ബിജെപിയെ തിരിച്ചുവിളിച് കോൺഗ്രസ് നേതാക്കൾ…

തോൽവി മറയ്ക്കാൻ നാണംകെട്ട വാദങ്ങൾ...

ഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയും അതിനു ശേഷം നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലെ തോൽവിയും ബിജെപി എന്ന വലിയ പാർട്ടിയുടെ നേതാക്കളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വല്ലാതെ തളർത്തിയിരുന്നു. നിലവിലെ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ ഭാവി പോലും അപകടത്തിൽ ആകും എന്ന തരത്തിലുള്ള രാഷ്ട്രീയ നിരീക്ഷണങ്ങളും ഇടയ്ക്കിടെ വന്നുകൊണ്ടിരുന്നു. ഇത്തരം സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ആണ് ജമ്മുകാശ്മീരിലും ഹരിയാനയിലും നിയമസഭ തെരഞ്ഞെടുപ്പ് ഉണ്ടായത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും മുഖാമുഖം മത്സരിച്ചത് ഹരിയാനയിൽ ആയിരുന്നു. രാജ്യ തലസ്ഥാനമായ ഡൽഹിയോട് തൊട്ടു കിടക്കുന്ന ഒരു സംസ്ഥാനം എന്ന നിലയിൽ ഹരിയാനയിലെ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ വലിയ പ്രാധാന്യം ഉള്ളതായിരുന്നു .ജമ്മുകാശ്മീരിലെയും ഹരിയാനയിലെയും നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ നടന്നപ്പോൾ ഹരിയാനയിൽ വലിയ തകർച്ചയാണ് കോൺഗ്രസ് പാർട്ടിക്കും കൂട്ടുകക്ഷികൾക്കും ഉണ്ടായത്. ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനങ്ങൾ പൂർത്തിയായപ്പോൾ കോൺഗ്രസിന്റെ തലമുതിർന്ന നേതാക്കൾ നടത്തിയ പരാമർശങ്ങളും പ്രസ്താവനകളും യഥാർത്ഥത്തിൽ നാണംകെട്ടതും ജനങ്ങളെ മണ്ടന്മാർ ആക്കുന്നതും ആയി എന്ന് പറയുന്നതിൽ തെറ്റില്ല. തെരഞ്ഞെടുപ്പുകൾ എവിടെ നടന്നാലും ഫലപ്രഖ്യാപനം നടന്നു കഴിയുമ്പോൾ ജയിക്കുന്നവർ തങ്ങളുടെ രാഷ്ട്രീയ വിജയമായി കാണുകയും തോൽക്കുന്നവർ എതിർകക്ഷികളുടെയും തെരഞ്ഞെടുപ്പ് കമ്മീഷന്റെയും പേരിൽ കുറ്റങ്ങളും കുറവുകളും പറയുകയും ചെയ്യുന്ന രീതി സാധാരണമാണ്. ഇവിടെയും അതു തന്നെയാണ് സംഭവിച്ചിരിക്കുന്നത് ഹരിയാനയിലെ വലിയ പരാജയം സമ്മതിക്കുന്നതിനു പകരം വോട്ടിംഗ് മെഷീൻ ആണ് എല്ലാ കുറ്റങ്ങൾക്കും ഉത്തരവാദി എന്ന നിലയിൽ ന്യായം നിരത്തി നിൽക്കുകയാണ് ജയറാം രമേശ് അടക്കമുള്ള കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ.

ഹരിയാനയിൽ ഫലപ്രഖ്യാപനത്തിനു മുൻപ് ട്രെൻഡുകൾ പുറത്തുവന്നപ്പോൾ കോൺഗ്രസ് പാർട്ടി വലിയ ഭൂരിപക്ഷത്തിൽ മുന്നേറുന്ന വാർത്തകളാണ് വന്നിരുന്നത് .ആകെയുള്ള 90 സീറ്റുകളിൽ 60 ഓളം സീറ്റുകളിൽ കോൺഗ്രസ് സ്ഥാനാർത്ഥികൾ ലീഡ് ചെയ്യുന്നു എന്ന വാർത്തയാണ് ആദ്യത്തെ ഒരു മണിക്കൂറിലധികം നിലനിന്നത്. ഇത് കണ്ടതിനെ തുടർന്ന് കോൺഗ്രസിന്റെ ഡൽഹിയിലെ ആസ്ഥാനത്തും ഹരിയാനയിലെ ഓഫീസിന് മുന്നിലും വലിയതോതിൽ കോൺഗ്രസ് പ്രവർത്തകരുടെ ആഘോഷങ്ങളും മധുര പലഹാര വിതരണങ്ങളും ഒക്കെ അരങ്ങേറിയിരുന്നു. പിന്നീട് വോട്ടെണ്ണൽ മുന്നോട്ടു പോയപ്പോൾ പല കോൺഗ്രസ് സ്ഥാനാർത്ഥികളും താഴോട്ട് പോകുന്ന സ്ഥിതിയാണ് ഉണ്ടായത് .ഫലപ്രഖ്യാപനം കഴിഞ്ഞപ്പോൾ ആണ് കോൺഗ്രസിന്റെ നേതാക്കൾ വോട്ടിംഗ് മെഷീനിലെ തിരിമറികൾ ആണ് പരാജയകാരണം എന്ന് പറഞ്ഞുകൊണ്ടുള്ള പ്രസ്താവനകളുമായി കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നത്. ഈ പ്രസ്താവന കണ്ടും കേട്ടും ഇരിക്കുന്ന പൊതുജനം യഥാർത്ഥത്തിൽ ചിരിക്കുന്ന കാഴ്ചയാണ് കണ്ടത് .വോട്ടെണ്ണൽ തുടങ്ങി ആദ്യ റൗണ്ട് പൂർത്തിയാകുന്ന ഒന്നരമണിക്കൂർ നേരത്തോളം വലിയ വിജയത്തിലേക്ക് കോൺഗ്രസ് സ്ഥാനാർത്ഥികൾ നീങ്ങുമ്പോൾ ഒരു നേതാവിനും വോട്ടിംഗ് മെഷീന്റെയോ ബിജെപിയുടെ കൃത്രിമങ്ങളോ തെരഞ്ഞെടുപ്പ് കമ്മീഷൻറെ പിടിപ്പു കേടുകളോ ഒന്നും പ്രശ്നമായിരുന്നില്ല .ഒരു നിയമസഭാ തിരഞ്ഞെടുപ്പിൽ വലിയതോതിൽ വോട്ടെടുപ്പ് നടന്ന ശേഷം ആദ്യത്തെ കുറച്ചുനേരം കോൺഗ്രസിനെ ജയിപ്പിക്കണമെന്നും പിന്നീട് തോൽപ്പിക്കണമെന്നും വോട്ടർമാർ മൊത്തത്തിൽ തീരുമാനിച്ചു എന്ന രീതിയിലുള്ള അബദ്ധ പ്രചാരണങ്ങളാണ് കോൺഗ്രസ് നേതാക്കൾ നടത്തിയത്. ഈ പ്രസ്താവനകൾ യഥാർത്ഥത്തിൽ പാർട്ടിക്ക് തന്നെ നാണക്കേട് ഉണ്ടാക്കുന്നത് ആയി മാറി എന്നതാണ് വാസ്തവം.

കഴിഞ്ഞ 10 വർഷത്തിലധികമായി രാജ്യത്തിൻറെ ഭരണം നടത്തുന്ന ബിജെപിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും നടപ്പിലാക്കിയ ജനദ്രോഹ തീരുമാനങ്ങളുടെ പേരിൽ രാജ്യത്തുള്ള മതന്യൂനപക്ഷ വിഭാഗങ്ങൾ അടക്കമുള്ളവർ കഴിഞ്ഞാൽ .ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപി ക്ക് എതിരായി ചിന്തിക്കുകയും വോട്ടെടുപ്പിൽ അത് ഫലിക്കുകയും ചെയ്തപ്പോൾ ആണ് ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കുവാൻ കഴിയാത്ത സ്ഥിതി ഉണ്ടായത് .ഈ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് കാര്യമായ മുന്നേറ്റം നടത്തുവാൻ കഴിഞ്ഞത് യഥാർത്ഥത്തിൽ മോദി സർക്കാരിനെതിരായ വികാരം ജനങ്ങളിൽ ഉണ്ടായതുകൊണ്ട് കൂടിയാണ്. എന്നാൽ ഇപ്പോൾ രണ്ടു സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആ അനുകൂല സാഹചര്യങ്ങൾ ഉപയോഗപ്പെടുത്തുവാൻ കോൺഗ്രസ് പാർട്ടിക്ക് കഴിയാതെ വന്നത് പാർട്ടിക്ക് മുന്നിൽ നിന്ന് നേതൃത്വം കൊടുക്കുന്ന ആൾക്കാരുടെ പിടിപ്പുകേടുകൾ തന്നെയാണ് .

ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് എല്ലാ രീതിയിലും അനുകൂലമായ രാഷ്ട്രീയ കാലാവസ്ഥ ഉണ്ടായിരുന്നു പത്തുവർഷമായി ഭരണത്തിൽ ഇരുന്ന ബിജെപി സർക്കാരിനെതിരെ വലിയ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്ന സാഹചര്യത്തിൽ പോലും അത് മുതലെടുക്കാൻ കോൺഗ്രസ് നേതാക്കൾക്ക് കഴിഞ്ഞില്ല. ഹരിയാനയിലെ കോൺഗ്രസ് പാർട്ടിയുടെ തെരഞ്ഞെടുപ്പ് സഖ്യം സംബന്ധിച്ച കാര്യങ്ങളിലും പ്രവർത്തനങ്ങളുടെ കാര്യങ്ങളിലും നേതൃത്വം കൊടുത്തത് മലയാളിയായ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആയിരുന്നു . രാഷ്ട്രീയ വിജയങ്ങൾക്ക് പലപ്പോഴും വഴിയൊരുക്കുന്നത് ,തന്ത്രങ്ങൾ മെനയുന്നതിലൂടെ ആണ് ..ഇത്തരത്തിൽ ഒരു രാഷ്ട്രീയ തന്ത്ര പ്രയോഗത്തിൽ വേണുഗോപാൽ എന്ന നേതാവ് വെറും പൂജ്യം ആണ് എന്ന് തെളിയിക്കുന്നതാണ് ഹരിയാനയിലെ തെരഞ്ഞെടുപ്പ് ഫലം.

ഹരിയാനയിൽ കോൺഗ്രസ് പാർട്ടിയുടെ മുന്നണിയുമായി ഇന്ത്യ മുന്നണിയുടെ കക്ഷിയായ കേജരിവാളിന്റെ ആം ആദ്മി പാർട്ടി കോൺഗ്രസ് പാർട്ടിയുമായി സീറ്റ് ചർച്ച നടത്തിയെങ്കിലും സഖ്യം ഉറപ്പിക്കുന്ന രീതിയിലേക്ക് എത്തിക്കാതെ ആപ്പ് പാർട്ടിയെ നിസ്സാരമായി കണ്ടുതള്ളിക്കളയുന്ന നിലപാടാണ് കോൺഗ്രസ് നേതാവ് വേണുഗോപാൽ സ്വീകരിച്ചത്. ഇത് പരാജയത്തിന് കാരണമായി മാറിയിട്ടുണ്ട് .അതുപോലെതന്നെ ഹരിയാന രാഷ്ട്രീയത്തിൽ ജനങ്ങൾക്കിടയിൽ തിളങ്ങി നിന്ന നേതാവാണ് പലവട്ടം കേന്ദ്രമന്ത്രിയും എഐസിസി ജനറൽ സെക്രട്ടറിയും ഒക്കെ ആയിരുന്ന കുമാരി ഷെൽജ. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ അവരെ പാർട്ടി തടയുന്ന തരത്തിലുള്ള നീക്കം ഉണ്ടാവുകയും അവർ പരസ്യമായി പ്രതിഷേധ സ്വരം ഉയർത്തുകയും ചെയ്തിരുന്നു .ഹരിയാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിലും മുന്നണി രൂപീകരണത്തിലും ഷെൽജ്ജ എന്ന നേതാവിനെ കാര്യമായി ഉൾപ്പെടുത്തിയില്ല എന്നതായിരുന്നു അവരുടെ പരിഭവത്തിന് കാരണം. വോട്ടെടുപ്പിന് അടുത്ത നാളിൽ വരെ വലിയ പ്രതിഷേധവുമായി ഷെൽജ രംഗത്തുണ്ടായിരുന്നു. ഹരിയാന കോൺഗ്രസ് പ്രവർത്തകർക്കിടയിലെ വലിയ സ്വാധീനമുള്ള നേതാവാണ് ഷെൽജ എന്ന കാര്യം പോലും ഇടനിലക്കാരനായി എത്തിയ വേണുഗോപാൽ ചിന്തിച്ചില്ല. രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും അടുപ്പക്കാരൻ എന്ന അഹങ്കാരവുമായി സ്വന്തം തീരുമാനങ്ങൾ അടിച്ചേൽപ്പിക്കുന്ന നിലപാടാണ് കെസി വേണുഗോപാൽ ഹരിയാനയുടെ കാര്യത്തിൽ നടപ്പിൽ വരുത്തിയത്.

വോട്ടെണ്ണലിന് മുൻപ് പുറത്തുവന്ന എക്സിറ്റ്പോൾ ഫലങ്ങൾ എല്ലാം ഹരിയാനയിൽ കോൺഗ്രസ് വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരും എന്നതായിരുന്നു. എന്നാൽ എണ്ണി കഴിഞ്ഞപ്പോൾ സ്ഥിതി നേരെ മറിച്ചായി .ആകെയുള്ള 90 സീറ്റുകളിൽ 48 സീറ്റുകളും വിജയിച്ചുകൊണ്ട് ഹരിയാനയിൽ ബിജെപി ഭരണത്തിലേക്ക് കടന്നുവന്നു .അവിടെ കോൺഗ്രസ് പാർട്ടി 37 സീറ്റുകളിൽ ഒതുങ്ങുന്ന സ്ഥിതിയും ഉണ്ടായി .മാത്രവുമല്ല ഇപ്പോൾ ബിജെപി വോട്ടിംഗ് കൃത്രിമം എന്നൊക്കെ പറയുന്ന കോൺഗ്രസ് നേതാക്കൾ ഒരു കാര്യം കൂടി പരിശോധിക്കണം. ഹരിയാന തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വന്ന ബിജെപി എന്ന പാർട്ടിക്ക് 39 ‘ 94 ശതമാനം വോട്ട് കിട്ടിയപ്പോൾ കോൺഗ്രസിന് 39 ‘ 09 ശതമാനം വോട്ട് നേടുവാൻ കഴിഞ്ഞു. വോട്ടിംഗ് ശതമാനത്തിൽ നേരിയ വ്യത്യാസം മാത്രമാണ് അവിടെ ഉണ്ടായത്. എന്നിട്ടും ഇത്ര വലിയ കനത്ത തോൽവി തിരഞ്ഞെടുപ്പ് തന്ത്രങ്ങളിൽ കോൺഗ്രസിന്റെ നേതാക്കൾ കൈക്കൊണ്ട നിലപാടുകളുടെ പരാജയം ആയിരുന്നു എന്നത് വ്യക്തമാണ് .കെജരിവാളിന്റെ ആം ആദ്മി പാർട്ടിയുമായി യോജിച്ചിരുന്നു എങ്കിൽ ഹരിയാനയിൽ കോൺഗ്രസ് സർക്കാർ വരുന്ന സ്ഥിതി ഉണ്ടാകുമായിരുന്നു. അതുപോലെതന്നെയാണ് പാർട്ടി നേതാവായ ഷെൽജ യെ അകറ്റി നിർത്തിയപ്പോൾ ഉണ്ടായ ക്ഷീണവും.

ഇനി ഇപ്പോൾ അധികാരത്തിൽ വന്ന ബിജെപി പാർട്ടിയുടെ മൂന്നാമത്തെ സർക്കാരിനെയാണ് ഉണ്ടാക്കുന്നത് .ഈ തെരഞ്ഞെടുപ്പിൽ ബിജെപിയെയും പ്രധാനമന്ത്രിയെയും നേരിട്ട് തന്നെ ബാധിക്കുന്ന ഫലം എന്ന നിലയിൽ, ബിജെപി പാർട്ടിയും പ്രധാനമന്ത്രിയും എല്ലാത്തരത്തിലുമുള്ള തന്ത്രങ്ങളും ഈ തെരഞ്ഞെടുപ്പിൽ പ്രയോഗിച്ചു കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പിനുശേഷം പാർട്ടിയുമായി അകന്നുനിന്ന ബിജെപിയുടെ അടിത്തറയായ ആർ എസ് എസ് നേതാക്കളുമായുള്ള അകൽച്ചകൾ പരിഹരിക്കുവാനും, പാർട്ടി വോട്ടുകൾ കേന്ദ്രീകൃതമായി സമാഹരിച്ച് സ്ഥാനാർത്ഥികൾ വിജയിക്കുന്നതിന് അവസരം ഒരുക്കാനും വലിയ പ്രവർത്തനങ്ങളാണ് ബിജെപി നടത്തിയത്. 150 ആർ എസ് എസ് നേതാക്കളെ രംഗത്തിറക്കി അവരുടെ അതിശക്തമായ അടിത്തറയിലുള്ള പ്രവർത്തനങ്ങൾ നടത്തുവാൻ പാർട്ടി നേതൃത്വത്തിന് കഴിഞ്ഞു. തിരിച്ചടികൾക്കിടയിലും ബിജെപിക്ക് വിജയത്തിലേക്ക് കുതിച്ചു കയറാൻ കഴിഞ്ഞ അവസരം ഉണ്ടാക്കിയത് ഇത്തരം നീക്കങ്ങൾ ആയിരുന്നു. ഇതേ അവസരത്തിലാണ് ഹരിയാനയിലെ ഏറ്റവും ശക്തയായ നേതാവിനെ അകറ്റിനിർത്തുന്നതും ഒപ്പം അവിടെ സ്വാധീനമുള്ള ഒരു പാർട്ടിയെ പോലും ചേർത്ത് നിർത്താതെയും ഉള്ള വലിയ തെരഞ്ഞെടുപ്പ് വിജയം സ്വപ്നം കണ്ടുള്ള കോൺഗ്രസ് നേതാക്കളുടെ പ്രവർത്തനരീതി.ഏതു തെരഞ്ഞെടുപ്പിലും തോൽവി ഉണ്ടായാൽ അതിന് കാരണം കണ്ടെത്താൻ ഒരു പാർട്ടിക്കും മടിയില്ല. എന്നാൽ ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിനുശേഷം തോൽവി ഏറ്റുവാങ്ങിയ കോൺഗ്രസ് പാർട്ടിയുടെ മുതിർന്ന നേതാക്കൾ നടത്തിയ പരാമർശങ്ങളും പ്രസ്താവനകളും വിശ്വാസയോഗ്യം അല്ലാത്തതും തരംതാണതും ആണ് എന്ന കാര്യത്തിൽ സംശയമില്ല. ഒരു ഘട്ടത്തിൽ ജയിച്ചു നിന്നപ്പോൾ കൊട്ടിഘോഷിക്കുകയും തോൽവിയിലേക്ക് കടന്നപ്പോൾ തെരഞ്ഞെടുപ്പിലെ കൃത്രിമം എന്ന് കണ്ടെത്തുകയും ചെയ്യുന്ന നാണംകെട്ട വിലയിരുത്തലാണ് കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ നടത്തിയത് എന്ന് പറയുന്നതിൽ തെറ്റില്ല.