അഞ്ചു ലക്ഷം കടക്കാൻ പുഞ്ചിരിച്ച എത്തുന്ന പ്രിയങ്ക.

അഞ്ചു ലക്ഷം കടക്കാൻ പുഞ്ചിരിച്ച എത്തുന്ന പ്രിയങ്ക.

കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിൽ ഭൂരിപക്ഷത്തിന്റെ കാര്യത്തിൽ പുതിയ ചരിത്രം എഴുതിയാണ് 2019ലെ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തിൽ നിന്നും കോൺഗ്രസ് നേതാവായ രാഹുൽഗാന്ധി ജയിച്ചു വന്നത്. കോൺഗ്രസ് പാർട്ടി ദേശീയതലത്തിൽ വലിയ തകർച്ച നേരിട്ടുകൊണ്ടിരുന്ന ആ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് എന്ന നിലയിൽ കേരളത്തിൽ മത്സരിച്ച രാഹുൽഗാന്ധിക്ക് കിട്ടിയ ഭൂരിപക്ഷം പാർട്ടിക്ക് തന്നെ വലിയ ഒരു തുണയായി മാറുകയുണ്ടായി. വീണ്ടും 2024 ൽ ലോകസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ രാഹുൽ ഗാന്ധി തന്നെ സ്ഥാനാർത്ഥിയായി രംഗത്തുവന്നു. ആദ്യ തെരഞ്ഞെടുപ്പിൽ നേടിയ നാലര ലക്ഷത്തോളം വരുന്ന വോട്ടിന്റെ ഭൂരിപക്ഷം അതേപോലെ നേടാൻ കഴിഞ്ഞില്ല എങ്കിലും മൂന്നര ലക്ഷം കഴിഞ്ഞ വലിയ ഭൂരിപക്ഷത്തിലാണ് രണ്ടാമതും രാഹുൽ ഗാന്ധി വിജയിച്ചത്. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ രാഹുൽ ഗാന്ധി മത്സരിച്ചിരുന്നു. ഉത്തരേന്ത്യയിലെ റായിബറേലി മണ്ഡലത്തിൽ മത്സരിച്ച അദ്ദേഹത്തിന് അവിടെയും വലിയ വിജയം നേടുവാൻ കഴിഞ്ഞു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷം കോൺഗ്രസ് പാർട്ടിയും കോൺഗ്രസ് നേതൃത്വം കൊടുക്കുന്ന ഇന്ത്യ സഖ്യവും രാഹുൽ ഗാന്ധിയുടെ സാന്നിധ്യം ഉത്തരേന്ത്യയിൽ ഉണ്ടാകണമെന്ന് തീർത്ത് പറഞ്ഞപ്പോൾ തന്നെ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച വയനാട് മണ്ഡലം ഉപേക്ഷിക്കാൻ അദ്ദേഹം തയ്യാറായി. എന്നാൽ വയനാട്ടിൽ എത്തി തൻറെ മണ്ഡലത്തിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചപ്പോൾ രാഹുൽ ഗാന്ധി വയനാട്ടിലെ ജനങ്ങൾക്ക് ഒരു ഉറപ്പ് കൊടുത്തിരുന്നു. നിങ്ങൾക്ക് ഏറെ സന്തോഷം പകരുന്ന ഒരു സ്ഥാനാർഥി എനിക്ക് പകരം നിങ്ങൾക്ക് വേണ്ടി ഇവിടെ എത്തും എന്നായിരുന്നു ആ പ്രഖ്യാപനം. പിന്നീട് കോൺഗ്രസ് നേതൃയോഗത്തിനുശേഷം ഡൽഹിയിൽ വച്ച് താൻ ഒഴിഞ്ഞ വയനാട് മണ്ഡലത്തിൽ കോൺഗ്രസ് നേതാവും സഹോദരിയുമായ പ്രിയങ്ക ഗാന്ധി സ്ഥാനാർത്ഥിയാകും എന്ന രാഹുൽ തന്നെ പ്രഖ്യാപിക്കുകയും ചെയ്തു.

ഇപ്പോൾ വയനാട് ലോകസഭാ മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുന്നത് പ്രിയങ്കാ ഗാന്ധി ആണ് . പ്രിയങ്ക ഗാന്ധി എന്ന നേതാവിനെ വയനാട്ടിൽ എന്നല്ല ഇന്ത്യയിൽ തന്നെ ആർക്കെങ്കിലും വിശദീകരിച്ച് കൊടുക്കേണ്ട കാര്യമില്ല. മുന്നിലെത്തിയാൽ ഒറ്റനോട്ടത്തിൽ അമ്മൂമ്മയായ ഇന്ദിരാഗാന്ധി എന്ന് തോന്നുന്ന മുഖച്ഛായയുള്ള പ്രിയങ്ക അതുകൊണ്ടുതന്നെ ഇന്ത്യയിലെ ജനങ്ങൾക്കിടയിൽ ഇഷ്ടമുള്ള താരമാണ്.രാഹുൽ ഗാന്ധി എന്ന നേതാവിനെ വിശേഷിപ്പിക്കുമ്പോൾ അതേ വിശേഷണങ്ങളും ചരിത്രവും പ്രിയങ്ക ഗാന്ധിയുടെ പേരിലും എത്തിച്ചേരുന്നുണ്ട്. നെഹ്റു കുടുംബം ഇന്ത്യൻ ജനങ്ങളുടെ മനസ്സിൽ താല്പര്യത്തോടെ നിലനിൽക്കുന്ന നേതൃത്വത്തിന്റെ കുടുംബമാണ്. നെഹ്റു കുടുംബത്തിലെ മാറിമാറി വന്ന തലമുറകൾ എല്ലാവരും രാജ്യത്തെ ജനങ്ങളുടെ പ്രിയങ്കരരായ വളർന്നവരാണ്. ഇതിന് പ്രത്യേക കാരണവും ഉണ്ട്. ഇന്ത്യ എന്ന മഹാരാജ്യത്തിന്റെ പ്രയാണത്തിൽ ജീവൻ ബലി കഴിച്ച നേതാക്കളിൽ പലരും നെഹ്റു കുടുംബത്തിൽ ജനിച്ചവരാണ്. മുത്തശ്ശിയായ ഇന്ത്യയുടെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വെടിയേറ്റ് വീണപ്പോൾ കൊച്ചു കുഞ്ഞായിരുന്ന പ്രിയങ്ക ഗാന്ധി ഒന്നുമറിയാതെ കരഞ്ഞു നിന്നിട്ടുണ്ട്. വർഷങ്ങൾക്കുശേഷം സ്വന്തം പിതാവും രാഷ്ട്രീയ പകയുടെ പേരിൽ ബോംബ് സ്ഫോടനത്തിൽ മരിച്ചപ്പോൾ അച്ഛൻ നഷ്ടപ്പെട്ട തീരാ ദുഃഖത്തിൽ രാഹുലിനൊപ്പം കരഞ്ഞിരുന്ന പ്രിയങ്കയെ ജനങ്ങൾ മറന്നിട്ടില്ല. ജീവിതത്തിൽ നഷ്ടപ്പെടലുകളുടെ തീരാദുഃഖം മനസ്സിൽ നിറച്ചുകൊണ്ട് കോൺഗ്രസിന് വേണ്ടി പിന്നെയും പടപൊരുതാൻ രംഗത്തിറങ്ങിയ ഇന്ത്യയുടെ കൊച്ചുമകൾ ആണ് പ്രിയങ്ക ഗാന്ധി. അങ്ങനെയുള്ള പ്രിയങ്കാ ഗാന്ധിയാണ് വയനാട് ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി എത്തുന്നത്.

വയനാട് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണത്തിൽ പങ്കെടുക്കാൻ പ്രിയങ്ക ഗാന്ധി എത്തിയിട്ടില്ല. എന്നാൽ തങ്ങളുടെ തോളിൽ കയ്യിട്ടു കൊണ്ട് പ്രിയങ്ക ഗാന്ധി ഒപ്പമുണ്ട് എന്ന് കരുതി ആ വിശ്വാസത്തോടുകൂടി വയനാട്ടിലെ മുഴുവൻ ജനങ്ങളും പ്രിയങ്കയുടെ പേര് ചേർത്ത് മുദ്രാവാക്യം വിളിച്ച് മുന്നിലേക്ക് ഇറങ്ങിയിരിക്കുന്നു എന്നത് കേരളത്തിലെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഒരു മഹാത്ഭുതമാണ്. വയനാട്ടിലെ വോട്ടർമാർ ഒറ്റസ്വരത്തിൽ പറയുന്ന ഒരു കാര്യമുണ്ട്. രാഹുൽ ഗാന്ധി നാലര ലക്ഷത്തിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു എങ്കിൽ പ്രിയങ്ക ഗാന്ധി, അഞ്ചു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ചു കയറും. ഈ വിശ്വാസത്തിലാണ് അവിടെ പ്രവർത്തകർ തെരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരിക്കുന്നത്.വയനാട് മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി എത്തുന്ന പ്രിയങ്ക ഗാന്ധിയെ എതിർക്കേണ്ടത് ഇടതുപക്ഷത്തിലെ കക്ഷിയായ സിപിഐയുടെ സ്ഥാനാർത്ഥിയും അതുപോലെതന്നെ ബിജെപി എന്ന പാർട്ടിയുടെ സ്ഥാനാർത്ഥിയും ആണ്. ഇവിടെയാണ് ഉപതിരഞ്ഞെടുപ്പ് ഘട്ടത്തിലെ ഈ രണ്ട് സ്ഥാനാർഥികളുടെയും കാര്യത്തിൽ രണ്ടു പാർട്ടികൾ അങ്കലാപ്പിൽ എത്തിനിൽക്കുന്ന ദയനീയ ചിത്രം നമുക്ക് കാണുവാൻ കഴിയുന്നത്. കഴിഞ്ഞ രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും രാഹുൽഗാന്ധിയെ എതിർത്ത സ്ഥാനാർഥികൾക്ക് രാഹുലിന്റെ ഭൂരിപക്ഷത്തിന് ഒപ്പം ഉള്ള വോട്ടുപോലും നേടുവാൻ കഴിഞ്ഞിരുന്നില്ല. അത്രയ്ക്ക് ദയനീയ പരാജയം ആണ് ഇടതുപക്ഷ മുന്നണിയുടെ സ്ഥാനാർത്ഥികളും അതുപോലെതന്നെ ബിജെപിയുടെ സ്ഥാനാർത്ഥികളും നേടിയത്. ഈ സാഹചര്യം വയനാട് മണ്ഡലത്തിൽ ഇപ്പോഴും നിലനിൽക്കുകയാണ്. മാത്രവുമല്ല രാഹുലിനു പകരം പ്രിയങ്ക ഗാന്ധി സ്ഥാനാർഥിയായി എത്തുമ്പോൾ രാഹുലിന് ലഭിച്ച ഭൂരിപക്ഷത്തേക്കാൾ അധികമായ ഭൂരിപക്ഷം വയനാട്ടിലെ ജനങ്ങൾ അവർക്ക് നൽകും എന്ന പ്രചരണം ഇപ്പോൾ തന്നെ വ്യാപകമാണ്.

വയനാട്ടിലെ ഉപതിരഞ്ഞെടുപ്പ് മുന്നിലെത്തിയ ഘട്ടത്തിൽ അവിടുത്തെ വോട്ടർമാർക്ക് മുന്നിൽ നിൽക്കുന്ന മാനസിക തകർച്ച ഉണ്ടാക്കിയ പ്രകൃതിദുരന്തവും ചർച്ചയായി ഉയരുന്നുണ്ട്. വയനാട്ടിലെ മുണ്ടക്കയ്യിൽ ഉണ്ടായ മഹാദുരന്തത്തിൽ നൂറുകണക്കിന് ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ടു. ജീവൻ ബാക്കിയായവർക്ക് ജീവന് ഉപാധികളും കിടപ്പാടം വരെ ഇല്ലാത്ത സ്ഥിതിയുണ്ടായി. രാജ്യത്ത് തന്നെ ഏറ്റവും വലിയ ഒരു മഹാ ദുരന്തമായി കണക്കാക്കപ്പെടുന്ന ഈ പ്രകൃതി ദുരന്തം ഉണ്ടായപ്പോൾ രണ്ടാം നാളിൽ കണ്ണീറോടെ ജനങ്ങൾക്കിടയിലേക്ക് ഓടിയെത്തിയത് രാഹുൽ ഗാന്ധിയും സഹോദരി പ്രിയങ്കാ ഗാന്ധിയായിരുന്നു. ഇന്ത്യയുടെ പ്രധാനമന്ത്രിയും ഇവിടെ തന്നെയുള്ള കേരളത്തിൻറെ മുഖ്യമന്ത്രിയും നാളുകൾക്കുശേഷമാണ് വയനാട്ടിലെ ദുരിതബാധിതരെ കാണുവാൻ എത്തിയത്. ദുരന്തം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ അവിടെയെത്തി എല്ലാം നേരിട്ട് കണ്ട് രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും സർവ്വതും നഷ്ടപ്പെട്ട മുണ്ടക്കൈയിലെ പാവപ്പെട്ടവർക്ക് 100 വീടുകൾ പണി കഴിച്ചു നൽകും എന്ന് പറഞ്ഞിട്ടാണ് ഡൽഹിച്ച് മടങ്ങിയത്. ഇത്തരത്തിൽ വയനാട്ടിലെ ജനങ്ങളെ മാറോടു ചേർത്തു പ്രവർത്തിച്ചിരുന്ന രാഹുൽ ഗാന്ധിയെ നാട്ടുകാർക്ക് കൃത്യമായി അറിയാം. തെരഞ്ഞെടുപ്പ് വേളയിലും മറ്റ് അടിയന്തരഘട്ടങ്ങളിലും രാഹുലിനൊപ്പം വയനാട്ടിൽ പറന്നെത്തി ജനങ്ങൾക്കൊപ്പം നിന്നിട്ടുള്ള പ്രിയങ്ക ഗാന്ധിയും അക്ഷരാർത്ഥത്തിൽ വയനാട് ജനതയുടെ വികാരമായി മാറിയിട്ട് നാളുകൾ ഏറെയായി.വയനാട് മണ്ഡലത്തിൽ കോൺഗ്രസിന്റെ സ്ഥാനാർത്ഥിയായി പ്രിയങ്ക ഗാന്ധി എത്തുമ്പോൾ അവരെ നേരിടുവാൻ കരുത്തുള്ള ഒരു സ്ഥാനാർഥിയെ കണ്ടെത്താൻ പോലും കഴിയാത്ത ഗതികേടിലാണ് ഇടതുമുന്നണിയും ബിജെപി നേതൃത്വവും. ആര് എതിർക്കുവാൻ വന്നാലും പ്രിയങ്ക ഗാന്ധി സഹോദരനെപ്പോലെ വലിയ ഭൂരിപക്ഷത്തിൽ ജയിച്ചു കയറും എന്ന് ഇടതുപക്ഷത്തിനും ബിജെക്കും കൃത്യമായി അറിയാം. അതുകൊണ്ടുതന്നെ വയനാട്ടിലെത്തി ഒരു ബലിയാട് ആകാൻ രണ്ട് പാർട്ടികളിലും നേതാക്കളാരും തയ്യാറാകുന്നില്ല എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. വെറും വഴിപാടു കണക്കെ മത്സരിക്കുകയും നാണംകെട്ട പരാജയം ഏറ്റുവാങ്ങുകയും ചെയ്യേണ്ടിവരുന്ന വയനാട്ടിലെ രാഷ്ട്രീയ കാലാവസ്ഥ ഇടതുമുന്നണിയെയും ബിജെപിയെയും അലട്ടുകയാണ്.