സുധാകരനും സതീശനും എതിരെ കോൺഗ്രസിൽ പടയൊരുക്കം.

സുധാകരനും സതീശനും എതിരെ കോൺഗ്രസിൽ പടയൊരുക്കം.

സിപിഎമ്മിന്റെ സ്വതന്ത്രനായ നിയമസഭാംഗം പി വി അൻവർ കേരളം ആകെ നിറഞ്ഞു നിൽക്കുകയാണ്. വെറുതെ നിറയുകയല്ല ശരിക്കും കത്തിപ്പടർന്ന് തീജ്വാല കണക്കെ നിറയുകയാണ്. കേരളത്തിൻറെ മുഖ്യമന്ത്രി പിണറായി വിജയൻ ചില്ലറക്കാരൻ ഒന്നുമല്ല. പാർട്ടിയായാലും ഭരണകൂടമായാലും ഇതിൽപ്പെട്ട എല്ലാ ആൾക്കാരെയും വരച്ച വരയിൽ നിർത്തുവാൻ കഴിഞ്ഞിരുന്ന ശക്തി ദുർഗമാണ് പിണറായി വിജയൻ. ആ പിണറായി വിജയൻറെ മുഖത്തുനോക്കി കള്ളനാണെന്നും തട്ടിപ്പുകാരൻ ആണെന്നും കഴിവുകെട്ടവൻ ആണെന്ന് ഒക്കെ പറയുവാൻ കഴിയണമെങ്കിൽ അസാധാരണമായ ചങ്കുറപ്പും കരുത്തും ഉണ്ടാകണം. ഇതെല്ലാം ഒത്തുചേർന്ന ഒരു യഥാർത്ഥ പോരാളിയെ പോലെയാണ് ഇപ്പോൾ അൻവർ എത്തിയിരിക്കുന്നത്. അൻവർ എംഎൽഎ സിപിഎമ്മിന്റെ വോട്ട് മേടിച്ച് രണ്ട് തവണ നിയമസഭാംഗമായ ആൾ ആണ്. കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്തു കടന്ന് സ്വതന്ത്രനായി മത്സരരംഗത്ത് എത്തുകയും അറിഞ്ഞോ അറിയാതെയോ ലോട്ടറി അടിച്ചത് പോലെ സിപിഎം പിന്തുണയ്ക്കുകയും ചെയ്ത ശേഷം വലിയ ഭൂരിപക്ഷത്തിൽ രണ്ടു തവണ വിജയിച്ചു വന്ന ആളാണ് അൻവർ. ഇപ്പോൾ മുഖ്യ ശത്രുവായി അൻവർ വിവരിക്കുന്ന പിണറായി വിജയൻ തന്നെയാണ് എട്ടുവർഷം മുമ്പ് അൻവർ എന്ന കോൺഗ്രസ് നേതാവിനെ കമ്മ്യൂണിസ്റ്റുകാരന്റെ മേലെങ്കി അണിയിച്ച് ആനയിച്ച എഴുന്നള്ളിച്ച് സ്വന്തം ആളായി വളർത്തിയത് .അതേ പിണറായിക്ക് നേരെ വിരൽ ചൂണ്ടി കൊണ്ടാണ് അൻവർ ഒറ്റയാൻ പോരാട്ടം നടത്തുന്നത്. അൻവർ നടത്തുന്ന രാഷ്ട്രീയ പോരാട്ടങ്ങൾ യഥാർത്ഥത്തിൽ വിലയിരുത്തിയാൽ ആരെയും അതിശയിപ്പിക്കുന്നതാണ്. ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന കേരളത്തിലെ ജനങ്ങൾ മറ്റൊരു കൂട്ടരെ അന്വേഷിക്കുന്നുണ്ട്. വേറെ ആരും അല്ല കേരളത്തിൽ പിണറായിയുടെ രണ്ടു സർക്കാരുകളുടെ കാലത്തും പ്രതിപക്ഷത്തിരുന്ന കോൺഗ്രസിന്റെ നേതാക്കളെ കുറിച്ചാണ് ജനം ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്നത്. സിപിഎമ്മിന്റെ തന്നെ നിയമസഭാംഗമായ ഒരാൾ സർക്കാരിനെതിരെ അതിരൂക്ഷമായ സമരം പ്രഖ്യാപിച്ചത് ഒറ്റയാൾ പോരാട്ടം നടത്തുമ്പോൾ പ്രതിപക്ഷത്തെ നയിക്കുന്ന കോൺഗ്രസിന്റെ നേതാക്കൾ കേരളത്തിലുണ്ടോ എന്ന ചോദ്യമാണ് പൊതുജനം ചോദിക്കുന്നത്.

പിണറായി വിജയൻറെ രണ്ടാം ഇടതുമുന്നണി സർക്കാർ അധികാരത്തിൽ വന്ന ശേഷം കേരളത്തിലെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട ആളാണ് വി ഡി സതീശൻ. അതുപോലെതന്നെ പുതിയ കെപിസിസി പ്രസിഡണ്ടായി ചുമതലയേറ്റ ആളാണ് കെ സുധാകരൻ. ഈ രണ്ടു നേതാക്കളും എവിടെ എന്നാണ് ഇപ്പോൾ ജനം ചോദിക്കുന്നത്. അൻവറും മറ്റു നേതാക്കളും സ്വന്തം സർക്കാരിനെതിരെ കണ്ടുപിടിക്കുന്ന ആരോപണങ്ങളും കുറ്റങ്ങളും പോലും കണ്ടുപിടിക്കാനോ അത് വിളിച്ചു പറയാനോ പ്രതിഷേധിക്കാനോ പ്രതിപക്ഷത്ത് ആരുമില്ലാത്ത സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്. എന്തിനും ഏതിനും പത്രക്കാർക്ക് മുന്നിൽ പൗഡറും പൂശി എത്തുന്ന പ്രതിപക്ഷ നേതാവ് മാധ്യമങ്ങൾക്കു മുന്നിൽ കേമനായി നിന്നുകൊണ്ട് വാചകം അടിക്കുന്നത് അല്ലാതെ പൊതുജനങ്ങളെ സ്വാധീനിക്കുന്ന ഒരു സർക്കാർ വിരുദ്ധ സമരം പോലും നടത്തുവാൻ തയ്യാറാകുന്നില്ല എന്നത് പ്രതിപക്ഷ നേതാവിന്റെ പിടിപ്പുകേടല്ലാതെ വേറെ എന്താണ് എന്ന് തന്നെയാണ് ജനങ്ങൾ മാത്രമല്ല കേരളത്തിലെ കോൺഗ്രസ് നേതാക്കളും ചോദിക്കുന്നത്.

 

ആഭ്യന്തരവകുപ്പിന്റെ കുത്തഴിഞ്ഞ പ്രവർത്തനങ്ങൾ മുഖ്യമന്ത്രി പ്രതിസ്ഥാനത്ത് വരുന്ന സ്വർണക്കടത്തും മാസപ്പടി കേസും അടക്കമുള്ള അഴിമതി ആരോപണങ്ങൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യുന്ന ആഭ്യന്തര വകുപ്പിൽ പോലീസ് മേധാവി നടത്തിയതായി പറയുന്ന കൊലപാതക ശ്രമം സ്വർണ്ണക്കടത്ത് റിയൽ എസ്റ്റേറ്റ് തട്ടിപ്പ് തുടങ്ങിയ എണ്ണിയാൽ തീരാത്ത ക്രിമിനൽ കുറ്റങ്ങൾ വരെ അടങ്ങുന്ന ആരോപണങ്ങളാണ് അൻവർ എന്ന എംഎൽഎ ഒറ്റയ്ക്ക് ഉന്നയിച്ചു കൊണ്ടിരിക്കുന്നത്. അൻവർ ഓരോ കാര്യങ്ങളും സർക്കാരിനെതിരെ തെളിവുകൾ നിരത്തി പറഞ്ഞു കഴിയുമ്പോൾ മുഖ്യമന്ത്രി രാജിവെക്കണം എന്ന് പറഞ്ഞുകൊണ്ട് എഴുന്നള്ളത്ത് നടത്താൻ അല്ലാതെ പ്രതിപക്ഷത്തെ ആരാണ് ഉള്ളത് എന്ന കാര്യമാണ് ഇപ്പോൾ കേരളം ചർച്ച ചെയ്യുന്നത്. ഇത്രയധികം കുറ്റകൃത്യങ്ങളും അഴിമതി സംഭവങ്ങളും മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ ഉയർന്നിട്ടും ഒരു ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കാൻ കോൺഗ്രസ് നേതൃത്വത്തിനോ യുഡിഎഫിനോ കഴിഞ്ഞില്ല എന്നത് നാണക്കേടായി മാറിയിരിക്കുകയാണ്.

യുഡിഎഫ് എന്ന പ്രതിപക്ഷത്തിന് നേതൃത്വം കൊടുക്കുന്നത് കോൺഗ്രസ് പാർട്ടിയാണ്. പാർട്ടി ഇപ്പോൾ നിശ്ചലാവസ്ഥയിൽ നീങ്ങുന്നു എന്നതാണ് വാസ്തവം. ഇടയ്ക്കിടെ ഭാരവാഹിയോഗവും രാഷ്ട്രീയകാര്യ സമിതി യോഗവും ഒക്കെ ചേരുകയും ആ യോഗത്തിൽ വലിയ വലിയ കാര്യങ്ങൾ തീരുമാനിക്കുകയും ചെയ്യുക പതിവാണ്. എന്നാൽ ഇതെല്ലാം വെറും തീരുമാനമായി മാറുന്നതല്ലാതെ വർഷങ്ങളായി ഇതൊന്നും നടത്തിയെടുക്കാൻ കെപിസിസി പ്രസിഡണ്ടിനെ കൊണ്ടോ പ്രതിപക്ഷ നേതാവിനോ കഴിയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. പാർട്ടി നേതൃത്വം പലതരത്തിൽ മുന്നോട്ടുപോകുന്ന സ്ഥിതിയാണ് ഇപ്പോഴും ഉള്ളത്. പണ്ടുമുതൽക്കു തന്നെ ഗ്രൂപ്പുകളായി തിരിഞ്ഞ് പ്രവർത്തിച്ചുവരുന്ന കോൺഗ്രസ് ശൈലി ഇപ്പോഴും തുടരുകയാണ്. പ്രതിപക്ഷ നേതാവ് ഒരു വശത്തും കെപിസിസി പ്രസിഡൻറ് മറ്റൊരു വശത്തും ഇതു കൂടാതെ എ ഗ്രൂപ്പ് – ഐ ഗ്രൂപ്പ് തുടങ്ങിയ പേരുകളിൽ മറ്റു ചില നേതാക്കളും സ്വന്തം വഴികളിലൂടെ നീങ്ങിക്കൊണ്ടിരിക്കുകയാണ്. കെപിസിസിയിൽ അടക്കം പുനസംഘടന ആലോചന തുടങ്ങിയിട്ട് വർഷമായി. മണ്ഡലം കമ്മിറ്റികളും വാർഡ് കമ്മിറ്റികളും പോലും പുന സംഘടിപ്പിക്കാൻ കഴിയാതെ ആണ് പാർട്ടി മുന്നോട്ടുപോകുന്നത്. ഈ സ്ഥിതിയിൽ തുടരുന്നതുകൊണ്ടാണ് ഇത്രയും അധികം ആരോപണങ്ങളും ജനകീയ പ്രതിഷേധവും ഏറ്റുവാങ്ങുന്ന ഒരു സർക്കാരിനെതിരെ ഫലപ്രദമായ രീതിയിൽ പ്രതിരോധവും പ്രതിഷേധവും ഉയർത്തുന്ന സമരം നടത്താൻ പ്രതിപക്ഷത്തിന് കഴിയാതെ വരുന്നത്. മറ്റൊരു പ്രത്യേകത മുൻകാലങ്ങളിൽ കോൺഗ്രസ് പാർട്ടി മടിച്ചു നിന്നാലും സമര രംഗത്തേക്ക് അതിശക്തമായ വരവ് നടത്തിയിരുന്ന മുസ്ലിം ലീഗും കേരള കോൺഗ്രസ്സും അടക്കമുള്ള യുഡിഎഫിലെ മറ്റു കക്ഷികളും എന്തൊക്കെയോ കാരണങ്ങളുടെ പേരിൽ മരവിച്ച് നിൽക്കുകയാണ്.

പാർട്ടിയും ഭരണകൂടവും അടക്കിഭരിച്ചിരുന്ന പിണറായി വിജയൻ ഏതായാലും പഴയതുപോലെ ശക്തനല്ല. ഇപ്പോൾ പി വി അൻവർ എന്ന സിപിഎം നിയമസഭാംഗം തുറന്നു വിട്ട ഭൂതത്തിൻറെ ആഘാതം മൂലം പിണറായി വിജയൻ തളർന്നിരിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ കാണുന്നത്. ഇതിന് പുറമെയാണ് കേരളത്തിലെ സിപിഎം എന്ന പാർട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സമ്പൂർണ്ണ പരാജയം ഏറ്റുവാങ്ങേണ്ടി വന്ന ഇടതുമുന്നണിക്ക് നേതൃത്വം കൊടുക്കുന്നത് സിപിഎം ആണ്. തെരഞ്ഞെടുപ്പ് പരാജയത്തെ തുടർന്ന് വിലയിരുത്തൽ ഉണ്ടായപ്പോൾ ഇടതുമുന്നണി സർക്കാരിൻറെ എതിരെ ഉണ്ടായ ജനങ്ങളുടെ എതിർപ്പ് തന്നെയാണ് തോൽവിച്ച് കാരണം എന്ന് കണ്ടെത്തിയിരുന്നു. ഇതിൻറെ പേരിൽ ഭരണ പ്രവർത്തനങ്ങളിലും മുഖ്യമന്ത്രിയുടെ ശൈലിയിലും മാറ്റമുണ്ടാകണം എന്നൊക്കെ പാർട്ടി യോഗത്തിൽ തീരുമാനിച്ചു. എങ്കിലും ഈ തീരുമാനം മുഖ്യമന്ത്രിയായ പിണറായി വിജയൻറെ മുഖത്തുനോക്കി പറയുവാൻ പാർട്ടി സെക്രട്ടറി പോലും കാണിച്ചിട്ടില്ല എന്നതാണ് പാർട്ടിയെ കുഴക്കുന്ന കാരണം. കേരളത്തിലെ സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ബ്രാഞ്ച് ഏരിയ സമ്മേളനങ്ങൾ ഒക്കെ തുടങ്ങുകയാണ്. ഈ സമ്മേളനങ്ങളിൽ വലിയ തർക്കങ്ങളും വഴക്കുകളും നടക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പാർട്ടിയുടെ നേതാക്കന്മാരുടെ വഴിവിട്ട പോക്കുകളും ഭരണകൂടം ജനങ്ങളിൽ നിന്നും അകന്നതും എല്ലാം സാധാരണ സഖാക്കളെ വല്ലാതെ വിഷമിപ്പിക്കുന്നുണ്ട്. ഇതുതന്നെയാണ് ഇപ്പോൾ നടക്കുന്ന ബ്രാഞ്ച് സമ്മേളനങ്ങളിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്.

ഇങ്ങനെ സിപിഎം എന്ന പാർട്ടിയും ആ പാർട്ടി നേതൃത്വം കൊടുക്കുന്ന ഭരണകൂടത്തിന് നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയും വ്യാപകമായ എതിർപ്പുകളെ നേരിട്ടുകൊണ്ട് വിഷമ സ്ഥിതിയിൽ തുടരുമ്പോഴും ഈ രണ്ട് ഘടകങ്ങൾക്കും എതിരെ ജനമനസ്സാക്ഷി ഉണർത്തുന്ന വിധത്തിൽ ബഹുജനപ്രക്ഷോഭം സംഘടിപ്പിക്കുവാൻ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന് കഴിയാതെ വരുന്നത് പാർട്ടിക്ക് നേതൃത്വം കൊടുക്കുന്ന ആൾക്കാരുടെ കഴിവുകേട് തന്നെയാണ്. ഏതായാലും പ്രതിപക്ഷ നേതാവിനും കെ പി സിസി പ്രസിഡണ്ടിനും എതിരെ മുതിർന്ന നേതാക്കളോടൊപ്പം പ്രതിഷേധ ശബ്ദമുയർത്തുന്ന സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. മാധ്യമങ്ങൾക്കു മുന്നിൽ കാലത്തും ഉച്ചയ്ക്കും വൈകിട്ടും പ്രസ്താവന വൈദ്യവുമായി എഴുന്നള്ളി നിൽക്കൽ അല്ല പാർട്ടി പ്രവർത്തനം എന്ന് ഇനിയെങ്കിലും ഇവർ തിരിച്ചറിയണം എന്നാണ് മുതിർന്ന നേതാക്കൾ പറഞ്ഞുകൊണ്ടിരിക്കുന്നത്