ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ്.

അടവുകൾ പയറ്റുന്ന വോട്ടിംഗ് യന്ത്രങ്ങൾ.

സ്വാതന്ത്ര്യാനന്തരമുള്ള നമ്മുടെ ജനാധിപത്യ പ്രവർത്തനങ്ങൾക്കിടയിൽ ലോകസഭാ നിയമസഭ തദ്ദേശസ്ഥാപനങ്ങൾ തുടങ്ങിയ പാർലമെൻറ് ഭരണകേന്ദ്രങ്ങളിലേക്ക് നിരവധിതവണ തെരഞ്ഞെടുപ്പും വോട്ടെടുപ്പും ഫലപ്രഖ്യാപനവും നടന്നിട്ടുണ്ട്. ഓരോ തെരഞ്ഞെടുപ്പ് കഴിയുമ്പോഴും പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പേരിൽ പരാതികളും പരിഭവങ്ങളും ഉണ്ടായിട്ടും ഉണ്ട്. ഇപ്പോൾ നടന്ന ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ശേഷം ഏതായാലും രാഷ്ട്രീയ താൽപര്യമുള്ള ഇന്ത്യയിലെ മുഴുവൻ ആൾക്കാർക്കും ഒരു ആശങ്ക ഉണ്ടായിട്ടുണ്ട്. ഹരിയാനയിലെ വോട്ടെണ്ണൽ ആരംഭിച്ച ശേഷം ആദ്യത്തെ രണ്ടുമണിക്കൂറുകളിൽ കോൺഗ്രസ് പാർട്ടിയാണ് മുന്നിൽ നിന്നത്. എല്ലാ മണ്ഡലങ്ങളിലെയും ആദ്യ റൗണ്ട് എണ്ണൽ നടന്ന അവസരത്തിലാണ് കോൺഗ്രസ് പാർട്ടിയുടെ ഈ മുന്നേറ്റം ഉണ്ടായത്. എന്നാൽ വോട്ടെണ്ണൽ മുന്നോട്ടു പോയപ്പോൾ പൊടുന്നനെ ഫലം തകിടംമറിയുന്ന കാഴ്ചയാണ് കണ്ടത്. ഇത്തരത്തിൽ കോൺഗ്രസ് പാർട്ടി ഒരു വലിയ തോൽവിയിലേക്ക് എങ്ങനെ മാറി എന്നതാണ് ആരെയും സംശയത്തിൽ നിർത്തുന്ന കാര്യം. ആദ്യഘട്ടത്തിൽ എല്ലാം 50 സീറ്റുകൾക്ക് മുന്നിൽ ലീഡ് നേടി മുന്നോട്ടു നീങ്ങിയ കോൺഗ്രസ് പാർട്ടി തലകുത്തി വീഴുന്ന ഫലങ്ങളാണ് പിന്നീട് പുറത്തുവന്നത്. ഏതായാലും ഇപ്പോൾ ഹരിയാന നിയമസഭയിലെ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ഫലപ്രഖ്യാപനത്തിലും സംശയങ്ങൾ ഉയർത്തിക്കൊണ്ട് കോൺഗ്രസ് പാർട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി കഴിഞ്ഞു. ഈ പരാതി തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിച്ചില്ല എങ്കിൽ കോടതിയിലേക്ക് പോകും എന്നാണ് കോൺഗ്രസ് നേതാക്കൾ പറഞ്ഞിരിക്കുന്നത്. അത്തരത്തിൽ ഒരു നീക്കം നടത്തിയാൽ അതിൻറെ ഫലം ഉണ്ടാകുമോ എന്നത് സംശയകരമാണ്. കാരണം നിയമസഭകളിലേക്കും ലോകസഭയിലേക്കും ഉള്ള പൊതു തെരഞ്ഞെടുപ്പുകളും ഉപതിരഞ്ഞെടുപ്പുകളും ഒക്കെ നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷൻ വഴി ആണ്. തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കുന്നത് മുതൽ ഫലപ്രഖ്യാപനം വരെ ഉള്ള എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനവും വാക്കും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ പരമാധികാരത്തിൽ ഉള്ളതാണ്. ഇത് ഭരണഘടനാപരമായ ഒരു തീരുമാനവും ആണ്. അതുകൊണ്ടുതന്നെ ഒരു തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തീകരിച്ചു കഴിഞ്ഞാൽ പിന്നെ അതിൽ ഒരു പുനപരിശോധനയും മാറ്റിമറിക്കലും ഉണ്ടാവുക സാധാരണമല്ല.

തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ ഹരിയാനയിലെ തെരഞ്ഞെടുപ്പ് സംബന്ധിച്ച് കോൺഗ്രസ് നൽകിയിരിക്കുന്ന പരാതിയിൽ പറയുന്ന ആക്ഷേപങ്ങൾ കേൾക്കുന്ന ആരിലും ശരി എന്ന് തോന്നിക്കുന്ന അവസ്ഥ ഉണ്ട്. ഹരിയാന നിയമസഭയിലെ 20 മണ്ഡലങ്ങളിലെ വോട്ടെണ്ണൽ നടന്നപ്പോൾ വോട്ടിംഗ് യന്ത്രങ്ങളിലെ വൈദ്യുതി ചാർജിന്റെ പരിധി കൂടുതൽ കാണിച്ചതാണ് വലിയ വിവാദം ഉയർത്തിയിരിക്കുന്നത്. രാവിലെ ആരംഭിച്ച വോട്ടെണ്ണൽ വൈകീട്ട് ആറുമണിക്കാണ് അവസാനിച്ചത്. 12 മണിക്കൂറിൽ അധികം എല്ലാ വോട്ടിംഗ് യന്ത്രങ്ങളും ഉപയോഗിച്ചിട്ടുണ്ട്. വോട്ട് ചെയ്യുമ്പോൾ ലൈറ്റ് തെളിയുന്നതും പിന്നീട് ബീപ് ശബ്ദം പുറപ്പെടുവിക്കുന്നതും അതിനുശേഷം ആർക്ക് വോട്ട് ചെയ്തു എന്ന വ്യക്തമാക്കുന്ന രസീത് കാണിക്കുന്നതും എല്ലാം വോട്ടിംഗ് യന്ത്രം വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിക്കുന്നത് കൊണ്ടാണ്. അപ്പോൾ സ്വാഭാവികമായും ഓരോ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെയും ബാറ്ററിയുടെ ചാർജ് കുറഞ്ഞുകൊണ്ടിരിക്കുക സ്വാഭാവികമാണ്. എന്നാൽ വോട്ടെണ്ണൽ ദിവസത്തിൽ കോൺഗ്രസ് പാർട്ടിയുടെ കൗണ്ടിംഗ് ഏജൻറ് മാർ പരാതി ഉന്നയിച്ചപ്പോൾ വോട്ടിംഗ് യന്ത്രം ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരിശോധിക്കുന്ന സ്ഥിതി ഉണ്ടായി. ഇത്തരത്തിൽ പരിശോധിച്ചപ്പോൾ ഇപ്പോൾ പരാതി ഉന്നയിച്ചിട്ടുള്ള 20 നിയമസഭാ മണ്ഡലങ്ങളിലും ഉപയോഗിച്ച് വോട്ടിംഗ് യന്ത്രങ്ങൾ അവയുടെ അകത്ത് സ്ഥാപിച്ചിട്ടുള്ള ബാറ്ററിയുടെ ചാർജ് 99% വും നിലനിൽക്കുന്നത് ആയിട്ടാണ് രേഖപ്പെടുത്തിയത്. ഇത് അവിടെ എത്തിയിട്ടുള്ള വോട്ടർമാരുടെ വോട്ട് രേഖപ്പെടുത്തലിന് യന്ത്രം തയ്യാറായിട്ടില്ല അതല്ലെങ്കിൽ വോട്ടിംഗ് ആരംഭിക്കുന്നതിനു മുമ്പ് ദുരുദ്ദേശത്തോടെ ഏതെങ്കിലും സ്ഥാനാർഥിക്ക് ഉദ്ദേശിക്കുന്ന രീതിയിൽ വലിയ അളവിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം ആയിരിക്കണം വോട്ടിങ് യന്ത്രം ഉപയോഗിച്ചിട്ടുള്ളത്. ഇത്തരത്തിൽ നിശ്ചിത സമയത്തിന് ശേഷം വോട്ട് ചെയ്യാനായി എത്തിയവർക്ക് വേണ്ടി വോട്ടിംഗ് യന്ത്രം പ്രവർത്തിച്ചിട്ടില്ല എന്ന് കരുതേണ്ടിവരും. ഏതായാലും വോട്ടിംഗ് യന്ത്രങ്ങളിലെ ബാറ്ററി ചാർജിന്റെ കണക്ക് പുറത്തുവരുമ്പോൾ ആർക്കും സംശയം ഉണ്ടാവുന്നത് സ്വാഭാവികമാണ്.

പത്തുവർഷം മുൻപാണ് രാജ്യഭരണത്തിലേക്ക് ബിജെപി എന്ന പാർട്ടി കയറിവരുന്നത്. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയാണ് സർക്കാരുകളെ നയിച്ചിട്ടുള്ളത്. ആദ്യമായി കേന്ദ്രത്തിൽ ബിജെപി അധികാരത്തിൽ വന്നശേഷം നടന്നിട്ടുള്ള എല്ലാ തെരഞ്ഞെടുപ്പുകൾക്കുശേഷവും വോട്ടിംഗ് യന്ത്രങ്ങളെപ്പറ്റി പരാതികൾ ഉണ്ടാവുന്നുണ്ട്. എന്നാൽ ഈ പരാതികളിൽ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ എടുക്കാറുള്ള നിലപാട് പരാതികൾ അടിസ്ഥാനരഹിതമാണ് എന്നാണ്. ഇത്തരം സ്ഥിരമായി ഉള്ള പ്രഖ്യാപനങ്ങളും പ്രസ്താവനകളും പ്രതിപക്ഷ പാർട്ടികൾ എതിർക്കാറുള്ളതാണ്. മാത്രവുമല്ല കഴിഞ്ഞ 10 വർഷത്തിനിടയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ അടക്കം ഭരണഘടനാ സ്ഥാപനങ്ങളിൽ പലതിന്റെയും തലപ്പത്ത് സ്വന്തക്കാരെ നിയമിച്ചുകൊണ്ട് ബിജെപി തിരഞ്ഞെടുപ്പ് കൃത്രിമം ആവർത്തിച്ചു കൊണ്ടിരിക്കുന്നു എന്ന് പ്രതിപക്ഷം തന്നെ പലവട്ടം പറഞ്ഞിട്ടുള്ളതാണ്. നിയമസഭകളിലേക്കും പാർലമെൻറിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളിൽ ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങൾ ദുരുപയോഗം ചെയ്യുന്നു എന്നും പല തെരഞ്ഞെടുപ്പുകളിലും ഉപയോഗിച്ചിട്ടുള്ള വോട്ടിംഗ് യന്ത്രങ്ങൾ പരാതികളുടെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോൾ ഓരോ തവണ യന്ത്രത്തിൽ വിരൽ പതിപ്പിക്കുമ്പോഴും തെളിഞ്ഞു വരുന്നത് ബിജെപിയുടെ താമര അടയാളമാണ് എന്ന് വരെ കണ്ടെത്തിയിട്ടുള്ളതാണ്. ഇത്തരം അനുഭവങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ പരാതി ഉന്നയിച്ചപ്പോൾ എല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ ആ പരാതികൾ തള്ളിക്കളയുകയാണ് ചെയ്തിട്ടുള്ളത്.

പരാതികളുമായി കോൺഗ്രസ് പാർട്ടി മുന്നോട്ടു പോകുമ്പോൾ കോൺഗ്രസ് പാർട്ടിയെ ആക്ഷേപിച്ചുകൊണ്ട് ബിജെപി നേതാക്കളും രംഗത്ത് വരുന്നുണ്ട്. കോൺഗ്രസ് പാർട്ടിയുടെ നേതാക്കൾ ഇന്ത്യ സഖ്യം എന്ന പ്രതിപക്ഷ പാർട്ടികളുടെ മുന്നണിയിലെ ഘടക കക്ഷികളെ ഒരുതരത്തിലും വിലകൽപ്പിക്കാതെ ധാർഷ്ട്യത്തോടെ പ്രവർത്തിക്കുകയാണ് എന്നും പണ്ടത്തെ കോൺഗ്രസിന്റെ ശക്തിയെ പറഞ്ഞുകൊണ്ട് അഹങ്കരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ് എന്നും അതുകൊണ്ടുതന്നെയാണ് തോൽവികൾ തുടരുന്നത് എന്നും ആണ് ബിജെപി നേതാക്കൾ വിമർശിക്കുന്നത്. എല്ലാം ഒറ്റയ്ക്ക് നേടി കളയാം എന്ന വാശിയാണ് കോൺഗ്രസ് തുടരുന്നത്. ഇതുവഴി ഉണ്ടാകുന്ന തോൽവി തന്നെയാണ് ഹരിയാനയിലും കോൺഗ്രസ് പാർട്ടി നേരിട്ട്. എന്നാൽ തോൽവി സമ്മതിക്കാൻ തയ്യാറാകാതെ തെരഞ്ഞെടുപ്പ് കമ്മീഷനേയും ബിജെപിയെയും കുറ്റം പറഞ്ഞ് നടക്കുന്ന കോൺഗ്രസിന്റെ ശൈലി നാണംകെട്ട ഏർപ്പാടാണ് എന്നും ബിജെപി നേതാക്കൾ പറഞ്ഞുവയ്ക്കുന്നു.ഏതായാലും ഹരിയാന നിയമസഭ തെരഞ്ഞെടുപ്പ് ഫലത്തിലെ തകിടം മറിച്ചിലുകൾ പൊതുജനങ്ങളിൽ ആശയക്കുഴപ്പം ഉണ്ടാക്കിയിട്ടുണ്ട്. വോട്ടെണ്ണൽ പകുതി ഘട്ടത്തിൽ എത്തുന്നത് വരെ വലിയ കുതിപ്പിലേക്ക് നീങ്ങിയ ഒരു പാർട്ടി സെക്കൻഡിനകം തലകുത്തി വീഴുന്നത് സംഭവിക്കാവുന്ന കാര്യമാണോ എന്ന ചിന്ത എല്ലാരും ഉണ്ട്. അതുകൊണ്ടുതന്നെയാണ് ബിജെപി പതിവായി നടത്തുന്ന വോട്ടിംഗ് യന്ത്രത്തിനകത്തെ തിരിമറികൾ വീണ്ടും ഒരിക്കൽ കൂടി ദേശീയതലത്തിൽ ചർച്ചയായി വരുന്നത്.