സിപിഐ പിളർപ്പിലേക്ക്….

ഇസ്മയിലിനെ പാർട്ടി പുറത്താക്കും....

ഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി ആണ് വലിയ പരാജയം ഏറ്റുവാങ്ങിയത് .എങ്കിലും മുന്നണിയിലെ രണ്ടാമത്തെ വലിയ പാർട്ടിയായ സിപിഐ ആണ് ഫലപ്രഖ്യാപനത്തിന് ശേഷം വലിയ പ്രതിസന്ധിയിലേക്ക് നീങ്ങിയത് . പാർട്ടിക്ക് കേരളത്തിൽ പുതിയ സംസ്ഥാന സെക്രട്ടറി ഉണ്ടായി എങ്കിലും അതിൻറെ പേരിലും പാർട്ടിക്കകത്ത് വലിയ ഭിന്നതകളും തർക്കങ്ങളും ഉണ്ടായിരുന്നു .പുതിയ ജനറൽ സെക്രട്ടറിയായ ബിനോയ് വിശ്വത്തിന്റെ ഏകപക്ഷീയ നിലപാടുകളും പാർട്ടിയുടെ താഴെത്തട്ടിലെ പ്രവർത്തകരുമായുള്ള ബന്ധത്തിൻറെ കുറവും ആണ് എതിർക്കുന്ന നേതാക്കൾ മുന്നോട്ടുവയ്ക്കുന്ന ആരോപണങ്ങൾ .ബിനോയ് വിശ്വം സെക്രട്ടറിയായി വന്ന അവസരത്തിൽ പാർട്ടിയുടെ നേതൃനിരയിൽ ഭൂരിഭാഗം ആൾക്കാർ ബിനോയ് വിശ്വത്തിന് എതിരായ നിലപാടാണ് എടുത്തിരുന്നു . അതിന് തടയിട്ടുകൊണ്ടാണ് ബിനോയ് വിശ്വം ഒടുവിൽ സെക്രട്ടറി പദവിയിൽ എത്തിയത്. എന്നാൽ ഇത്തരത്തിലുള്ള അഭിപ്രായ ഭിന്നതകൾ നിലനിൽക്കുന്ന അവസരത്തിലാണ് ലോകസഭാ തിരഞ്ഞെടുപ്പ് കടന്നുവന്നതും ഇടതുമുന്നണി ഒന്നടങ്കം പരാജയം ഏറ്റുവാങ്ങുന്ന സ്ഥിതി ഉണ്ടായതും. കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ നാല് സ്ഥാനാർഥികളാണ് നാല് മണ്ഡലങ്ങളിൽ മത്സരിച്ചത്. സ്ഥാനാർത്ഥി നിർണ്ണയ അവസരത്തിൽ വിജയം ഉറപ്പാക്കിയ ആളായിരുന്നു തൃശൂർ മണ്ഡലത്തിൽ മത്സരിച്ച മുൻ മന്ത്രി കൂടിയായ സുനിൽകുമാർ .വിജയസാധ്യതയുള്ള മറ്റൊരു സ്ഥാനാർഥി തിരുവനന്തപുരം മണ്ഡലത്തിൽ മത്സരിച്ച പന്യയൻ രവീന്ദ്രൻ ആയിരുന്നു. ഇവരെല്ലാം തോറ്റു എന്നത് മാത്രമല്ല മൂന്നാം സ്ഥാനത്തേക്ക് തലകുത്തുന്ന ഫലമാണ് പുറത്തുവന്നത്. ഇതേ തുടർന്ന് പാർട്ടിയിൽ നിലനിന്നിരുന്ന പ്രതിസന്ധികൾ രൂക്ഷമാവുകയാണ് ഉണ്ടായി .

പാർട്ടിയുടെ പാലക്കാട് ആലപ്പുഴ എറണാകുളം കോട്ടയം ഇടുക്കി ജില്ലകളിൽ വലിയ തോതിലുള്ള വിഭാഗീയ പ്രവർത്തനവും. നേതൃത്വത്തിന് എതിരായ നീക്കങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. പാലക്കാട് ജില്ലാ കമ്മിറ്റി യോഗം ചേർന്നശേഷം അക്ഷരാർത്ഥത്തിൽ പാർട്ടിയെ പിളർപ്പിലേക്ക് നയിക്കുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്തു.സിപിഐയുടെ പാലക്കാട് ജില്ലയിലെ ഭൂരിഭാഗം വരുന്ന ഭാരവാഹികളും പ്രവർത്തകരും ഔദ്യോഗിക നേതൃത്വത്തിന് എതിരെ നിലപാട് എടുത്തിരുന്നു . ഇതിന് എല്ലാം പിന്തുണ നൽകിയത് മുൻ മന്ത്രിയും സിപിഐയുടെ ഏറ്റവും മുതിർന്ന നേതാവുമായ കെ ഇ ഇസ്മയിൽ ആയിരുന്നു. ഇതിനെതിരെ പാർട്ടി നേതൃത്വത്തിൽ ചിലർ പരാതികൾ ഉയർത്തിയെങ്കിലും ഇസ്മയിൽ അതൊന്നും പരിഗണിക്കാതെ വിമത പ്രവർത്തനവുമായി മുന്നോട്ടു നീങ്ങുകയാണ് ചെയ്തിരിക്കുന്നത്.ഇപ്പോൾ പാർട്ടിയിലെ പല ജില്ലാ കമ്മിറ്റികളിലും തുടർന്നുവരുന്ന വിഭാഗീയ പ്രവർത്തനങ്ങൾ കൂടി കണക്കിലെടുത്തുകൊണ്ട് പാലക്കാട് വിമത പ്രവർത്തനം നടത്തിയ ഇസ്മയിലിനെതിരെ കാരണംകാണിക്കൽ നോട്ടീസ് പാർട്ടിസെക്രട്ടറി നൽകിയത് ആയിട്ടാണ് അറിയാൻ കഴിഞ്ഞത് . കേരളത്തിലെ പാർട്ടിക്ക് അകത്ത് നടക്കുന്ന ഭിന്നതകളും വിഭാഗീയതയും പാർട്ടിയുടെ കേന്ദ്ര നേതൃത്വത്തിനും തലവേദനയായി മാറിക്കഴിഞ്ഞു. പാർട്ടിയുടെ ദേശീയ സെക്രട്ടറി എ ഡി രാജ ഇടഞ്ഞു നിൽക്കുന്ന ഇസ്മയിലുമായി ബന്ധപ്പെടുകയും ഒറ്റയാൻ പ്രവർത്തനം അവസാനിപ്പിക്കണം എന്നും സംസ്ഥാനനേതൃത്വം ആയി സഹകരിച്ച് പോകണം എന്ന് അഭ്യർത്ഥിക്കുകയും ചെയ്തുവെങ്കിലും രാജയുടെ ഇടപെടലിന് ഇസ്മയിൽ യാതൊരു വിലയും കൽപ്പിക്കാതെ നിലയുറപ്പിച്ചിരിക്കുകയാണ്.

ഇത്രയും പ്രതിസന്ധികൾ തുടരുന്ന അവസ്ഥയിലും ഇസ്മയിൽ തൻറെ വിമത നീക്കവുമായി മുന്നോട്ടു നീങ്ങുന്നതിനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. കഴിഞ്ഞദിവസം മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്ന അവസരത്തിൽ അദ്ദേഹം പറഞ്ഞത് കേരളത്തിലെ സിപിഐ എന്ന പാർട്ടിയിൽ പ്രായം കൊണ്ടും പരിചയവും കൊണ്ടും ഏറ്റവും സീനിയോറിറ്റി ഉള്ള നേതാവ് ആണ് താൻ. പാർട്ടിയിൽ വെറും ജൂനിയർ ആയ നേതാക്കൾ തന്നെ പാർട്ടി മര്യാദകൾ പഠിപ്പിക്കാൻ വരേണ്ട എന്ന് കൂടി ഇസ്മയിൽ പറഞ്ഞുവെചിരുന്നു . കാരണംകാണിക്കൽ നോട്ടീസ് നൽകാൻ അർഹതയുള്ള ഒരു നേതാവും കേരളത്തിൽ പാർട്ടിയിൽ ഇല്ല എന്നും അദ്ദേഹം പറഞ്ഞു.പാലക്കാട് ജില്ലയിലെ സിപിഐ പാർട്ടിക്ക് അകത്തുള്ള വിമത നീക്കങ്ങൾക്കാണ് ഇസ്മയിൽ തുടക്കം കുറിച്ചത് .എങ്കിലും പുറത്തുവരുന്ന വാർത്തകൾ അനുസരിച്ച് ആണെങ്കിൽ സംസ്ഥാനതലത്തിൽ ഔദ്യോഗിക നേതൃത്വത്തിനെതിരെ ശക്തമായ പടയൊരുക്കം നടക്കുന്നതായി അറിയുന്നു .ബിനോയ് വിശ്വം സെക്രട്ടറിയായ അവസരത്തിൽ ആ പദവിയിലേക്ക് വലിയ പിന്തുണയോടെ കടന്നുവന്ന ആളായിരുന്നു കൊല്ലം സ്വദേശിയായ ദേശീയ സമിതി അംഗം പ്രകാശ് ബാബു. അന്നുമുതൽ തികഞ്ഞ പ്രതിഷേധവും ആയിട്ടാണ് പ്രകാശ് ബാബു പാർട്ടിയിൽ തുടർന്നുവരുന്നത്. പാർട്ടിയുടെ മുതിർന്ന നേതാക്കളായ ശ്രീ ദിവാകരൻ മുല്ലക്കര, രത്നാകരൻ തുടങ്ങിയ നേതാക്കളും ഇസ്മയിലിന് ഒപ്പം നിന്നുകൊണ്ട് ഔദ്യോഗിക നേതൃത്വത്തിനെതിരായ നീക്കം ശക്തിപ്പെടുത്തുന്നുണ്ട് എന്നാണ് അറിയാൻ കഴിഞ്ഞത് .

ഇതിനിടയിലാണ് തിരുവനന്തപുരത്ത് സിപിഐയുടെ സംസ്ഥാന കമ്മിറ്റി ഓഫീസ് നിർമ്മാണം നടത്തുന്നതിനായി പാർട്ടി നടത്തിയ ഫണ്ട് പിരിവ് സംബന്ധിച്ചുള്ള ചില തർക്കങ്ങളും ആക്ഷേപങ്ങളും ശക്തിപ്പെട്ടത് . നിലവിൽ ഉണ്ടായിരുന്ന എം എൻ സ്മാരകം പൊളിച്ച് പുതിയ ബഹുനില മന്ദിരം പണിയുന്നതിന് ആണ് പാർട്ടി തീരുമാനിച്ചത്. ഇതിനുവേണ്ടി പത്തുകോടി രൂപ സ്വരൂപിക്കുന്നതിനും പാർട്ടി തീരുമാനിച്ചു. സർക്കാരിനകത്ത് രണ്ടാമത്തെ വലിയ കക്ഷിയും നാല് മന്ത്രിമാരും ഉള്ള പാർട്ടി 10 കോടി രൂപ പിരിച്ചെടുക്കുന്നതിനുള്ള തീരുമാനമെടുത്തെങ്കിലും, നിലവിൽ അതിലധികം തുക പിരിഞ്ഞു കിട്ടിയതായിട്ടാണ് ഒരു വിഭാഗം നേതാക്കൾ ആക്ഷേപം ഉന്നയിക്കുന്നത് .കഴിഞ്ഞ രണ്ട് സംസ്ഥാന നേതൃയോഗത്തിലും പാർട്ടി മന്ദിര ഫണ്ടിന്റെ കാര്യത്തിലുള്ള പരാതികൾ ഉന്നയിച്ചു എങ്കിലും ഇത് സംബന്ധിച്ചു കണക്കുകൾ ലഭ്യമായിട്ടില്ല. കണക്കുകൾ തയ്യാറാക്കി കമ്മിറ്റിക്ക് മുമ്പിൽ അവതരിപ്പിക്കും എന്ന് പാർട്ടി സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞതിന്റെ അടിസ്ഥാനത്തിൽ വിഷയം അവസാനിപ്പിക്കുകയാണ് ഉണ്ടായത്.

എന്തായാലും ശരി കേരളത്തിലെ ശക്തമായ സ്വാധീനമുള്ള രണ്ടു കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ ഒന്നായ സിപിഐപാർട്ടി. രൂപപ്പെട്ടതിനു ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുകയാണ് പാർട്ടിയുടെ മുതിർന്ന നേതാവായ കെ.ഇ ഇസ്മയിൽ .ഇസ്മായിലിന് എതിരായ കടുത്ത നടപടികൾ എന്തെങ്കിലും ഔദ്യോഗിക പക്ഷം സ്വീകരിച്ചാൽ പാർട്ടി കേരളത്തിൽ നെടുകെ പിളരുന്ന സ്ഥിതിയാകും ഉണ്ടാവുക. പാർട്ടിയുടെ കേന്ദ്ര നേതാക്കൾ പ്രശ്നപരിഹാരത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും അതൊന്നും നടക്കുന്നില്ല.അതിനേക്കാൾ വലിയ ഒരു പാർട്ടിയുടെ ആഭ്യന്തര പ്രശ്നമായി ഉയർന്നുനിൽക്കുന്നത് വയനാട് പാർലമെൻറ് മണ്ഡലത്തിൽ അടുത്തുതന്നെ നടക്കുന്ന ലോകസഭ ഉപ തിരഞ്ഞെടുപ്പ് ആണ്. വയനാട് മണ്ഡലത്തിൽ ഇടതുമുന്നണി സീറ്റ് നൽകിയിട്ടുള്ളത് സിപിഐ പാർട്ടിക്കാണ് .രാഹുൽ ഗാന്ധി മത്സരിച കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സിപിഐയുടെ ദേശീയ നേതാവായ ആനി രാജയാണ് ഇടതുമുന്നണിയുടെ സ്ഥാനാർഥിയായി വന്നത് .ഇവിടെ ഫലം പുറത്തുവന്നപ്പോൾ ആനി രാജ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടുന്ന സ്ഥിതിയാണ് ഉണ്ടായത് .രണ്ടുമാസത്തിനുള്ളിൽ ഇവിടെ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമ്പോൾ പാർട്ടിയുടെ സ്ഥാനാർത്ഥി ആരാകണം എന്ന കാര്യത്തിൽ പോലും തർക്കം നിലനിൽക്കുകയാണ് .ഇടതുമുന്നണിയുടെ സ്ഥാനാർഥിയായി മത്സരിക്കാൻ എത്തി പരാജയം ഏറ്റുവാങ്ങേണ്ട ഗതികേട് ഉണ്ടാകുമെന്ന് ഉറപ്പുള്ളതു കൊണ്ടാണ് ഒരു നേതാവും സ്ഥാനാർത്ഥിയാകാൻ താല്പര്യം കാണിക്കാത്തത് എന്നാണ് പറയുന്നത. വയനാട് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിയുടെ ദേശീയ നേതാവായ രാഹുൽ ഗാന്ധിയുടെ സഹോദരി പ്രിയങ്കാ ഗാന്ധി സ്ഥാനാർത്ഥിയാകും എന്ന് പാർട്ടി നേതൃത്വം നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുള്ളതാണ്.