൽക്കുന്ന സിപിഎം സ്വതന്ത്ര നിയമസഭാംഗമായ അൻവർ മാത്രമല്ല മറ്റൊരു നിയമസഭാംഗമായ കെ ടി ജലീലും സിപിഎം ബന്ധം ഉപേക്ഷിക്കുന്നതിനുള്ള ആലോചനകൾ നടത്തുന്നതായിട്ടാണ് മലപ്പുറം വാർത്തകളിൽ വരുന്നത്.ഒന്നുകിൽ കോൺഗ്രസ് പാർട്ടിയിലേക്ക് ചേക്കേറുക അല്ലെങ്കിൽ രണ്ടുപേരും സംയുക്തമായി മുസ്ലിം ലീഗ് പാർട്ടിയിലേക്ക് ചേരുക എന്നുള്ള ഒരു ആലോചനയാണ് നടന്നുകൊണ്ടിരിക്കുന്നത്.ഈ രണ്ട് സിപിഎം നിയമസഭാംഗങ്ങൾ മാത്രമല്ല മറ്റു ചില പ്രമുഖ നേതാക്കളും മലപ്പുറം ജില്ലയിൽ സിപിഎം ബന്ധം ഉപേക്ഷിക്കുന്നതിൽ ചർച്ചകൾ നടത്തിക്കൊണ്ടിരിക്കുന്നതായി വാർത്തയുണ്ട്

കേരളത്തിലെ സിപിഎം കഴിഞ്ഞാൽ ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം വലിയ ക്ഷീണത്തിൽ ആണ്.ഭരണ തുടർച്ച നേടിയെടുക്കാൻ കഴിഞ്ഞു എങ്കിലും രണ്ടാം പിണറായി സർക്കാർ ജനങ്ങളിൽ നിന്നും അകലുന്നതിന്റെ തിരിച്ചടി ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രകടമാവുകയും അത് പാർട്ടിയിൽ വലിയ ചർച്ചയായി മാറുകയും ചെയ്തിരിക്കുകയാണ്. സിപിഎം നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണിയിലെ മറ്റു ഘടകകക്ഷികളും സർക്കാരിൻറെ പ്രവർത്തനങ്ങളിൽ എതിർപ്പുമായി രംഗത്തുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വഭാവവും ശൈലിയും മാറ്റിയില്ലെങ്കിൽ കേരളത്തിൽ സിപിഎമ്മിന് വലിയ ക്ഷീണം നേരിടേണ്ടി വരും എന്ന വിലയിരുത്തൽ സിപിഎം നേതൃയോഗത്തിൽ തന്നെ ഉയർന്നിരുന്നു.എന്നാൽ ഇതെല്ലാം തള്ളിക്കളയുന്ന നിലപാടിലാണ് ഇപ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ നിൽക്കുന്നത്ഇടതുപക്ഷ മുന്നണിയുടെ കൺവീനർ ആയിരുന്ന ഇ പി ജയരാജനെ ഒരു വിശദീകരണം പോലും ചോദിക്കാതെ പുറത്താക്കിയത് പാർട്ടിയുടെ കണ്ണൂർ ഘടകത്തിൽ വലിയ വിള്ളലുകൾ ഉണ്ടാക്കിയിട്ടുണ്ട്.കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കോട്ടയായി കണക്കാക്കിയിട്ടുള്ള കണ്ണൂരിൽ പിണറായി സംഘവും പിണറായി വിരുദ്ധ സംഘവും എന്ന നിലയിൽ രണ്ടു തട്ടിലാണ് ഇപ്പോൾ സിപിഎം നീങ്ങിക്കൊണ്ടിരിക്കുന്നത്.ഇത് പരിഹരിക്കാൻ പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാസ്റ്റർ നടത്തുന്ന ഒരു ശ്രമവും ഇതുവരെ ഫലം കണ്ടിട്ടില്ല

ഇത്തരത്തിൽ ലോകസഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ ആഘാതവും പാർട്ടിക്കുള്ളിൽ ഇപ്പോഴും തുടരുന്ന ഭിന്നതകളും വിഭാഗീയതയും പ്രതിസന്ധിയിലും ഉയർത്തി കൊണ്ടിരിക്കുന്നതിന് ഇടയിലാണ് അൻവറും ജലീലും അടങ്ങുന്ന പാർട്ടി നിയമസഭാ അംഗങ്ങളും നേതാക്കളും പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്. അൻവറിന്റെയും ജലീലിന്റെയും പിന്നിൽ എല്ലാ പിന്തുണയുമായി പിണറായി വിരുദ്ധരായ ചില സിപിഎം നേതാക്കൾ ഉണ്ട് എന്ന് നേതൃത്വത്തിന് തിരിച്ചറിയുന്നുണ്ട്.എന്നാൽ ഇതിനൊന്നും തടയിടാൻ കഴിയുന്ന ഒരു സ്ഥിതിയിൽ അല്ല ഇപ്പോൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും എത്തിനിൽക്കുന്നത്.ലോകസഭാ തെരഞ്ഞെടുപ്പിലെ വമ്പൻ പരാജയത്തിന്റെ പേരിൽ മുഖ്യമന്ത്രി പ്രതിക്കൂട്ടിൽ നിൽക്കുകയാണ്.തെരഞ്ഞെടുപ്പ് തോൽവി മാത്രമല്ല പിണറായിയും മകളും ഉൾപ്പെട്ട അഴിമതി കേസുകളും മാസപ്പടി കേസുകളും മറ്റും വലിയ പ്രതിസന്ധി പാർട്ടിക്ക് ഉണ്ടാക്കിയപ്പോഴും ഒരക്ഷരവും മിണ്ടാതെ നീങ്ങുന്ന നിലപാടാണ് മുഖ്യമന്ത്രി സ്വീകരിച്ചത്.അഴിമതിയിൽ തനിക്ക് പങ്കുണ്ടോ അല്ലെങ്കിൽ എന്താണ് വസ്തുത എന്നും പാർട്ടിയിൽ എങ്കിലും തുറന്നു പറയാൻ പിണറായി വിജയൻ തയ്യാറാകേണ്ടതായിരുന്നു എന്ന ചർച്ചകൾ സിപിഎമ്മിന്റെ ജില്ലാ യോഗങ്ങളിൽ ഉയർന്നു വന്നതാണ്.പാർട്ടി സെക്രട്ടറിക്ക് പോലും ഇത്തരം ചോദ്യങ്ങളിൽ ഒരു മറുപടിയും നൽകാൻ കഴിഞ്ഞിരുന്നില്ല ഈ വിധത്തിൽ പാർട്ടി മുൻപൊരിക്കലും നേരിടാത്ത പ്രതിസന്ധിയുമായി നീങ്ങുന്നതിനിടയിലാണ് പാർട്ടിയിലെ രണ്ട് നിയമസഭാ അംഗങ്ങൾ അടക്കം പല നേതാക്കളും മറ്റു ചില പാർട്ടിയിലേക്ക് മാറുന്നു എന്ന് വാർത്തകൾ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ നിലയിൽ പ്രതാപം നഷ്ടപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെ ഇവരെയൊന്നും വിരട്ടി നിർത്താൻ കഴിയാത്ത സ്ഥിതിയും ഉണ്ട്.ഏതായാലും ഇപ്പോഴത്തെ സിപിഎമ്മിന്റെ നിലപാടുകളും മുഖ്യമന്ത്രിയുടെ നടപടികളും അൻവർ ജലീൽ കൂട്ടുകെട്ടിന് ഇഷ്ടപ്പെടാത്ത സ്ഥിതിയാണ് ഉണ്ടാക്കിയിരിക്കുന്നത്.ഏതു നിമിഷവും സിപിഎം ബന്ധം ഉപേക്ഷിച്ച് മറ്റ് ഏതെങ്കിലും പാർട്ടിയിലേക്ക് പോകുന്നതിനുള്ള തയ്യാറെടുപ്പ് നടത്തിയാണ് അൻവറും ജലീലും പ്രതിഷേധ സ്വരങ്ങൾ ഉയർത്തി കൊണ്ടിരിക്കുന്നത്