ക്രിസ്തു ദേവൻ പോലും തോറ്റുപോകും ഈ ജനസേവകർക്ക് മുന്നിൽ.

വൈദ്യുതി ബോർഡ് ജീവനക്കാരുടെ ഒരു മഹാ സേവനം .........

ർക്കാരിൻറെ ശമ്പളം പറ്റുന്ന ഏത് ഉദ്യോഗസ്ഥനും ജനങ്ങൾക്കു മുന്നിൽ സേവകരായിരിക്കണം എന്നാണ് പൊതുനിയമം. നമ്മുടെ സംസ്ഥാനത്ത് പൊതുജനങ്ങളുടെ നികുതിപ്പണം പിഴിഞ്ഞെടുത്തു നടത്തുന്ന ഒരു നഷ്ട കമ്പനിയുണ്ട്. അതാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് അഥവാ വൈദ്യുതി ബോർഡ്. ജനങ്ങളെ സേവിക്കുന്നതിന്റെ പേരിൽ ഓരോ വർഷവും ആയിരക്കണക്കിന് കോടി രൂപയാണ് ഈ വൈദ്യുതി ബോർഡ് നഷ്ടം ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വൈദ്യുതിയും വെളിച്ചവും ഇല്ലാതെ ജനങ്ങൾക്ക് ജീവിക്കാൻ കഴിവില്ലാത്തതിനാൽ ഓരോ വർഷവും ഈ നഷ്ടത്തുക സർക്കാർ നൽകുകയാണ് പതിവ്. സംസ്ഥാന സർക്കാരിൻറെ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനത്തിലും ഇല്ലാത്ത വലിയ ശമ്പളം ആണ് വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥർക്ക് നൽകിവരുന്നത് എന്ന പരാതി എത്രയോ കാലമായി കേൾക്കുന്നതാണ്. തകരാറുകൾ പരിഹരിക്കാൻ പുറത്ത് ലൈൻമാനായി വർക്ക് ചെയ്യുന്നവർക്ക് പോലും അരലക്ഷം രൂപയോളം ശമ്പളം ഉണ്ട്. ശമ്പളം ഏതായാലും സർക്കാർ കൃത്യമായി നൽകിവരുന്നുണ്ടല്ലോ. ഈ വലിയ ശമ്പളം പറ്റുന്ന ആൾക്കാർ വൈദ്യുതി ഉപഭോക്താക്കളായ ജനങ്ങളെ സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കാതെ ഇരിക്കാൻ എങ്കിലും ശ്രമിക്കേണ്ടതാണല്ലോ. വൈദ്യുതി ബോർഡിനെ തന്നെ വലിയ നാണക്കേട് ഉണ്ടാക്കിയ ഒരു സംഭവം കഴിഞ്ഞ ദിവസം വൈക്കത്തിനടുത്ത് തലയാഴം ഇലക്ട്രിസിറ്റി ഓഫീസിൽ നടന്നു. ഈ ഓഫീസിലെ ലൈൻമാൻമാരായ അഭിലാഷ്, സലിംകുമാർ എന്നിവർ സമീപത്തുള്ള ബാറിൽ കയറി ആവശ്യത്തിന് അധികം മദ്യം കഴിച്ചു. അടിച്ചു പൂസായപ്പോൾ ബാർ ജീവനക്കാരൻ ബില്ല് തുക ആവശ്യപ്പെട്ടു. വൈദ്യുതി ബോർഡിലെ ലൈൻമാൻമാരായ ഈ തമ്പ്രാക്കന്മാർക്ക് ബില്ല് ചോദിച്ചത് ഇഷ്ടപ്പെട്ടില്ല. ജീവനക്കാരുമായി തർക്കവും വഴക്കും തുടർന്നു. ഒടുവിൽ ബില്ലുകൾ കൈമാറിയ ശേഷം പുറത്തുപോയ ഈ ലൈൻമാൻമാർ ചെയ്തത് തനി തെണ്ടിത്തരം ആയിരുന്നു. ബാറിലെ മാത്രമല്ല ആ പ്രദേശത്തെ മുഴുവൻ ആൾക്കാരെയും ഇരുട്ടിൽ ഇരുത്തത്തക്ക വിധത്തിൽ സെക്ഷൻവൈദ്യുതി തന്നെ അങ്ങോട്ട് ഓഫ് ചെയ്തു. ജനങ്ങൾ സംഭവം അറിഞ്ഞ് പ്രതിഷേധവുമായി രംഗത്ത് വരികയും വലിയ വാർത്തകൾ ഉണ്ടാവുകയും ചെയ്തതോടെ വൈദ്യുതി ബോർഡ് അന്വേഷണത്തിന് ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തി. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഈ രണ്ട് ലൈൻ മാൻമാരെയും ഇപ്പോൾ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. ഒരു പ്രദേശത്ത് ഇരുട്ടിൽ ആക്കുന്ന 11 കെ വി ലൈൻ ആണ് ഇവന്മാർ ഓഫ് ചെയ്തത്. ബോർഡിൻറെ വിജിലൻസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ കുറ്റകൃത്യം കണ്ടെത്തിയതിനെ തുടർന്നാണ് നടപടി എടുത്തത്.

കേരളത്തിലെ വൈദ്യുതി ബോർഡിന്റെയും ജീവനക്കാരുടെയും പ്രവർത്തനങ്ങളിൽ വലിയ പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുകയാണ്. ആലപ്പുഴയിലെ പാണാവള്ളി പഞ്ചായത്തിൽ വൈദ്യുതി ബോർഡ് ജീവനക്കാരൻ മദ്യപിച്ച് എത്തി ഒരു വീട്ടമ്മയെ തെറി വിളിക്കുകയും ഭീഷണിപ്പെടുത്തുകയും കറണ്ട് കട്ടു ചെയ്യും എന്നൊക്കെ പറഞ്ഞു വിരുട്ടുകയും ചെയ്തിരുന്നു. വീട്ടമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കുറ്റക്കാരനായ ജീവനക്കാരൻ സുരേഷ് കുമാറിനെ ബോർഡ് സസ്പെൻഡ് ചെയ്തിരിക്കുകയാണ്.വൈദ്യുതി ബോർഡിലെ ഉദ്യോഗസ്ഥരുടെ മാതൃകാപരമായ പ്രവർത്തനങ്ങൾ മൂലം ദുരിതത്തിൽ ആവുന്നത് കറണ്ട് ഉപയോഗിക്കുന്ന പാവം ജനങ്ങളാണ്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നിന്നും ബോർഡിലെ അനാസ്ഥയും പ്രതികാര നടപടിയും സംബന്ധിച്ച ഒരു വാർത്ത പുറത്തുവരികയുണ്ടായി. പത്തനംതിട്ടയിലെ പന്തളം സ്വദേശിയായ ഷാനവാസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിലെ വൈദ്യുതി ബോർഡ് മുന്നറിയിപ്പ് നൽകാതെ കറണ്ട് കട്ട് ചെയ്തു. കഴിഞ്ഞ രണ്ടു വർഷമായി ഇദ്ദേഹത്തിൻറെ വൈദ്യുതി മീറ്റർ തെറ്റായ രീതിയിൽ റീഡിങ് കാണിച്ചുകൊണ്ടിരിക്കുന്നതായും ഇത് പരിഹരിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ഉപഭോക്താവ് വൈദ്യുതി ബോർഡിന് പരാതി നൽകിയെങ്കിലും അതിൽ ഒരു നടപടിയും എടുക്കാതെ സ്ഥിരമായി ബില്ലുകളും കുടിശ്ശിക ഇനത്തിൽ നിയമവിരുദ്ധ പിഴ ഈടാക്കലും നടത്തിയപ്പോൾ ആണ് ഉപഭോക്താവായ ഷാനവാസ് പത്തനംതിട്ടയിലെ ഉപഭോക്തൃ തർക്ക പരിഹാര കോടതിയിൽ പരാതി സമർപ്പിച്ചത്. പരിഹാര കോടതി വിശദമായ പരിശോധനകളും തെളിവെടുപ്പുകളും നടത്തിയ ശേഷം വൈദ്യുതി ബോർഡിൻറെ കുറ്റകരമായ പ്രവർത്തനങ്ങൾക്ക് പിഴ എന്ന രീതിയിൽ ഉപഭോക്താവായ ഷാനവാസിന് ഒന്നരലക്ഷം രൂപ നൽകുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്. പത്തനംതിട്ടയിലെ ഈ സംഭവം പോലെ സംസ്ഥാനത്ത് നൂറുകണക്കിന് ഉപഭോക്താക്കൾ പരാതികളും ആയി കയറി ഇറങ്ങുന്നുണ്ട് എങ്കിലും ഇതൊന്നും ബന്ധപ്പെട്ടവർ ഗൗരവമായി എടുക്കാറില്ല.

വൈദ്യുതി ഇല്ലാത്ത വീടുകളോ സ്ഥാപനങ്ങളോ ഇപ്പോൾ കേരളത്തിൽ എന്ന് തന്നെ പറയാം. വ്യാവസായിക കണക്ഷനുകൾ നൽകുന്ന കാര്യത്തിൽ ബോർഡ് പലപ്പോഴും പലതരത്തിലുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്താറുണ്ട്. എന്നാൽ 85 ലക്ഷത്തിലധികം വരുന്ന ഗാർഹിക കണക്ഷൻ ആണ് സാധാരണഗതിയിൽ വലിയ പ്രശ്നങ്ങളെ നേരിടുന്നത്. വൈദ്യുതി കണക്ഷൻ അനുവദിച്ച ശേഷം സ്ഥാപിക്കുന്ന വൈദ്യുതി മീറ്ററുകൾ ഭൂരിഭാഗവും പലതരത്തിലുള്ള തകരാറുകൾ കാണിക്കുന്ന രീതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. മീറ്റർ റീഡിങ് തെറ്റായി കാണിച്ചാൽ അത് സംബന്ധിച്ച് പരാതി ലഭിക്കുമ്പോൾ നിലവിലുള്ള മീറ്ററിനൊപ്പം മറ്റൊരു മീറ്റർ കൂടി ഘടിപ്പിച്ചുകൊണ്ട് റീഡിങ് വ്യത്യാസം കണ്ടെത്തുന്ന രീതിയാണ് ബോർഡിന് ഉള്ളത്. എന്നാൽ ഇത്തരത്തിൽ പ്രശ്നങ്ങൾ ഉള്ള വീടുകളിൽ മറ്റൊരു മീറ്റർ ഘടിപ്പിക്കാൻ സ്റ്റോക്ക് ഇല്ലാത്തതിന്റെ പേരിൽ എല്ലാ പരാതികളും കെട്ടിക്കിടക്കുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്.

പൊതുജനങ്ങളെ യഥാർത്ഥത്തിൽ നേരിട്ട് ബാധിക്കുന്ന ഒരു സർക്കാർ സംവിധാനമാണ് വൈദ്യുതി ബോർഡ്. വൈദ്യുതി കണക്ഷൻ ഇല്ലാത്ത ഒരു വീട് പോലും കേരളത്തിൽ ഇല്ല. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടാകുന്ന പരാതികൾ പരിഹരിക്കുന്നതിനു കൂടി കാര്യക്ഷമമായ സംവിധാനം ബോർഡ് സജ്ജമാക്കാത്തതാണ് ഇപ്പോൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന പല പ്രതിസന്ധികൾക്കും കാരണം. കേരളത്തിലെ വൈദ്യുതി ബോർഡിൻറെ ഇപ്പോഴത്തെ പ്രവർത്തന സംവിധാനം പരിശോധിച്ചാൽ ആയിരക്കണക്കിന് കോടി രൂപ ബില്ല് കുടിശികയായി കിടക്കുന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. വൻകിട കമ്പനികളും അതുപോലെതന്നെ സർക്കാർ ഓഫീസുകളും ഒക്കെയാണ് വലിയ വൈദ്യുതി ബില്ല് കുടിശ്ശിക ഉണ്ടാക്കിയിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ കുടിശ്ശികയുള്ള സമ്പന്ന വിഭാഗത്തിൻറെ വൈദ്യുതി കണക്ഷനുകൾക്കു മേൽ നടപടിയെടുക്കാൻ മടിക്കുന്ന വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥർ സാമ്പത്തിക വിഷമത മൂലം ബില്ല് അടയ്ക്കാൻ കഴിയാതെ വരുന്ന ചെറിയ ബില്ല് ഉള്ള പാവങ്ങളുടെ വീട്ടിലേക്ക് ഓടിയെത്തി കറണ്ട് കട്ട് ചെയ്യുന്ന ആവേശം നാം കാണാറുള്ളതാണ്. അപ്പോൾ ഇവിടെയും സമ്പന്നർക്ക് മുന്നിൽ ഓച്ഛാനിച്ചു നിൽക്കുന്ന ലൈൻ മാൻമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഇപ്പോഴും പറയുന്നത് ജനസേവനം നടത്തുന്നു എന്നാണ്. ഇത്തരത്തിൽ വീണ്ടും വീണ്ടും പറഞ്ഞുകൊണ്ട് പൊതുജനത്തെ അധിക്ഷേപിക്കരുത് എന്ന് മാത്രം ഓർമിപ്പിക്കുന്നു.