ബിജെപിക്ക് സുപ്രീം കോടതി വിധി ഒന്നുമല്ല.

മോദിയുടെ ഗുജറാത്തിൽ മുസ്ലിം പള്ളികൾ പൊളിച്ചു നിരത്തി.....

രാജ്യം ഭരിക്കുന്നത് ബിജെപി നേതൃത്വത്തിലുള്ള മുന്നണി ആണെങ്കിലും ഭരണം നിയന്ത്രിക്കുന്നത് മറ്റു ചിലർ ആണ് എന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. ആർ എസ് എസ് – സംഘപരിവാർ ശക്തികൾ തീരുമാനിക്കും. അവരുടെ തീരുമാനങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കും. ഇതാണ് യഥാർത്ഥത്തിൽ പത്ത് വർഷത്തിലധികമായി നമ്മുടെ രാജ്യത്ത് നടന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യ ഹിന്ദുക്കളുടേത് മാത്രമായി മാറണം എന്ന് പരസ്യമായി പറയുന്ന ആൾക്കാരാണ് ആർഎസ്എസ് നേതാക്കൾ. അതുതന്നെയാണ് മറ്റു സംഘപരിവാർ ശക്തികളുടെ നേതാക്കളുടെയും മാനസികാവസ്ഥ. ഈ കൂട്ടർ അവരുടെ താൽപര്യങ്ങൾ വച്ചുകൊണ്ട് കേന്ദ്രസർക്കാരിന് നിർദ്ദേശങ്ങൾ നൽകുകയും പ്രധാനമന്ത്രി നരേന്ദ്രമോദിയ അടക്കമുള്ള ഭരണകൂടം അതെല്ലാം നടപ്പിൽ വരുത്തുകയും ചെയ്യും ഇതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്രമോദി 15 വർഷക്കാലം മുഖ്യമന്ത്രിയായി ഭരിച്ചസംസ്ഥാനമാണ് ഗുജറാത്ത്. അദ്ദേഹത്തിൻറെ സ്വന്തം സംസ്ഥാനം എന്ന നിലയിലാണ് ഗുജറാത്ത് അറിയപ്പെടുന്നത്. ഗുജറാത്തിലെ മുഖ്യമന്ത്രി പദത്തിൽ ഇരിക്കുന്ന അവസരത്തിലാണ് നരേന്ദ്രമോദി ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നു വരികയും ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥി ആയി മാറുകയും ഒക്കെ ചെയ്തത്. അതുകൊണ്ടുതന്നെ ഇപ്പോഴും ആർ എസ് എസ് നേതാക്കളുടെ അഭ്യർത്ഥനകളെ അതേപടി അംഗീകരിക്കുന്ന സ്വഭാവമാണ് പ്രധാനമന്ത്രിക്കും ഉള്ളത്.അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടത് ആരുടെ നേതൃത്വത്തിൽ ആയിരുന്നു എന്ന കാര്യം ഇന്ത്യയിലെ മുഴുവൻ ജനങ്ങളും കൃത്യമായി അറിഞ്ഞിട്ടുള്ളതാണ്. ബിജെപിയുടെ രാഷ്ട്രീയ അജണ്ടയുടെ ഭാഗമാണ് മുസ്ലിം ക്രിസ്ത്യൻ മതവിഭാഗങ്ങൾ അടങ്ങുന്ന ന്യൂനപക്ഷങ്ങളെ പരമാവധി ഉപദ്രവിക്കുക എന്നത്. ഇതിനെല്ലാം മുൻകൈ എടുക്കുന്നതും നേതൃത്വം കൊടുക്കുന്നതും പലപ്പോഴും ആർ എസ് എസ് സംഘപരിവാറും ശക്തികളാണ്. ഇപ്പോൾ ബിജെപിയുടെ ന്യൂനപക്ഷ മതവിഭാഗ വിരോധം പ്രകടമായത് ഗുജറാത്തിലെ മുസ്ലീം പള്ളി തകർക്കൽ സംഭവത്തിലാണ്. കഴിഞ്ഞദിവസമാണ് ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വലിയ പോലീസ് സന്നാഹത്തോടുകൂടി നൂറുകണക്കിന് വീടുകളും ഒൻപത് മുസ്ലീം പള്ളികളും അതുപോലെതന്നെ ദർഗകളും തല്ലി തകർത്തത്.

യഥാർത്ഥത്തിൽ ബുൾഡോസർ നടപടി ആണ് ഇവിടെ നടന്നത്. രണ്ടാഴ്ച മുൻപാണ് സുപ്രീംകോടതി ഈ വിഷയത്തിൽ സുപ്രധാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചത്. രാജ്യത്ത് ഒരിടത്തും ബുൾഡോസർ രാജ് നടപ്പിലാക്കാൻ പാടില്ല എന്നതായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. ഈ ഉത്തരവിനെ പോലും ലംഘിച്ചു കൊണ്ടാണ് ഗുജറാത്തിലെ സോമനാഥ ക്ഷേത്ര പരിസരത്ത് ജില്ലാ ഭരണകൂടം മുസ്ലിം ആരാധനാലയങ്ങളും നിരവധി പേരുടെ വീടുകളും തകർത്തത്. ഇത് സംബന്ധിച്ച വാർത്തയിൽ പറയുന്നത് ജില്ലാ ഭരണകൂടം ബിജെപി സർക്കാരിൻറെ രഹസ്യ അജണ്ട നടപ്പിൽ വരുത്തുകയാണ് ചെയ്തത് എന്നാണ്. എന്തായാലും സുപ്രീം കോടതി ഉത്തരവിനെ പോലും വെല്ലുവിളിച്ചുകൊണ്ട് വലിയ പോലീസ് സന്നാഹത്തോടുകൂടിയാണ് ഈ പള്ളി തകർക്കൽ നടത്തിയത്. ഗുജറാത്തിലെ ഗാന്ധിനഗറിന് സമീപത്തുള്ള സോമനാഥ് ജില്ലയിലെ സോമനാഥ ക്ഷേത്രത്തിന് അടുത്തുള്ള പ്രദേശത്തെ മദ്രസകളും മസ്ജിദുകളും ദർഗകളും മുസ്ലിംവീടുകളും ഒക്കെയാണ് രാപകൽ നീണ്ടുനിന്ന പ്രവർത്തനത്തിലൂടെ അടിച്ചു നിരത്തിയത്. 36 ബുൾഡോസറുകളും 70 ട്രാക്ടർ ട്രോളികളും കാവലിനായി 1500ലധികം പോലീസുകാരും രംഗത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

കെട്ടിടം പൊളിക്കൽ കാര്യത്തിൽ ഉത്തരവുകൾ ഇട്ടതും നേതൃത്വം കൊടുത്തതും ജില്ലാ കളക്ടർ അടക്കമുള്ള ജില്ലാ ഭരണകൂടം ആയിരുന്നു. എന്നാൽ ഈ കെട്ടിടം പൊളിക്കൽ ശ്രമം തുടങ്ങിയ അവസരത്തിൽ വിവിധ സംഘടനകളും കോൺഗ്രസ് പാർട്ടിയും പ്രതിഷേധവുമായി രംഗത്തുവരികയുണ്ടായി. പൊളിക്കൽ തടയാൻ എത്തിയ ന്യൂനപക്ഷ കോർഡിനേഷൻ കമ്മിറ്റി ആൾക്കാരും നാട്ടുകാരേയും പോലീസ് അറസ്റ്റ് ചെയ്ത് മാറ്റി കൊണ്ടാണ് പൊളിക്കൽ പരിപാടി നടത്തിയത്.ഇതൊക്കെയാണെങ്കിലും ജില്ലാ ഭരണകൂടം ഈ വിഷയത്തിൽ പറയുന്ന കാര്യങ്ങൾ വേറെ രീതിയിൽ ആണ്. സോമനാഥ ക്ഷേത്രം ട്രസ്റ്റിന്റെ ഉടമസ്ഥതയിൽ ഉള്ള സ്ഥലങ്ങൾ കയ്യേറി നിർമ്മിച്ച മദ്രസകളും മസ്ജിദുകളും മുസ്ലിം വീടുകളും ആണ് പൊളിച്ചുമാറ്റിയത് എന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. എന്നാൽ 120 വർഷം മുൻപ് നിർമ്മിച്ച ദർഗകളും മസ്ജിദുകളും എങ്ങനെയാണ് അവിടെ ഇത്രയും കാലം നിലനിന്നിരുന്നത് എന്നും ഇത്രയും കാലപ്പഴക്കമുള്ള നിർമ്മിതികൾ പുറമ്പോക്കിൽ ആണെങ്കിൽ പോലും ഇന്ത്യൻ നിയമപ്രകാരം തുടർന്ന് പ്രവർത്തിക്കുന്നതിന് തടസ്സം ഇല്ലാത്തതുകൊണ്ടും ജില്ലാ ഭരണകൂടം നടത്തിയത് തികഞ്ഞ അതിക്രമം ആണ് എന്നും മുസ്ലിം മതമേധാവികൾ വാദിക്കുന്നുണ്ട്.

രാജ്യത്ത് ഗുജറാത്തിൽ മാത്രമല്ല മറ്റു പല മതന്യൂനപക്ഷങ്ങൾക്ക് സ്വാധീനമുള്ള സ്ഥലങ്ങളിലും കേന്ദ്രസർക്കാരിൻറെ പിന്തുണയോടു കൂടി മുസ്ലിം അടക്കമുള്ള മത ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്ഥാപനങ്ങളും മറ്റും തകർക്കുന്ന ആർ എസ് എസ് പ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ട്. മണിപ്പൂർ സംസ്ഥാനത്ത് ഇപ്പോഴും മുസ്ലിം ക്രിസ്ത്യൻ വിശ്വാസികളുടെ ആരാധനാലയങ്ങൾ തകർക്കുന്നതായി റിപ്പോർട്ടുകൾ വന്നു കൊണ്ടിരിക്കുന്നുണ്ട്. ഈ അക്രമ സംഭവങ്ങൾക്കെല്ലാം നേതൃത്വം കൊടുക്കുന്നത് ബിജെപിയുടെ ശക്തികേന്ദ്രമായ സംഘപരിവാർ സംഘടനകൾ ആണ്.പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വന്തം സംസ്ഥാനമായ ഗുജറാത്തിലാണ് ഇപ്പോൾ മുസ്ലിം മത വിശ്വാസികളുടെ സ്ഥാപനങ്ങളും മറ്റും ബുൾഡോസർ വഴി തകർത്തിരിക്കുന്നത്. പ്രധാനമന്ത്രി പദം എന്നത് ഇന്ത്യയിലെ എല്ലാ മതവിശ്വാസികളെയും ഒരേപോലെ കാണുവാനും സഹായിക്കുവാനും സഹകരിക്കുവാനും ബാധ്യതയുള്ള പരമോന്നത പദവിയാണ്. ആ പദവിയിൽ ഇരിക്കുന്ന പ്രധാനമന്ത്രിയുടെ സ്വന്തം സംസ്ഥാനത്ത് പോലും മതന്യൂനപക്ഷങ്ങൾക്ക് സ്വാതന്ത്ര്യത്തോടെ വിശ്വാസങ്ങളും ആരാധനയും നടത്തുവാൻ കഴിയുന്നില്ല എങ്കിൽ എവിടെയാണ് ഭരണഘടന ചൂണ്ടിക്കാണിച്ചിട്ടുള്ള മതേതരത്വവും സ്വാതന്ത്ര്യവും എന്ന ചോദ്യത്തിന് പ്രസക്തിയുണ്ട്