ജൂനിയർ ഇന്ദിരയെ കണ്ടു ഇളകി മറിഞ്ഞ ജനം.

ബിജെപിയെ കശക്കി എറിഞ്ഞ പ്രിയങ്ക ഗാന്ധി.............

കോൺഗ്രസ് പാർട്ടിയുടെ ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി രാഹുൽ ഗാന്ധിയുടെ സഹോദരയായി മാത്രമല്ല ഇന്ത്യയിലെ ജനങ്ങൾ കാണുന്നത്. ജൂനിയർ ഇന്ദിരാഗാന്ധി ആയിട്ടാണ് പ്രിയങ്ക ഗാന്ധിയെ ഇന്ത്യൻ ജനത കാണുന്നത്. നേരിൽ കാണുമ്പോൾ ഇന്ദിരാഗാന്ധിയുടെ അതേ ഛായയാണ്. അതുകൊണ്ടാണ് പ്രിയങ്ക ഗാന്ധി എത്തുന്നിടത്തെല്ലാം വലിയ തോതിൽ ജനങ്ങൾ കൂടുന്നത്. ഇപ്പോൾ മുത്തശ്ശിയുടെ രൂപസാദൃശ്യം എന്നതിനേക്കാൾ ഉപരി രാഷ്ട്രീയമായി അതിശക്തമായ പ്രവർത്തനം നടത്താൻ കഴിയുന്ന ഒരു നേതാവായി പ്രിയങ്ക മാറിയിട്ടുണ്ട്. രാഷ്ട്രീയ ശത്രുക്കളുടെ നെഞ്ചിൽ കൊള്ളുന്ന വാക്കുകളും പ്രയോഗങ്ങളും തൊടുത്തു വിടുവാൻ പ്രിയങ്ക ഗാന്ധിക്ക് കഴിയുന്നു.

ഹരിയാന നിയമസഭയിലേക്കുള്ള പൊതു തെരഞ്ഞെടുപ്പ് നടക്കുകയാണ്. ഈ തെരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവർത്തനങ്ങളുമായി അവിടെയെത്തിയ പ്രിയങ്ക ഗാന്ധി നടത്തിയ പ്രസംഗം ജനങ്ങൾക്കിടയിൽ വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. ഹരിയാനയിലെ ജൂലാന അസംബ്ലി മണ്ഡലത്തിൽ മത്സരിക്കുന്നത് ഒരു പ്രമുഖ താരമാണ്. വലിയ വിവാദങ്ങളിലൂടെ ജനശ്രദ്ധ നേടിയ ഗുസ്തി താരമായ വിനേഷ് ഫോഗട്ട് ആണ് ഇവിടെ കോൺഗ്രസിൻറെ സ്ഥാനാർത്ഥി. ഇന്ത്യയിലെ ഗുസ്തി താരങ്ങൾക്ക് എതിരെ കേന്ദ്രസർക്കാരും ബിജെപിയുടെ നേതാക്കളും നടത്തിയ പീഡനങ്ങളും ദ്രോഹങ്ങളും ചെറുതായിരുന്നില്ല. ഇതിൻറെ ഇരയായിരുന്ന വിനേഷ്. തൻറെ സ്ഥാനമാനങ്ങളും പദവികളും എല്ലാം ഉപേക്ഷിച്ചു കൊണ്ടാണ് അടുത്ത ഇടയ്ക്ക് കോൺഗ്രസ് പാർട്ടിയിലേക്ക് കടന്നുവന്നത്. രാഹുൽ ഗാന്ധിയുടെ പാർട്ടി പ്രവർത്തനങ്ങളിൽ ആകൃഷ്ടയായിട്ടാണ് വിനേഷ് കോൺഗ്രസിലേക്ക് കടന്നുവന്നത്. രാഹുൽ ഗാന്ധി നേരിട്ടാണ് ഇവരെ പാർട്ടിയിലേക്ക് സ്വീകരിക്കുകയും സ്വന്തം നാടായ ഹരിയാനയിൽ അസംബ്ലി തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തത്.

വിനേഷ് മത്സരിക്കുന്ന മണ്ഡലത്തിൽ പ്രചരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി നരേന്ദ്രമോദിയെയും ബിജെപി സർക്കാരിനെയും അതിശക്തമായിട്ടാണ് ആക്രമിച്ചത്. തെരഞ്ഞെടുപ്പിൽ വോട്ട് കിട്ടാൻ വേണ്ടി മധുരം പുരട്ടിയ വാഗ്ദാനങ്ങൾ ജനങ്ങൾക്ക് മുന്നിൽ പ്രഖ്യാപിക്കുകയും ഭൂരിപക്ഷം കിട്ടി അധികാരത്തിൽ വന്നാൽ ഈ വാഗ്ദാനങ്ങൾ തള്ളിക്കൊണ്ട് ജനദ്രോഹ നിയമങ്ങളും നടപടികളും നടത്തുന്ന ഭരണകൂടമാണ് രാജ്യത്ത് ഉള്ളത് എന്ന് പ്രിയങ്ക ഗാന്ധി ആരോപിച്ചു. രാജ്യത്തിൻറെ സമ്പാദ്യമായ തുറമുഖങ്ങളും വൻകിട വ്യവസായങ്ങളും വിമാനത്താവളങ്ങളും എല്ലാം ബിജെപി നേതാക്കളുടെയും പ്രധാനമന്ത്രിയുടെയും ഇഷ്ടക്കാരായ ചില കോടീശ്വരൻ മാർക്ക് കൈമാറിയ സാഹചര്യമാണ് ഉള്ളത് എന്ന് പ്രിയങ്ക ഗാന്ധി പറയുകയുണ്ടായി. അനീതിയും അസത്യവും അക്രമങ്ങളും മാത്രമാണ് ബിജെപിയുടെ രാഷ്ട്രീയപ്രവർത്തനത്തിൽ നിറഞ്ഞുനിൽക്കുന്നത്. ജനങ്ങളെ തെരഞ്ഞെടുപ്പ് സമയത്ത് മാത്രം കണ്ണു തുറന്ന് കാണുന്ന സ്വാർത്ഥതാല്പര്യം നിറച്ച രാഷ്ട്രീയ ശൈലിയാണ് പ്രധാനമന്ത്രിയും ബിജെപിയും തുടരുന്നത്.

ഹരിയാനയിൽ മാത്രമല്ല ദേശീയതലത്തിൽ തന്നെ കാർഷകരും കാർഷിക മേഖലയും തകർന്നു കിടക്കുകയാണ്. രാജ്യത്തിൻറെ നട്ടെല്ല് എന്ന് പറയുന്നത് കൃഷിയിടങ്ങളിൽ പണിയെടുക്കുന്ന കർഷകരാണ്. ആ ആ ജനവിഭാഗത്തെയാണ് അവർക്കെതിരായ നിയമം നടപ്പിലാക്കി നരേന്ദ്രമോദി ദുരിതത്തിലേക്ക് തള്ളിയിട്ടത്. ഇപ്പോഴും ഉത്തർപ്രദേശിലെയും ഹരിയാനയിലെയും ഒക്കെ കർഷകർ കേന്ദ്രസർക്കാരിനെതിരായ സമരരംഗത്ത് തുടരുകയാണ്. രാജ്യം ഭരിച്ചിട്ടുള്ള കോൺഗ്രസ് സർക്കാരുകൾ ഏതുകാലത്തും വലിയ മുൻഗണന നൽകിയിരുന്നത് കാർഷിക മേഖലയ്ക്കും കർഷകർക്കും ആയിരുന്നു. ഇതെല്ലാം ബിജെപി സർക്കാർ തകർത്തിരിക്കുകയാണ്. യഥാർത്ഥത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയിലെ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണ് പ്രിയങ്ക ഗാന്ധി പറഞ്ഞു.

നരേന്ദ്രമോദിയുടെ രാജ്യഭരണം വിരലിലെണ്ണാവുന്ന കുറച്ച് സമ്പന്നന്മാർക്ക് വേണ്ടി മാത്രം ഉള്ളതാണ്. അംബാനിയും അദാനിയും അടക്കമുള്ള ഈ സമ്പന്നന്മാരെ സംരക്ഷിക്കാൻ മാത്രമാണ് കേന്ദ്രസർക്കാർ പലതും നടപ്പിലാക്കുന്നത്. ദുരിതമനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളെ കൂടുതൽ പാവപ്പെട്ടവരാക്കി മാറ്റുന്ന ഒരു സർക്കാർ ആണ് രാജ്യത്ത് നിലനിൽക്കുന്നത്. പ്രിയങ്ക ഗാന്ധിയുടെ ഓരോ വാക്കുകളും കയ്യടിയോടെ ജനം സ്വീകരിച്ചപ്പോൾ ഒടുവിൽ പ്രിയങ്ക പറഞ്ഞു. ഈ ജനദ്രോഹ ഭരണത്തെ അവസാനിപ്പിക്കുന്നത് വരെ പാവപ്പെട്ടവരായ നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകും. ഭരണകൂടമല്ല ആര് തടയുവാൻ വന്നാലും നിങ്ങളുടെ ശക്തിയും നിങ്ങളുടെ പിൻബലവും ഉള്ളതുകൊണ്ട് തന്നെ എൻറെ പ്രവർത്തനം ഞാൻ മുന്നോട്ടു തന്നെ കൊണ്ടുപോകും. ആരു തടയാൻ ശ്രമിച്ചാലും അവിടെ കീഴടങ്ങാൻ ഞാൻ തയ്യാറാകില്ല. കാരണം ഞാൻ ജനിച്ചതും വളർന്നതും എന്നെ വളർത്തിയതും നെഹ്റു കുടുംബവും ആ കുടുംബത്തിലെ ജനകീയ നേതാക്കൾ പകർന്നു തന്നിട്ടുള്ള ആവേശവും ആണ്. എൻറെ ശരീരത്തിലും മനസ്സിലും രക്തത്തിലും ആ ശക്തി നിറഞ്ഞുനിൽക്കുന്നതുകൊണ്ട് എന്നെ ആർക്കും തളർത്താനും ആകില്ല എന്ന് പറഞ്ഞപ്പോൾ പ്രിയങ്കാ ഗാന്ധി കീ ജയ് എന്ന് ആകാശം പിളരുന്ന രീതിയിൽ ജനങ്ങൾ ആർത്തു വിളിച്ചു എന്നാണ് അവിടുത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.