കാടത്തം നിറഞ്ഞതും മനുഷ്യത്വ രഹിതവും അവിശ്വസനീയവുമായ പല വാർത്തകളും ഉണ്ടാകുന്ന ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. നമ്മുടെ രാജ്യത്തിൻറെ തലസ്ഥാനം എന്ന് പറയാവുന്ന ഈ സംസ്ഥാനത്ത് ഇപ്പോഴും അപരിഷ്കൃതരും മൃഗതുല്യരും ആയ ആൾക്കാർ ജീവിക്കുന്നുണ്ട് എന്ന് പറഞ്ഞാൽ തെറ്റില്ല. വളരെ വലിയ വാർത്തകളിൽ നിറഞ്ഞുനിന്ന പെൺകുട്ടിയെ കൂട്ടബലാൽസംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം ഈ സംസ്ഥാനത്തായിരുന്നു അരങ്ങേറിയത്. അതിനു പിന്നാലെ വീണ്ടും ഇത്തരം സംഭവം അവിടെ അരങ്ങേറുകയുണ്ടായി. ഇപ്പോൾ അതേ ഉത്തർപ്രദേശ് സംസ്ഥാനത്തു നിന്നും ആരെയും ഞെട്ടിപ്പിക്കുന്ന മറ്റൊരു വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഒരു സ്കൂളിൽ അതിൻറെ ഡയറക്ടറും അധ്യാപകരും ചേർന്നുകൊണ്ട് രണ്ടാം ക്ലാസുകാരനായ ഒരു വിദ്യാർത്ഥിയെ നരബലിക്ക് വിധേയൻ ആക്കി. ഇതിന്റെ ലക്ഷ്യം ആയി പറയുന്ന കാര്യമാണ് നമ്മളെ അത്ഭുതപ്പെടുത്തുന്നത്. കുട്ടി പഠിച്ചിരുന്ന സ്വകാര്യ സ്കൂൾ കൂടുതൽ വികസനത്തിലേക്ക് കടന്നു വരാനും നല്ല പേരിലേക്ക് എത്തിച്ചേരുവാനും വേണ്ടി നടത്തിയ ആഭിചാരക്രിയയുടെ ഭാഗമായിട്ടാണ് ഈ പിഞ്ചു ബാലനെ സ്കൂൾ അധികൃതർ ചേർന്ന് കൊലപ്പെടുത്തിയത്. ഏതായാലും ഈ സംഭവം പുറത്തുവരികയും പോലീസ് അന്വേഷണം നടത്തുകയും ചെയ്തതിനെ തുടർന്ന് സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവരികയുണ്ടായി. നരഹത്യക്ക് നേതൃത്വം കൊടുത്ത സ്കൂളിൻറെ ഡയറക്ടർ ദിനേശ് ഭാഗേലും സ്കൂളിലെ 3 അധ്യാപകരെ ഇപ്പോൾ പോലീസ് പിടിയിൽ ആയിട്ടുണ്ട്. ഇവർക്കെതിരെ കൊലപാതക കേസ് രജിസ്റ്റർ ചെയ്തതായി പോലീസ് മേധാവികൾ അറിയിച്ചിട്ടുണ്ട്.
ഉത്തർപ്രദേശിലെ ഹാത്രസിന് അടുത്ത് രാസ്ഗാവൽ എന്ന സ്ഥലത്ത് പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂൾ ആയ ഡി എൽ പബ്ലിക് സ്കൂളിലാണ് ആരെയും ഞെട്ടിക്കുന്ന ഈ കൊടുംക്രൂരത അരങ്ങേറിയത്. സ്വകാര്യ സ്കൂളിൻറെ ഉടമസ്ഥരായ ദിനേശ് ഭാഗേലും അദ്ദേഹത്തിൻറെ പിതാവും ചേർന്നാണ് സ്കൂളിൻറെ നല്ല രീതിയിലുള്ള പുരോഗതിക്കുവേണ്ടി ആഭിചാരക്രിയ നടത്തിയത്. പോലീസിന്റെ പരിശോധനയിൽ സ്കൂളിൻറെ പരിസരത്തു നിന്നും ആഭിചാരക്രിയയ്ക്ക് ഉപയോഗിച്ച മറ്റു പല വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.സ്കൂളിനോട് ചേർന്ന് ഉള്ള ഹോസ്റ്റലിൽ കഴിഞ്ഞിരുന്ന രണ്ടാം ക്ലാസുകാരനായ വിദ്യാർത്ഥിയെ സ്കൂൾ ഡയറക്ടർ ദിനേശും അധ്യാപകരും ചേർന്ന് എന്തോ കാരണം പറഞ്ഞ് വിളിച്ചുറക്കി സ്കൂൾ പരിസരത്തുള്ള കുഴൽക്കിണറിന് സമീപത്തുവച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നു. സ്കൂളിൽ നടന്ന മന്ത്രവാദവും ആഭിചാരക്രിയകളും അവസാനിച്ച ഘട്ടത്തിലാണ് കുട്ടിയെ കൊലപ്പെടുത്തി നരബലി നടത്തിയത്. കഴിഞ്ഞ സെപ്റ്റംബർ മാസം ആറാം തീയതി ഇതുപോലെതന്നെ ആഭിചാരക്രിയയുടെ ഭാഗമായി മറ്റൊരു കുട്ടിയെ കൊല നടത്താൻ സ്കൂൾ അധികൃതർ ശ്രമം നടത്തിയെങ്കിലും ആരെല്ലാമോ എത്തിയതിന്റെ പേരിൽ അത് നടന്നില്ല. തുടർന്നാണ് ഇപ്പോൾ കേസിനാസ്പദമായ നരബലി സ്കൂൾ അധികൃതർ വിജയകരമായി നടത്തിയത്.
സ്കൂൾ പരിസരത്ത് വച്ച് നരബലിയുടെ ഭാഗമായി രണ്ടാം ക്ലാസുകാരനെ കൊലപ്പെടുത്തിയ ശേഷം ഡയറക്ടർ ആയ ദിനേശ് കുട്ടിയുടെ പിതാവിനെ ഫോണിൽ വിളിച്ചു കുട്ടിക്ക് എന്തോ അസുഖം ആണെന്നും ബോധംകെട്ട് വീണു എന്നും അറിയിക്കുകയാണ് ഉണ്ടായത്. ഫോൺ സന്ദേശം ലഭിച്ച ഉടൻ പിതാവ് സ്കൂളിൽ എത്തിയെങ്കിലും ഡയറക്ടർ ദിനേശ് കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയിച്ചത്. ആശുപത്രിയിൽ കുട്ടിയുടെ പിതാവ് എത്തിയപ്പോഴേക്കും മരണപ്പെട്ട കുട്ടിയെയാണ് കണ്ടത് എന്നാണ് കുട്ടിയുടെ പിതാവായ കിഷൻ കുശ്വാഹ പറഞ്ഞത്. ഇതിനുശേഷമാണ് പിതാവ് പോലീസിനെ വിവരം അറിയിക്കുകയും പോലീസ് പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിക്കുകയും ചെയ്തത്. കുട്ടിയുടെ പിതാവ് ആശുപത്രിയിൽ എത്തുമ്പോൾ കുട്ടിയെ ആശുപത്രിയിൽ പോലും പ്രവേശിപ്പിച്ചിരുന്നില്ല. ഡയറക്ടറായ ദിനേശിന്റെ കാറിനകത്ത് മകൻ മരിച്ചു കിടക്കുന്ന അവസ്ഥയിലാണ് പിതാവ് കാണുന്നത്. കുട്ടിയുടെ ബാഗും പാഠപുസ്തകങ്ങളും കാറിൽ നിന്നും കണ്ടെടുക്കുകയും ചെയ്തിരുന്നു.
മാറി മാറി വരുന്ന സർക്കാരുകളും ഭരണകർത്താക്കളും ഉത്തർപ്രദേശ് അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെല്ലാം വലിയതോതിൽ വികസനത്തിലേക്കും വളർച്ചയിലേക്കും കുതിച്ചു പായുകയാണ് എന്നൊക്കെ പറയുന്നുണ്ടെങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പലയിടങ്ങളിലും ഭൂരിഭാഗം വരുന്ന സാധാരണ ജനങ്ങളും കർഷകരും ഇപ്പോഴും അന്ധവിശ്വാസത്തിന്റെയും ജീവിത ദുരിതത്തിന്റെയും ഗതികേടിൽ കഴിയുന്നു എന്ന് തെളിയിക്കുന്നതാണ് ഈ സ്കൂളിൽ ഉണ്ടായ നരബലി എന്ന സംഭവം. സ്കൂൾ നടത്തുന്ന ഉടമസ്ഥരടക്കമുള്ള വലിയ വിദ്യാസമ്പന്നർ പോലും ഇപ്പോഴും അന്ധവിശ്വാസത്തിൽ കുടുങ്ങിക്കിടക്കുകയാണ്. സ്കൂളിലെ അധ്യാപകരോടൊപ്പം സ്വന്തം മക്കളെപ്പോലെ കാണേണ്ട കൊച്ചു കുട്ടിയെ നരബലിക്ക് ഇരയാക്കി സ്കൂളിന് വികസനവും വളർച്ചയും ഉണ്ടാക്കാം എന്ന് വിശ്വസിക്കുന്നു എങ്കിൽ ആ സ്കൂൾ അധികൃതരെ ജയിലിൽ അടച്ച് യഥാർത്ഥ ജീവിതം എന്താണ് എന്ന ബോധ്യപ്പെടുത്തുകയാണ് വേണ്ടത്. ഏതായാലും തികച്ചും മൃഗീയവും ക്രൂരവുമായ നരബലിക്ക് നേതൃത്വം കൊടുത്ത അധ്യാപകരോടക്കമുള്ളവരെ പോലീസ് ജയിലിൽ അടച്ചിട്ടുണ്ട്. ഇനി അന്വേഷണങ്ങളും മറ്റും പറഞ്ഞുകൊണ്ട് അവരെ ജീവിക്കാൻ അനുവദിക്കാതെ കൃത്യമായ തെളിവുകൾ നിരത്തി ഈ കൊലപാതകികളെ കൊലക്കയറിൽ കയറ്റുവാൻ നിയമവും നീതിപാലകരും നീതിപീഠവും തയ്യാറാവുകയാണ് വേണ്ടത്.