മുഖ്യമന്ത്രിയെയും സർക്കാരിനെയും സിപിഎം എന്ന പാർട്ടിയെയും മുൾമുനയിൽ നിർത്തിയ പാർട്ടി എംഎൽഎ ആയ പി വി അൻവർ ഇപ്പോൾ എല്ലാവരുടെയും വെറുക്കപ്പെട്ടവൻ ആയി മാറിയിരിക്കുന്നു.അതിരൂക്ഷമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിക്കും ഓഫീസിനും പാർട്ടി നേതൃത്വത്തിനും എതിരെ അൻവർ ഉയർത്തിയത്.ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ശശിയും ക്രമസമാധാന ചുമതലയുള്ള എ ഡിജിപിയും മുഖ്യമന്ത്രിയെ പലതും പറഞ്ഞു തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ക്രിമിനൽ കുറ്റങ്ങൾക്ക് നേതൃത്വം നടക്കുന്നു എന്നും എ ഡിജിപി അജിത് കുമാർ കൊലപാതക ശ്രമം കള്ളക്കടത്ത് സ്വർണ്ണ കടത്ത് റിയൽ എസ്റ്റേറ്റ് കച്ചവടം തുടങ്ങിയവയെല്ലാം നടത്തുന്ന കൊടും ക്രിമിനൽ ആണ് എന്നുകൂടി അൻവർ പറഞ്ഞുവെച്ചിരുന്നു.പല കാര്യങ്ങളിലും തെളിവുകൾ സഹിതം നിരത്തി കൊണ്ടാണ് മൂന്നാഴ്ച കാലത്തോളം അൻവർ മാധ്യമപ്രവർത്തകരുടെ പിറകെ നടന്നത്.യഥാർത്ഥത്തിൽ അൻവറിന്റെ ആരോപണങ്ങളെല്ലാം ചെന്നുകൊണ്ടത് മുഖ്യമന്ത്രി പിണറായി വിജയനുമേൽ ആയിരുന്നു എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെയാണ് അൻവർ പരിധി വിടുന്നു എന്ന മനസ്സിലാക്കി സഹികെട്ടപ്പോൾ ഏറെ നീണ്ടുനിന്ന പത്രസമ്മേളനം നടത്തി അൻവറിനെ തള്ളിപ്പറയാൻ പിണറായി വിജയൻ തന്നെ തയ്യാറായത്.ഇപ്പോൾ ഒരു കാര്യം വ്യക്തമായിരിക്കുന്നു.മുഖ്യമന്ത്രിയായ പിണറായി വിജയൻ അൻവറിനെ പൂർണ്ണമായും തള്ളിയിരിക്കുന്നു.അതോടൊപ്പം അൻവർ പ്രവർത്തിക്കുന്ന സിപിഎം എന്ന പാർട്ടിയുടെ നേതൃത്വവും അൻവറിനെ തള്ളിയിരിക്കുന്നുവലിയ വീരവാദങ്ങൾ നിരത്തിക്കൊണ്ട് താൻ അജയ്യനാണ് എന്ന് പറഞ്ഞിരുന്ന അൻവർ ഇപ്പോൾ പത്തി മടക്കി ഒളിസങ്കേതത്തിൽ കഴിയുന്ന അവസ്ഥയിലാണ്.തൻറെ വീരശൂര പരാക്രമങ്ങൾ അവസാനിപ്പിച്ചിരിക്കുന്നു എന്ന് ജനങ്ങൾക്ക് മനസ്സിലാവുന്ന നിലപാടിലേക്ക് അൻവർ മാറി.പാർട്ടിക്ക് കീഴടങ്ങുക അല്ലാതെ മാർഗ്ഗമില്ല എന്ന ഗതികേടിൽ എത്തിയപ്പോഴാണ് അൻവർ വാൾ ഉറയിലിടാൻ തീരുമാനിച്ചത്
ഒരുതരത്തിലും മുഖ്യമന്ത്രിക്കെതിരെയും പാർട്ടിക്കെതിരെയും പിടിച്ചുനിൽക്കാൻ അൻവറിന് കഴിയില്ല എന്ന കാര്യം മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും അറിയാമായിരുന്നു.കർശനമായ നിലപാടുമായി മുഖ്യമന്ത്രി രംഗത്ത് വന്നപ്പോൾ ശബ്ദമടക്കി മുട്ടുമടക്കുന്ന അൻവറിനെയാണ് കേരളം കണ്ടത്.എന്നാൽ ഒരിക്കലും ഒരു കമ്മ്യൂണിസ്റ്റുകാരൻ ചെയ്യുവാൻ പാടില്ലാത്ത കാര്യങ്ങളാണ് അൻവർ ചെയ്തത് എന്നും അൻവറിന്റെ കഴിഞ്ഞ കാല ചരിത്രം കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻറെ ശൈലി ഉള്ളത് ആയിരുന്നില്ല എന്നും തുറന്ന് പറഞ്ഞത് പിണറായി വിജയൻ തന്നെ ആയിരുന്നു.മാത്രവുമല്ല അൻവർ എന്ന സിപിഎം നിയമസഭാംഗത്തെ പൂർണമായും വെട്ടിയൊതുക്കാൻ പിണറായി വിജയൻ തയ്യാറാകുന്നു എന്ന വ്യക്തമാക്കുന്ന പ്രസ്താവനയാണ് അദ്ദേഹം നടത്തിയത്
സർക്കാരിനും പാർട്ടിക്കും വലിയ തോതിൽ പ്രതിസന്ധി ഉണ്ടാക്കിയ അൻവറിനെതിരെ ശക്തമായ നടപടികൾ എടുക്കുന്നതിന് മുഖ്യമന്ത്രിക്ക് പാർട്ടിയുടെ പൂർണ്ണ പിന്തുണ ഉണ്ടായിരിക്കുന്നു എന്നാണ് ഒടുവിൽ വരുന്ന റിപ്പോർട്ടുകൾ.സർക്കാരിനും പോലീസ് മേധാവികൾക്കും എതിരെ ക്രിമിനൽ കുറ്റങ്ങൾ അടക്കം തെളിവ് സഹിതം അൻവർ പുറത്തുവിട്ടപ്പോൾ ആ തെളിവുകളുടെ കൂട്ടത്തിൽ തന്നെ കുടുക്കാൻ കഴിയുന്ന ഫോൺ ചോർത്തൽ ഏർപ്പാടും ഉണ്ട് എന്ന കാര്യം അൻവർ ഗൗരവത്തിൽ എടുത്തിരുന്നില്ല.ഇപ്പോൾ ആ ആയുധം പിടിച്ചു വാങ്ങി അതെ ആയുധം കൊണ്ട് അൻവറിനെ വെട്ടിവിഴുത്താനാണ് പിണറായി വിജയൻ തീരുമാനിച്ചിരിക്കുന്നത്.അനധികൃതമായി ആരുടെ ഫോണും ചോർത്തുന്നത് വലിയ ക്രിമിനൽ കുറ്റമാണ്.അൻവർ ആരുടെയൊക്കെ ഫോൺ ചോർത്തി എന്നതും ആരാണ് ഇതിനെ സഹായകരമായി പ്രവർത്തിച്ചത് എന്നും ഒക്കെ കണ്ടെത്തുന്നതിനുള്ള പോലീസ് വിജിലൻസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.അൻവർ ഏറ്റവും വലിയ ക്രിമിനൽ കുറ്റവാളിയായി പറഞ്ഞുവെച്ച പോലീസ് മേധാവിയെ ന്യായീകരിക്കുകയാണ് എപ്പോഴും മുഖ്യമന്ത്രി ചെയ്തത്.അതുകൊണ്ടുതന്നെ വല്ലാത്ത ഒരു ധൈര്യം പോലീസ് മേധാവി അജിത് കുമാറിനും ഉണ്ടായിട്ടുണ്ട്.അൻവറിനെ പൂട്ടുവാൻ എ ഡിജിപിയെ തന്നെ ഉപയോഗിക്കുക എന്ന തന്ത്രമാണ് മുഖ്യമന്ത്രി നടത്തുന്നത്.അൻവർ പുറത്തുവിട്ട ആരോപണങ്ങൾ അന്വേഷിക്കുന്നതിനും ഫോൺ ചോർത്തൽ സംഭവത്തിൽ സഹായികളെ കണ്ടെത്തുന്നതിനും അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് പോലീസ് മേധാവി അജിത് കുമാർ രംഗത്ത് വന്നിട്ടുണ്ട്.മാത്രവുമല്ല അൻവർ പറഞ്ഞ പല ഗൗരവമുള്ള വിഷയങ്ങളിലും സിബിഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട്.പോലീസ് മേധാവി അജിത് കുമാർ ഹൈക്കോടതിയെ സമീപിക്കും എന്ന വാർത്തയും പുറത്തുവരുന്നുണ്ട്.സ്വർണ്ണ കടത്ത് കുഴൽപ്പണം ഇടപാട് മയക്കുമരുന്ന് ഇടപാട് തുടങ്ങിയവയൊക്കെയാണ് അൻവർ പുറത്തുവിട്ട ആരോപണങ്ങൾ.എന്നാൽ ഇത്തരത്തിൽ പോലീസ് മേധാവിക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ചതിന് പിന്നിൽ അൻവറിന് സഹായങ്ങൾ നൽകിയത് സ്വർണക്കടത്ത് സംഘങ്ങളിൽ പെട്ട ആൾക്കാരും ചില നിരോധിത സംഘടനകളുടെ നേതാക്കളും ഉണ്ട് എന്ന വിവരം മുഖ്യമന്ത്രിക്കും ലഭിച്ചിട്ടുണ്ട്.ഇതും കൂടി സൂചിപ്പിച്ചു കൊണ്ടായിരിക്കും സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന അജിത് കുമാറിൻറെ പരാതി ഹൈക്കോടതിയിൽ എത്തുക. മാത്രവുമല്ല സംഭവങ്ങൾ പലതും മാറിയും മറിഞ്ഞും വരുന്നതിനിടയിൽ അൻവർ പുറത്തുവിട്ട ആരോപണങ്ങൾ സംബന്ധിച്ച് സർക്കാർ പ്രത്യേക അന്വേഷണം നടത്തണം എന്നും അൻവർ എംഎൽഎയുടെ ആരോപണങ്ങൾ വലിയ ഗൗരവം ഉള്ളതാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് കേരള ഗവർണർ സർക്കാരിന് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഇതിൻറെ എല്ലാം ബലത്തിൽ ആയിരിക്കും അൻവറിനെ പൂട്ടുന്നതിനുള്ള നിയമനടപടികൾ പിണറായി വിജയൻ ആവിഷ്കരിക്കുക എന്നാണ് പുറത്തുവരുന്ന വാർത്തകൾ.
മലപ്പുറം ജില്ല കേന്ദ്രീകരിച്ചും വടക്കൻ കേരളത്തിലെ ചില ഇടഞ്ഞു നിൽക്കുന്ന സിപിഎം നേതാക്കളുടെ പിന്തുണയിലുമാണ് അൻവർ ശക്തമായ സർക്കാർ വിരുദ്ധ നിലപാടുകളും ആയി രംഗത്തുവന്നത്.മറ്റൊരു സിപിഎം നിയമസഭാംഗമായ കെ ടി ജലീൽ അൻവറിന് ഒപ്പം നീങ്ങുന്നതിന് ചില ശ്രമങ്ങൾ നടത്തിയെങ്കിലും ജലീലുമായി മുഖ്യമന്ത്രി തന്നെ ബന്ധപ്പെട്ടു ജലീലിന്റെ അൻവർ ബന്ധം ഉപേക്ഷിക്കുന്നതിന് കർശന നിർദേശം നൽകുകയും ജലീൽ അത് അനുസരിക്കുകയും ചെയ്തതും അൻവറിന് മറ്റൊരു തിരിച്ചടിയായി മാറി.മാത്രവുമല്ല മുഖ്യമന്ത്രിപത്രസമ്മേളനത്തിൽ കൂടി അൻവറിനെ തള്ളിപ്പറഞ്ഞപ്പോൾ അൻവറിനൊപ്പം സഹായത്തിന് കൂടിയിരുന്ന സിപിഎമ്മിലെ മറ്റു നേതാക്കളും ആശ്രമം അവസാനിപ്പിച്ച് പാർട്ടിക്ക് ഒപ്പം നീങ്ങുന്ന നിലയും ഉണ്ടായി
ഏതായാലും മാധ്യമങ്ങൾക്കും മുന്നിൽ നിരന്തരം പ്രത്യക്ഷപ്പെട്ടുകൊണ്ട് സർക്കാരിനെയും സിപിഎം എന്ന പാർട്ടിയെയും തലവേദനയിൽ നിർത്തിയ അൻവർ എന്ന പുലി എലിയുടെ ഗതികേടിലേക്ക് ഇപ്പോൾ എത്തിയിരിക്കുകയാണ്.മുഖ്യമന്ത്രി കസേരയിൽ ഇരിക്കുന്ന പിണറായി വിജയൻ ഒരു കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച കാണിക്കാത്ത ആളാണ്. പാർട്ടിക്കെതിരെയും തനിക്കെതിരെയും ആര് ചെറുവിരൽ അനക്കിയാലും ആ വിരൽ മുറിച്ചുമാറ്റാൻ ധൈര്യം കാണിച്ചിട്ടുള്ള ആളാണ് പിണറായി വിജയൻ.പാർട്ടിയുടെ സെക്രട്ടറി കസേരയിൽ രാജാവായി വാണിരുന്ന അവസരത്തിലാണ് വടകരയിൽ തനിക്കും പാർട്ടിക്കും എതിരെ വിമത നീക്കവുമായി വന്ന ടിപി ചന്ദ്രശേഖരൻ എന്ന സഖാവിനെ 51 വെട്ടിലൂടെ കൊലപ്പെടുത്താൻ കരുക്കൾ നീക്കിയത് ഇന്നും വലിയ വിവാദമായി നിലനിൽക്കുകയാണ് .ഇപ്പോഴും ആ കൊലപാതകം കേരളത്തിൻറെ രാഷ്ട്രീയ അന്തരീക്ഷത്തിൽ നിലനിൽക്കുന്നുണ്ട്.എന്നാൽ കൊല്ലപ്പെട്ട മു
സഖാവായ ചന്ദ്രശേഖരന്റെ പേര് എടുത്തു പറഞ്ഞുകൊണ്ട് പാർട്ടിയിലെ കുലംകുത്തിയാണ് ചന്ദ്രശേഖരൻ എന്നുവരെ വിശദീകരിക്കാൻ പിണറായി വിജയൻ ഒരു മടിയും കാണിച്ചിരുന്നില്ല.അങ്ങനെയുള്ള പ്രവർത്തന പാരമ്പര്യത്തിലൂടെ ഇപ്പോഴും പാർട്ടിയിലും ഭരണത്തിലും അധിപനായി നിൽക്കുന്ന പിണറായി വിജയനെ അൻവർ എന്ന വെറും അണുവിനെ പോലെയുള്ള രാഷ്ട്രീയ നേതാവ് വിരട്ടുവാനായി കടന്നുവന്നത്.അങ്ങനെയുള്ള അൻവറിനെ വരച്ച വരയിൽ നിർത്തുവാനും അതിനു തയ്യാറായില്ല എങ്കിൽ അടിച്ചു പുറത്താക്കി ചാണക വെള്ളം തളിക്കാനും മടിയില്ലാത്ത നേതാവാണ് പിണറായി വിജയൻ എന്നും അത്തരത്തിൽ ഒരു രാഷ്ട്രീയ നിലപാട് എടുക്കുന്നതിന് മടിയില്ലാത്ത പാർട്ടിയാണ് സിപിഎം എന്നും തിരിച്ചറിയാൻ വൈകിയതാണ് അൻവാറിന് പറ്റിയിട്ടുള്ള മഹാ അബദ്ധം.ഇനിയിപ്പോൾ ഏതായാലും ശത്രുപക്ഷത്ത് നിൽക്കുന്ന മുഖ്യമന്ത്രിയും പാർട്ടിയും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയും പോലീസ് മേധാവിയും നടത്തുന്ന ശത്രു സംഹാര കർമ്മങ്ങളിൽ പൊള്ളി നീറുന്ന അൻവറിനെയായിരിക്കും കേരളത്തിലെ ജനങ്ങൾ കാണുക