കൊലക്കേസ് പ്രതികൾക്കായി സിപിഎമ്മിന്റെ സമ്മാനക്കൂപ്പൺ.

പുതിയ കുരുക്കിൽ പെട്ട കണ്ണൂർ സിപിഎം.

സിപിഎം എന്ന കേരളത്തിലെ പ്രമുഖ പാർട്ടിയുടെ ഏറ്റവും ശക്തമായ അടിത്തറയുള്ള ജില്ലയാണ് കണ്ണൂർ ജില്ല. ആദർശ ശുദ്ധിയും ആത്മാർത്ഥതയും ലളിത ജീവിതവും സ്വന്തമാക്കിയ നായനാർ മുതൽ ഇപ്പോഴത്തെ പുതുതലമുറ നേതാക്കൾ വരെ ജന്മം എടുത്തത് കണ്ണൂർ ജില്ലയിലാണ്. നിസ്വാർത്ഥമായ പ്രവർത്തന ശൈലി കൊണ്ട് കണ്ണൂരിലെ സാധാരണ കമ്മ്യൂണിസ്റ്റ് വിശ്വാസികളിൽ മുഴുവനും സ്വാധീനം നേടിയെടുക്കാൻ ഈ പാർട്ടിക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ കഥയൊക്കെ മാറിമറിഞ്ഞു. മുതിർന്ന നേതാവായ പിണറായി വിജയൻ അടക്കമുള്ള കണ്ണൂർ സഖാക്കൾ ലളിത ജീവിതത്തിന്റെയും സുതാര്യതയുടെയും രാഷ്ട്രീയ ആശയങ്ങളെ മറന്നുകൊണ്ട് മുതലാളിത്ത ചങ്ങാത്തത്തിന്റെ പുത്തൻ ശൈലിയുടെ രാഷ്ട്രീയം ആവേശപൂർവ്വം ഉൾക്കൊണ്ട കാഴ്ചയാണ് കണ്ണൂരിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ധനസമ്പാദനം രാഷ്ട്രീയത്തിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണ് എന്ന് മാറി ചിന്തിച്ചു വരികയാണ് ഇവിടെയുള്ള സഖാക്കൾ. കൊണ്ടും കൊടുത്തും രാഷ്ട്രീയത്തിൽ എന്നും വിജയം നേടിയ പ്രസ്‌ഥാനമായിരുന്നു കണ്ണൂരിലെ സിപിഎം.

ഒരുകാലത്ത് മാസത്തിൽ ഒരു ബോംബ് സ്ഫോടനം കൊലപാതകമോ ഉണ്ടാവുക കണ്ണൂരിൽ സ്ഥിരം പതിവായിരുന്നു. രാഷ്ട്രീയ വൈരാഗ്യത്തിന്റെ കാര്യത്തിൽ പരിമിതികൾ ഇല്ലാതെ എന്തും ചെയ്യാൻ തയ്യാറാവുന്ന ഒരു രാഷ്ട്രീയ ശൈലിയാണ് കണ്ണൂരിൽ നിലനിന്നിരുന്നത്. സിപിഎം പ്രവർത്തകർക്ക് നേരെ കൊലപാതക ശ്രമം വരെ നടത്തുന്ന ആർ എസ് എസ് . – ബിജെപി പ്രവർത്തകരും തിരിച്ച് ആർഎസ്എസുകാരെയും ബിജെപി പ്രവർത്തകരെയും കൊലപ്പെടുത്താൻ വരെ ഒരു മടിയും കാണിക്കാത്ത സിപിഎം പ്രവർത്തകരും നിറഞ്ഞ നിന്നിരുന്ന രാഷ്ട്രീയമാണ് കണ്ണൂരിൽ നിലനിന്നിരുന്നത്. ഇത്തരത്തിൽ രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽകൊല്ലപ്പെട്ടവരും കൊന്നവരും നിരവധി ഉള്ള ജില്ലയാണ് കണ്ണൂർ. അതുകൊണ്ടുതന്നെ മരണ സഹായ നിധികളും അക്രമ പ്രതിരോധ പ്രവർത്തന ഫണ്ടുകളും സ്വരൂപിക്കുക എന്നത് കണ്ണൂർ രാഷ്ട്രീയത്തിൽ പുതുമയുള്ള കാര്യമല്ല.

ഇതൊക്കെയാണെങ്കിലും ഇപ്പോൾ കണ്ണൂരിൽ ജില്ലാ നേതൃത്വം അറിഞ്ഞുകൊണ്ട് സിപിഎം ആവിഷ്കരിച്ച ഒരു സമ്മാനക്കൂപ്പൺ പദ്ധതി പാർട്ടിക്കുള്ളിൽ തന്നെ ചേരിതിരിഞ്ഞ തർക്കത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ജില്ലയിലെ ബിജെപി – ആർ എസ് എസ് പ്രവർത്തകരെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായിട്ടുള്ള ഏഴ് പേർക്ക് നിയമസഹായം നൽകുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും ലക്ഷ്യമിട്ടുകൊണ്ടാണ് ഈ സമ്മാനകൂപ്പൺ പദ്ധതി പാർട്ടി ആവിഷ്കരിച്ചത്. ജില്ലയിലെ പ്രധാന പ്രവർത്തകരുടെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴി സന്ദേശം നൽകി കൊണ്ടാണ് പിരിവ് അഭ്യർത്ഥന നടത്തിയത്. 250 രൂപ വിലയുള്ള സമ്മാന കൂപ്പണുകൾ ആണ് പാർട്ടിയുടെ ബ്രാഞ്ച് കമ്മിറ്റികൾ വഴി വിതരണം ചെയ്തത്. ഓരോ ബ്രാഞ്ച് കമ്മിറ്റിക്കും ഇത്ര കൂപ്പൺ എന്ന നിലയ്ക്ക് ടാർഗറ്റും പാർട്ടി നൽകിയിട്ടുമുണ്ട്. വെറും സമ്മാനക്കൂപ്പൺ പദ്ധതിയല്ല. കൂപ്പൺ വഴി നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി കാറും പിന്നെ ബുള്ളറ്റ് ബൈക്ക് സ്കൂട്ടർ ഫ്രിഡ്ജ് ടെലിവിഷൻ സ്വർണാഭരണങ്ങൾ തുടങ്ങിയ 15 ഓളം സമ്മാനങ്ങൾ വിതരണം ചെയ്യുന്ന കൂപ്പൺ പദ്ധതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.

സിപിഎമ്മിന്റെ പിണറായി മേഖലയിലെ ആർ എസ് എസ് പ്രവർത്തകനായിരുന്ന രമിത്ത് എന്നയാളെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഏഴ് പേർക്ക് വേണ്ടി ആണ് സമ്മാനകൂപ്പൺ പദ്ധതി നടപ്പിലാക്കിയത്. എന്നാൽ മുഖ്യമന്ത്രി പിണറായി വിജയൻറെ സ്വന്തം ബ്രാഞ്ചായത്ത് പിണറായി ബ്രാഞ്ചിൽ ഈ കൂപ്പൺ പദ്ധതി നടപ്പിലാക്കുന്ന വിഷയം അവതരിപ്പിച്ചപ്പോൾ ഒരുപറ്റം സഖാക്കൾ എതിർപ്പുമായി രംഗത്ത് വന്നു. പാർട്ടിയുടെ പേരിൽ അല്ല സമ്മാനക്കൂപ്പൺ പുറത്തുവിട്ടത്. ഇവിടെ പ്രവർത്തിച്ചുവരുന്ന ഈ എം എസ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സമ്മാന കൂപ്പൺ പദ്ധതി എന്ന രീതിയിലാണ് ഇത് അവതരിപ്പിച്ചത്. യോഗത്തിൽ പങ്കെടുത്ത നേതാക്കൾ കൂപ്പൺ വിതരണത്തിലൂടെ ലഭിക്കുന്ന തുക എന്തിന് ചിലവാക്കുന്നു എന്ന് വിശദീകരിച്ചപ്പോഴാണ്സഖാക്കളിൽ ചിലർ എതിർപ്പുമായി എണീറ്റത്. ഇഎംഎസ് ലൈബ്രറിയുടെ പേരിൽ പിരിവ് നടത്തി ആ തുക കൊലക്കേസ് പ്രതികൾക്ക് സഹായധനം ആയി നൽകിയാൽ പൊതുജനങ്ങൾക്കിടയിൽ പാർട്ടിക്ക് മോശം പേര് ഉണ്ടാകും എന്ന് കാര്യം പറഞ്ഞു കൊണ്ടാണ് പ്രതിഷേധക്കാർ എഴുന്നേറ്റത്. ഇതിനിടയിൽ വാട്സ്ആപ്പ് ഗ്രൂപ്പ് സന്ദേശം പാർട്ടി അംഗങ്ങൾക്ക് അല്ലാതെ പുറത്തേക്ക് വിട്ടതിൽ വലിയ പ്രതിഷേധം നേതാക്കൾ ഉയർത്തുകയും ചെയ്തു.

ജില്ലയിലെ മറ്റു ചില ബ്രാഞ്ച് കമ്മിറ്റികളിലും കൊലപാതകികളെ സഹായിക്കുന്നതിന് ഫണ്ട് പിരിക്കുന്ന വിഷയം ചർച്ചയാവുകയും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഈ ബ്രാഞ്ച് കമ്മിറ്റി യോഗങ്ങളിലെല്ലാം പങ്കെടുത്ത ഉദ്ഘാടകരായ പാർട്ടിയിൽ ജില്ലാ നേതാക്കൾ സമ്മാനക്കൂപ്പൺ പദ്ധതിയെ ന്യായീകരിക്കുകയും പാർട്ടിയുടെ പ്രവർത്തനത്തിനായി ഫണ്ട് പിരിക്കുന്നത് ആദ്യ സംഭവമല്ല എന്നും പാർട്ടിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കുകയും അത് നടപ്പിൽ വരുത്തുകയും ചെയ്യുകയാണ് സാധാരണ സഖാക്കളുടെ ഉത്തരവാദിത്വം എന്ന് രോഷത്തോടെ പറയുകയും ചെയ്തു എന്നാണ് അറിയുന്നത്. ഏതായാലും സമ്മാന കൂപ്പൺ പദ്ധതിയുമായി മുന്നോട്ടു പോവുക എന്ന കാര്യത്തിൽ ഉറച്ചു നിൽക്കുകയാണ് ജില്ലയിലെ മുതിർന്ന സിപിഎം നേതാക്കൾ.ആർ എസ് എസ് പ്രവർത്തകനായിരുന്ന പിണറായി സ്വദേശി രമിത്തിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതിയായ അഹദിനെ പാർട്ടിയുടെ പിണറായി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തതിലും പ്രതിഷേധം പുകയുന്നുണ്ട്. കൊലക്കേസിൽ പ്രതിയായതിന്റെ പേരിൽ പൊതുജനങ്ങളിൽ നിന്നും എതിർപ്പ് നേരിട്ടുള്ള ആളെ പാർട്ടിയുടെ ഔദ്യോഗിക പദവിയിൽ തിരഞ്ഞെടുക്കുന്നത് പാർട്ടിക്കെതിരെ മോശമായ പ്രചാരണം ഉണ്ടാകുന്നതിന് വഴിയൊരുക്കും എന്ന വിമർശനവും വ്യാപകമായി നടക്കുന്നുണ്ട്. ഏതായാലും കേരളത്തിലെ കമ്മ്യൂണിസ്റ്റു പാർട്ടികളുടെ പിരിവ് സമ്പ്രദായങ്ങൾ ഇവിടുത്തെ ജനങ്ങളെ സംബന്ധിച്ചിടത്തോളം പുതുമയുള്ള കാര്യമല്ല. പാർട്ടി പരിപാടികൾക്കായാലും മറ്റു ഏർപ്പാടുകൾക്കായാലും ഏതുകാലത്തും സ്ഥിരം പിരിവുമായി ഇറങ്ങുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ആയിട്ടാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളെ കണ്ടുവരുന്നത്.