എൻ സി പി യിലെ മന്ത്രിമാറ്റം – പോയി വേറെ പണി നോക്കാൻ പറഞ്ഞു പിണറായി.

പിസി ചാക്കോയ്ക്കും തോമസിനും നാണക്കേട്ട അവസ്ഥ.

കുറെ നാളുകളായി നിലനിൽക്കുന്നതാണ് ഇടതുമുന്നണിയിലെ ഘടക കക്ഷിയായ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ മന്ത്രി പദവി സംബന്ധിച്ച് തർക്കം. നിലവിൽ വനം വകുപ്പ് മന്ത്രിയായ എ കെ ശശീന്ദ്രനെ മാറ്റി പാർട്ടിയുടെ കുട്ടനാട് എംഎൽഎയായ തോമസ് കെ തോമസിനെ മന്ത്രിയാക്കുന്നതിന് ഉള്ള നീക്കം നടത്തിയത് പാർട്ടി സംസ്ഥാന പ്രസിഡൻറ് പി സി ചാക്കോ ആയിരുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുമായി കഴിഞ്ഞ ദിവസം ചാക്കോയും കൂട്ടരും ചർച്ച നടത്തിയിരുന്നു. മന്ത്രി ശശീന്ദ്രനും ഈ ചർച്ചയിൽ പങ്കെടുത്തു. എന്നാൽ യാതൊരു അനുകമ്പയും കാണിക്കാതെ ചാക്കോയെയും തോമസിനെയും മുഖ്യമന്ത്രി പിണറായി വിജയൻ ഇറക്കിവിട്ടു എന്നാണ് പുറത്തുവരുന്ന വാർത്തകൾ. ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റി കുട്ടനാട് എം എൽ എ ആയ തോമസിനെ മന്ത്രിയാക്കണം എന്ന് ആവശ്യമാണ് പാർട്ടി പ്രസിഡൻറ് എന്ന നിലയ്ക്ക് ചാക്കോ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. എന്നാൽ ചാക്കോയുടെയും തോമസിനെയും നിലവിലെ എല്ലാ നീക്കങ്ങളും വ്യക്തിപരമായ പ്രശ്നങ്ങളും കൃത്യമായി അറിഞ്ഞിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയൻ ഇരുവരെയും ഇറക്കിവിട്ടു എന്നതാണ് വാസ്തവം. തൽക്കാലം എൻറെ മന്ത്രിസഭയിൽ മന്ത്രിമാറ്റം ഒന്നുമില്ല എന്നും അങ്ങനെ എന്തെങ്കിലും ആലോചന ഉണ്ടാകുമ്പോൾ അറിയിക്കാം എന്നും ചാക്കോയോട് പിണറായി വിജയൻ പറഞ്ഞു എന്നാണ് അറിയുന്നത്.

മന്ത്രി ശശീന്ദ്രനെ മാറ്റി കുട്ടനാട് എം എൽ എ ആയ തോമസിനെ മന്ത്രിയാക്കുന്ന കാര്യത്തിൽ പിണറായി വിജയന് ഒട്ടും താല്പര്യമില്ല. ഇതിന് വ്യക്തമായ കാരണവും മുഖ്യമന്ത്രിയുടെ കൈവശമുണ്ട്. തോമസ് എന്ന ഇപ്പോഴത്തെ കുട്ടനാട് നിയമസഭാംഗം അവിടെ സ്ഥാനാർത്ഥിയാകുന്നത് തോമസിന്റെ ജേഷ്ഠൻ തോമസ് ചാണ്ടി അന്തരിച്ച ശേഷമാണ്. കുവൈറ്റിലെ വൻകിട വ്യവസായി കോടീശ്വരനും ആയിരുന്ന തോമസ് ചാണ്ടി സഹോദരനായ നിലവിലെ എംഎൽഎ തോമസിനെ കുവൈറ്റിൽ കൊണ്ടുപോയി സ്വന്തം ബിസിനസുകളിൽ മേൽനോട്ടം വഹിക്കുന്നതിന് ചുമതലപ്പെടുത്തിയിരുന്നു. ഇത്തരത്തിൽ പ്രവർത്തിച്ചിരുന്ന തോമസ് ജേഷ്ഠനായ തോമസ് ചാണ്ടി മരിച്ച ശേഷം അദ്ദേഹത്തിൻറെ കുവൈറ്റിലും നാട്ടിലുമുള്ള എല്ലാ വസ്തുവകകളും സ്വന്തമായി തട്ടിയെടുത്തു എന്നും കോടിക്കണക്കിന് രൂപയുടെ ബാങ്ക് നിക്ഷേപം സ്വന്തമാക്കി എന്നും പരാതിപ്പെട്ടത് അന്തരിച്ച തോമസ് ചാണ്ടിയുടെ ഭാര്യയും മക്കളും ആയിരുന്നു. ഇവർ ഈ പരാതി പിണറായി വിജയനെ നേരിൽ കണ്ടുകൊണ്ട് നൽകുകയാണ് ചെയ്തത്. ഇതാണ് കഴിഞ്ഞ ദിവസം മന്ത്രി ചർച്ചയ്ക്കായി എത്തിയ ചാക്കോയ്ക്കും തോമസിനും എതിരെ പിണറായി വിജയൻ തുറന്നു പറഞ്ഞത്. എംഎൽഎ ആണെങ്കിലും താങ്കളുടെ പേരിൽ സഹോദര കുടുംബം തന്നെ സാമ്പത്തിക തട്ടിപ്പിന്റെ പരാതി തന്നിരിക്കുകയാണ്. പരാതിയിൽ അന്വേഷണവും നടക്കുന്നുണ്ട്. ഇത്തരത്തിൽ ഒരാളെ മന്ത്രിയാക്കി വയ്ക്കാൻ കഴിയില്ല എന്നാണ് പിണറായി വിജയൻ പറഞ്ഞത്. മാത്രവുമല്ല തോമസിന്റെ പേരിൽ സഹോദര കുടുംബം നൽകിയ സാമ്പത്തിക തട്ടിപ്പ് സംബന്ധിച്ച പരാതിയുടെ വിവരം പാർട്ടി ദേശീയ പ്രസിഡൻറ് ശരത് പവാറിനെ അറിയിക്കണമെന്നും പിണറായി ചാക്കോയോട് ആവശ്യപ്പെട്ടു. ഏതായാലും ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്തിയതോടുകൂടി തോമസിനെ മന്ത്രി മോഹം അവസാനിക്കുന്ന കാഴ്ചയാണ് ഉണ്ടായത്.

എംഎൽഎ ആയ തോമസിനെ പേരിൽ ഉള്ള സാമ്പത്തിക തട്ടിപ്പ് പരാതി മാത്രമല്ല. പാർട്ടി പ്രസിഡന്റായ പി.സി. ചാക്കോയുടെ രാഷ്ട്രീയ നീക്കങ്ങൾ സംബന്ധിച്ച കാര്യത്തിലും മുഖ്യമന്ത്രി പിണറായി വിജയന് അതൃപ്തി ഉണ്ട്. കഴിഞ്ഞ ദിവസം പി സി ചാക്കോ മലപ്പുറത്ത് എത്തി മുഖ്യമന്ത്രിക്കെതിരെ യുദ്ധം നടത്തുന്ന അൻവറിനെ കണ്ടിരുന്നു. പി.വി അൻവർ എംഎൽഎയുടെ സഹോദരനായ പി വി അജ്ജ്മൽ എൻസിപി പാർട്ടിയുടെ സംസ്ഥാന ജനറൽ സെക്രട്ടറിയാണ്. ഇദ്ദേഹത്തെയും കൂട്ടിയാണ് ചാക്കോ അൻവറിനെ കണ്ടത്. പിസി ചാക്കോ എൻസിപി പാർട്ടിയിലെ പോരുകളും മറ്റും മൂലം സഹികെട്ട് കോൺഗ്രസിലേക്ക് തിരിച്ചു പോകുന്ന ആലോചനയിൽ ആണ്. ഈ തിരിച്ചുപോക്കിന് ഒപ്പം കൂട്ടാൻ ഒന്ന് രണ്ട് എംഎൽഎമാരെ സംഘടിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അൻവറുമായി ചാക്കോ ചർച്ച നടത്തിയത് എന്ന വാർത്തയും പുറത്തുവന്നിട്ടുണ്ട്. ഈ സംഭവവും മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ചാക്കോയോടും പ്രത്യേകമായ ഒരു താൽപര്യവും മുഖ്യമന്ത്രി കാണിക്കാതെ വന്നത്.

ഏതായാലും കഴിഞ്ഞ ഒരു വർഷത്തോളമായി കേരളത്തിലെ എൻസിപി എന്ന പാർട്ടിയുടെ നേതൃനിരയിൽ നടക്കുന്ന ചേരിതിരിവുകളും ഗ്രൂപ്പുകളിലും അതിൻറെ അവസാന ഘട്ടത്തിൽ എത്തിയിരിക്കുകയാണ്. മന്ത്രി മോഹം നടപ്പിലാകാതെ വന്ന സാഹചര്യത്തിൽ കുട്ടനാട് എംഎൽഎ തോമസ് ഇടതുമുന്നണി വീടും എന്ന വാർത്തയും പുറത്തുവരുന്നുണ്ട്. ചാക്കോ കോൺഗ്രസ് പാർട്ടിയോട് അടുക്കുകയും യുഡിഎഫിൽ വരികയും ചെയ്താൽ തോമസും അൻവറും ഉൾപ്പെടുന്ന രണ്ട് നിയമസഭാ അംഗങ്ങളുടെ ശക്തി ഉയർത്തിക്കാട്ടിൽ ചാക്കോയ്ക്ക് കോൺഗ്രസ് പാർട്ടിയുമായി വിലപേശാൻ അവസരം ഉണ്ടാകും. ഇതല്ല സംഭവിക്കുന്നതെങ്കിൽ കേരളത്തിലെ എൻ സി പി എന്ന പാർട്ടി വീണ്ടും ഒരിക്കൽ കൂടി പിളരുന്ന അവസ്ഥയും ഉണ്ടാകും. ഏതായാലും ഇടതുമുന്നണിയിലെ നാലാമത്തെ ഘടകകക്ഷിയായി നിലനിൽക്കുന്ന എൻസിപി എന്ന പാർട്ടി പിളർന്നു തകരുന്ന കാഴ്ച വരും ദിവസങ്ങളിൽ സംഭവിക്കാനാണ് സാധ്യത.