രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്നശേഷം നിയമസഭയിൽ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്നത് കോൺഗ്രസ് പാർട്ടിയുടെ നേതാവ് വി.ഡി.സതീശൻ ആണ് .പല ഘട്ടങ്ങളിലും സതീശന്റെ നിയമസഭയിലെ ഇടപെടലുകളും പ്രവർത്തനങ്ങളും പാർട്ടി നേതാക്കൾക്കിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കിയിട്ടുണ്ട്. ഇപ്പോൾ ഏറ്റവും ഒടുവിൽ കഴിഞ്ഞ ദിവസം നിയമസഭയിൽ കോൺഗ്രസ് അംഗങ്ങൾ നടത്തിയ ചില പ്രതിഷേധ പ്രകടനങ്ങളും നിയമസഭയിൽ വലിയ പ്രാധാന്യത്തോടെ കൂടി പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ചർച്ചയിലേക്ക് എത്തിക്കാൻ കഴിയാതെ സഭയിൽ നിന്നും സതീശന്റെ നേതൃത്വത്തിൽ വാക്ക് ഔട്ട് നടത്തിയതും ഇപ്പോൾ പാർട്ടി നേതാക്കൾക്കിടയിലും പാർട്ടിയുടെ എം എൽ എ മാർക്കിടയിലും വലിയ അതൃപ്തി ക്കും പ്രതിഷേധത്തിലും വഴിയൊരുക്കിയിരിക്കുകയാണ് ഉണ്ടായത് .
മുഖ്യമന്ത്രി പിണറായി വിജയൻ ഹിന്ദു ദിനപത്രത്തിന് നൽകിയ അഭിമുഖം സംബന്ധിച്ചുള്ള വിവാദങ്ങൾ കൊടുമ്പിരി കൊണ്ട് ഇരിക്കുന്ന അവസരത്തിലാണ് പ്രതിപക്ഷ നേതാവിന്റെ നീക്കങ്ങൾ മൂലം അതെല്ലാം കെട്ട് അണയുന്ന സ്ഥിതി ഉണ്ടായത് എന്ന് ആരോപണമാണ് കോൺഗ്രസ് നേതാക്കൾ ഉയർത്തുന്നത്. മലപ്പുറം ജില്ലയെ പരാമർശിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ഹിന്ദു അഭിമുഖം മുസ്ലിം ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിന് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് വിഷയത്തിൽ നിന്നും കരകയറാൻ മുഖ്യമന്ത്രി ചില നീക്കങ്ങൾ നടത്തിയത് .എന്നാൽ നിയമസഭ സമ്മേളനം നടന്നുകൊണ്ടിരിക്കുന്ന അവസരം ആയതിനാൽ ഈ വിഷയം കത്തി പടർത്താൻ പ്രതിപക്ഷത്തിന് വലിയ സാധ്യത ഉണ്ടായിരുന്നു .അതുകൊണ്ടുതന്നെയാണ് കോൺഗ്രസ് അംഗം മലപ്പുറം വിഷയത്തിൽ ,സഭയിൽ ചർച്ച ആവശ്യപ്പെട്ടുകൊണ്ട് അടിയന്തര പ്രമേയം അവതരിപ്പിച്ചത്. ഈ പ്രമേയം അവതരിപ്പിച്ച അവസരത്തിൽ തന്നെ ഭരണ പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ സഭയ്ക്കകത്ത് തർക്കങ്ങൾ നടക്കുന്നുണ്ടായിരുന്നു .ഇതിനിടയിലാണ് മുഖ്യമന്ത്രി പ്രമേയം ചർച്ചയ്ക്ക് എടുക്കുന്നതിന് സമ്മതമാണ് എന്നും ഉച്ചയ്ക്ക് 12 മണിക്ക് ചർച്ച ആരംഭിക്കാം എന്നും സഭയിൽ പ്രസ്താവിച്ചത് .ഈ അവസരം മുതലെടുത്തുകൊണ്ട് പ്രമേയം അവതരിപ്പിക്കുകയും മുഖ്യമന്ത്രിയെയും സർക്കാരിനെ തന്നെയും പ്രതിക്കൂട്ടിൽ നിർത്തുവാൻ കിട്ടിയ അസുലഭ സന്ദർഭമാണ് പ്രതിപക്ഷ നേതാവിനു കഴിവുകേട് മൂലം ഇല്ലാതായത്. മുഖ്യമന്ത്രി അടിയന്തര പ്രമേയ അവതരണത്തിന് അനുമതി നൽകുമ്പോൾ സഭയിൽ കോൺഗ്രസിലെ ചില അംഗങ്ങൾ സ്പീക്കറുടെ ചുറ്റും കൂടി നിന്ന് സഭാ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നുണ്ടായിരുന്നു. ഈ കോൺഗ്രസ് അംഗങ്ങളെ അവരവരുടെ സീറ്റുകളിലേക്ക് ക്ഷണിച്ച് ഇരുത്തി സർക്കാരിനെ ആഞ്ഞടിക്കാനുള്ള പ്രമേയം അവതരിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം സഭ തർക്കങ്ങളിൽ കുടുങ്ങിയ അവസരത്തിൽ ഞങ്ങൾ പ്രതിഷേധിച്ചുകൊണ്ട് സഭ വിട്ടു പോവുകയാണ് എന്ന് പറഞ്ഞ് എല്ലാരും ഇറങ്ങി പോകുന്നതിന് സതീശൻ നിർദ്ദേശം നൽകി. ഇത് ഒരിക്കലും ഒരു പ്രതിപക്ഷ നേതാവ് ചെയ്യുന്ന ഏർപ്പാടല്ല എന്നും കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും രാഷ്ട്രീയമായി വലിയ നേട്ടം ഉണ്ടാക്കുവാൻ കഴിയുന്ന നിയമസഭയിലെ ഒരു ചർച്ച അവസരം പ്രതിപക്ഷ നേതാവ് നഷ്ടപ്പെടുത്തുകയാണ് ചെയ്തത് എന്നും ഉള്ള ആക്ഷേപമാണ് ഉയർന്നുകൊണ്ടിരിക്കുന്നത്.
ഇത് മാത്രമല്ല വി.ഡി. സതീശൻ പ്രതിപക്ഷ നേതൃസ്ഥാനം ഏറ്റെടുത്ത ശേഷം കഴിഞ്ഞ മൂന്നു വർഷമായി കേരളത്തിലെ യുഡിഎഫിന്റെ പ്രവർത്തനങ്ങൾ തികച്ചും പരാജയമാണ് എന്ന അഭിപ്രായവും കേരളത്തിലെ കോൺഗ്രസിന്റെ പല മുതിർന്ന നേതാക്കൾക്കും ഉണ്ട്. കൂടിയാലോചനകൾ ഒന്നും നടത്താതെ തീരുമാനങ്ങൾ പ്രഖ്യാപിക്കുന്ന സതീശന്റെ പ്രവർത്തനശൈലിയിൽ യുഡിഎഫിലെ രണ്ടാമത്തെ വലിയ പാർട്ടിയായ മുസ്ലിം ലീഗിനും പ്രതിഷേധമുണ്ട് .ഇത് മാത്രമല്ല പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായ കെ സുധാകരനെ പോലും അവഗണിച്ചുകൊണ്ടാണ് പ്രതിപക്ഷ നേതാവ് പ്രവർത്തിക്കുന്നത് എന്ന പരാതി കെപിസിസി പ്രസിഡണ്ടിന് അടക്കം ഉണ്ട്.കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് അകത്ത് മൂന്നോ നാലോ ഗ്രൂപ്പുകൾ ഉണ്ട് എന്ന കാര്യത്തിൽ സംശയമില്ല. ഗ്രൂപ്പിൻറെ നേതാക്കൾ അവഗണിക്കപ്പെടുമ്പോൾ സ്വാഭാവികമായും ഔദ്യോഗിക നേതൃത്വവും ആയി അഭിപ്രായവ്യത്യാസം ഉണ്ടാവുക പതിവാണ്. എന്നാൽ ഇപ്പോൾ ആ സ്ഥിതി എല്ലാം മാറി ഗ്രൂപ്പുകൾക്കപ്പുറം വേറെ ജില്ല പുതിയ കൂട്ടുകെട്ടുകളും അതിൻറെ പ്രവർത്തനങ്ങളുമാണ് പാർട്ടിക്ക് നടന്നുകൊണ്ടിരിക്കുന്നത് .കെപിസിസിയുടെ പ്രസിഡണ്ടായ സുധാകരൻ അനാരോഗ്യം മൂലം കാര്യമായ ഒരു ഇടപെടലും പാർട്ടിയിൽ നടത്തുന്നില്ല .ഈ അവസരം മുതലെടുത്തുകൊണ്ടാണ് കൂടിയാലോചനകൾക്ക് മുതിരാതെ സ്വന്തം തീരുമാനങ്ങളുമായി പ്രതിപക്ഷ നേതാവ് മുന്നോട്ടു നീങ്ങുന്നത്.
കേരളത്തിലെ കോൺഗ്രസിനകത്ത് എ – ഐ എന്നീ രണ്ടു ഗ്രൂപ്പുകളാണ് ശക്തമായി നിലനിന്നിട്ടുള്ളത്. ഈ ഗ്രൂപ്പിൻറെ പഴയ സ്വഭാവം ഇപ്പോൾ ഇല്ല. മുൻപ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഐ ഗ്രൂപ്പിൻറെ നേതാവ് എന്ന് പറയുമ്പോൾ തന്നെ കെ മുരളീധരൻ ഗ്രൂപ്പിൻറെ നേതാവാകാൻ ശ്രമിക്കുന്നുണ്ട് ഇതുതന്നെയാണ് ഉമ്മൻചാണ്ടി നയിച്ചിരുന്ന എ ഗ്രൂപ്പിൻറെ അവസ്ഥയും. ഉമ്മൻചാണ്ടിയുടെ മരണത്തിന് ശേഷം ആ ഗ്രൂപ്പിനെ നയിക്കുവാൻ ഒരാൾ ഇല്ലാതെ വരുന്ന സ്ഥിതിയുണ്ടായി. ഈ അവസരം മുതലെടുത്ത് പലരും ഗ്രൂപ്പിൻറെ തലവന്മാർ ആകാൻ ശ്രമം നടത്തി എങ്കിലും എല്ലാം പാളിപ്പോവുകയാണ് ഉണ്ടായത് .അതുകൊണ്ടുതന്നെ പഴയ സ്വഭാവത്തിലുള്ള രണ്ടു പ്രബലമായ ഗ്രൂപ്പുകൾ എന്നത് ഇപ്പോൾ കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് ഇല്ല എന്നതാണ് വാസ്തവം.യുഡിഎഫിന്റെ ചെയർമാൻ എന്ന നിലയിലും പ്രതിപക്ഷ നേതാവ് എന്ന നിലയിലും സതീശന്റെ പ്രവർത്തനങ്ങൾ വൻ പരാജയം ആണ് എന്ന് വിലയിരുത്തി കൊണ്ട് മുതിർന്ന ചില നേതാക്കൾ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട് .മുൻപ്രതിപക്ഷ നേതാവായ രമേശ് ചെന്നിത്തല സതീശനെതിരെയുള്ള നീക്കങ്ങളിൽ അണിയറയിൽ നിന്നുകൊണ്ട് ശക്തിപകരുന്ന സ്ഥിതിയും നിലനിൽക്കുന്നുണ്ട് .ഏതായാലും സതീശനെതിരെയുള്ള പ്രതിഷേധങ്ങളും പരാതികളും ഓരോ ദിവസം കഴിയുന്തോറും ശക്തിപ്രാപിക്കുന്നു എന്നതാണ് വാസ്തവം.
കഴിഞ്ഞ 8 വർഷത്തോളമായി കേരളത്തിൽ അധികാരത്തിൽ ഇരിക്കുന്നത് ഇടതുമുന്നണിയുടെ പിണറായി വിജയൻ നയിക്കുന്ന സർക്കാരാണ്. രണ്ടാം പിണറായി സർക്കാർ വന്നശേഷം സർക്കാരിൻറെ പേരിൽ ഉയർന്നു വന്നിട്ടുള്ള അഴിമതി ആരോപണങ്ങളും പോലീസിന്റെ അതിക്രമങ്ങളും സാമ്പത്തിക തകർച്ചയും ഇടതുമുന്നണിക്ക് എതിരെയുള്ള ജനവികാരം ഉയർത്തിയിട്ടുണ്ട്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം ജനങ്ങളിൽ നിറഞ്ഞുനിന്നതുകൊണ്ടാണ് ഇടതുപക്ഷ മുന്നണിക്ക് കടുത്ത പരാജയം ഏറ്റുവാങ്ങേണ്ടിവന്നത്. എന്നാൽ പിണറായി സർക്കാരിൻറെ ഈ പ്രവർത്തന വൈകല്യങ്ങൾ തുറന്നു കാണിച്ചുകൊണ്ട് ജനങ്ങളെ തങ്ങൾക്കൊപ്പം നിർത്തുവാൻ കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും കഴിയുന്നില്ല എന്ന വിലയിരുത്തലാണ് ശക്തമായി ഉയരുന്നത് .ഇത്തരത്തിൽ ഒരു അനുകൂല സാഹചര്യം ഉണ്ടാക്കിയെടുക്കേണ്ടത് പ്രതിപക്ഷത്തെ നയിക്കുന്ന പ്രതിപക്ഷ നേതാവിന്റെ പ്രവർത്തനങ്ങൾ വഴി ആയിരിക്കണം. എന്നാൽഅത്തരത്തിൽ ഒരു ജനകീയ മുന്നേറ്റം ഒരുക്കുവാൻ പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല. സർക്കാരിനും ഭരണത്തിൽ ഇരിക്കുന്ന മുന്നണിക്കും അങ്കലാപ്പുണ്ടാക്കുന്ന ഒരു ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുവാൻ പോലും പ്രതിപക്ഷ നേതാവിന് കഴിയുന്നില്ല .അവസാനത്തെ യുഡിഎഫ് ഭരണം ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സർക്കാരിന്റേത് ആയിരുന്നു. ആ കാലത്ത് സോളാർ വിഷയത്തിന്റെ പേരിൽ സെക്രട്ടറിയേറ്റ് വളഞ്ഞുകൊണ്ട് ഇടതുമുന്നണി നടത്തിയ അതിശക്തമായ പ്രക്ഷോഭം നമുക്ക് മുന്നിൽ ഉദാഹരണമായി തെളിഞ്ഞു നിൽക്കുന്നുണ്ട് .കേരളത്തിലെ ബഹുജന പങ്കാളിത്തം ഉറപ്പാക്കി കൊണ്ടുള്ള ഇത്തരത്തിലെ ഏതെങ്കിലും ഒരു സർക്കാർ വിരുദ്ധ സമരത്തിന് വി.ഡി. സതീശൻ പ്രതിപക്ഷ നേതാവിൻറെ പദവി ഏറ്റെടുത്ത ശേഷം നടത്തുവാൻ കഴിഞ്ഞിട്ടില്ല എന്ന രീതിയിലുള്ള ആലോചനകളും പരാതികളും കോൺഗ്രസിൻറെ നേതാക്കന്മാരിൽ മാത്രമല്ല കോൺഗ്രസ് പ്രവർത്തകരിൽ വരെ നിലനിൽക്കുന്നുണ്ട്.
പാർട്ടിയിലെ എല്ലാക്കാലത്തും നിലനിൽക്കുന്ന ഗ്രൂപ്പ് കളികളുടെ ഭാഗമായിട്ടുകൂടി ആണെങ്കിലും പ്രതിപക്ഷ നേതാവായ സതീശനെതിരെ സ്വന്തം പാർട്ടിയിൽ നിന്നും വലിയ എതിർന്ന നീക്കങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. സതീശൻ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വലിയ പരാജയമാണ് എന്നും ഈ കാര്യത്തിൽ പാർട്ടി തന്നെ ഒരു ഇടപെടൽ നടത്തുന്നതിനും. വേണ്ടിവന്നാൽ പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് മറ്റാരെയെങ്കിലും കണ്ടെത്തണം എന്നും ഉള്ള ആലോചനകളും നടക്കുന്നുണ്ട്. കോൺഗ്രസ് പാർട്ടിയുടെ കേരളത്തിലെ മുതിർന്ന നേതാക്കൾ ഗ്രൂപ്പ് കളികളുടെ ഭാഗമായി സതീശൻ എതിരെ നിലപാടുകൾ എടുത്തിരുന്നു. എങ്കിൽ ഇപ്പോൾ അതല്ല സ്ഥിതി കോൺഗ്രസ് പാർട്ടിയുടെ നിയമസഭാ അംഗങ്ങളിൽപ്പെട്ട പലരും പ്രതിപക്ഷ നേതാവിനെ അനവസരത്തിലുള്ള തെറ്റായ നീക്കങ്ങളിൽ പരിഭവം ഉള്ളവരാണ്. ഏറ്റവും ഒടുവിൽ മലപ്പുറം വിഷയത്തിൽ നിയമസഭയ്ക്ക് അകത്ത് വന്ന അടിയന്തരമയം ചർച്ചയ്ക്ക് വിധേയമാക്കാതെ തടയപ്പെടുന്നതിന് അവസരം ഉണ്ടാക്കിയത് പ്രതിപക്ഷ നേതാവിന്റെ കഴിവുകേടാണ് എന്ന് ഈ എംഎൽഎമാർ പരാതിപ്പെട്ടിട്ടുണ്ട്. നിയമസഭയിലെ കോൺഗ്രസ് എം എൽ എ മാരുടെ പാർലമെൻററി പാർട്ടി യോഗം അടിയന്തരമായി വിളിച്ചു കൂട്ടണമെന്നും പ്രതിപക്ഷ നേതാവിന്റെ ആലോചനയില്ലാത്ത തീരുമാന പ്രഖ്യാപനങ്ങൾ തടയണമെന്നും എംഎൽഎമാർ സംയുക്തമായി പാർട്ടി നേതൃത്വത്തോടും ഹൈക്കമാന്റിനോടും ആവശ്യപ്പെട്ടതായും വാർത്തകൾ പുറത്തുവരുന്നുണ്ട്. ഏതായാലും പിണറായി സർക്കാരിൻറെ തെറ്റായ പ്രവർത്തനങ്ങളെ ജനങ്ങൾക്കു മുന്നിൽ തുറന്നു കാണിക്കാൻ നിയമസഭയിൽ കിട്ടുന്ന അവസരം പോലും മുതലെടുക്കാൻ കഴിയാത്ത ഇന്നത്തെ രീതി തുടർന്നാൽ ഭാവിയിൽ കേരളത്തിൽ കോൺഗ്രസിന് പിടിച്ചുനിൽക്കാൻ കഴിയുന്നില്ല എന്ന സ്ഥിതി വരുമെന്നും കോൺഗ്രസ് നേതാക്കൾ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്.