ഗതികെട്ടപ്പോൾ കൊലപാതകിയെ കൈവിട്ടു.

ഗതികെട്ടപ്പോൾ കൊലപാതകിയെ കൈവിട്ടു.

ണ്ണൂരിലെ അഡീഷണൽ ഡിസ്ട്രിക്ട് രജിസ്ട്രേറ്റ് ആയി ജോലി നോക്കിയിരുന്ന നവീൻ ബാബുവിന്റെ ആത്മഹത്യ കേരളത്തിൽ കത്തിജ്വലിക്കുന്ന വിഷയമായി പടർന്നു കയറി. സിപിഎമ്മിന്റെ മഹിളാ നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റുമായ പി പി ദിവ്യ നടത്തിയ വ്യക്തിഹത്യയും ആരോപണവും ആണ് ഒരു പാവം സത്യസന്ധനായ ഉദ്യോഗസ്ഥനായി ആത്മഹത്യയിലേക്ക് തള്ളിവിട്ടത്. വാർത്ത പുറത്തുവന്നപ്പോൾ തന്നെ കണ്ണൂരിൽ മാത്രമല്ല കേരളത്തിലെ സമൂഹ മനസ്സാക്ഷി ഒന്നടങ്കം ദിവ്യ എന്ന സിപിഎം നേതാവിനെ ക്രൂരതയ്ക്ക് നേരെ പ്രതികരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഇത്തരം മനുഷ്യത്വരഹിതമായ പ്രവർത്തനം നടത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് എന്ന വലിയ പദവിയിൽ ഇരിക്കുന്ന പാർട്ടിയുടെ മഹിളാ നേതാവിനെ ന്യായീകരിക്കാൻ വേണ്ടിയാണ് സിപിഎമ്മിന്റെ നേതാക്കളെല്ലാം ആദ്യഘട്ടത്തിൽ നാവനക്കിയത്.

നവീൻ ബാബുവിന്റെ ആത്മഹത്യ വാർത്തകൾ ഓരോ നിമിഷത്തിലും പടർന്നു കയറുകയായിരുന്നു. പലതരത്തിലുള്ള കുറ്റകൃത്യങ്ങളുടെ തെളിവുകളാണ് വാർത്ത മാധ്യമങ്ങൾ പുറത്തുവിട്ടത്. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ ക്ഷണിക്കപ്പെടാത്ത ഒരു ചടങ്ങിൽ കടന്നുചെന്ന് തികച്ചും അനുചിതവും വ്യക്തിവൈരാഗ്യം നിറഞ്ഞുനിൽക്കുന്നതും ആയ പ്രസംഗം നടത്തിയ ശേഷം ഇറങ്ങിപ്പോക്ക് നടത്തുകയാണ് ചെയ്തത്. കണ്ണൂർ ജില്ലയിലെ ഒരു പമ്പ് പ്രവർത്തനം തുടങ്ങുന്നതിന് ലഭിക്കേണ്ട എൻ ഒ സി നൽകുവാൻ ചുമതലപ്പെട്ട ഉദ്യോഗസ്ഥനായ ആത്മഹത്യ ചെയ്ത നവീൻ ബാബു അപേക്ഷകനിൽ നിന്നും ഒരു ലക്ഷം രൂപ കൈക്കൂലി കൈപ്പറ്റി എന്നും ഇതിന്റെ തെളിവുകൾ താൻ പുറത്തുവിടുമെന്നും പകരം വീട്ടും എന്നും ഒക്കെയുള്ള അടിസ്ഥാനരഹിതമായ പ്രസംഗമാണ് ദിവ്യ ചടങ്ങിൽ നടത്തിയത്. യഥാർത്ഥത്തിൽ ആ ചടങ്ങ് സ്ഥലം മാറി പോകുന്ന നവീൻ ബാബുവിന്റെ സഹപ്രവർത്തകർ ഒരുക്കിയ യാത്രയായപ്പ് ചടങ്ങ് ആയിരുന്നു. ഈ ചടങ്ങിലേക്ക് ജില്ലാ കളക്ടർ എത്തിയതാണ്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ ക്ഷണിച്ചിരുന്നില്ല. വിളിക്കാത്ത ചടങ്ങിലേക്ക് ധിക്കാരത്തോടെ കടന്നുചെന്ന് അലമ്പ് ഉണ്ടാക്കുന്ന തരംതാണ ഏർപ്പാടാണ് ദിവ്യ നടത്തിയത്. മാത്രവുമല്ല സ്ഥലം മാറിപ്പോകുന്ന നവീൻ ബാബു എന്ന എഡി എമ്മിന് പാരിതോഷികം സമ്മാനിക്കുന്ന കാര്യത്തിൽ പോലും വിമർശനം നടത്തിയാണ് ദിവ്യ ചടങ്ങിൽ നിന്നും അവസാനിക്കും മുൻപ് ഇറങ്ങിപ്പോയത്. ഇത്തരത്തിൽ ഒരു തെരുവു ഗുണ്ട പോലും ചെയ്യുവാൻ ശ്രമിക്കാത്ത പൈശാചികമായ പ്രവർത്തിയാണ് ദിവ്യ കാണിച്ചത്. എന്നിട്ടും ഇതൊന്നും തെറ്റല്ല എന്നും ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യ നടത്തിയ പ്രസംഗം സദുദ്ദേശപരം ആയിരുന്നു എന്നും അതിൽ തെറ്റായി ഒന്നും കാണുന്നില്ല എന്നും ഒക്കെയാണ് സംഭവം വാർത്തയായി ശേഷം ആദ്യഘട്ടത്തിൽ സിപിഎമ്മിന്റെ കണ്ണൂർ ജില്ലാ സെക്രട്ടറി ജയരാജൻ പ്രസ്താവിച്ചത്.

നവീൻ ബാബുവിന്റെ ആത്മഹത്യ വാർത്ത പുറത്തുവന്നശേഷം സംഭവം സംബന്ധിച്ച് ഓരോ നിമിഷത്തിലും മാധ്യമങ്ങളിൽ പുതിയ പുതിയ റിപ്പോർട്ടുകൾ വന്നുകൊണ്ടിരുന്നു. എല്ലാം മനുഷ്യത്വരഹിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നടത്തിയ ഇടപെടലുകളുടെ ഉദാഹരണങ്ങളും തെളിവുകളും ആയിരുന്നു. ആത്മഹത്യക്ക് ശേഷം ഒരു പകൽ മുഴുവനും ഈ സംഭവത്തിലെ ദിവ്യയുടെ ക്രൂരമായ ഇടപെടലിന്റെ തെളിവുകൾ തുറന്നുകാട്ടുന്ന സ്ഥിതിയാണ് ജനം കണ്ടത്.കേരളത്തിൽ ഭരണത്തിൽ ഇരിക്കുന്നത് പിണറായി വിജയൻ നയിക്കുന്ന ഇടതുപക്ഷ സർക്കാരാണ്. രണ്ടാം പിണറായി സർക്കാർ അധികാരമേറ്റ ശേഷം സർക്കാരുമായി ബന്ധപ്പെട്ട നല്ല കാര്യങ്ങൾ ഒന്നും ഇന്നുവരെ കേരളത്തിലെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്തിട്ടില്ല. മുഖ്യമന്ത്രി അടക്കമുള്ളവർ പല കേസുകളിലെയും കുറ്റക്കാരായി നിൽക്കുകയാണ് ഓരോ പ്രശ്നം ഉയരുമ്പോഴും സഖാക്കൾ ന്യായീകരണ വാളും എടുത്തത് രംഗത്ത് വരിക പതിവായിട്ടുണ്ട്. സ്വന്തം പാർട്ടിയുടെ എം എൽ എ വരെ മുഖ്യമന്ത്രിക്കും അദ്ദേഹത്തിൻറെ ഓഫീസിലെ ഉയർന്ന ഉദ്യോഗസ്ഥർക്കും അതുപോലെതന്നെ ക്രമസമാധാന പാലനം നടത്തുന്ന പോലീസ് മേധാവിക്കും എതിരെ തെളിവുകൾ എല്ലാം നിരത്തി ആരോപണം ഉന്നയിച്ചപ്പോഴും തെറ്റു ചൂണ്ടിക്കാട്ടിയ എംഎൽഎ യെ പ്രതിസ്ഥാനത്തുനിർത്താനാണ് സിപിഎമ്മിന്റെ നേതാക്കളും സഖാക്കളും ശ്രമിച്ചത്. അരിയാഹാരം കഴിക്കുന്ന ഏതൊരു മലയാളിക്കും വ്യക്തമായി മനസ്സിലാകുന്ന തെറ്റുകളും കുറ്റങ്ങളും ഭരണത്തിന്റെ പങ്കാളിത്തം ഉള്ളവർ ചെയ്തു കൊണ്ടിരിക്കുന്നു എന്ന ബോധ്യപ്പെടുന്ന സാഹചര്യത്തെ പോലും തള്ളിപ്പറയുവാനും ഇതെല്ലാം വലതുപക്ഷ പിന്തിരിപ്പൻ ശക്തികളുടെ രാഷ്ട്രീയ വൈരാഗ്യം മാത്രമാണ് എന്ന് ന്യായീകരിക്കാനും ആണ് സിപിഎം നേതാക്കൾ തയ്യാറായത്.

എന്താണ് ഇപ്പോൾ കേരളത്തിലെ സിപിഎം അനുഭവിക്കുന്ന അസ്വസ്ഥത എന്നത് ആ പാർട്ടിയുടെ തന്നെ നേതാക്കൾ ആലോചിക്കേണ്ട കാര്യമാണ്. എല്ലാ മേഖലയിലും ഒറ്റപ്പെടുന്ന അവസ്ഥയിലേക്ക് സിപിഎം പാർട്ടിയും ഇടതുപക്ഷ സർക്കാരും ചെന്നെത്തുന്ന സ്ഥിതിയാണ് നിലനിൽക്കുന്നത്. ഏറ്റവും ഒടുവിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ നിർത്തിയ സംഭവമാണ് കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യ. ഈ ആത്മഹത്യയ്ക്ക് കാരണക്കാരിയായത് സ്വന്തം പാർട്ടിക്കാരിൽ ആണ് എന്നതുകൊണ്ട് ഒരു നിരപരാധിയുടെ ആത്മഹത്യയിലെ യാഥാർത്ഥ്യങ്ങൾ വളച്ചൊടിക്കാനും സ്വന്തം മഹിളാ നേതാവിനെ പിന്തുണയ്ക്കാനും ആണ് പാർട്ടി നേതാക്കൾ തയ്യാറായത്. എന്നാൽ ഒടുവിൽ എല്ലാറ്റിനും കാരണക്കാരിയായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പച്ചയായ കൊലപാതക പ്രേരണ കുറ്റം നടത്തിയെന്ന യാഥാർത്ഥ്യത്തിലേക്ക് എത്തിയപ്പോൾ ഗതികെട്ട സിപിഎം നേതാക്കൾ സഖാവായ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ദിവ്യയെ തള്ളിപ്പറയുന്ന സ്ഥിതി വന്നു. ഗതികെട്ടപ്പോൾ മറ്റൊന്നുകൂടി ചെയ്യേണ്ടി വന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ നിന്നും പി പി ദിവ്യ എന്ന കൊലപാതകിയെ മാറ്റിനിർത്തേണ്ടതായ തീരുമാനവും പാർട്ടിക്ക് സ്വീകരിക്കേണ്ടി വന്നു. ഇതൊക്കെ നടക്കുമ്പോഴും സിപിഎമ്മിനകത്ത് ചില ന്യായീകരണ തൊഴിലാളികൾ ദിവ്യയ്ക്ക് ഓശാന പാടി നടക്കുന്നുണ്ട്. ഏതുകാലത്തും സത്യത്തിന്റെയും ആത്മധൈര്യത്തിന്റെയും നിലപാട് എടുക്കുന്ന സംഘടനയായിരുന്ന സിപിഎമ്മിന്റെ യുവജന വിഭാഗം ഡിവൈഎഫ്ഐ നേതാക്കൾ പോലും സത്യങ്ങൾ മറന്നുകൊണ്ട് ദിവ്യയ്ക്ക് പിന്തുണ പറയുന്ന നാണംകെട്ട ശൈലിയും കേരളീയർ കണ്ടു. സത്യത്തെ ഏറെക്കാലം മൂടിവയ്ക്കാൻ കഴിയില്ല എന്ന് വാസ്തവമാണ്. കണ്ണൂരിലെ എഡി എമ്മിന്റെ ആത്മഹത്യയും അതിനെ തുടർന്ന് ഉണ്ടായിട്ടുള്ള പ്രതിസന്ധിയും ഒടുവിൽ മഹിളാ നേതാവായ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിനെ പാർട്ടി നേതൃത്വം തന്നെ തള്ളിപ്പറയുന്ന സ്ഥിതിയിലേക്ക് യിലേക്ക് സിപിഎം എന്ന പാർട്ടിക്ക് എത്തിച്ചേരേണ്ടി വന്നതും.